TopTop

ബ്രാഹ്മണ്യത്തെ കരുതിയിരിക്കുക, അവർ ദൈവത്തെയും തട്ടിയെടുക്കുന്നവരാണ്: നാട്ടുദൈവങ്ങളെ അധമരാക്കിയതിൽ നവോത്ഥാന ഭാവനകളുടെ പങ്ക്

ബ്രാഹ്മണ്യത്തെ കരുതിയിരിക്കുക, അവർ ദൈവത്തെയും തട്ടിയെടുക്കുന്നവരാണ്: നാട്ടുദൈവങ്ങളെ അധമരാക്കിയതിൽ നവോത്ഥാന ഭാവനകളുടെ പങ്ക്
മാടനും മറുതയും ചാത്തനുമെല്ലാം അധമ-നീചദൈവങ്ങളാണെന്ന് വരുത്തി തീർത്തതിൽ നവോത്ഥാന ഭാവനകൾക്കും പങ്കുണ്ട്. ദേശീയ ദൈവങ്ങളായ ശിവനും വിഷ്ണുവും മറ്റും മാടന്റെയും മറുതയുടേയും ചാത്തന്റെയും സ്ഥാനം അപഹരിക്കുകയും ചെയ്തു. ശാക്ത ശൈവ താന്ത്രിക മതങ്ങൾക്ക് അതിന്റെ ആദ്യഘട്ടത്തിൽ ബ്രാഹ്മണേതരമായ സ്വഭാവമാണുണ്ടായിരുന്നത്. എന്നാൽ ഏഴാം നൂറ്റാണ്ടോടെ ശാക്ത, ശൈവ, താന്ത്രിക സമ്പ്രദായങ്ങൾ ബ്രാഹ്മണാശയാവലികളാൽ നിറയ്ക്കപ്പെടുകയും രൂപമാറ്റത്തിന് വിധേയമാവുകയും ചെയ്തു. യാഗ-യജ്ഞാദി സമ്പ്രദായങ്ങളുമായി ജീവിച്ച ബ്രാഹ്മണർ വളരെ പില്ക്കാലത്തു മാത്രമാണ് താന്ത്രിക സമ്പ്രദായങ്ങൾ കൈക്കൊണ്ടത്.

മനുസ്മൃതി ഉൾപ്പെടെയുള്ള ധർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ ബിംബപൂജ ചെയ്യുന്നവരെ അധമരായും പാപികളായുമാണ് ഗണിച്ചിരുന്നത്. യാഗസമ്പ്രദായങ്ങൾക്ക് വന്ന ഇടിവും നാടുവാഴികളിൽ നിന്നും ലഭിച്ചിരുന്ന സഹായങ്ങളുടെ കുറവും താന്ത്രികതയുടെ ജനപ്രിയതയുമാണ് ബ്രാഹ്മണരെ താന്ത്രിക പൂജകൾ കൈക്കൊള്ളാൻ പ്രേരിപ്പിച്ചത്. ക്രമേണ താന്ത്രിക പൂജകളിലേക്ക് വൈദികാശയങ്ങളും വർണ്ണാശ്രമധർമ്മവും ജാതി നിയമങ്ങളും ശുദ്ധാശുദ്ധി വിചാരങ്ങളും ബ്രാഹ്മണർ കുത്തിച്ചെലുത്തി. ഇങ്ങനെ അബ്രാഹ്മണികമായ സ്വരൂപമുണ്ടായിരുന്ന ശിവൻ പോലും പൂണുനൂലിട്ട ബ്രാഹ്മണ ശിവനായി രൂപം മാറി. ഇത് ഒരുതരം ധൃതരാഷ്ട്രാലിംഗനമായി ഭവിച്ചു. മഹാരാഷ്ട്രയിലെ ഒരു നാട്ടുദൈവമായ വിഠൽ വിഷ്ണുവായി മാറി. തമിഴകത്തെ മുരുകൻ സ്കന്ദനായി. വേട്ടക്കൊരു മകൻ ശിവാവതാരമായി. മുത്തപ്പൻ വിഷ്ണുവായി. ചാത്തൻ വിഷ്ണുമായയായി. ഇങ്ങേയറ്റത്ത് അയ്യപ്പൻ എന്ന നാട്ടുമൂർത്തിയും വനവാസിയുമായ അയ്യപ്പൻ ഹരിഹരപുത്രനായി, ശാസ്താവായി. മാളികപ്പുറത്തമ്മ ദേവിയായി.

