TopTop
Begin typing your search above and press return to search.

മൂത്രമൊഴിക്കണമെങ്കില്‍ സ്ത്രീകള്‍ കുപ്പികളുമായി നടക്കണം; നമ്മുടെ കോഴിക്കോട് നഗരത്തിലാണ്

മൂത്രമൊഴിക്കണമെങ്കില്‍ സ്ത്രീകള്‍ കുപ്പികളുമായി നടക്കണം; നമ്മുടെ കോഴിക്കോട് നഗരത്തിലാണ്

കോഴിക്കോട് മിഠായിത്തെരുവിലെ ഒറ്റ മുറി മാത്രമുള്ള ഒരു തയ്യല്‍ക്കടയിലാണ് ശ്രീജ ജോലി ചെയ്യുന്നത്. എല്ലാ ദിവസവും വീട്ടില്‍ നിന്നിറങ്ങുമ്പോഴും ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെയെത്തുമ്പോഴും കൈയില്‍ ഒരു പ്ലാസ്റ്റിക് കുപ്പിയുണ്ടാകും. അത് മൂത്രക്കുപ്പിയാണ്. മിഠായിത്തെരുവിലെ കടകളില്‍ ജോലി ചെയ്യുന്ന ധാരാളം സ്ത്രീകള്‍ വീട്ടിലെത്തുന്നത് ശ്രീജയെ പോലെ മൂത്രക്കുപ്പികളുമായിട്ടാണ്. നൂറു കണക്കിന് സ്ത്രീകള്‍ ജോലിചെയ്യുന്ന ചെറിയ കടകളും സ്ഥാപനങ്ങളും അടങ്ങിയ മിഠായിത്തെരുവിലെ സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് ശ്രീജ 'ദി ഹിന്ദു' പത്രത്തിനോട് പറഞ്ഞത്. ചില സ്ത്രീകള്‍ കുപ്പികളില്‍ മൂത്രം ഒഴിക്കാന്‍ ട്യൂബുകളുമായിട്ടാണ് വരുന്നതെന്നും ആര്‍ത്തവ ദിവസങ്ങളില്‍ തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ലെന്നും ശ്രീജ പറയുന്നു.

മിഠായിത്തെരുവിലെ ചില കടകളില്‍ മാത്രമേ മൂത്രപ്പുരകളുള്ളൂ. മിക്ക കടകളും ഒറ്റ മുറി കടകളാണ്. പുരുഷന്‍മാര്‍ തങ്ങളുടെ മൂത്രശങ്ക തീര്‍ക്കുന്നത് കടകളുടെ ഇടയിലെ മറവുകളിലാണ്. അടുത്ത് ഒരു ടോയ്‌ലെറ്റ് സൗകര്യമുള്ളത് പി എം താജ് റോഡിലെ സുലഭ് കംഫര്‍ട്ട് സ്റ്റേഷനിലാണ്. കടകളില്‍ നിന്ന് അരകിലോമീറ്ററിലധികം ദൂരമുള്ളതുകൊണ്ട്‌ പല സ്ത്രീകള്‍ക്കും ഈ കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗിക്കാന്‍ കഴിയില്ല. അടുത്തുള്ള കടകളിലെ സ്ത്രീകള്‍ക്കാകട്ടെ മദ്യപാനികളുടെ ശല്യം കാരണം ഇവിടേക്ക് അടുക്കാന്‍ പോലുമാകാത്ത അവസ്ഥയാണുള്ളത്. കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗിക്കാന്‍ മടിയേക്കാളും ഭയമാണ് ഇവിടുത്തെ സ്ത്രീകള്‍ക്ക്. ഇതര സംസ്ഥാനക്കാരാണ് അവിടെ ഇരിക്കുന്നതെന്നതും ആളുകള്‍ ഈ ഭാഗത്ത് സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവാണെന്നതുമാണ് കാരണം.

