TopTop

നളിനി നെറ്റോ Vs സെന്‍ കുമാര്‍; ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥ പോര് എങ്ങോട്ട്?

നളിനി നെറ്റോ Vs സെന്‍ കുമാര്‍; ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥ പോര് എങ്ങോട്ട്?
ബ്യൂറോക്രസിയുടെ ചുവപ്പ് നാടയ്ക്കും, ഭരണനടപടികള്‍ സ്തംഭിപ്പിക്കുകയും വൈകിപ്പിക്കുകയും ചെയ്യുന്ന അതിന്‌റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും എതിരെ അധികാരം എറ്റെടുത്തത് മുതല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കീത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സിന്‌റെ റെയ്ഡ് നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയിലേയ്ക്ക് പോവാന്‍ ഒരുങ്ങിയപ്പോഴും വിരട്ടലുമായി മുഖ്യമന്ത്രിയെത്തി. ഇങ്ങനെ താക്കീതുകളും വിരട്ടലുകളും ശാസനകളുമെല്ലാം ഒരു ഭാഗത്ത് നില്‍ക്കുമ്പോഴും സംസ്ഥാനത്തെ ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് ശക്തമായി തുടരുകയാണ്.

ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി വന്നിരിക്കുന്നു. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി നടത്തി എന്ന് ആരോപിച്ചാണ് വിജിലന്‍സ് കോടതിയില്‍ തിരുവനന്തപുരം സ്വദേശി സതീഷ് വസന്തിന്റെ ഹര്‍ജി. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു, സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ച് സിവില്‍സര്‍വീസ് ബോര്‍ഡ് രൂപീകരിച്ച് ഡിജിപിയെ മാറ്റി, തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ടോം ജോസ്, കെഎം എബ്രഹാം തുടങ്ങിയ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള വകുപ്പ് സെക്രട്ടറിമാര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന്‌റെ പേരില്‍ വിജിലന്‍സ് റെയ്ഡ് വന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍വീസ് ചട്ടം ലംഘിച്ച് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതുമായി ബന്ധപ്പെട്ടതടക്കം കേസുകള്‍ വന്നു.

സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷമാണ് അദ്ദേഹം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, ജിഷ വധക്കേസ് എന്നിവയില്‍ വീഴ്ച വരുത്തി എന്ന റിപ്പോര്‍ട്ട് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് നല്‍കിയത്. സാധാരണ നിലയ്ക്ക് ഇത്തരം റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിയിലേയ്‌ക്കെത്തുന്നത് എന്നും അതിനാല്‍ നളിനി നെറ്റോയുടെ റിപ്പോര്‍ട്ട് ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിവിധ കേസുകളില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചത്, സ്വജനപക്ഷപാതം തുടങ്ങിയ കാര്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചു എന്ന ആരോപണം ഐഎഎസുകാര്‍ക്കിടയില്‍ തന്നെ ശക്തമായിരിക്കുന്ന ചേരിതിരിവുകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.ടോം ജോസ് നേരത്തെയും വിവാദനായകനാണ്. കൊച്ചിയില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഒമ്പത് മണിക്കൂറോളമായിരുന്നു ടോം ജോസിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ നവാസ് തായിക്കര വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ടോം ജോസിന്റെ സ്വത്തിന്റെ 63 ശതമാനവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 170ഓളം രേഖകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നായിരുന്നു ടോം ജോസിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