ഇങ്ങനെ നാട്ടുദൈവങ്ങൾ ദേശീയ ദൈവങ്ങളുടെ; ബ്രാഹ്മണ ദൈവങ്ങളുടെ രൂപത്തിലേക്ക് മാറ്റപ്പെടാൻ തുടങ്ങി. നാടൻ ദൈവങ്ങളും നാടൻ മന്ത്രങ്ങളും വൈദിക സൂക്തങ്ങൾക്കും ബ്രാഹ്മണ തന്ത്രത്തിനും വഴിപ്പെട്ടു. സുദീർഘമായ ബ്രാഹ്മണാധിനിവേശ പ്രക്രിയയാണ് ഇതിന് വഴിമരുന്നിട്ടത്. ദേവപ്രശ്നം എന്ന പരിപാടി കേരളത്തിലെ നാട്ടു ദൈവങ്ങളെ അസ്പൃശ്യരാക്കി തീർത്തു. ദേവപ്രശ്നത്തിലൂടെ ബ്രാഹ്മണ ദൈവങ്ങൾ ഉദാത്തവൽക്കരിക്കപ്പെട്ടു. കീഴാള ദൈവങ്ങൾ സമ്പൂർണ്ണമായി അശുദ്ധരാവുകയും നാലമ്പലത്തിന് പുറത്താവുകയും ചെയ്തു.

CE 1650 ൽ എഴുതിയ 'പ്രശ്നമാർഗ്ഗം' എന്ന ഗ്രന്ഥത്തിൽ അധമരും നീചരും പൂജിക്കുന്ന ദൈവങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്. നായാട്ട് പിശാചകൻ, ചാത്തൻ, കരിങ്കുട്ടി, പറക്കുട്ടി, വടുകൻ, വിമാനസുന്ദരി, ചാമുണ്ഡി ഇങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. ഒരുവേള കീഴാളരുടെ ദൈവത്തോടൊപ്പം അവരുടെ ദൈവങ്ങൾ കുടിയിരുന്ന ഭൂമിയും അവർക്ക് നഷ്ടമായി. ആദിവാസി-കീഴാള ജനവിഭാഗങ്ങളുടെ ഭൂമി കൈക്കലാക്കുകയും ബ്രാഹ്മണരുടെയും അവരുടെ പാദസേവകരുടേയും ലക്ഷ്യമായിരുന്നു. ഇതു ഇന്നും തുടർന്നു വരുന്നു. ബ്രാഹ്മണ പൂജ ക്രമേണ സമ്പൂർണ്ണാധിനിവേശമായിരിക്കും നടപ്പിലാക്കുക . ഇത് ദളിത്-കീഴാള ദൈവങ്ങളെ അഗാധമായി മായ്ച്ചു കളയുന്നതിനും ഇടയാക്കും. ഇങ്ങനെ നഷ്ടപ്പെടുന്നത് ദൈവങ്ങൾ മാത്രമായിരിക്കില്ല ദളിതരുടെ സാംസ്കാരിക മൂലധനം കൂടിയായിരിക്കും. ബ്രാഹ്മണ്യത്തെ കരുതിയിരിക്കുക അവർ ദൈവത്തെയും തട്ടിയെടുക്കുന്നവരാണ്.https://www.azhimukham.com/kerala-new-brahmanic-invasion-on-pulaya-dalit-community-in-north-malabar-by-kr-dhanya/

Next Story

Related Stories