TopTop
Begin typing your search above and press return to search.

ഹോമിയോപ്പതിയെ കുറിച്ച് തുറന്നെഴുതിയതിന് വ്യക്തിഹത്യയെന്ന് ഹോമിയോ ഡോക്ടര്‍

ഹോമിയോപ്പതിയെ കുറിച്ച് തുറന്നെഴുതിയതിന് വ്യക്തിഹത്യയെന്ന് ഹോമിയോ ഡോക്ടര്‍

ഹോമിയോപ്പതിയിലെ ശാസ്ത്ര വിരുദ്ധതയെക്കുറിച്ചു അഴിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിറകെ തനിക്ക് നേരെ വ്യക്തിഹത്യ ഉൾപ്പെടെയുള്ള പ്രചാരങ്ങൾ നടക്കന്നതായി ഡോക്ടർ ആരിഫ് ഹുസൈൻ. ഡോക്ടർ ആരിഫ് ഹുസൈനും ഡോക്ടർ പ്രമോദ് ചന്ദ്രനും അലോപ്പതി മരുന്ന് മാഫിയയുമായി ചേർന്നുള്ള ഒത്തുകളിയാണെന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇതിൽ പ്രധാനം. ഇവ കൊണ്ടൊന്നും തന്നെ നിശബ്ദനാക്കാൻ സാധിക്കില്ലെന്നും ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും വ്യക്തിഹത്യകളും അതിജീവിക്കാൻ തനിക്കാവുമെന്നും വ്യക്തമാക്കുകയാണ് ഡോ. ആരിഫ്.

ആരോപണങ്ങളും ഭീഷണികളും പുതുമയല്ല. ഹോമിയോപ്പതിയിലെ അശാസ്ത്രീയതയെക്കുറിച്ചു ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ മാധ്യമങ്ങളിൽ കൂടി പുറത്തു വിട്ട് പ്രശസ്തനാവാനുള്ള ശ്രമവുമല്ല താൻ നടത്തുന്നത്. ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും ഞാൻ കൂടെ ഉൾപ്പെടുന്ന ഹോമിയോ ഡോക്ടർമാരുടെ സമൂഹത്തിൽ ചർച്ച ചെയ്യാനാണ് ശ്രമിച്ചത്. പക്ഷെ അത്തരം ഒരു ചർച്ചയ്ക്കുള്ള സഹിഷ്ണുത പോലും അവരിൽ ഭൂരിഭാഗത്തിനും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇത് കേരളത്തിലെ പൊതു സമൂഹം ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടത്. അഴിമുഖവുമായുള്ള ആദ്യത്തെ സംഭാഷണത്തിൽ തന്നെ ഞാൻ ഇത് സൂചിപ്പിച്ചിരുന്നു. ഞങ്ങൾ പറയുന്നത് തൊണ്ട തൊടാതെ ആരും വിഴുങ്ങേണ്ട ആവശ്യമില്ല. ഈ കാര്യത്തിൽ ഇനിയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ക്രിയാത്മകമായ ചർച്ചകൾ നടക്കട്ടെ. യുക്തിക്കു നിരക്കുന്ന തീരുമാനങ്ങൾ ഉണ്ടാവട്ടെ.

ഇതൊന്നും നടന്നില്ലെന്നിരിക്കാം, എന്നാല്‍ ഈ വർഷത്തെ മെഡിക്കൽ എൻട്രൻസിലെ റാങ്ക് ജേതാക്കൾ അവരുടെ ഭാവി നിർണ്ണയിക്കുന്ന ഓപ്ഷൻ കോളം പൂരിപ്പിക്കുമ്പോഴെങ്കിലും ഹോമിയോപ്പതിയുടെ വഴിയേ പോയിട്ട് കാര്യമുണ്ടോ എന്ന് ചിന്തിക്കാൻ എങ്കിലും ഞങ്ങൾ നടത്തുന്ന ഈ ശ്രമങ്ങൾ കാരണമാവട്ടെ. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു വരുന്ന ഈ കുട്ടികൾക്കു മാത്രമല്ല സാധാരണക്കാരായ പൊതുജനങ്ങൾക്കും അലോപ്പതി എന്ന മോഡേൺ മെഡിസിനും, ആയുർവേദവും ഹോമിയോപ്പതിയും സിദ്ധവൈദ്യവുമൊക്കെ ഉൾപ്പെട്ട മറ്റ് ചികിത്സാ മേഖലകളും ഏതാണ്ട് ഒരുപോലെയായിരുന്നു. പാരസെറ്റാമോളിനും പഞ്ചാരഗുളികയ്ക്കും ഗോരോചനാദി ഗുളികയ്ക്കും ഒക്കെ ഏതാണ്ട് ഒരേ ഫലമാണെന്നും അവർ വിശ്വസിച്ചിരുന്നു. ഇതിനെല്ലാം ഉള്ള അടിസ്ഥാനം അസുഖങ്ങളെക്കുറിച്ച് ഡോക്ടർമാർക്ക് ഉണ്ടായിരുന്ന അവബോധത്തെക്കുറിച്ചു ജനങ്ങൾക്ക് വലിയ മതിപ്പായിരുന്നു.

