ട്രെന്‍ഡിങ്ങ്

കേരളം എന്നും ഈ മനുഷ്യരെ ഓര്‍ത്തിരിക്കണം, കടപ്പെട്ടിരിക്കണം

ഇന്നലെ റോഡിന് മുകളിലൂടെയാണ് ബോട്ട് ഓടിക്കേണ്ടിയിരുന്നത് എങ്കിൽ ഇന്ന് വീടിന് മുകളിൽക്കൂടിയാണ് ബോട്ട് ഓടിക്കേണ്ടി വരുന്നത്..

കേരളം മുഴുവന്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങുമ്പോഴും തളരാതെ ഓരോ ജീവനും വേണ്ടി ചാടിയിറങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. സൈന്യത്തിനും മറ്റു ദുരന്ത നിവാരണ സേനകള്‍ക്കും കടന്നുചെല്ലാന്‍ പറ്റാത്ത ഇടങ്ങളില്‍ അവരാണ് ഇപ്പോള്‍ മനുഷ്യജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തുകൊണ്ടിരിക്കുന്നത്. ഇവര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്, അവയില്‍ ചിലത് 

നിഖില്‍ രവീന്ദ്രന്‍ പറയുന്നത് ഇങ്ങനെ 

ഇന്നലെ റോഡിന് മുകളിലൂടെയാണ് ബോട്ട് ഓടിക്കേണ്ടിയിരുന്നത് എങ്കിൽ ഇന്ന് വീടിന് മുകളിൽക്കൂടിയാണ് ബോട്ട് ഓടിക്കേണ്ടി വരുന്നത്..

വിഴിഞ്ഞം, അഴീക്കൽ എന്നിങ്ങനെ പല തീരദേശ ഭാഗങ്ങളിലുള്ളവർ ബോട്ടുമായി വരുന്നുണ്ട്. ഏതോ മൂലയ്ക്ക് കിടക്കുന്ന മനുഷ്യരൊക്കെ ആരുടെയും കാര്യമായ നിർദേശം പോലും ഇല്ലാതെ കിട്ടുന്ന നാഷണൽ പെർമിറ്റ് വണ്ടികളിലൊക്കെ ബോട്ട് കയറ്റി വരികയാണ്. തമിഴ്നാട് രജിസ്ട്രെഷൻ വണ്ടികൾ പോലും ധാരാളമുണ്ട്. വരുന്നവർ ഷെയറിട്ട് ഡീസലും പെട്രോളുമൊക്കെ അടിച്ചാണ് എത്തുന്നത്. അവരുടെ അവസ്ഥയും കഷ്ടമാണ്. പലരും ആഹാരം പോലും മര്യാദക്ക് കിട്ടാതെ രാപ്പകൽ പണിയെടുക്കുന്നു, മറ്റ് പലരുടെയും ബോട്ടുകൾ സ്വന്തം റിസ്കിൽ എടുത്തുകൊണ്ടാണ് വന്നിരിക്കുന്നത്, ഒരുപാട് ബോട്ടുകൾ ഇടിച്ചും തട്ടിയും തകർന്ന് തിരികെ കൊണ്ടുപോകുന്നു. കുറച്ച് മുൻപ് ഒരു ബോട്ട് മുങ്ങിയെന്നും കേട്ടു. നല്ല ഒഴുക്കുള്ള സ്ഥലങ്ങളിൽ ബോട്ട് ഇറക്കാനും പാടാണ്. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താൻ ആവശ്യത്തിന് വെളിച്ചം പോലും ഇല്ല. കടലിൽ പോകുന്ന വലിയ ബോട്ടുകൾ ഒഴിച്ച് ബാക്കി ഇവിടെ ഉപയോഗിക്കാൻ കഴിയുന്നവയെല്ലാം സ്ഥലത്തേക്ക് കൊണ്ടുവരുന്നു.

