TopTop

ഊരുകളിലേക്ക് ഇറങ്ങിയ തിരുവനന്തപുരത്തെ ഇടിഞ്ഞാര്‍ ട്രൈബല്‍ സ്‌കൂളിന് 100 മേനി; കേരളം മുന്നോട്ട് വയ്ക്കുന്നത്

ഊരുകളിലേക്ക് ഇറങ്ങിയ തിരുവനന്തപുരത്തെ ഇടിഞ്ഞാര്‍ ട്രൈബല്‍ സ്‌കൂളിന് 100 മേനി; കേരളം മുന്നോട്ട് വയ്ക്കുന്നത്
ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ ഫലത്തില്‍ കേരളത്തില്‍ 98.11 ശതമാനം വിജയമാണ് ഉണ്ടായിരിക്കുന്നത്. ഇത് ചെറിയ ഒരു വിജയമല്ല. നിപയും പ്രളയും ഉരുള്‍ പൊട്ടലും കടലാക്രമണവുമൊക്കെ അതിജീവിച്ച ഒരു സംസ്ഥാനത്തെ വിദ്യാലയങ്ങളും കുട്ടികളുമാണ് ഈ എസ് എസ് എല്‍ സി പരീക്ഷയെഴുതിയത് എന്നത് തന്നെയാണ് അതിന് കാരണം. സര്‍ക്കാര്‍ സ്‌കൂളുകളും മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 599 സര്‍ക്കാര്‍ സ്‌കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥാമാക്കിയിരിക്കുന്നത്. ഇതിലൊന്ന് തിരുവനന്തപുരം, ഇടിഞ്ഞാറിലെ ട്രൈബല്‍ സര്‍ക്കാര്‍ സ്‌കൂളാണ്.

വരയാട് മൊട്ടയുടെ കീഴ്ഭാഗത്ത് വരുന്ന ബ്രൈമൂര്‍ എസ്റ്റേറ്റിന്റെ താഴ്വാരത്തിലാണ് ഈ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളാണ് നല്ലൊരു ശതമാനവും ഇവിടെ പഠിക്കുന്നത്. അതില്‍ തന്നെ ഭൂരിഭാഗവും കാണി വിഭാഗത്തില്‍പെട്ട കുട്ടികളാണുള്ളത്. മുമ്പ് തോട്ടം തൊഴിലാളികളായിട്ടുള്ള വന്നവരുടെ തലമുറയില്‍പ്പെട്ട ആളുകളുടെ കുട്ടികളും കുടിയേറി വന്നവരുടെ കുട്ടികളും ഒക്കെ ഇവിടെ പഠിച്ചിരുന്നു.

1957ല്‍ സ്ഥാപിതമായ ഇടിഞ്ഞാര്‍ സ്‌കൂളിന് വളരെ കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളൂ നിലവിലെ സൗകര്യങ്ങളും മറ്റും ലഭിച്ചിട്ട്. ഇന്ന് സ്‌കൂള്‍ നേടിയ 100 ശതമാനം വിജയം ഇവിടുത്തെ അധ്യാപകരുടെയും അനാധ്യാപകരുടെയും പിടിഐയുടെയും നാട്ടുകാരുടെയുമൊക്കെ കഠിനാധ്വാനത്തിന്റെ ഫലമാണ്.

ഇടിഞ്ഞാര്‍ സ്‌കൂളിലെ അധ്യാപകനായ ബിജു സാര്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ നേടിയ വിജയത്തെ കുറിച്ച് അഴിമുഖത്തോട്, '31 കുട്ടികളാണ് ഇത്തവണ ഇടിഞ്ഞാര്‍ ട്രൈബല്‍ സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കുട്ടികള്‍ക്ക് മിക്കവര്‍ക്കും നല്ല മാര്‍ക്കമുണ്ട്. ഇത്തവണ പ്രളയവും മറ്റും കാരണം കുറെ പ്രവര്‍ത്തി ദിവസങ്ങള്‍ നഷ്ടപ്പെടുകയും മോശം കാലവസ്ഥ കാരണം ഉള്‍പ്രദേശങ്ങളിലെ ചില കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് വരാനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നു. പിന്നെ അറിയാമല്ലോ ഇതൊരു ട്രൈബല്‍ സ്‌കൂളാണ്. പല കുട്ടികളുടെയും വീടുകളില്‍ പഠനത്തിന് പറ്റിയ സാഹചര്യമൊന്നുമല്ല. ഇതൊക്കെ തരണം ചെയ്താണ് ഞങ്ങളുടെ കുട്ടികള്‍ ഈ വിജയം നേടിയത്.


