TopTop

ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ
ഒരു ചൊവ്വാഴ്ച ദിവസം. കൃപാസനത്തിലേക്കുള്ള യാത്രയിലാണ്. ആലപ്പുഴ ബോര്‍ഡ് വച്ച കെഎസ്ആര്‍ടിസി ബസിലാണ് യാത്ര. മഴ നിര്‍ത്താതെ പെയ്യുന്നു. പെയ്ത്ത് വെള്ളം മുഖത്ത് വന്നടിച്ച് തെറിച്ചിട്ടും അനക്കമില്ലാതെ നിര്‍വ്വികാരയായി വിന്‍ഡോ വഴി പുറത്തേക്ക് നോക്കിയിരിക്കുന്ന ഒരു സ്ത്രീയോടൊപ്പമായിരുന്നു ഇരിപ്പ്. കൃപാസനത്തിലേക്ക് ടിക്കറ്റെടുത്തതോടെ ആ സ്ത്രീക്ക് അനക്കം വച്ചു. അവരുടെ മുഖം എനിക്ക് നേരെ തിരിഞ്ഞു. ചെറുതായൊന്ന് ചിരിച്ചു.
'കൃപാസനത്തിലേക്കാണല്ലേ?'
അവരുടെ ചോദ്യം. അതെ എന്ന് പറഞ്ഞപ്പോള്‍ പിന്നെ ചോദ്യങ്ങള്‍ പലതായി. "എത്രാമത്തെ ആഴ്ചയാണ്? ഉടമ്പടിയെടുത്തിട്ട് എത്രയായി? നടക്കണ്ടത് വല്ലതും നടന്നോ? അച്ചനെ കാണുന്ന കാര്യം അറിയാമോ?" ആദ്യമായി പോവുകയാണ് എന്ന എന്റെ മറുപടിക്ക് ശേഷം അല്‍പ്പനേരം അവര്‍ മൗനത്തിലായി. വീണ്ടും എന്നെ നോക്കി തുടര്‍ന്നു, "ഞാന്‍ ശരിക്കും ഹിന്ദുവാണ്. രാധ എന്നാണ് എന്റെ പേര്. ഉടമ്പടിയെടുത്തിട്ട് ഏഴാമത്തെ മാസമാണ്. അച്ചനെ കാണാന്‍ പറ്റീട്ടില്ല. ഒരു വീട്ടില്‍ വയസ്സായ അമ്മച്ചിയെ നോക്കാന്‍ നില്‍ക്കുവാണ്. ലീവ് ഒന്നും കിട്ടില്ല. പക്ഷെ ഉടമ്പടിയെടുത്താല്‍ ഫലം കിട്ടണമെങ്കില്‍ മാസത്തിലെ ഒരു ആഴ്ചയെങ്കിലും പ്രാര്‍ഥനയില്‍ എത്തണം. മുടങ്ങാതെ പോവുന്നുണ്ട്. അങ്ങനെ പോയവര്‍ക്കെല്ലാം നല്ല നല്ല കാര്യങ്ങള്‍ നടന്നിട്ടുണ്ട്. എന്റെ മകന് വെള്ളമടി ഇത്തിരി കൂടുതലാണ്. കുടുംബത്തിലെ സമാധാനം ആകെപ്പാടെ ഇല്ലാതായി. ഇതൊന്ന് മാറ്റിക്കിട്ടാന്‍ വേണ്ടിയാണ്. അത്ഭുതങ്ങള്‍ വരെ സംഭവിച്ചത് നമ്മള്‍ കേള്‍ക്കുന്നതല്ലേ. പോയി ഉടമ്പടിയെടുത്ത് നന്നായി പ്രാര്‍ഥിച്ചോ. ആഗ്രഹിച്ചതെല്ലാം നടക്കും." ഇത്രയും പറഞ്ഞ് വീണ്ടും മൗനം. യാത്രക്കിടയിലും വല്ലാത്ത തിടുക്കം അവരുടെ മുഴുവന്‍ ശരീരത്തിലും പ്രകടമായിരുന്നു. ഇടക്ക് വാച്ചില്‍ സമയം നോക്കും. വീണ്ടും പുറത്തേക്ക് നോക്കും. കണ്ണടച്ച് പ്രാര്‍ഥിക്കും. "ഒരു മണിക്കാണ് ധ്യാനം. പക്ഷെ ഇപ്പോ പത്തരയായിട്ടേയുള്ളൂ. പക്ഷെ അവിട ചെല്ലുമ്പോ ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ പോലും സ്ഥലമുണ്ടാവില്ല. പുറത്ത് നിക്കണം. മൂന്നര വരെ ആ നില്‍പ്പായിരിക്കും. ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല. പക്ഷെ അവിടുന്ന് തരുന്ന ഉപ്പ് കഴിച്ചാല്‍ നമ്മക്ക് ക്ഷീണം ഒന്നും തോന്നില്ല. അതുകൊണ്ട് കുഴപ്പമില്ല. ആളുകള് വെളുപ്പിനെയൊക്കെ വന്നിരിക്കും"
രാധ അവരുടെ ആശങ്ക പങ്കുവച്ചു.