അഴീക്കലിൽ നിന്ന് വന്ന ചിലരോട് സംസാരിച്ചപ്പോൾ പറഞ്ഞത് മൂന്ന് ദിവസമായി വീടിന് പുറത്താണ്, ഒരാളുടെ കല്യാണം കഴിഞ്ഞാഴ്ച്ചയാണ് നടന്നത്. പച്ചവിറക് ഊതി കത്തിച്ച് പകുതി വെന്ത ചോർ കഴിച്ചാണ് ഇന്നലെ കഴിച്ചുകൂട്ടിയത് എന്ന്. മുഴുവൻ സമയവും നനഞ്ഞ തുണിയാണ് ദേഹത്ത്. അവരുടെ നാട്ടിൽ ഇപ്പോൾ സ്ത്രീകൾ മാത്രമാണുള്ളതെന്ന്, മിക്കവാറും വീടുകളിലെ പുരുഷന്മാർ എല്ലാം ദുരന്തമുഖത്തുണ്ട്. അടുത്തുള്ള അമ്പലങ്ങളിൽ നിന്നോ പള്ളികളിൽ നിന്നോ ഒക്കെ കിട്ടിയ വിവരമനുസരിച്ച് ഒന്നുമാലോചിക്കാതെ ഇറങ്ങി പുറപ്പെട്ടവരാണ്, എന്ത് വന്നാലും ചാകുന്നതിന് മുൻപ് ഒരുത്തനെ എങ്കിലും വലിച്ച് കരക്ക് കയറ്റുക എന്നത് മാത്രമാണ് ഭായ് ലക്ഷ്യം എന്നൊരുത്തൻ എന്നോട് പറഞ്ഞു. ഏതോ കോണിൽ താരതമ്യേന സുരക്ഷിതരായി കിടക്കുന്നവർ ഇത്രയധികം ബുദ്ധിമുട്ടി, കുടുംബവും വേണ്ടപ്പെട്ടവരെയും ഉപേക്ഷിച്ച് തങ്ങളുടെ ജീവനോപാധി വരെ പണയം വച്ച് ഇവിടെ വന്നതെന്തിനാണെന്ന് ചോദിച്ചാൽ, ‘വെറും മനുഷ്വത്വം’ എന്നാണ് ഉത്തരം. ഒരു കാലത്ത് സുനാമി, ജീവിതം നശിപ്പിച്ച അവരേക്കാൾ, വെള്ളത്തിനു നടുവിലകപ്പെട്ടവന്റെ നിസ്സഹായത മനസിലാക്കാൻ മറ്റാർക്കാണ് കഴിയുക. അത്യാവശ്യം സ്നാക്സും വെള്ളവും അവരെ ഏൽപ്പിച്ചു, അതിനവർ എത്ര നന്ദി പറഞ്ഞു എന്നോർമ്മയില്ല. നമ്മൾ വീണ്ടും ചെറുതായി പോയപോലെ…

ഈ രക്ഷാപ്രവർത്തനങ്ങൾക്കിടയിലെ റിയൽ ഹീറോസ് ഇവരാണ്, ഈ മത്സ്യത്തൊഴിലാളികൾ. ഇവരില്ലായിരുന്നു എങ്കിൽ… നന്ദി പറഞ്ഞ് നികത്താനാവാത്ത കടം. കേരളം എന്നും ഈ മനുഷ്യരെ ഓർത്തിരിക്കണം, കടപ്പെട്ടിരിക്കണം.

സയീദ്‌ അബി പറയുന്നു

ചെങ്ങന്നൂരിൽ കുടുംബക്കാരെ രക്ഷപെടുത്തി പാതിരാത്രി സുരക്ഷിത ഇടത്തിലേക്ക് പോകുന്ന ഒരാളോട് 28 മിനിറ്റ് സംസാരിച്ച ശേഷം എഴുതുന്ന പോസ്റ്റാണിത്.

ചെങ്ങന്നൂരിനെ ഇന്ന് കാത്തത് കടലിന്റെ മക്കളാണ്. 80 ശതമാനം ആളുകളെയും 100 ശതമാനം കുട്ടികളെയും 3 പഞ്ചായത്തിൽ നിന്ന് അവർ രക്ഷിച്ചു. കുത്തൊഴുക്കിലും കാറ്റിലും മിലിറ്ററിയുടെ ബോട്ടുകൾ പണി മുടക്കിയപ്പോൾ നീണ്ടകരയിലെ കടലിന്റെ മക്കൾ കുതിച്ചു. നീന്തി, കുട്ടികളെ റാഞ്ചിയെടുത്ത് സുരക്ഷിത സ്ഥാനത്തെത്തി.

(ഇനിയുമുണ്ട് ആളുകൾ, രക്ഷപ്പെടുത്തേണ്ടതുണ്ട് കുട്ടികളുണ്ട്, വെള്ളം ഇറങ്ങുന്നുണ്ട്, കുറച്ച് ഇടങ്ങൾ ഗുരുതരമാണ്. പേടിക്കേണ്ടതില്ല. നാളെ അവർ വരും. നേവിയുടെ ഹെലികോപ്ടറും)

വൈകാരികമായി പ്രതികരിക്കുന്നവരോട് ഒന്നും പറയാനില്ല,

ചെങ്ങന്നൂരും അതിജീവിക്കും, ഇന്ന് രാത്രി രക്ഷാപ്രവർത്തനം നേവി നടത്തിയില്ലെങ്കിൽ (അവർ നൈറ്റിൽ റെഡി അല്ല ) ചെങ്ങന്നൂർ മരിക്കുമെന്ന് പ്രചരിപ്പിച്ചവരുടെ മുമ്പിലൂടെ ചെങ്ങന്നൂർ വേഗത്തിൽ അതിജീവിച്ച് മുന്നേറും ,

കടലിന്റെ മക്കളെ പറ്റി ആരും പറയരുത്, വായിലെ മുത്ത് പൊഴിയും!

