ഒടുവിൽ കേന്ദ്രം കനിഞ്ഞു: കേരളം ചോദിച്ചത് 4800 കോടി; കിട്ടിയത് 3048.39 കോടി

കേരളത്തിന് 2500 കോടി രൂപ കൂടി അനുവദിക്കാന്‍ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു.

പ്രളയദുരിതാശ്വാസത്തിലേക്ക് കേന്ദ്ര സർക്കാർ 3048.39 കോടി രൂപയുടെ ധനസഹായം നൽകുമെന്ന് റിപ്പോർട്ട്. നേരത്തെ നൽകിയ 600 കോടി രൂപ കൂടി ചേർത്താണ് ഈ സഹായം. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹൻ സിങ്, ആഭ്യന്തര സെക്രട്ടറി രാജിവ് ഗൂബ എന്നിവർ പങ്കെടുത്ത ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം വന്നത്. 4800 കോടി രൂപയുടെ അടിയന്തിര സഹായമാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

കേരളത്തിന് 2500 കോടി രൂപ കൂടി അനുവദിക്കാന്‍ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. നേരത്തെ 600 കോടി നല്‍കിയതിനു പുറമെയാണിത്. പ്രളയത്തിനു ശേഷം നാലുമാസം പിന്നിട്ടപ്പോഴാണ് കേന്ദ്രത്തിന്റെ ഈ നടപടി.

ആഭ്യന്തര സെക്രട്ടറി രാജിവ് ഗൂബ തലവനായ കമ്മറ്റിയാണ് 3100 കോടി (നേരത്തെ പ്രഖ്യാപിച്ച 600 കോടി രൂപയടക്കം) നല്‍കുന്നതിനുള്ള ശുപാർശ നൽകിയത്. ഇതിന്മേല്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് അന്തിമതീരുമാനമെടുക്കേണ്ടിയിരുന്നത്. ഈ തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പ്രളയാനന്തരം സ്പെഷ്യല്‍ സെക്രട്ടറി ബിആര്‍ ശര്‍മ അധ്യക്ഷനായ ഒരു കേന്ദ്ര സംഘം കേരളം സന്ദര്‍ശിച്ച്‌ നാശനഷ്ടങ്ങള്‍ വിലയിരുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റിയുടെ ഉപസമിതി തുക കണക്കാക്കി ശുപാർശ ചെയ്യുകയായിരുന്നു.

കേരളത്തിന് അർഹമായ ദുരിതാശ്വാസ വിഹിതം നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനു പുറമെ യുഎഇ അടക്കമുള്ള വിവിധ രാജ്യങ്ങൾ നൽകാമെന്നേറ്റ സഹായധനം നിഷേധിക്കുന്ന നടപടിയുമുണ്ടായി. കടുത്ത ജനരോഷം കേന്ദ്ര സർക്കാരിനെതിരെ തിരിച്ച സന്ദർഭങ്ങളായിരുന്നു ഇവ.

കേരളം കൂടാതെ നാഗാലാൻഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും യോഗം പരിഗണിക്കുകയുണ്ടായി. ഇവിടെയും പ്രളയബാധയുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