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബസ് കൃപാസനത്തിന് മുന്നില്‍ നിര്‍ത്തി. ഇറങ്ങാനായി എഴുന്നേല്‍ക്കുമ്പോള്‍ അതുവരെ തിങ്ങിനിറഞ്ഞിരുന്ന ആ ബസ് ആറ് പേര്‍ മാത്രം യാത്രക്കാരായി അവശേഷിക്കുന്ന തരത്തില്‍ ഒഴിഞ്ഞു. എല്ലാവരും കൃപാസനത്തിലേക്ക്. റോഡിലും വശങ്ങളിലുമെല്ലാം തിരക്ക് തന്നെ. തിടുക്കപ്പെട്ടിറങ്ങിയ രാധ ആ തിരക്കിലേക്ക് അതിവേഗം നടന്നകന്നു. അതുപോലെ നിരവധി പേര്‍ പ്രാര്‍ഥനകളോടെ, ലക്ഷ്യങ്ങളോടെ ആ തിരക്കിനിടയിലേക്ക് കയറിക്കൊണ്ടേയിരുന്നു. പല ഭാഷകള്‍ ഇടകലര്‍ന്ന് ചെവിയില്‍ വീണു. തൃശൂര്‍, അങ്കമാലി, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം, പാലക്കാട്... ഭാഷാ വ്യതിയാനങ്ങളിലൂടെ ചോദിക്കാതെ തന്നെ പലരുടേയും നാടുകള്‍ തിരിച്ചറിയാം, ചിലരുടെ പരിചയപ്പെടലുകളിലും അത് വ്യക്തമായി. കേരളത്തിന്റെ ഒരു ഭാഗം എടുത്ത് കലവൂര്‍ കൃപാസനത്തില്‍ വച്ചപോലെ. മാസങ്ങളായി ധ്യാനത്തിനും പ്രാര്‍ഥനകള്‍ക്കുമെത്തുന്നവര്‍ സാഹോദര്യത്തോടെ കുശലാന്വേഷണം ഒരു വഴിക്ക് നടത്തുന്നു. അവരും പലയിടങ്ങളില്‍ നിന്ന് എത്തിയവരാണ്. റോഡിനോരത്ത് നില്‍ക്കുന്ന ഇവരെ കടന്ന് മുന്നോട്ട് പോയാല്‍ പിന്നെ നിശബ്ദമായി എന്തോ ശ്രദ്ധയോടെ കേട്ട് നില്‍ക്കുന്ന അച്ചടക്കമുള്ള വലിയ ഒരു ജനക്കൂട്ടം. അല്‍പ്പം പഴക്കമുള്ള ഒരു കെട്ടിടം, അതിന് മുകളില്‍ 'കൃപാസനം നാഷണല്‍ ഹെറിറ്റേജ് സ്റ്റഡി സെന്റര്‍' എന്ന് എഴുതിയ വലിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കുറച്ചുകൂടി നടന്ന് കെട്ടിടത്തിന് മുന്‍വശത്തെത്തുമ്പോള്‍ അതിന് ഇടതുവശത്തായി 'കൃപാസനം ദൈവാനുഗ്രഹ സന്നിധാനം' എന്നെഴുതിയ മറ്റൊരു ഭാഗവും കാണാം. ഈ കെട്ടിടങ്ങളിലും അവയുടെ ഉള്‍വശങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ സൂചികുത്താനിടമില്ലാത്ത രീതിയില്‍ ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നു. ഇരിക്കാന്‍ ഇടം ലഭിച്ചവരേക്കാള്‍ നില്‍പ്പുകാരുടെ എണ്ണമാണ് അധികവും.കൃപാസനത്തിലേക്ക് നടന്നടുക്കുമ്പോഴേ സാക്ഷ്യം പറച്ചില്‍ കേള്‍ക്കാം. രോഗം മാറിയവര്‍, മന:സൗഖ്യം ലഭിച്ചവര്‍, ജോലി ലഭിച്ചവര്‍, പരീക്ഷയില്‍ വിജയിച്ചവര്‍... സാക്ഷ്യം പറച്ചിലുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ സാക്ഷ്യം പറച്ചിലുകള്‍ക്ക് കാതോര്‍ത്തുകൊണ്ടാണ് ആയിരങ്ങള്‍ മൗനമായി ഇരിക്കുന്നത്. ഓരോ സാക്ഷ്യം പറച്ചിലുകള്‍ക്കുമൊടുവില്‍ ഈ ജനക്കൂട്ടം കയ്യടിച്ച് ആര്‍പ്പുവിളിക്കും, ദൈവത്തിന് സ്തുതി പറയും. കൈകള്‍ വീശിയുയര്‍ത്തി ദൈവത്തെ വാഴ്ത്തും. പ്രാര്‍ഥനാ ഗീതങ്ങള്‍ ഒന്ന് ചേര്‍ന്ന് പാടും. ഇളകി മറിഞ്ഞ കടലിലെ ഭീകര തിരമാലകള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് സമാനമായ വലിയ ആരവം പുറത്ത് നില്‍ക്കുമ്പോഴേ കേള്‍ക്കാം. എത്രപേര്‍? അത് കണക്ക് കൂട്ടാന്‍ പോലുമാവുന്നതല്ല. കൈകള്‍ അനക്കാന്‍ പോലുമാവാത്ത തരത്തില്‍ ജനക്കൂട്ടം ഓരോരുത്തരേയും പൊതിഞ്ഞിരിക്കുന്നു. പുറത്ത് നിന്നുള്ള ഒറ്റക്കാഴ്ചകളില്‍ പതിയുന്ന ചിത്രങ്ങള്‍ ഇവയാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ രണ്ട് കൊച്ചു കൂടാരങ്ങളിലായി വേറൊരു കൂട്ടം. ആദ്യമായെത്തുന്നയാളുടെ അമ്പരപ്പെന്ന് ധരിച്ചാവണം ഇരിങ്ങാലക്കുട സ്വദേശി രാജീവ് സഹായിക്കാനെത്തി.
"ഉടമ്പടിയെടുക്കണമെങ്കില്‍ ദേ, ആ കാണുന്ന സ്ഥലത്താണ്. 225 രൂപ അടച്ചാല്‍ ഉടമ്പടി വയ്ക്കാം. നമ്മുടെ ആറ് ആഗ്രഹങ്ങള്‍ എഴുതി നല്‍കുമ്പോള്‍ ഉടമ്പടി പത്രം തിരികെ ലഭിക്കും. ആ ഉടമ്പടി നമ്മളും അംഗീകരിക്കണം. ഉടമ്പടി എടുത്തു കഴിഞ്ഞ് കൃപാസനം പത്രം വാങ്ങാനുള്ള രശീത് കിട്ടുന്ന കൗണ്ടര്‍ ഉണ്ട്. അവിടെ 125 രൂപ എടച്ചാല്‍ 25 പത്രം കിട്ടും. പത്രം വാങ്ങിയാലേ മൂന്ന് മാസം കഴിയുമ്പോ ഉടമ്പടി പുതുക്കാന്‍ പറ്റൂ. ആ രശീത് കൊണ്ടുവന്ന് പത്ര കൗണ്ടറില്‍ കൊടുത്താല്‍ 25 പത്രം കൃപാസനത്തിന്റെ കവറിലാക്കിയത് കിട്ടും. ഉടമ്പടി എടുക്കുമ്പോള്‍ ഒരു പ്രാര്‍ഥനാ കിറ്റും തരും. വേണ്ട സാധനങ്ങളെല്ലാം അതിലുണ്ടാവും. പിന്നെ പ്രാര്‍ത്ഥിക്കാം"-
രാജീവ് പറഞ്ഞു. ഉടമ്പടി എടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാല്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ട് എന്നതിനാല്‍ രാജീവിനോട് നന്ദി പറഞ്ഞ് മറ്റൊരിടത്തേക്ക് നീങ്ങി. ഇളം പച്ച നിറമുള്ള പേപ്പറിലാണ് ഉടമ്പടി. ഉടമ്പടി എടുക്കാന്‍ പണമടച്ചവര്‍ക്ക് പ്രാര്‍ഥനാ കിറ്റും ലഭിക്കും. നീലയും പച്ചയും മെഴുകുതിരികള്‍, ഒരു കുപ്പിയില്‍ തൈലം, ഉപ്പ്, കാശ് രൂപം, പ്രാര്‍ഥനാ കൈപ്പുസ്തകം ഇത്രയുമടങ്ങിയതായിരുന്നു ആ കവര്‍. കൂട്ടത്തില്‍ നിന്നയാളില്‍ നിന്ന് നോക്കാനെന്ന് പറഞ്ഞ് ഉടമ്പടി പത്രം വാങ്ങി. കവര്‍ എന്തിനെന്നും ഉടമ്പടി എന്തെന്നതും അതോടെ വ്യക്തമായി. രാജീവ് പറഞ്ഞത് പോലെ
'ഉടമ്പടി ചെയ്തതിന് ശേഷം അന്നുതുടങ്ങി എല്ലാ മൂന്ന് മാസം കഴിയുമ്പോള്‍ ഈ ഫോറവുമായി കൃപാസനത്തില്‍ വന്ന് കൗണ്‍സിലിങ് ചെയ്തതിന് ശേഷം കോളത്തില്‍ കൗണ്‍സിലറെക്കൊണ്ട് തീയതി രേഖപ്പെടുത്തി ഒപ്പിടീക്കേണ്ടതാണ്'
എന്ന നിബന്ധനയോടെ ഉടമ്പടി പുതുക്കിയ മാസങ്ങള്‍ രേഖപ്പെടുത്താനുള്ള കോളവും തുടക്കത്തില്‍ തന്നെ നല്‍കിയിരിക്കുന്നു.