പുതിയതുറയിൽ നിന്ന് രക്ഷാപ്രവർത്തനത്തിനു പോയ മത്സ്യത്തൊഴിലാളിയായ അനു എ ജസ്റ്റ് പങ്കുവച്ചത്

പ്രിയ്യ സുഹൃത്തുക്കളെ ഞങ്ങൾ ഇപ്പോൾ കല്ലശേരിയിൽ രക്ഷാപ്രവർത്തനത്തിൾ പങ്കുചേരുകയാണ് ഒരു മുക്കുവനായതിൽ ഞാൻ അഭിമാനിക്കുന്ന ഒരു നിമിഷം ഇന്നലെ ഞങ്ങൾ മുന്നൂറിലധികം ആൾക്കാരെ കരയിൾ എത്തിച്ചു ഇവിടത്തെ അവസ്ഥ നമ്മൾ വിചാരിക്കന്നതിലും വളരെ കഷ്ടമാണ്. തീരദേശത്തെ സഹോദരങ്ങളോട് പറയാനുള്ളത് ഇവിടെ നേവി ക്കാർക്കും പട്ടാളക്കാർക്കും ചെയ്യാൻ പരുമിതിയുണ്ട് കാരണം അവരുടെ കാറ്റു നിറച്ച ബോട്ടുകളിൾ പട്ടാളക്കാർത്തന്നെ 5 പേർ കാണും പിന്നെ 3 പേരെ കൂടിയെ കേറ്റാൻ പറ്റു പക്ഷെ മത്സ തൊഴിലാളികളുടെ വള്ളങ്ങളിൾ 45 ൾ കൂടുതൽ ആർക്കാരെ കയറ്റാം അത് കൊണ്ട് തന്നെ നമ്മൾ കടലിന്റെ മക്കൾ നമ്മളെക്കൊണ്ടു് കഴിയുന്ന രീതിയിൾ ഇനിയും ചെയ്യാൻ പറ്റുന്ന സഹായങ്ങൾ എല്ലാം ചെയ്യണം എല്ലാരും സഹകരിച്ച് കൂടുതൽ വള്ളങ്ങൾ കൊണ്ട് വരുക പറ്റുന്നവരെ സഹായിക്കുക

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്നയാളാണ് വിപിന്‍ ദാസ് തോട്ടത്തില്‍ (Castal Students Cultural Forum – CSCF)

ആലപ്പുഴ, പത്തനംതിട്ട, ആലുവ, ചെങ്ങന്നൂർ തുടങ്ങിയ ദുരന്തമേഖലകളിൽ നിന്ന് ധാരാളം മനുഷ്യർ മത്സ്യത്തൊഴിലാളികളുടെ സഹായം അഭ്യർത്ഥിച്ച് വിളിച്ചുകൊണ്ടിരിക്കുന്നു.
തിരുവനന്തപുരത്തെ വിവിധ തീരഗ്രാമങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ദുരന്തമേഖലകളിലേക്ക് പോകാൻ തയ്യാറായി മത്സ്യബന്ധന ബോട്ടുകളുമായി തയ്യാറായി നിൽക്കുകയാണ്. തിരുവനന്തപുരം ജില്ലാ‌‌ ഭരണകൂടത്തിന്റെ അനുമതിയും സഹകരണങ്ങളും ആവശ്യമാണ്.. ജില്ലാ‌ഭരണകൂടം ഇടപെട്ട്‌ വിവിധ ഇടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ചെയ്യേണ്ടതുണ്ട്.

തിരുവനന്തപുരം തീരത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ദുരന്തമേഖലകളിലേക്കുള്ള മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നവരുടെ കോണ്ടാക്ട് നമ്പർ താഴെ കൊടുക്കുന്നു.

അനോജ് (പൊഴിയൂർ) : 9562016814
ജോൺരാജ് (പൂവാർ) : 9567767165
ജയ്സൺ (കരുംകുളം) : 9567092702
വിപിൻ ദാസ് (പുതിയതുറ) : 8129571065
ഗ്രേഷ്യസ് ജോസ് (പുല്ലുവിള) :9633919465
ക്ലിന്റൺ ഡാമിയൻ(വിഴിഞ്ഞം): 7736746771
ജോൺസൻ ജമന്റ് (പൂന്തുറ) : 9847734161
ജെറോം ആന്റ്ണി,(വലിയതുറ, വേളി) : 9495408465
ടി. പീറ്റർ (തുമ്പ) : 8289905239
ഫാദർ ആഷ്ലിൻ (മര്യനാട്) : 9495236204
ഷിജു ബെയ്സിൽ (അഞ്ചുതെങ്ങ്) : 7907974887

Castal Students Cultural Forum – CSCF

LIVE BlOG: ചെങ്ങന്നൂര്‍ ദുരന്തമുഖത്ത്; പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു, ഇടക്കാല സഹായമായി കേന്ദ്രത്തിന്റെ 500 കോടി

പ്രധാനമന്ത്രീ, മനുഷ്യരുടെ ജീവന്‍ രക്ഷിക്കൂ, ഇനിയെങ്കിലും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