TopTop

'ഓ! എന്നാ പേടിക്കാനാന്നേ...'; ഇടുക്കി ഡാം ഇടുക്കിക്കാരെ പേടിപ്പിക്കുന്നുണ്ടോ?

തിങ്കളാഴ്ച രാത്രി 12 മണിക്കെടുത്ത കണക്കുകള്‍ പ്രകാരം ഇടുക്കി റിസര്‍വോയറിലെ ജലനിരപ്പ് 2395.70 അടി. ഞായറാഴ്ച വൈകിട്ടോടെ 2395 അടിയായി വെള്ളമുയര്‍ന്നതോടെ ഓര്‍ഞ്ച് അലര്‍ട്ട് (രണ്ടാം ഘട്ട മുന്നറിയിപ്പ്) പ്രഖ്യാപിക്കപ്പെട്ടു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ താരതമ്യേന കുറവായിരുന്നെങ്കിലും ഒരു ദിവസം കൊണ്ട് .70 അടി വെള്ളത്തില്‍ ഉയര്‍ച്ചയുണ്ടായി. ജലനിരപ്പ് 2399 അടിയെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുകയും ചെയ്യും. അതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ട്രയല്‍ ഉണ്ടായേക്കാം. ചിലപ്പോള്‍ ഷട്ടറുകള്‍ തുറക്കുകയേ വേണ്ടിവരില്ലെന്നിരിക്കാം.

മണിക്കൂറുകള്‍ ഇടവിട്ട് ജലനിരപ്പിന്റെ അളവെടുത്ത് ജനങ്ങളിലേക്ക് വിവരം കൈമാറി ദുരന്തനിവാരണസേന ഒരു 'ദുരന്തം' നേരിടാന്‍ സുസജ്ജമാണ്. അടിയന്തിര സാഹചര്യം നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സര്‍ക്കാരിന്റെ സര്‍വ സന്നാഹങ്ങളും തയ്യാറായി നില്‍ക്കുകയാണ്. സഹായത്തിന് ഇന്ത്യന്‍ നേവിയും. ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ ഇടുക്കി ഡാമിലെ ജലനിരപ്പിലുണ്ടാവുന്ന നേരിയ വ്യത്യാസം പോലും വിളിച്ചുപറഞ്ഞ് 'ഭീതി'തമായ അന്തരീക്ഷത്തെ അവതരിപ്പിക്കുന്നു. എന്നാല്‍ ഇടുക്കിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ അതിന്റെ നഷ്ടങ്ങള്‍ ഭൂരിഭാഗവും പേറേണ്ടി വന്നേക്കാവുന്ന ഇടുക്കിക്കാര്‍ക്ക് മാധ്യമങ്ങള്‍ പറയുന്നത് പോലെ ഭീതിയില്ല; പക്ഷേ ആശങ്കയുണ്ട്. എന്നാല്‍ അത് ഒരു പരിധിക്കപ്പുറം കടക്കാന്‍ അവര്‍ അനുവദിക്കുന്നില്ല, ആഗ്രഹിക്കുന്നുമില്ല. ചിലര്‍ ആഘോഷിക്കുകയാണ്. അണക്കെട്ട് തുറക്കില്ലെന്നറിഞ്ഞ് മുഖം വാടുന്ന ചിലര്‍. വെള്ളം വരുന്നത് ഒന്ന് കണ്ടാല്‍ മതിയെന്ന് ചിലര്‍. വെള്ളത്തിനൊപ്പം ഒലിച്ചെത്തുന്ന 'ഗമണ്ടന്‍' മീനുകളെ വലയിലാക്കാന്‍ കോപ്പുകൂട്ടുന്ന മറ്റു ചിലര്‍. അണക്കെട്ട് തുറക്കുന്നത് കാണാന്‍ ദൂരെയിടങ്ങളില്‍ നിന്നെത്തിയവര്‍ സജീവമാക്കുന്ന ചായക്കടകള്‍... അങ്ങനെ പോവുന്നു മൂന്ന് ദിവസമായുള്ള ഇടുക്കിക്കാരുടെ ജീവിതം.