ഉടമ്പടി പത്രത്തിലുള്ളത്: ആന്തരിക വിശുദ്ധിക്കും പ്രാര്‍ഥനാ ഫലത്തിനും വേണ്ടി പാപങ്ങള്‍ പൊറുത്ത് ഉപേക്ഷിക്കല്‍, ഉപവാസ പ്രാര്‍ഥന, ഉപവാസം, പ്രേക്ഷിത പ്രവര്‍ത്തനം, തിരുവചന വായന, ആഴ്ചവട്ടങ്ങളിലുള്ള കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവ നിര്‍വ്വഹിക്കാമെന്ന് ദൈവനാമത്തിലാണ് വിശ്വാസികള്‍ ഉടമ്പടി വക്കുന്നത്. ആത്മവിശുദ്ധീകരണ നടപടികള്‍ക്ക് ആറ് ഉടമ്പടികളില്‍ വിശ്വാസിക്ക് താത്പര്യമുള്ളത് തിരഞ്ഞെടുത്ത് ടിക് ചെയ്താണ് ഉടമ്പടി സമര്‍പ്പണം. ഉടമ്പടി സമര്‍പ്പിച്ചവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തിയിരിക്കുന്നു. അതിങ്ങനെ: "
പ്രാര്‍ഥനാ കവറിനുള്ളില്‍ അടക്കം ചെയ്തിരിക്കുന്ന നീലയും പച്ചയും മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ഥിച്ചതിന് ശേഷം കൃപാസനത്തില്‍ പ്രതിമാസം നടത്തുന്ന എട്ട് ഉപവാസ ഉടമ്പടി ധ്യാനങ്ങളില്‍ ഏതെങ്കിലും ധ്യാനത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കണം. കൃപാസനം ആരാധനയില്‍ വെഞ്ചരിച്ച ഉടമ്പടി തൈലത്തില്‍ നിന്ന് ഒരു തുള്ളി എടുത്ത് നെറ്റിയില്‍ കുരിശുവരച്ച് പ്രാര്‍ഥന ചൊല്ലി ദിവസവും ഉടമ്പടി പുതുക്കേണ്ടതാണ്. രോഗാവസ്ഥയിലും മനത്തകര്‍ച്ചയിലും ഇരിക്കുന്നവര്‍ വെഞ്ചരിച്ച ഒലീവ് എണ്ണ പ്രാര്‍ഥിച്ച് മാതാവിന്റെ ദിവസങ്ങളായ ശനിയാഴ്ചയും ബുധനാഴ്ചയും ഉള്ളില്‍ സേവിക്കുകയും വേദനയുള്ള സ്ഥലത്ത് പുരട്ടുകയും ചെയ്യാം. ആകാശനീല നിറമുള്ള മെഴുകുതിരി എല്ലാ ദിവസവും സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് കത്തിച്ച് പ്രാര്‍ഥന ചൊല്ലണം. പച്ചമെഴുകുതിരി കുര്‍ബാന പ്രാര്‍ഥനക്ക് ശേഷം ഉടമ്പടി പ്രാര്‍ഥന ചൊല്ലുവാന്‍ ഉപയോഗിക്കണം. വെഞ്ചരിച്ച ഉപ്പ് കുടിവെള്ളത്തില്‍ പ്രാര്‍ഥനാപൂര്‍വ്വം ഉപയോഗിക്കുക."
കൃപാസനത്തിനകത്ത് സാക്ഷ്യം പറച്ചിലുകള്‍ തുടരുകയാണ്. "എനിക്ക് 2017 ഒക്ടോബര്‍ മുതല്‍ ബ്ലീഡിങ് ആയിരുന്നു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി. സര്‍ജറി ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചു. പക്ഷെ എനിക്ക് ഹാര്‍ട്ടിന് ചെറിയ ബ്ലോക്കും ഉണ്ടായിരുന്നു. ശ്വാസംമുട്ടും കിതപ്പും അതുപോലത്തെ പ്രശ്നങ്ങളുമുണ്ടായിരുന്നു. അതിനുള്ള ട്രീറ്റമെന്റ് എടുക്കുന്നത് കൊണ്ട് പെട്ടന്ന് ഒരു സര്‍ജറി ചെയ്യുവാനായിട്ട് ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാല്‍ മരുന്ന് കഴിച്ച് നില്‍ക്കുവായിരുന്നു. 2018 ഒക്ടോബറില്‍ എനിക്ക് വീണ്ടും ഓവര്‍ ബ്ലീഡിങ് ആയി. വീണ്ടും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി. ആ സമയം എന്റെ ഹീമോഗ്ലോബിന്‍ 6.5 ആവുകയും അയണിന്റെ അളവ് കുറയുകയും ചെയ്തു. ഡോക്ടര്‍ നവംബര്‍ 17ന് എനിക്ക് സര്‍ജറിക്കായിട്ട് ഡേറ്റ് തന്നു. മകളുടെ പരീക്ഷാ സമയമായതിനാല്‍ എനിക്ക് സര്‍ജറി ചെയ്യാന്‍ ഒത്തിരി ബുദ്ധിമുട്ടുണ്ടായിരുന്നു. നാല് മാസം കൂടി സര്‍ജറി നീട്ടിവച്ച് തരണേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ വാര്‍ഡിലേക്ക് ഒരു സഹോദരന്‍ കൃപാസനം പത്രവുമായി കടന്നുവരുന്നത്. ഞാനത് വായിച്ച് നോക്കി. ആ പത്രം ഞാന്‍ മടക്കിവച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഹൈന്ദവ പെണ്‍കുട്ടി വാര്‍ഡിലേക്ക് കടന്നുവരികയും കൃപാസനത്തെക്കുറിച്ചും കൃപാസനത്തിലെ നേര്‍ച്ച വസ്തുക്കളെക്കുറിച്ചും ഞങ്ങളോട് പറയുകയും ചെയ്തു. അവളുടെ യൂട്രസിലുണ്ടായ മുഴ സര്‍ജറി കൂടാതെ സുഖപ്പെട്ട അനുഭവം പങ്കുവച്ചു. ആ നിമിഷം എങ്ങനെയായാലും കൃപാസനത്തിലേക്ക് വരണമെന്ന ആഗ്രഹം തീക്ഷ്ണമായി ഉണ്ടായി. അനസ്തേഷ്യ എടുക്കുന്ന കാര്യം പറയാന്‍ ഡോക്ടര്‍ വന്നപ്പോള്‍ എനിക്ക് അത്യാവശ്യമായി വീട് വരെ പോവണം എന്ന് ഞാന്‍ പറഞ്ഞു. സ്വന്തം റിസ്‌ക്കില്‍ പോവുകയാണെങ്കില്‍ പൊയ്ക്കോ എന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷെ രണ്ടാഴ്ചക്കുള്ളില്‍ വന്ന് ഡേറ്റ് എടുത്ത് സര്‍ജറി നടത്തണം. ആശുപത്രിയില്‍ നിന്ന് പോന്നെങ്കിലും കൃപാസനത്തില്‍ വരാനുള്ള ശാരീരിക സുഖം എനിക്കുണ്ടായിരുന്നില്ല. ശാരീരിക സുഖമുണ്ടാവുകയാണെങ്കില്‍ നാളെ തന്നെ ഞാന്‍ കൃപാസനത്തിലേക്ക് വരികയും പരിശുദ്ധ അമ്മയുടെ ഉടമ്പടി എടുക്കുവാനായിട്ട് തയ്യാറാവുകയും ചെയ്യും എന്ന് പ്രാര്‍ഥിച്ചു. നാല് മണി സമയമായപ്പോള്‍ എന്റെ ബ്ലീഡിങ് നോര്‍മല്‍ ആയി. പിറ്റേന്ന് തന്നെ ഞാനിവിടെ വന്നു. ഒരു ഡിസംബര്‍ ഏഴാം തീയതിയായിരുന്നു. പരിശുദ്ധ ഉടമ്പടിയെടുത്തു. അന്നുമുതല്‍ ഇന്നുവരെ, ഇപ്പോള്‍ ഏഴ് മാസം തികഞ്ഞു, എനിക്ക് ബ്ലീഡിങ്ങിന്റെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല."


"എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ മൈഗ്രൈന്‍ ബാധിച്ച് വലിയ കഷ്ടപ്പാടിലായിരുന്നു. 22 വര്‍ഷമായി അത് എന്നെ ഏറെ ബുദ്ധിമുട്ടിച്ചു. കൃപാസനത്തില്‍ വന്നപ്പോള്‍ തലവേദനയെടുത്ത് പ്രാര്‍ഥിക്കാന്‍ പോലും ആവാത്ത സ്ഥിതിയിലായിരുന്നു. എന്നാല്‍ അന്ന് പ്രാര്‍ഥനക്കിടയില്‍ അച്ചന്‍ വിളിച്ച് പറഞ്ഞു, 'തലവേദനയുമായി ഒരാള്‍ ഇവിടെ എത്തിയിട്ടുണ്ട്. ദൈവം അവരെ സുഖപ്പെടുത്തുകയാണ്' എന്ന്. അച്ചന്‍ അത് പറഞ്ഞ് നിമിഷങ്ങള്‍ക്കകം എന്റെ തലവേദന പൂര്‍ണമായും ഇല്ലാതായി. പ്രാര്‍ഥനാ തൈലം നെറ്റിയില്‍ പുരട്ടിയതില്‍ പിന്നെ എനിക്ക് മൈഗ്രൈന്‍ വന്നിട്ടേയില്ല."
വലിയ എല്‍ഇഡി ടി.വി സ്‌ക്രീനിലാണ് തടിച്ച് കൂടിയിരിക്കുന്ന ജനം സാക്ഷ്യം പറച്ചിലുകള്‍ കണ്ടുകൊണ്ടിരുന്നത്. എവിടെയാണ് ഈ സാക്ഷ്യം പറച്ചിലുകള്‍ നടക്കുന്നതെന്നറിയാന്‍ കൃപാസനത്തിലെ അകത്തേക്ക് കടന്നു. എന്നാല്‍ ഓരോയിടത്തേക്ക് കടക്കുമ്പോഴും ജനക്കൂട്ടം മാത്രം. നില്‍ക്കാന്‍ കിട്ടുന്ന ഓരോ ഇടത്തിലും ആളുകള്‍ കൂടി നില്‍ക്കുന്നു. മുകള്‍ നിലയിലും താഴെ നിലകളിലുമായി പതിനായിരക്കണക്കിന് പേര്‍. പ്രധാന പ്രാര്‍ഥനാ ഹാള്‍ എവിടെയാണെന്ന് അന്വേഷണത്തിന് പന്തളം സ്വദേശിയായ ടോമിന്‍ ജോസഫ് ഉത്തരം നല്‍കി,
"അത് എവിടെയാണെന്ന് അറിയില്ല. ഇത്രേം അകത്തേക്ക് കയറാനായത് തന്നെ ഭാഗ്യം. അത് അകത്തെവിടെയോ ആണ്. അവിടേക്കെങ്ങും എത്തിപ്പെടാന്‍ പറ്റില്ല. ഒരാള്‍ക്ക് പോലും നില്‍ക്കാന്‍ സ്ഥലം കാണില്ല. സ്റ്റെയര്‍കേസിന്റെ അടിയില്‍ പോലും ആളുകള്‍ തിങ്ങിനില്‍ക്കുകയാണ്. ടിവിയിലൂടെ കാണാം. അച്ചന്‍ പ്രാര്‍ഥന ചൊല്ലുമ്പോള്‍ അത് ടിവിയില്‍ കാണാം. സ്പീക്കറിലൂടെ കേള്‍ക്കാം."