കൊച്ചി മെട്രോ എംഡി ആയിരിക്കെ മഗ്‌നീഷ്യം ഇടപാടിലൂടെ 1.21 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കിയെന്ന കേസും ഇ ശ്രീധരനെ മെട്രോ പദ്ധതിയില്‍ നിന്ന് നിന്ന് ഒഴിവാക്കാന്‍ അയച്ച കത്തും വിവാദമായിരുന്നു. ടോം ജോസ് കേരളത്തിനകത്തും പുറത്തും കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി രഹസ്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ ഭൂമി വാങ്ങിയത്, കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ 2008ലും തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ 2010ലും നടത്തിയ ഭൂമി ഇടപാടുകളില്‍ വിജിലന്‍സ് റിപ്പോര്‍ട്ടുണ്ട്. ടോം ജോസ് നല്‍കിയ ആസ്തി ബാധ്യതാ വിവരങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി മുമ്പ് കത്തയച്ചിരുന്നു. അന്ന് ആ കത്ത് ടോം ജോസ് തന്റെ സ്വാധീനത്തില്‍ മറച്ചുവെന്നും ആരോപണങ്ങളുണ്ട്. അതേസമയം കെഎം എബ്രഹാം ഇത്തരത്തില്‍ നേരത്തെ അധികം വിവാദങ്ങളില്‍ പെട്ടിട്ടുള്ളയാളല്ല. കെ എം എബ്രഹാമിന്‌റെ വീട്ടിലും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.

അതേസമയം സത്യസന്ധരായ ഉദ്യോഗസ്ഥരെ വിജിലന്‍സ് വേട്ടയാടുന്നു, സര്‍ക്കാര്‍ ഇത് തടയാതെ ഇതിന് കൂട്ട് നില്‍ക്കുന്നു എന്ന് മട്ടിലുള്ള വാദങ്ങളാണ് ടെക്‌നോപാര്‍ക്കിന്‌റെ ആദ്യ സിഇഒയും ആസൂത്രണ ബോഡ് മുന്‍ അംഗവുമായ ജി വിജയരാഘവന്‍ ആരോപിക്കുന്നത്. ധാര്‍മ്മികമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങളും കള്ളക്കേസുകളും കൊണ്ടുവന്ന് കേരളത്തിന്‌റെ ഭാവി തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ വിജയരാഘവന്‍ ആരോപിക്കുന്നു. കെഎം എബ്രഹാമിന്‌റേയും മലബാര്‍ സിമന്‌റ്‌സിലെ പദ്മകുമാറിന്‌റേയും അനുഭവങ്ങള്‍ ഉദാഹരണമായി വിജയരാഘവന്‍ എടുത്തുകാട്ടുന്നുണ്ട്. സെബി അംഗമായിരിക്കെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ സഹാറ പോലൊരു കമ്പനിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോയ എബ്രഹാമിനെയാണ് അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് വേട്ടയാടാന്‍ ശ്രമിക്കുന്നതെന്ന് വിജയരാഘവന്‍ പറയുന്നു. പത്മകുമാറിനെ പോലുള്ളവരുടെ കുടുംബാംഗങ്ങളെ ഇത്തരം ആരോപണങ്ങള്‍ എങ്ങനെ ബാധിച്ചു എന്നും വിജയരാഘവന്‍ പറയുന്നുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് നടപടികള്‍ സംസ്ഥാനത്തുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. പദ്ധതികളും നയപരമായ തീരുമാനങ്ങ നടപ്പാക്കുന്നത് നീട്ടി വച്ചും സ്തംഭിപ്പിച്ചും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന പ്രതിസന്ധി വളരെ വലുതാണ്. ഐഎഎസ് ഓഫീസേര്‍സ് അസോസിയേഷന്‍ വിജിലന്‍സിനെതിരെ ശക്തമായി രംഗത്തുണ്ട്. ജേക്കബ് തോമസിനെതിരെ ശക്തമായ ആരോപണങ്ങളുമായി അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. തുറമുഖ വകുപ്പ് സെക്രട്ടറിയായിരിക്കെ 50 കോടി രൂപയുടെ അഴിമതി നടത്തി, 40 കോടി രൂപയുടെ അനധികൃത സ്വത്തുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് ജേക്കബ് തോമസിനെതിരെ ഐഎഎസ് അസോസിയേഷന്‍ ഉന്നയിക്കുന്നത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണമെന്ന കാര്യത്തില്‍ സംശയമില്ല. ചുവപ്പ് നാടകള്‍ കുരുക്കാന്‍ ബ്യൂറോക്രസിയെ അനുവദിക്കുകയുമരുത്. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥരും വിജിലന്‍സുമായുള്ള പോരില്‍ സര്‍ക്കാരിന് ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നുണ്ടോ എന്നത് സംശയമാണ്. മുഖ്യമന്ത്രിയുടെ വിരട്ടല്‍ കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. താല്‍ക്കാലിക ഒതുങ്ങലുകള്‍ മാത്രമേ അതുണ്ടാക്കൂ. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരവുമായി ബന്ധപ്പെട്ട് തങ്ങളെ പരസ്യമായി മുഖ്യമന്ത്രി ശാസിച്ചതിലുള്ള അതൃപ്തി, ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദും കെഎം എബ്രഹാമും അടക്കമുള്ളവര്‍ പ്രകടിപ്പിച്ചിരുന്നു. മുന്‍ മന്ത്രി ഇ പി ജയരാജന്‌റ രാജിയിലേയ്ക്ക് നയിച്ച ബന്ധുനിയമന കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്‌റണിയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. വിജയാനന്ദും പോള്‍ ആന്‌റണിയുമെല്ലാം രാജി സന്നദ്ധത പ്രകടിപ്പിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