അണക്കെട്ട് ഷട്ടറുകള്‍ തുറന്നാലുണ്ടാവുന്ന വെള്ളപ്പാച്ചില്‍ ബാധിച്ചേക്കാവുന്ന ഇടുക്കിക്കാരുടെ ഭയാശങ്കകള്‍ അറിയാനാണ് ചിലരുമായി സംസാരിച്ചത്. എന്നാല്‍, 'ഓ എന്നാ പേടി. നിങ്ങക്കെങ്ങാനുമായിരിക്കും. ഇവിടെ ഞങ്ങക്കൊന്നും ഒരു പേടിയുമില്ല.' ഒട്ടുമിക്കവരുടേയും മറുപടി ഇങ്ങനെയോ, സമാനമായതോ ആയിരുന്നു. വെള്ളത്തൂവല്‍ സ്വദേശി വിജുവിന്റെ അഭിപ്രായത്തില്‍ മാധ്യമങ്ങളാണ് പ്രശ്‌നക്കാര്‍. "ഓ, ഇതെന്നാ പരിപാടിയാന്നേ. ലോകത്തെങ്ങും ഡാം തൊറന്ന് വിടാത്തമാതിരിയാ. ഒള്ള ചാനലുകാരെല്ലാം കൂടി ഡാം എങ്ങാന്‍ പൊട്ടിക്കുവോന്നാ! എന്നാത്തിനാ ഡാമിന് ഷട്ടറുകള്‍ വച്ചേക്കുന്നത്? സംഭരണ ശേഷി കഴിഞ്ഞാല്‍ വെള്ളം തുറന്നുവിടാനാണ്. അല്ലാതെ കോഴി വരുമ്പോള്‍ തുറന്ന് അകത്ത് കേറ്റാനല്ല. ചാനലുകാര്‍ക്ക് ആകെ ഗ്രഹണി പിടിച്ചിരിക്കുമ്പോ ചക്കക്കൂട്ടാന്‍ കിട്ടിയത് പോലെയാണ്. ഡാം എങ്കില്‍ ഡാം, ചാനലുകാര്‍ ആഘോഷിക്കുവല്ലേ. വെള്ളം ഉയര്‍ന്നാല്‍ സര്‍ക്കാരറിയുന്നതിന് മുമ്പെ ചാനലുകാര്‍ അറിയും. അവര് പറഞ്ഞ് പരത്തുന്ന ഭീതിയല്ലാതെ ഇവിടെങ്ങാന്‍ അങ്ങനൊന്നില്ല."


"ഇതിപ്പഴല്ലേ ഈ പ്രചരണമൊക്കെ. മുമ്പെല്ലാം എന്നാ ഒണ്ടായിട്ടാ?" ചെറുതോണി സ്വദേശിയായ മണിയമ്മ ചോദിക്കുന്നു. 1981-ലും 1992-ലും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് വിട്ടതിന്റെ അനുഭവം കൂടി മണിയമ്മക്കുണ്ട്. "പേടിക്കാന്‍ മാത്രം ഒന്നും ഇവിടില്ല. 81-ലും 92-ലുമെല്ലാം ഷട്ടര്‍ തൊറന്ന് വിട്ടപ്പഴും ഞങ്ങളൊക്കെ ഇവിടൊണ്ട്. ഷട്ടര്‍ തൊറന്നാല്‍ വെള്ളം ആദ്യം ഒലിച്ചെത്തുന്ന ചപ്പാത്തിനെ താഴെയാണ് ഞങ്ങളുടെ വീട്. 81-ല്‍ വലിയ വെള്ളമൊന്നും ഉണ്ടായിരുന്നില്ല. 92-ല്‍ രണ്ടാഴ്ചക്കാലം തുറന്നുവിട്ടിരുന്നു. അന്ന് ഞങ്ങളുടെ മുറ്റത്തൊക്കെ വെള്ളം പൊങ്ങി. വീട് ഇച്ചിരെ മുകളിലേക്ക് കയറ്റി വച്ചിരിക്കുന്നതുകൊണ്ട് വീട്ടില് കേറിയില്ല. പക്ഷെ പറമ്പിലെ ആദായമെല്ലാം വെള്ളത്തില്‍ നശിക്കും. ഞങ്ങള് ഡാമിന്റെ ഒരു കിലോമീറ്റര്‍ മാറിയാണ്. തൊറന്ന് വിട്ടാല്‍ വീടിന്റെ അതിരിക്കൂടിയാരിക്കും വെള്ളം പോവുന്നത്. വെള്ളം കൂടുതല്‍ കെട്ടിക്കിടന്നാ അതും പ്രശ്‌നാല്ലേ. ഒഴുക്കിവിടാതിരിക്കാനൊക്കുവോ? വെള്ളം കേറിപ്പാഞ്ഞ് വന്നാല്‍ എന്നാ ചെയ്യുവോന്ന് ഒരു പിടിയുമില്ല. അതിനിപ്പോ സര്‍ക്കാര് എല്ലാം തയ്യാറായി നിക്കുവല്ലേ? അപ്പോ പേടിക്കാനില്ലല്ലോ? ഇതിന് മുമ്പ് തുറന്നപ്പഴൊക്കെ ആദായം പോയതല്ലാതെ മറ്റ് നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. 89-ല്‍ തുറന്നുവിട്ടപ്പോ ഭയങ്ക മീനിനെ കിട്ടി. പക്ഷെ ഇനി അത് നടക്വോന്നറിയാന്‍മ്മേല. മീന്‍ പിടിക്കാതിരിക്കാന്‍ ചുറ്റും വേലി കെട്ടിയേക്കുവാണ്. പണ്ട് ഈ വേലിയും ഇല്ല, ഇതുകണക്കുള്ള പ്രചരണവും ഇല്ല. സര്‍ക്കാരീന്ന് കുറച്ചുപേര്‍ വന്ന് ആറിന്റെ രണ്ട് കരയിലും താമസിക്കുന്നവരെ കണ്ട് കാര്യം പറഞ്ഞിട്ട് പോവും. അക്കരെയിക്കരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചപ്പാത്തിലൂടെ വെള്ളമൊഴുക്കായതുകൊണ്ട് അങ്ങോട്ടുംഇങ്ങോട്ടും പോക്ക് നടക്കില്ല. ഇപ്പോ എന്നാ ബഹളവാ നടക്കുന്നേ?"