ആളുകളെ നിയന്ത്രിക്കാന്‍ കൃപാസനത്തില്‍ നിന്നുള്ള ആളുകള്‍. എല്ലാവരും പിങ്ക് നിറത്തില്‍ വസ്ത്രം ധരിച്ചവര്‍. അതില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുണ്ട്, അധ്യാപകരുണ്ട്, പോലീസ് ഉദ്യോഗസ്ഥരുണ്ട്. അവധിയെടുത്ത് കൃപാസനത്തില്‍ സേവനം ചെയ്യാന്‍ എത്തിയവര്‍. അക്കൂട്ടത്തില്‍ ചിലരോട് കൃപാസനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഒരാള്‍ പറഞ്ഞു,
"ഞാന്‍ ഒരു കെഎസ്ആര്‍ടിസി ഡ്രൈവറാണ്. അവിടെ ജോലി ചെയ്താല്‍ അത്രക്കിത്രയ്ക്കൊക്കെയേ കിട്ടുകയുള്ളൂ. ഇത് കാശ് മാത്രം നോക്കിയിട്ടൊന്നുമല്ല. നമ്മുടെ മന:സംതൃപ്തിക്ക് വേണ്ടിയുള്ള സേവനമാണ്. എല്ലാ ആഴ്ചയും ചൊവ്വാഴ്ച കഴിവതും അവധിയെടുക്കും. ഞാന്‍ മാത്രമൊന്നും അല്ല. ഒത്തിരിപ്പേരുണ്ട്. വലിയ വലിയ ഉദ്യോഗസ്ഥര്‍ വരെ വരുന്നുണ്ട്. പോലീസുകാരും കോളേജ് പ്രൊഫസര്‍മാര്‍ പോലും കൃപാസനം ഡ്യൂട്ടിക്ക് വരും. അതിന്റെ അനുഗ്രഹവുമുണ്ട്. ഇതൊന്നും പുറത്ത് പറയാന്‍ വേണ്ടി പറഞ്ഞതല്ല".
സംസാരം പിന്നീട് ചോദ്യം ചെയ്യലായി മാറി. "നിങ്ങള്‍ എവിടെ നിന്നാണ്? നിങ്ങള്‍ പ്രസ് ആണെങ്കില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. പ്രസ് ഒന്നും അല്ലല്ലോ? ആണെങ്കില്‍ തന്നെ ഞങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്ത ചെയ്യുകയാണെങ്കില്‍ വിശ്വാസികളായുള്ളവരെ ഞങ്ങള്‍ തന്നെ നിങ്ങള്‍ക്ക് അനുഭവങ്ങള്‍ പറയാന്‍ എത്തിച്ച് തരാം. അല്ലെങ്കില്‍ ഇവിടെ നില്‍ക്കാന്‍ പറ്റില്ല". അയാള്‍ക്കുള്ള മറുപടി നല്‍കുന്നതിനിടയില്‍ ചോദ്യം ചെയ്യല്‍ സംഘത്തിന്റെ ആള്‍ബലം കൂടിവന്നു. വിശ്വസനീയമായ മറുപടി നല്‍കി അവരെ സമാധാനിപ്പിച്ച് പുറത്തേക്ക് നടന്നു.

'കൃപാസനം പത്രം ഓഫീസ്; മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലുള്ള പത്രങ്ങള്‍ ഇവിടെ ലഭ്യമാണ്' എന്ന ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടു. അതിന് പുറത്തായി കെട്ടുകളായി കവറുകളില്‍ അടുക്കിവച്ചിരിക്കുന്ന പത്രങ്ങളും.

കൃപാസനം പത്രം

എല്ലാ മാസവും കൃപാസനം പ്രേക്ഷിത പത്രികകള്‍ വാങ്ങി ദൈവ വചന പ്രചാരണം നടത്തണമെന്നുള്ള വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടാണ് കൃപാസനത്തില്‍ എത്തുന്ന ബഹുഭൂരിപക്ഷമാളുകളും ഉടമ്പടി വക്കുന്നത്. ഉടമ്പടി പുതുക്കണമെങ്കില്‍ കൃപാസനം പത്രം വാങ്ങിയ രസീതുകളുടെ അടുക്കുകള്‍ വേണം. കൃപാസനം പത്രം മുഴുവന്‍ അനുഭവ സാക്ഷ്യങ്ങളാണ്. പുകവലി നിര്‍ത്തിയവര്‍, മാറാരോഗങ്ങള്‍ മാറിയവര്‍, കേള്‍വി ലഭിച്ചവര്‍, ജോലി ലഭിച്ചവര്‍, പരീക്ഷയില്‍ വിജയിച്ചവര്‍ തുടങ്ങി ചെറുതും വലുതുമായ കാര്യങ്ങളില്‍ അനുഭവ സാക്ഷ്യങ്ങള്‍. യുട്യൂബിലൂടെ കൃപാസനം ധ്യാനത്തില്‍ പങ്കെടുത്തവരുടെ അനുഭവ സാക്ഷ്യങ്ങള്‍ വേറെ. ശാലോം ടിവിയിലും രാജ് ടിവിയിലും അമേരിക്കന്‍ മരിയന്‍ ടിവിയിലും നടക്കുന്ന ധ്യാനങ്ങളുടെ അറിയിപ്പ്. 'ഉടമ്പടി നാലും മൂന്നും രണ്ടും തവണ പുതുക്കിയവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ അച്ചനെ കണ്ട് പ്രാര്‍ഥിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിങ്കള്‍, ചൊവ്വ എല്ലാ പ്രാര്‍ഥനകളും കൂട്ടായ്മകളും കഴിയുമ്പോള്‍ മൂന്നര മുതല്‍ നാലര വരെ ക്യാന്‍സര്‍, കിഡ്നി, കരള്‍, ഹാര്‍ട്ട്, അപൂര്‍വ്വ രോഗങ്ങള്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക രോഗസൗഖ്യ പ്രാര്‍ഥന ഉണ്ടായിരിക്കും' എന്ന അറിയിപ്പ്.ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശിയായ യുവതിയെ കൃപാസനം പത്രം അരച്ചുചേര്‍ത്ത ദോശയും ചമ്മന്തിയും കഴിച്ച് ഗുരുതരാവസ്ഥില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കൃപാസനം പത്രം വാര്‍ത്തകളില്‍ നിറഞ്ഞത്. ദീര്‍ഘകാലമായി വിവാഹം നടക്കാതിരുന്ന യുവതിക്ക് വിവാഹം നടക്കുന്നതിനായി അമ്മ ദോശമാവിലും ചമ്മന്തിയിലും കൃപാസനം പത്രം അരച്ച് ചേര്‍ക്കുകയായിരുന്നു. കൃപാസനം ഡയറക്ടറായ ഫാ. ജോസഫിനെ നേരില്‍ കണ്ട് കാര്യം അറിയിച്ചപ്പോള്‍ 2000 രൂപയ്ക്ക് വാങ്ങിയ കൃപാസനം പത്രം അച്ചന്‍ പ്രാര്‍ഥിച്ച് നല്‍കുകയായിരുന്നു എന്നും അത് പ്രേക്ഷിത പ്രവര്‍ത്തനത്തിന് ഉപയോഗിക്കാതെ മകളുടെ ഗുണത്തിനായി അരച്ച് നല്‍കുകയായിരുന്നു എന്നും യുവതിയുടെ അമ്മ പിന്നീട് വെളിപ്പെടുത്തി. ശരീരത്തില്‍ തടിപ്പും മനംപുരട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ശാരീരികാവസ്ഥ കൂടുതല്‍ മോശമായതോടെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനകളില്‍ യുവതിക്ക് ഭക്ഷ്യവിഷബാധയാണെന്ന് തെളിഞ്ഞു. ദിവസങ്ങളായി ഭക്ഷണത്തില്‍ സ്വാദ് വ്യത്യാസം തിരിച്ചറിഞ്ഞിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാല്‍ വെളിച്ചെണ്ണയ്ക്ക് പകരം സപ്ലൈക്കോയില്‍ നിന്ന് വാങ്ങിയ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നതിനാലാണ് ഇതെന്നാണ് അമ്മ യുവതിയെ വിശ്വസിപ്പിച്ചത്. ഈ സംഭവം പുറത്തായതോടെ കൃപാസനം പത്രത്തിനെതിരെയും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കൃപാസനത്തിനെതിരെയും ജനരോഷമുയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ കൃപാസനവും പത്രവും വലിയ തോതില്‍ ചര്‍ച്ചയായി. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം നേടുന്നതിനായി കൃപാസനം പത്രം വിതരണം നടത്തിയതും ഇതിനിടയിലായിരുന്നു. കിടക്കുമ്പോള്‍ തലയ്ക്ക് കീഴെ വച്ച് കിടക്കാനും ബാഗില്‍ സൂക്ഷിക്കാനുമായിരുന്നു അധ്യാപിക വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഈ സംഭവങ്ങള്‍ ചര്‍ച്ചയായതോടെ കൃപാസനം അധികൃതര്‍ വെട്ടിലായി.