പന്ത്രണ്ടാം ക്ലാസ് വരെ ഒരേ സിലബസ് പഠിച്ചു ഒരേ മത്സര പരീക്ഷ എഴുതി വിജയിച്ചു വരുന്ന കുട്ടികൾ പല ചികിത്സാ രീതികൾ പഠിച്ചാലും രോഗങ്ങളെക്കുറിച്ചു അവർക്കുള്ള അറിവ് ഒരേപോലെയാണെന്ന് ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ ഈയടുത്ത കാലത്ത് ചർച്ച ചെയ്യപ്പെട്ട ചില കാര്യങ്ങൾ മോഡേൺ മെഡിസിൻ ഒഴികെയുള്ള മെഡിക്കൽ വിഭാഗങ്ങൾക്കായി പ്രത്യേക പ്രവേശന പരീക്ഷയും എക്സിറ്റ് പരീക്ഷയും കൊണ്ടുവരാൻ ശ്രമിക്കുന്നതിനെപ്പറ്റിയുള്ളതായിരുന്നു. സ്വാഭാവികമായും ഇവ തമ്മിൽ എന്തോ വ്യത്യാസമുള്ളതായി ആളുകൾക്ക് തോന്നും. പ്രത്യേകിച്ചും ഹോമിയോപ്പതിയെക്കുറിച്ചു പറഞ്ഞാൽ ഇങ്ങനെയൊരു അകറ്റി നിർത്തൽ ചോദിച്ചു വാങ്ങിയതാണെന്ന് തന്നെ പറയാം. ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ച ഈ കാലത്തും എല്ലാം പഴയതു മതി. അതിലാണ് എല്ലാ സത്യങ്ങളും ഉള്ളത് എന്ന പിന്തിരിപ്പൻ ചിന്താഗതിയുമായി ഹോമിയോപ്പതി ചികിത്സകർ മുന്നോട്ട് പോവുന്നത് പലപ്പോഴും രോഗിയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന ആശങ്കയിൽ നിന്നാണ് ഈ തരത്തിലുള്ള നിയന്ത്രണങ്ങളെ ക്കുറിച്ച് ആരോഗ്യ മേഖല ചിന്തിച്ചു തുടങ്ങിയത്.

എന്തിനാണ് ഈ ശാസ്ത്ര വിരുദ്ധ മനോഭാവം?

ഇതര ശാസ്ത്ര ശാഖകളുടെ എല്ലാ വിവരങ്ങളും തെറ്റാണെന്ന മുൻവിധിയൊന്നും ആർക്കുമില്ല. പക്ഷെ അവ ശാസ്ത്രീയമായ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും തുറന്നിട്ട് കൊടുക്കാനുള്ള ഒരു മനോഭാവമാണ് ഹോമിയോപ്പതി ഉൾപ്പെടെയുള്ള ഇതര ശാസ്ത്ര ശാഖകളുടെ വക്താക്കൾക്ക് വേണ്ടത്. എന്നാൽ ഹാനിമാന്റെ കാലത്ത് തന്നെ ഇപ്പോഴും ജീവിക്കുന്ന ഹോമിയോ ചികിത്സകർ ജീവശക്തിയിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ് രോഗങ്ങൾ ഉണ്ടാവുന്നതെന്ന് പറയും. ഒരിക്കൽ രോഗം മൂർച്ഛിച്ചു ശ്വാസം എടുക്കാൻ പാടു പെടുന്ന രോഗിയുടെ അവസ്ഥ മോശമാണെന്നും അവരെ എത്രയും പെട്ടന്ന് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നും എന്റെ സീനിയർ ആയ ഹോമിയോ ഡോക്ടറോട് പറഞ്ഞപ്പോൾ, 'പാടില്ല, അവിടെ ചെന്നാൽ അവർ ഓക്സിജൻ കൊടുക്കും അങ്ങിനെ വന്നാൽ ജീവ ശക്തിയ്ക്ക് ഉണ്ടാവുന്ന മാറ്റങ്ങൾ നമുക്ക് അറിയാൻ സാധിക്കാതെ വരും. ലക്ഷണങ്ങൾ അമർച്ചചെയ്യപ്പെടും എന്ന മറുപടി കേട്ട് തരിച്ചിരുന്നിട്ടുണ്ട് ഞാൻ. ഇതൊക്കെ ശരിയാണെന്നു കരുതി അനുസരിക്കുന്ന ധാരാളം ശിഷ്യന്മാർ ഇന്നും അദ്ദേഹത്തിനുണ്ട്.

