Top

ഒആര്‍ കേളു എംഎല്‍എ സഹോദരനെ വീട്ടില്‍ നിന്നു പുറത്താക്കിയെന്ന് ഹിന്ദു ഐക്യ വേദി; കുടുംബ ഫോട്ടോ കവര്‍ പേജാക്കി എംഎല്‍എയുടെ വെല്ലുവിളി

ഒആര്‍ കേളു  എംഎല്‍എ സഹോദരനെ വീട്ടില്‍ നിന്നു പുറത്താക്കിയെന്ന് ഹിന്ദു ഐക്യ വേദി; കുടുംബ ഫോട്ടോ കവര്‍ പേജാക്കി എംഎല്‍എയുടെ വെല്ലുവിളി
മാനന്തവാടി എരുമത്തെരുവില്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യാദവ സമുദായം ജാതി ഭ്രഷ്ട് കല്‍പ്പിച്ച അരുണ്‍ സുകന്യ ദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ ഹിന്ദു ഐക്യവേദി ഒആര്‍ കേളു എംഎല്‍എയ്ക്കെതിരെ രംഗത്ത്. അന്യസമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ സഹോദരനെ ഓആര്‍ കേളു വീട്ടില്‍ നിന്നു പുറത്താക്കി എന്നായിരുന്നു ഹിന്ദു ഐക്യ വേദിയുടെ ആരോപണം.

സാമൂഹ്യഭ്രഷ്ട് നേരിടുന്നതായി പരാതിപ്പെട്ട അരുണ്‍ - സുകന്യ ദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച തന്റെ നിലപാട് ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളെ വിളറി പിടിപ്പിച്ചതുകൊണ്ടാണ് തനിക്കും എന്റെ കുടുംബത്തിനുമെതിരായി നട്ടാല്‍ മുളയ്ക്കാത്ത നുണപ്രചരണങ്ങളുമായി ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരിക്കുന്നതെന്ന് കേളു ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. തനിക്കെതിരെ ഹിന്ദു ഐക്യവേദി ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉടനടി പിന്‍വലിക്കാനോ തെളിയിച്ച് കാണിക്കാനോ തയ്യാറാകണം. ഇല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കേളു പറയുന്നു. തന്റെ കുടുംബ ചിത്രം ഫേസ്ബുക്ക് കവറാക്കിയാണ് കേളുവിന്റെ പ്രതികരണം.





ഒആര്‍ കേളുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സാമൂഹ്യഭ്രഷ്ട് നേരിടുന്നതായി പരാതിപ്പെട്ട അരുണ്‍-സുകന്യ ദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച എന്റെ നിലപാട് ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളെ വിളറി പിടിപ്പിച്ചിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് എനിക്കും എന്റെ കുടുംബത്തിനുമെതിരായി നട്ടാല്‍ മുളയ്ക്കാത്ത നുണപ്രചരണങ്ങളുമായി ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരിക്കുന്നത്. എന്നെ സ്നേഹിക്കുന്ന മാനന്തവാടിയിലെ പൊതുജനങ്ങളെയും പാര്‍ട്ടി സഖാക്കളെയും ഇത്തരം കള്ളപ്രചരണങ്ങളുടെ വസ്തുത ബോധ്യപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്വമായി കരുതുന്നു.

ചന്ദ്രന്‍, അച്ചപ്പന്‍ എന്നിങ്ങനെ രണ്ട് സഹോദരന്‍മാരും ലീല എന്നൊരു സഹോദരിയുമാണ് എനിക്കുള്ളത്. ഇതില്‍ ഹിന്ദു ഐക്യവേദി പറയുന്നത് പോലെ എന്റെ ഏതു സഹോദരനെയാണ് ഞാന്‍ വീട്ടില്‍ കയറ്റാത്തതെന്നും സാമൂഹ്യഭ്രഷ്ട കല്‍പ്പിച്ചതെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കേണ്ടതുണ്ട്. എന്റെ സഹോദരന്‍ ചന്ദ്രന്റെ വിവാഹം വിപ്ലവകരമായ ഒരു നിലപാടാണെന്നതിനാല്‍ തുടക്കം മുതല്‍ ഇന്നുവരെ അവനും ഭാര്യ കുമാരിയ്ക്കുമൊപ്പം എല്ലാപിന്തുണയും നല്‍കി ഒപ്പം നിന്ന വ്യക്തിയാണ് ഞാന്‍. സിപിഎം പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ ആര്‍ജ്ജിച്ച സാമൂഹ്യബോധമാണ് എന്നെയതിന് പ്രാപ്തനാക്കിയത്. വിവാഹ ഇന്നുവരെ എല്ലാവരേയും പോലെ എന്റെ കുടുംബത്തിന്റെ ഭാഗമാണ് അനുജന്‍ ചന്ദ്രനും ഭാര്യ കുമാരിയും മക്കളായ അക്ഷയയും, അമൃതയും. വാസ്തവം ഇതായിരിക്കെ കേവലമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ എന്നെയും കുടുംബത്തെയും സമൂഹമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള ഹിന്ദു ഐക്യവേദി നീക്കങ്ങളെ എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുമെന്ന് എനിക്ക് തീര്‍ച്ചയാണ്.

എനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഹിന്ദു ഐക്യവേദി നേതാക്കളെ എന്റെ വീട്ടിലേയ്ക്ക് ഈ വിഷയങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ ഞാന്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുകയാണ്. എന്നെ വിവാദങ്ങളുടെ നിഴലില്‍ നിര്‍ത്തി അരുണ്‍-സുകന്യ വിഷയത്തിന്റെ ഗൗരവം കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഹിന്ദു ഐക്യവേദി പിന്‍മാറണം. മാത്രമല്ല എന്റെ സഹോദരനും കുടുംബത്തിനും എന്റെ വീട്ടില്‍ ഏത് സമയത്തും കയറിയിറങ്ങാനുള്ള അവകാശം അരുണിനും സുകന്യയ്ക്കും സ്വന്തംവീടുകളിലും ഉറപ്പാക്കി കൊടുക്കാനാണ് ഹിന്ദു ഐക്യവേദി തയ്യാറാകേണ്ടത്. എനിക്കെതിരെ ഹിന്ദു ഐക്യവേദി ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉടനടി പിന്‍വലിക്കാനോ തെളിയിച്ച് കാണിക്കാനോ തയ്യാറാകണം. ഇല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.


Next Story

Related Stories