"പത്രിക വായനയ്ക്കും പ്രേക്ഷിത പ്രവര്‍ത്തനത്തിനും മാത്രമുള്ളതാണ്. അന്ധവിശ്വാസം പരത്തുവാനോ മതപരിവര്‍ത്തനം ചെയ്യുവാനോ ഭക്ഷിക്കാനോ രോഗചികിത്സക്കോ, ഔഷധമായി ഉപയോഗിക്കാനോ കൃപാസനം ഉദ്ദേശിച്ചിട്ടുമില്ല, നിര്‍ദ്ദേശിച്ചിട്ടുമില്ല. അപ്രകാരം ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കൃപാസനം അതിന് ഉത്തരവാദിയല്ല"
എന്ന വിശദീകരണം കൃപാസനം ഡയറക്ടര്‍ നല്‍കുകയും കൃപാസനം പത്രത്തില്‍ അത് പ്രത്യേക അറിയിപ്പായി നല്‍കുകയും ചെയ്തു. ഇതിനിടെ ഡയറക്ടര്‍ ഡോ. ഫാ. വി.പി ജോസഫ് വലിയവീട്ടില്‍ പനി ബാധിച്ച് ആശുപത്രിയിലായി. അന്ധവിശ്വാസം പ്രചരിപ്പിക്കുകയും രോഗശാന്തി ശുശ്രൂഷകള്‍ നടത്തുകയും ചെയ്യുന്ന ഫാ. ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. കൃപാസനത്തില്‍ നടക്കുന്നത് ആത്മീയ തട്ടിപ്പാണെന്ന വാദങ്ങള്‍ ഉയര്‍ത്തി അവര്‍ ഇതിനെതിരെ പ്രതികരിച്ചു.

സാമൂഹ്യ പ്രവര്‍ത്തകനായ വി.എസ് ജസ്റ്റിന്‍ പറയുന്നു, "കൃപാസനത്തില്‍ നടക്കുന്നത്, വിശുദ്ധ വസ്തുക്കള്‍ ഉപയോഗിച്ച് കാന്‍സറും മുഖക്കുരുവും മാറ്റിത്തരാം, അല്ലെങ്കില്‍ മുടികിളിപ്പിക്കാം അങ്ങനെ ഒരുവിധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ആത്മീയ ചികിത്സയിലൂടെ ഫലമുണ്ടാവുമെന്ന അവകാശവാദം നടത്തുകയും അത് വിറ്റ് പണമുണ്ടാക്കുകയുമാണ്. അതിന് വേണ്ടി അവര്‍ കണ്ടുപിടിച്ചിരിക്കുന്ന മാര്‍ഗമാണ് ഉടമ്പടി. ഇഷ്ടമുള്ള ആറ് ആവശ്യങ്ങള്‍ സാധിച്ചുതരാം, പകരം ഞങ്ങളുടെ പത്രത്തിന്റെ കച്ചവടം നിങ്ങള്‍ ചെയ്തുകൊള്ളുക എന്നരീതിയിലാണ് കാര്യങ്ങള്‍. മാസത്തില്‍ 25 പത്രമെങ്കിലും മിനിമം വാങ്ങുക, കയ്യില്‍ പണമുള്ളതിനനുസരിച്ച് ആയിരം പത്രം വരെ വാങ്ങുന്നവരുണ്ട്. അത് തൊട്ടടുത്തുള്ള വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വിതരണം ചെയ്യുന്നു. അതിലൂടെ ഇവരുടെ അസുഖം മാറുന്നു എന്ന് വാദിക്കുന്നു. കൃപാസനത്തിലെ വൈദികനായ ഫാ. ജോസഫിനെ വിശ്വാസികള്‍ കാണുക എന്ന ഫൈനല്‍ ഗോള്‍ വച്ചുകൊണ്ടുള്ള പരിപാടികളാണ്. പത്രം വാങ്ങിയ രസീത് സൂക്ഷിച്ച് വച്ച് കാണിച്ചാല്‍ മാത്രമേ ജോസഫ് അച്ചനെ കാണാന്‍ കഴിയൂ. ഏതെങ്കിലും രശീത് കളഞ്ഞുപോയാല്‍ അത് സാധിക്കുകയുമില്ല. വിദേശത്ത് പോവേണ്ടവരോ, നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്തവരോ ഒരുമിച്ച് അയ്യായിരം രൂപയടച്ച് ആയിരം പത്രം വാങ്ങിയാല്‍ അച്ചനെ പെട്ടെന്ന് തന്നെ കാണാനുള്ള സാഹചര്യവും കൃപാസനം ഒരുക്കുന്നുണ്ട്. രോഗശാന്തി എന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഡയറക്ടറായിട്ടുള്ള പുരോഹിതന്‍ അസുഖം വന്നപ്പോള്‍ ആശുപത്രിയില്‍ പോയി എന്നുള്ളത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്."