സിന്ധു എന്ന യുവതി പറയുന്നത് ചില സ്ത്രീകള്‍ അടുത്തുള്ള റെസ്‌റ്റോറന്റുകളിലെയോ ആശുപത്രിയിലെയോ ടോയ്‌ലറ്റുകളെയാണ് ആശ്രയിക്കാറുള്ളതെന്നാണ്. ഇതിന്റെ ഉടമകള്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിന് പരസ്യമായ എതിര്‍പ്പ് കാണിക്കുന്നില്ലെങ്കിലും പെരുമാറ്റത്തില്‍ അത് അനുഭവപ്പെടുന്നുണ്ട്. ഈ അടുത്ത് ആശുപത്രി ടോയ്‌ലെറ്റ് ഉപയോഗിച്ചതിന് കോര്‍ട്ട് റോഡിലെ കടായില്‍ ജോലി ചെയ്യുന്ന ഒരു യുവതിയെ ഉടമ അപമാനിക്കുകയുണ്ടായി.

കോഴിക്കോട് സിറ്റിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്റുകളിലെ ജീവനക്കാരികള്‍ ഇതിലും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. നാലോളം ബില്‍ഡിംഗുകളിലായി വ്യാപിച്ച് കിടക്കുന്ന കോംപ്ലക്‌സില്‍ അഞ്ഞൂറോളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് ജീവനക്കാരുള്ള ഇവിടെ ആകെയുള്ളത് രണ്ട് ടോയ്‌ലറ്റുകളാണ്. സിറ്റിയിലെ ആറു നില കെട്ടിടത്തില്‍ ടോയ്‌ലെറ്റുകള്‍ ഉള്ളത് മൂന്നാം നിലയില്‍ മാത്രമാണ്. മറ്റ് നിലകളിലെ ടോയ്‌ലറ്റുകള്‍ സ്‌റ്റോര്‍ റൂമുകളാക്കിയിരിക്കുകയാണ്. ഈ കെട്ടിടത്തിലെ ഉപയോഗിക്കാവുന്ന ആകെ ടോയ്‌ലെറ്റുകള്‍ മൂന്നെണ്ണമാണ്. ഇതില്‍ രണ്ടെണ്ണം പുരുഷന്മാര്‍ക്കും ഒരെണ്ണം സ്ത്രീകള്‍ക്കുമാണ്.

രാജ്യത്തിനും കേരളത്തിനും പല കാര്യങ്ങളിലും മാതൃകയായിട്ടുള്ള കോഴിക്കോട്‌ സ്ത്രീകള്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ടോയ്‌ലെറ്റ് പ്രശ്‌നത്തില്‍ നഗരത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒരു മാസത്തിലേറേ സമരം ചെയ്യുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രശ്‌നം ഉയര്‍ന്നപ്പോള്‍ ചര്‍ച്ചയും പരിഹാരവുമായി അധികൃതര്‍ എത്തിയിരുന്നു. ഇതോടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മുമ്പേത്തക്കാള്‍ രൂക്ഷമായ അവസ്ഥയിലേക്കാണ് പിന്നീട് കാര്യങ്ങള്‍ പോയത്.

കോര്‍പ്പറേഷനില്‍ കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ടോയ്ലറ്റുകളെ വീണ്ടും റൂമുകളാക്കി അതും വാടകയ്ക്ക് നല്‍കുന്ന പ്രവണതയും നഗരത്തില്‍ വ്യാപകമാവുന്നുണ്ട്. രാജ്യത്ത് ആദ്യമായി ഇ-ടോയ്‌ലറ്റുകള്‍ നടപ്പാക്കിയ നഗരമാണ് കോഴിക്കോട്. ഇതേ നഗരത്തിലാണ് ഇന്ന് മൂത്രമൊഴിക്കാനായി സ്ത്രീകള്‍ കുപ്പികളുമായി നടക്കേണ്ടി വരുന്നത്. 2010-ല്‍ ഏഴു ലക്ഷം രൂപ മുടക്കി 15 ഇ-ടോയ്‌ലറ്റുകള്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്നു. പിന്നീട് ഇ-ടോയ്‌ലറ്റുകളുടെ എണ്ണം കൂട്ടിയെങ്കിലും പലതും ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.


Next Story

Related Stories