ഷട്ടര്‍ തുറന്നാല്‍ വെള്ളമൊഴുകിപ്പോവാനിടയുള്ളത് വാത്തിക്കുടി, വാഴത്തോപ്പ്, മരിയപുരം, കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലൂടെയാണ്. ഇവിടങ്ങളിലുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ആറിനോട് ചേര്‍ന്ന് താമസിക്കുന്ന ചിലര്‍ ബന്ധുവീടുകളിലേക്ക് മാറുകയും ചെയ്തു. "ആളുകളോട് ആവശ്യത്തിന് മാറാന്‍ പറഞ്ഞിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ആളുകളെ മാറ്റുകയും ചെയ്യും. ചിലപ്പോള്‍ ഷട്ടര്‍ തുറക്കേണ്ടി വരില്ല. പൂര്‍ണമായും ഭീതി ഇല്ല എന്നൊന്നും പറയാന്‍ പറ്റില്ല. എങ്ങനെയായാലും ഷട്ടര്‍ തുറന്നാല്‍ അത് ജനജീവിതത്തെ ബാധിക്കും. പക്ഷെ വേണ്ട മുന്‍കരുതലെല്ലാം എടുത്തിട്ടുണ്ട്",
മരിയാപുരം പഞ്ചായത്തംഗമായ സീന സാജു പറഞ്ഞു.