കൃപാസനം പത്രം പ്രേക്ഷിത പ്രവര്‍ത്തനത്തിനും വായനയ്ക്കുമുള്ള ഒരു പ്രസിദ്ധീകരണം മാത്രമാണെന്ന് പ്രത്യേക അറിയിപ്പ് ഫാ. ജോസഫ് നേരിട്ടും കൃപാസനം പത്രം വഴിയും നല്‍കി. പത്രവും മറ്റ് വിശ്വാസ പ്രമാണങ്ങളും സംബന്ധിച്ചുള്ളത് കപടവാദങ്ങളാണെന്ന് യുക്തിവാദി സംഘടനകള്‍ ഉറപ്പിച്ച് പറയുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്നതാണ് കൃപസനത്തിലെത്തുന്ന വിശ്വാസികളുടെ വിശ്വാസം. പാലായില്‍ നിന്നെത്തിയ ജോസ് പറഞ്ഞതിങ്ങനെയാണ്, "എല്ലാത്തിന്റെയും അടിസ്ഥാനം വിശ്വാസമാണ്. ഞാനൊരു കാര്യം വിശ്വസിക്കുന്നു എങ്കില്‍ അത് എന്റെ വിശ്വാസമാണ്. അതുള്ളവര്‍ക്ക് മാത്രമേ അതിന്റെ അനുഭവങ്ങള്‍ ഉണ്ടാവൂ. കൃപാസനം പത്രത്തെക്കുറിച്ച് പലതും പറഞ്ഞ് കേള്‍ക്കുന്നു. പക്ഷെ എന്റെ അനുഭവം ഞാന്‍ പറയാം. എന്റെ മകന്‍ പെട്ടെന്ന് മരിച്ചുപോയി. ആ ആഘാതത്തെ ഞാന്‍ ഒരു വിധം ശക്തിയോടെ നേരിട്ടു. പക്ഷെ പിന്നീട് ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു. ഒട്ടും ഉറക്കം വരില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൃപാസനം പത്രം കയ്യില്‍ കിട്ടുന്നത്. ഞാനത് എന്റെ തലയിണയുടെ അടിയില്‍ വച്ചു. അന്നുമുതല്‍ ഞാന്‍ സുഖമായി ഉറങ്ങുന്നു. ഇപ്പോഴും അത് എന്റെ തലയിണയുടെ അടിയില്‍ ഇരിപ്പുണ്ട്. അതുകൊണ്ട് എല്ലാവര്‍ക്കും ഇതെല്ലാം നടക്കും എന്ന് ഞാന്‍ പറയുന്നില്ല. എനിക്കിത് നടന്നത് എന്റെ അനുഭവമാണ്. ഞാനതില്‍ വിശ്വസിക്കുന്നു."


വിശ്വാസവും യുക്തിയും രണ്ട് വഴിക്ക് നീങ്ങുമ്പോള്‍ വിശ്വാസത്തിനുപരിയായി അന്ധവിശ്വാസം പ്രചരിപ്പിക്കുകയും വ്യാജ ചികിത്സ നടത്തുകയും ചെയ്യുന്നത് നിയമപരമായി തെറ്റാണെന്ന് പറഞ്ഞുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകര്‍ കേസ് നല്‍കി. ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. ചേര്‍ത്തല ഡിവൈഎസ്പിയ്ക്ക് അന്വേഷണത്തിനായി പരാതി കൈമാറിയെന്ന അറിയിപ്പ് ലഭിച്ചെങ്കിലും ഇതേവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അന്വേഷണം തന്നെ ഉണ്ടായിട്ടില്ല എന്ന സംശയമാണ് പരിഷത് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ ഭാരവാഹിയായ ജയചന്ദ്രന്‍ പറയുന്നു, "പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ പ്രക്രിയ എന്ന നിലയിലാണ് ഇത്തരമൊരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചത്. കേരളം പുറകോട്ട് പോവുന്നു എന്നത് ശബരിമലയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ചര്‍ച്ചയാവുന്നത്. കേരളം വളരെ പെട്ടെന്ന് പിന്നോട്ട് പോവുന്നു എന്നത് രണ്ട് വര്‍ഷം മുമ്പ് തന്നെയുള്ള പരിഷത്തിന്റെ കാമ്പയിന്‍ ആയിരുന്നു. അതിന്റെ പ്രധാനപ്പെട്ട ലക്ഷണമായിരുന്നു അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും എല്ലാവിധ തട്ടിപ്പുകളിലേക്കും പോവുന്നു എന്നത്. കേരളത്തില്‍ എല്ലാം കച്ചവടമാക്കാന്‍ പറ്റുന്ന തരത്തിലേക്ക് മാറുകയാണ്. കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിശ്വാസത്തിന്റെ ഓരോ ചിഹ്നങ്ങളേയും ചരക്കുകളാക്കി മാറ്റാന്‍ കഴിയുന്നു. എല്ലാ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതില്‍ കമ്പോളവത്ക്കരണം നടക്കുന്നുണ്ട്. വിശ്വാസം തന്നെ മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാവുകയോ അല്ലെങ്കില്‍ വലിയ മുതലാളിത്ത സംരംഭമായി വിശ്വാസ മേടകള്‍ മാറുകയാണ്. ഭരണകൂടത്തിന്റെ ബലവും ബലഹീനതയും ബോധ്യപ്പെടുന്നത് ഇവിടെയാണ്. കേരളത്തില്‍ മതേതരത്വത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും എല്ലാം മതേതര മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന രാഷ്ട്രീ സംഘടനകളെങ്കിലും ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും തട്ടിപ്പുകളുടേയും കേന്ദ്രങ്ങളായി മതവുമായി ബന്ധപ്പെട്ട സംഘടനകള്‍ മുന്നോട്ട് വരുമ്പോള്‍ അതിനെ നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ചെങ്കിലും തടയാന്‍ അവര്‍ക്ക് കഴിയുന്നില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ബലഹീനതയായിട്ടുകൂടി നമുക്കതിനെ കണക്കാക്കാം. വോട്ടുബാങ്കുകളെ സംരക്ഷിച്ച് നിര്‍ത്തേണ്ട ആവശ്യകതകളുണ്ട്. അവര്‍ക്ക് വ്യക്തിപരമായി ഇതില്‍ പങ്കുകച്ചവടക്കാരാവുകയോ പണം സമ്പാദിക്കുകയോ ചെയ്യുന്നു എന്ന