ഇരുന്നൂറ് വർഷങ്ങൾക്കു മുൻപ് സാമുവേൽ ഹാനിമാനിൽ നിന്നും ആരംഭിച്ച സമം സമേന ശാന്തി എന്നൊരു ചിന്താധാര അത് ഹിപ്പോക്രേറ്റസും പറഞ്ഞിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ ഒരു പരിശോധനകൾക്കും വിധേയമാക്കാതെ ഇന്നും തുടർന്നു പോരുന്നു. അതിനെ അധികരിച്ചു സിലബസ് ഉണ്ടാക്കി കോളേജുകളിൽ പഠിപ്പിച്ചു. ഹോസ്പിറ്റലുകളും ചെറു ക്ലിനിക്കുകളുമായി രാജ്യത്ത് ഏതാണ്ട് നാലു ലക്ഷത്തോളം ഹോമിയോ ഡോക്ടർമാരുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവർ രോഗികൾക്ക് കൊടുക്കുന്ന മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഒരാൾക്ക് പോലും അറിയില്ല. 'സമം സമേന ശാന്തി ' എന്നത് ലോകത്തൊരിടത്തെങ്കിലും രണ്ടാമതൊന്ന് നടന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല. ഇത് പുനഃപരിശോധിക്കേണ്ടതുണ്ട് എന്നാരെങ്കിലും പറഞ്ഞാലോ അത് പാടില്ല താനും. കാരണം ഹാനിമാൻ പറഞ്ഞത് ഒരിക്കലും തെറ്റില്ലല്ലോ. കാരണം ഹാനിമാൻ ഹോമിയോക്കാരുടെ പ്രവാചകനെപ്പോലെയാണ്. എന്നാൽ ലോകത്തൊരു ഗവേഷണത്തിലും ഇതുവരെ ഹാനിമാനു ലഭിച്ച ഫലങ്ങൾ കിട്ടിയിട്ടില്ല.

പഞ്ചാര ഗുളികയിൽ ഒളിച്ചുകടത്തുന്ന അപകടങ്ങൾ

ഹോമിയോപ്പതിയുടെ യഥാർത്ഥ വക്താക്കൾ ഹോമിയോപ്പതിയുടെ ചികിത്സ വിധികൾക്കു തികച്ചും വിപരീതമായി അസുഖങ്ങൾക്ക് മരുന്ന് കുറിക്കുന്നു. അതിലെ സിലബസ് പ്രകാരം പഠിച്ച എല്ലാ കാര്യങ്ങളും കാറ്റിൽ പറത്തിയാണ് നടപടി. സർക്കാർ സർക്കാരിതര സംവിധാനങ്ങളിലൂടെ അനേകം ചികിത്സാ കേന്ദ്രങ്ങളിൽക്കൂടി വിതരണം ചെയ്യപ്പെടുന്ന മരുന്നുകളിൽ അനിയന്ത്രിതമായ അളവിൽ 'മാതൃസത്ത് ' അടങ്ങിയിട്ടുണ്ട്. ശരിയായ വിധത്തിലുള്ള ഫർമക്കോളജിക്കൽ പഠനങ്ങൾക്കോ പരീക്ഷണങ്ങൾക്കോ വിധേയമാവാത്ത ഈ മരുന്നുകൾ ഉപയോഗിക്കുമ്പോൾ രോഗ ശമനത്തോടൊപ്പം ഉണ്ടാവുന്ന പാർശ്വ ഫലങ്ങൾക്ക് ആരാണ് ഉത്തരവാദി?