രണ്ട് മൂന്ന് കുട്ടികളുടെ പഠനത്തിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അത് ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. പക്ഷെ അക്ഷരം പോലും അറിഞ്ഞുകൂടാത്ത ആ കുട്ടികളെ പ്രത്യേകം ശ്രദ്ധിച്ച് അക്ഷരം പഠിപ്പിച്ചു. കൂട്ടാനും കുറയ്ക്കാനുമൊക്കെ പഠിപ്പിച്ചു. അങ്ങനെയൊക്കെയാണ് അവരെ സാധാരണ കുട്ടികളുടെ നിലയില്‍ എത്തിക്കുന്നത്. പരീക്ഷയ്ക്ക് മുമ്പ് സ്‌പെഷ്യല്‍ കോച്ചിംഗ് ഒക്കെ കുട്ടികള്‍ക്ക് കൊടുത്തിരുന്നു. അതിന്റെ ഒക്കെ ഫലമാവാം ഈ വിജയം.


ഇനി ഇപ്പോ ഉള്ളത് നമ്മുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനുള്ള കാര്യങ്ങളാണ്. അതിനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുന്നുണ്ട്. പലര്‍ക്കും പഠന കാര്യത്തില്‍ വീട്ടില്‍ നിന്ന് പറഞ്ഞുകൊടുക്കാനോ മറ്റോ സാഹചര്യമില്ല. അതിന് വേണ്ടി സര്‍ക്കാര്‍ ഇപ്പോഴുള്ളതിലും കൂടുതല്‍ കാര്യങ്ങള്‍ ഫലപ്രദമായി നടത്തുകയാണെങ്കില്‍.. ഒരു കെയര്‍ കൊടുക്കുകയാണെങ്കില്‍ ഈ കുട്ടികള്‍ക്ക് അക്കാദമിക് തലത്തില്‍ മികച്ച വിജയവും ഭാവിയുമുണ്ടാകുമെന്നതില്‍ സംശയമില്ല.


ഈ സന്തോഷം കുട്ടികളുമൊത്ത് ആഘോഷിക്കണം. അതിനായി നാളെ പ്രധാന അധ്യാപകന്‍ ബദര്‍ സമാന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ടീച്ചേഴ്‌സും മറ്റും ഒരു യോഗം ചേരുന്നുണ്ട്. അതിന് ശേഷമായിരിക്കും ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക." ബിജു സാര്‍ പറഞ്ഞു നിര്‍ത്തി.

പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു മാതൃക തന്നെയാണ് ഇടിഞ്ഞാര്‍ ട്രൈബല്‍ സ്‌കൂള്‍. ഒരു വിദ്യാലയം നാട്ടിലേക്ക് തന്നെ ഇറങ്ങുകയാണ്. തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കായി കാടു കയറി അവരുടെ ഊരുകളിലും വീടുകളിലും എത്തുന്ന അധ്യാപകരാണ് ഇവിടെയുള്ളത്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല അവരുടെ മാതാപിതാക്കള്‍ക്കും ഉപരി പഠനത്തിന് പോകുന്നവര്‍ക്കുമെല്ലാം ഇടിഞ്ഞാര്‍ സ്‌കൂള്‍ പിന്തുണ നല്‍കുന്നുണ്ട്. അവര്‍ക്കായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇടിഞ്ഞാര്‍ ട്രൈബല്‍ സ്‌കൂള്‍ ആ നാട്ടിലേക്ക് എങ്ങനെയൊക്കെയാണ് ഇറങ്ങി ചെല്ലുന്നതെന്നറിയാന്‍ വീഡിയോ കാണാം..


Next Story

Related Stories