എക്‌സൈസ് വകുപ്പില്‍ ഉദ്യോഗസ്ഥ തലപ്പത്ത് ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. വിവാഹ സത്കാരങ്ങളില്‍ മദ്യം വിളമ്പുന്നത് തടയാനുദ്ദേശിച്ചുള്ള സര്‍ക്കുലര്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ വിവാദം മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ എക്‌സൈസ് കമ്മിഷ്ണര്‍ ഋഷിരാജ് സിംഗിനെതിരെയുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥ ലോബിയുടെ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ജനുവരി മൂന്നിന് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമയതോടെ ഉദ്യോഗസ്ഥര്‍ക്കിടയിലെ ഭിന്നത കൂടുതല്‍ വ്യക്തമാവുകയാണ്.

പൊലീസിനെന്ന പോലെ വിജിലന്‍സിനും സര്‍ക്കാര്‍ നല്‍കുന്ന അമിത സ്വാതന്ത്ര്യം പ്രശ്‌നമുണ്ടാക്കുന്നതായുള്ള ആരോപണമുണ്ട്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാരിന് മുന്നോട്ട് പോകാനാവില്ല എന്നത് വ്യക്തമാണ്. അഴിമതി പുറത്തുകൊണ്ടുവരാനുള്ള വ്യക്തമായ ദിശാബോധത്തോടെയും ധാര്‍മികതയോടെയും ഉള്ള നീക്കങ്ങളാണോ വിജിലന്‍സ് നടത്തുന്നത്. അതോ ഉദ്യോഗസ്ഥരുടെ വ്യക്തി താല്‍പര്യങ്ങളും വ്യക്തി വൈരാഗ്യവും സര്‍ക്കാരിന്‌റെ പ്രതിച്ഛായ നിര്‍മ്മിതിയെന്ന അജണ്ടയും മാത്രമാണോ ഉള്ളത് എന്ന കാര്യവും പരിശോധിക്കപ്പെടണം. ബ്യൂറോക്രസിയുടെ അപ്രമാദിത്വം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഭരണതലത്തില്‍ നടപടിക വേണ്ടി വരും. മന്ത്രിസഭയുടെ ശക്തമായ നിയന്ത്രണവും വേണം. എന്നാല്‍ ഉദ്യോഗസ്ഥരെ ഹെഡ്മാഷെ പോലെ നിയന്ത്രിക്കുകയും അതേസമയം അവരില്‍ ചിലരെ അമിതമായി ആശ്രയിക്കുകയും ചെയ്യുന്ന മോദി ശൈലി ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. ഉദ്യോഗസ്ഥര്‍ക്കിടയിലെ നിക്ഷിപ്ത താല്‍പര്യ ഗ്രൂപ്പുകളെ കൂടുതല്‍ വളര്‍ത്താന്‍ മാത്രമാണ് ഇത്തരം സമീപനം സഹായിക്കുക.

Next Story

Related Stories