Read More: ഡോക്ടർ ആവാൻ പഠിച്ചിട്ട് ക്ലർക്കായി ജോലി ചെയ്യേണ്ടി വരുന്ന ഗതികേടിന് ഉത്തരവാദിയാര്? ഹാനിമാന് ശേഷം ശാസ്ത്രം വളര്‍ന്നു, ഹോമിയോപ്പതിയോ?

ഇത്തരം മരുന്നുകളുടെ പാർശ്വ ഫലങ്ങൾ സംബന്ധിച്ച് യാതൊരു പഠനങ്ങളും ഇതുവരെ നടന്നിട്ടില്ല. ഹോമിയോപ്പതി ഗ്രന്ഥങ്ങളിൽ ഈ മരുന്നുകളുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് ഇവ പരീക്ഷണങ്ങൾക്ക് അതീതമാണെന്നാണ് ഡോക്ടർമാരുടെ വാദം. എന്നാൽ ഹാനികരമായ മാതൃസത്തുക്കൾ അടങ്ങിയ അനേകം മരുന്ന് സംയുക്തങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മാത്രമല്ല അവയിൽ പാർശ്വഫലങ്ങളില്ല എന്നും കൂടെ രേഖപ്പെടുത്തിയാണ് വിൽപ്പന. ഇത്തരത്തിൽ നിരോധിക്കപ്പെട്ട പല രാസവസ്തുക്കളും 'പാർശ്വഫലമില്ലാത്ത ഹോമിയോ മരുന്ന് 'എന്ന പേരിൽ രോഗികൾക്ക് നൽകി അവരുടെ ആരോഗ്യം വരെ അപകടത്തിലാക്കുകയാണ്.

ഇതിനുദാഹരണമാണ് മലബന്ധത്തിനുള്ള ചില മരുന്ന് സംയുക്തങ്ങളിൽ അടങ്ങിയിരിക്കുന്ന 'ഫിനോഫ്തലീൻ 'എന്ന നിരോധിക്കപ്പെട്ട രാസവസ്തു. ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ഹോമിയോപ്പതിയിലൂടെ ലഭിക്കുന്ന ചികിത്സാ ഫലങ്ങളിൽ മിക്കവയും മരുന്നുകളുടെ ഫാർമക്കോളജിക്കൽ പ്രവർത്തനങ്ങളെ കൂട്ടുപിടിച്ചു തന്നെയാണ്. അതായത് ഹോമിയോപ്പതി എന്ന് പറഞ്ഞു പഠിക്കുന്നതല്ല പലരും പ്രാവർത്തികമാക്കുന്നത്. എന്നാൽ പുത്തൻ അറിവുകൾ ഉപയോഗിച്ച് ഹോമിയോപ്പതിയെ പരിഷ്കരിക്കുന്നതിനു ഇവർ എതിരുമാണ്. അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടായേ തീരു. അശാസ്ത്രീയമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനു വേണ്ടി എന്തിനാണ് ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നത്?

ഹോമിയോപ്പതിയിൽ എന്താണ് നടക്കുന്നതെന്നറിയാനുള്ള അവകാശം പൊതുജനത്തിനുണ്ട്, ഹോമിയോപ്പതി ചികിത്സയുടെ 'ഉണ്ട്' എന്നവകാശപ്പെടുന്ന ഫലപ്രാപ്തി ലോകത്തെവിടെയും ഇന്നുവരെ തെളിയിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ 'Evidence based medicine'നു മുന്നിൽ ഹോമിയോപ്പതി വെറും 'Placebopathy' ആയി മാറുന്നു. ലോകത്ത് ഏറ്റവും അധികം നികുതിപ്പണം ഉപയോഗിച്ച് വ്യവസ്ഥാപിതമായി ഹോമിയോപ്പതി പഠിപ്പിക്കുകയും ചികിത്സ നടത്താൻ സൗകര്യമൊരുക്കുകയും ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. എന്നാൽ ഇതുവരെ ഹോമിയോപ്പതിയുടെ ഫലപ്രാപ്തി സംബന്ധിച്ച് യാതൊരു ഗവേഷണവും ഇവിടെ നടന്നിട്ടില്ല. ഇനിയെങ്കിലും വിദേശ രാജ്യങ്ങളിൽ നടന്നപോലെ ഇന്ത്യയിലും ഹോമിയോപ്പതിയുടെ ഫലപ്രാപ്തി പഠിച്ചു വിശദമായ ഒരു റിപ്പോർട്ട് ഉണ്ടാക്കി അതനുസരിച്ചു ഹോമിയോപ്പതിയുടെ ഭാവി തീരുമാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


Next Story

Related Stories