ആക്ഷേപമല്ല. മറിച്ച് പാര്‍ലെന്ററി ജനാധിപത്യത്തില്‍ തങ്ങള്‍ നില്‍ക്കുന്ന സ്ഥാനങ്ങളില്‍ നിലയുറപ്പിക്കുവാന്‍ ഇത്തരം ചില നീക്കുപോക്കുകള്‍ വേണമെന്ന് തീരുമാനിച്ചായിരിക്കും. എന്നാല്‍ അത്തരം നീക്കുപോക്കുകള്‍ ഒരടി പോലും ഇനി കേരളത്തിന് താങ്ങാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. അത്രത്തോളം ഫ്രജൈല്‍ ആയി കേരളത്തിലെ സാമൂഹ്യഘടന മാറിക്കഴിഞ്ഞു. അതിനാല്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഭരണത്തിലിരിക്കുന്നവരും, കേരളത്തെ നിങ്ങള്‍ തിരിച്ചുപോക്കില്‍ നിന്ന് കൊണ്ടുവരാനാഗ്രഹിക്കുന്നുവെങ്കില്‍ വിശ്വാസമേടകളുമായി ബന്ധപ്പെട്ട ഇത്തരം അനാചാരങ്ങളേയും അന്ധവിശ്വാസ പ്രചരണങ്ങളേയും എതിര്‍ക്കേണ്ടതാണ്. കമ്പോളവത്ക്കരണത്തിനെതിരായുള്ള സമരത്തിന്റെ ഭാഗം കൂടിയാവണം അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ സമരം. അന്ധവിശ്വാസ നിരോധന നിയമം മഹാരാഷ്ട്രയില്‍ നടപ്പിലാക്കി. കേരളത്തിലിപ്പോഴും അത് നടന്നിട്ടില്ല. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അത്തരമൊരു നിര്‍ദ്ദേശം വച്ചിട്ടുണ്ടെങ്കിലും കേരളം ഇപ്പോഴും അതിന് മടിച്ച് നില്‍ക്കുകയാണ്. ഈ മടിയാണ് ഭരണകൂടത്തിന്റെ പരിമിതി. എന്നാല്‍ ആ പരിമിതി മറികടക്കുന്നത് വരെ കാത്തിരിക്കുന്നത് ഉചിതമല്ല എന്നതുകൊണ്ടാണ് പരിഷത് കൃപാസനത്തിനെതിരെ പരാതിയുമായി മുന്നോട്ട് പോയത്. ഭരണകൂടം സ്വയമേവ അതിന് വരുന്നില്ലെങ്കില്‍ വലിയ തോതിലുള്ള സമ്മര്‍ദ്ദം ഭരണകൂടത്തിന് മുകളില്‍ വരണം. പൊതുജന അഭിപ്രായം ഉണ്ടാവാതെ നിലവിലെ അവസ്ഥയില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് കടന്നുവരുന്നില്ല. അവര്‍ കടന്നുവരാന്‍ ബാധ്യസ്ഥരാണ്. പ്രത്യേകിച്ച് ഇടതുപക്ഷത്തിന് ഇനി ഒരു ചുവടു മുന്നോട്ട് പോവണമെങ്കില്‍ ഇത്തരം ചില റാഡിക്കലായുള്ള തീരുമാനങ്ങള്‍ എടുത്തേ പറ്റൂ. അതിന് മടിച്ച് നില്‍ക്കുകയാണ്. നിലവിലുള്ള നിയമങ്ങള്‍ എങ്കിലും ഉപയോഗിക്കേണ്ടതുണ്ട്. നിലവിലുള്ള നിയമം ഉപയോഗിച്ച് തന്നെ കൃപാസനത്തില്‍ നടക്കുന്ന ചികിത്സാ രംഗത്തെ തട്ടിപ്പുകള്‍ ക്രിമിനല്‍ കുറ്റമായി കണ്ടെത്താനും ശിക്ഷിക്കാനുമാവും. എന്തുകൊണ്ട് അത് ചെയ്യുന്നില്ല? പേപ്പറും മറ്റും അരച്ച് മനുഷ്യന്റെ ഉള്ളിലേക്ക് കൊടുക്കുക എന്ന് പറഞ്ഞാല്‍ അത് സാമ്പത്തികമായ തട്ടിപ്പോ വഞ്ചനയോ മാത്രമല്ല, കൊലപാതകക്കുറ്റം വരെയായി എടുക്കാവുന്നതാണ്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ചികിത്സാ തട്ടിപ്പ്, വിശ്വാസ തട്ടിപ്പ് ഇതിനെല്ലാം ഉപയോഗിക്കാവുന്ന വകുപ്പുകള്‍ നിയമത്തിലുണ്ട്. അതിന് അന്ധവിശ്വാസ നിരോധന നിയമം തന്നെ വേണ്ടതില്ല. അത് ഉപയോഗിക്കാത്തതുകൊണ്ടാണ് പരിഷത്തിന്റെ ജില്ലാ കമ്മറ്റി ഇതിനെതിരെ പരാതി കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നേരിട്ട് കൊടുത്തു. ചേര്‍ത്തല ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോയതായി തോന്നുന്നില്ല. മറിച്ച് ഭരണകൂടം സഹായകരമായി നില്‍ക്കുകയാണ് ചെയ്യുന്നത്."
കൃപാസനം- പൗരാണിക കലകളില്‍ നിന്ന് ആത്മീയ കച്ചവടത്തിലേക്ക്

കൃപാസനം പൗരാണിക രംഗ കലാപീഠം- തീരദേശ പാരമ്പര്യ പൈതൃക കലകളുടെ പ്രോത്സാഹനത്തിനും പരിശീലനത്തിനുമായി 1989ല്‍ ആരംഭിച്ച സാംസ്‌ക്കാരിക മിഷന്‍. ട്രാവന്‍കൂര്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ള വി.പി ജോസഫ് എന്ന വൈദികനാണ് അതിന് തുടക്കം കുറിച്ചത്. തീരദേശ പാരമ്പര്യ കലകളില്‍ അസാമാന്യമായ അറിവും പഠനവുമുള്ള ഫാ. ജോസഫ് ഏറെക്കുറെ നാശത്തിന്റെ  വക്കിലെത്തിയ പാരമ്പര്യകലകളെ സജീവമായി നിലനിര്‍ത്തുക എന്ന ഉദ്ദേശത്തിലാണ് സ്ഥാപനം ആരംഭിക്കുന്നത്. തീരദേശ പാരമ്പര്യ കലകളുടെ പരിശീലനത്തിനും സംരക്ഷണത്തിനുമായുള്ള ആദ്യ സംരംഭവുമായിരുന്നു അത്. ചവിട്ടുനാടകം എന്ന പാരമ്പര്യ കലയിലായിരുന്നു പ്രധാനമായും കൃപാസനത്തിന്റെ ഫോക്കസ്. ചവിട്ടുനാടക വിജ്ഞാന കോശം എന്ന അദ്ദേഹത്തിന്റെ കൃതിയാണ് ഇന്നും ചവിട്ടുനാടകത്തിന്റെ ആധികാരിക രേഖയായി കണക്കാക്കപ്പെടുന്നത്. ഫാ. വി.പിജോസഫും ചവിട്ടുനാടക കലാകാരനാണ്. ചവിട്ടുനാടകങ്ങള്‍ക്കായി അദ്ദേഹം പാട്ടുകളും രചിച്ചു. വര്‍ഷങ്ങളോളം കൃപാസനം എന്ന പേര് ചവിട്ടുനാടകവുമായി ബന്ധപ്പെടുത്തിയായിരുന്നു കേട്ടത്. നാടക കളരികള്‍ സംഘടിപ്പിച്ചും പള്ളിപ്പെരുന്നാളുകള്�

Next Story

Related Stories