26 വര്‍ഷം മുമ്പ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നപ്പോഴത്തെ അവസ്ഥയല്ല ഇന്ന്. അന്ന് അണക്കെട്ടില്‍ നിന്ന് എത്തുന്ന വെള്ളത്തിന് നിരന്നൊഴുകാന്‍ പെരിയാറിന്റെ വ്യാപ്തിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പെരിയാറിന്റെ ഏതാണ്ട് നാല്‍പ്പത് ശതമാനവും കയ്യേറ്റക്കാരുടെ കയ്യിലാണ്. മണലടിഞ്ഞ് കരയായ സ്ഥലമെല്ലാം ഇപ്പോള്‍ കൃഷിസ്ഥലങ്ങളാണ്. ചിലയിടങ്ങളില്‍ പുഴ കയ്യേറി വീടും നിര്‍മ്മിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഷട്ടര്‍ തുറക്കേണ്ട അവസ്ഥയുണ്ടായാല്‍ വെള്ളം പെരിയാറിലൂടെ തന്നെ പരന്ന് ഒഴുകുമെന്ന് അധികൃതര്‍ക്കും ഉറപ്പില്ല. ഇത് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടാക്കിയിട്ടുണ്ടെങ്കിലും പൊതുവെ ഇടുക്കിക്കാര്‍ ഷട്ടര്‍ തുറന്ന് വെള്ളമെത്താന്‍ കാത്തുനില്‍ക്കുകയാണെന്ന് അങ്കണവാടി അധ്യാപിക കൂടിയായ ലളിത പറയുന്നു.
"മുന്‍കരുതല്‍ നടപടികളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. പക്ഷെ വെള്ളം ഏതിലൂടെ ഒഴുകും എന്ന കാര്യത്തില്‍ നിശ്ചയമില്ല. ആറ് പഴയ ആറല്ല. വീതി വളരെ കുറഞ്ഞിട്ടുണ്ട്. പുഴ കയ്യേറി കൃഷിയും മറ്റ് പരിപാടികളുമാണ്. അതുകൊണ്ട് കൂടുതല്‍ സ്ഥലത്തേക്ക് വെള്ളം ഒഴുകാനുള്ള സാധ്യതയാണ് ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നത്. ഞങ്ങളുടെ അങ്കണവാടി രണ്ട് നിലയാണ്. ഒന്നാം നിലയിലെ സാധനങ്ങളെല്ലാം വാരിക്കെട്ടി മുകള്‍ നിലയിലേക്കാക്കിയിട്ടുണ്ട്. പക്ഷെ ഏറ്റവും നല്ല അങ്കണവാടിക്കുള്ള പുരസ്‌കാരം കിട്ടിയതാണ്. വെള്ളം കയറിയിറങ്ങിയാല്‍ ആകെ നാശമാവും. പിന്നെ ആദ്യം മുതല്‍ ഉണ്ടാക്കണം. അതൊക്കെയാണ് ഒരു ബുദ്ധിമുട്ട്. പക്ഷെ വെള്ളം ഇങ്ങോട്ടൊന്ന് എത്തിയാ മതിയെന്ന് പറഞ്ഞാണ് ഇവിടെ പലരും ഇരിക്കുന്നത്. ഇടുക്കിക്കാര്‍ക്ക് ഈ ഷട്ടര്‍ തുറക്കല്‍ ഒരു ആഘോഷമാണ്. മീന്‍ പിടിക്കാനുള്ള വലകളൊക്കെ ഇപ്പോ തന്നെ എടുത്ത് തയ്യാറായിത്തുടങ്ങി. ഷട്ടര്‍ തുറക്കില്ല എന്ന് പറയുമ്പോള്‍ തന്നെ ചിലരുടെയെങ്കിലും മുഖമൊക്കെ അങ്ങ് വാടും."


വിളകളെല്ലാം നശിക്കുമെന്ന ഭയത്തില്‍ മൂപ്പെത്താത്ത വാഴക്കുലയും കപ്പയും വെട്ടി വില്‍ക്കുന്ന കാഴ്ചയാണ് രണ്ട് ദിവസമായി ഇടുക്കിയിലെ പല പ്രദേശങ്ങളിലുമുള്ളത്. "വെള്ളം കയറി മുഴുവന്‍ നശിച്ച് പോവുന്നതിലും നല്ലതല്ലേ കിട്ടുന്ന വിലയ്ക്ക് തൂക്കി വിക്കുന്നത്. ഓണം അടുപ്പിച്ച് മൂപ്പെത്തുന്ന വാഴക്കൊലയും കപ്പയുമൊക്കെയായിരുന്നു. പറഞ്ഞിട്ടെന്നാ കാര്യം. ഒലിച്ചുപോയാ പിന്നെ ഇപ്പോ വരുന്ന ഉദ്യോഗസ്ഥന്‍മാരൊന്നും ചില്ലിക്കാശ് തരികേല. എന്തോരം കാശും ചെലവാക്കി ഇറക്കിയേക്കണതാ. ഇനി ഇതൊക്കെ ചെയ്തിട്ട് ഈ ഡാമെങ്ങാന്‍ തൊറന്നില്ലെങ്കിലാ." കര്‍ഷകനായ തോമസ് പറഞ്ഞു.

ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് തുടങ്ങിയ 'ഘടാഘടിയന്‍ വാക്കുകള്‍ കേള്‍ക്കാനായി' എന്നാണ് ഇടുക്കി അണക്കെട്ടിന് സമീപത്തുള്ളവര്‍ പറയുന്നത്. അധികം 'ദുരന്ത'മൊന്നും ഉണ്ടാക്കാത്ത ഒരു വെള്ളമൊഴുക്കിന് വേണ്ടി കാത്തിരിക്കുകയാണ് ഭൂരിഭാഗം പേരും.

ഫോട്ടോ: ബിനോയ്

Next Story

Related Stories