TopTop
Begin typing your search above and press return to search.

തലസ്ഥാനത്തെ വിവിഐപി റോഡിലെ കൊലയാളി റേസര്‍മാര്‍

തലസ്ഥാനത്തെ വിവിഐപി റോഡിലെ കൊലയാളി റേസര്‍മാര്‍

തലസ്ഥാന നഗരത്തിലെ കൊലക്കളമെന്നാണ് വെള്ളയമ്പലം-കവഡിയാര്‍ റോഡിനെ തിരുവനന്തപുരം നിവാസികള്‍ തന്നെ വിളിക്കുന്നത്. നഗരത്തിലെ വിവിഐപി ഏരിയ എന്നും അറിയപ്പെടുന്ന ഈ മേഖലയാണ് ചെറുപ്പക്കാര്‍ കാര്‍, ബൈക്ക് റേസിംഗുകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. അനധികൃതമായ ഈ റേസിംഗ് അവസാനിപ്പിക്കാന്‍ അധികൃതര്‍ പലയാവര്‍ത്തി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വീതി കൂടിയ മികച്ച നിലവാരമുള്ള റോഡ് ആണ് ഇതെന്നത് തന്നെയാണ് ഈ റോഡ് കാര്‍/ബൈക്ക് ഓട്ടക്കാരുടെ പ്രിയപ്പെട്ട ഇടമാകാന്‍ കാരണം. അതിനാല്‍ തന്നെ രാത്രിയിലും അവധി ദിവസങ്ങളിലും ഈ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ആശങ്കകളോടെ മാത്രമേ ഇവിടം പിന്നിടാനാകൂ.

മൂന്ന് മന്ത്രിമാരുടെ ഔദ്യോഗിക വസതികളും രാജ്ഭവനും കവഡിയാര്‍ കൊട്ടാരവും സ്ഥിതി ചെയ്യുന്ന ഈ റോഡ് ഇന്നലെ രാത്രിയുണ്ടായ ഒരു കാറപകടത്തിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. അപകടത്തില്‍ കാറോടിച്ചിരുന്ന യുവാവ് മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ഓട്ടോ ഡ്രൈവര്‍ക്കും കാറിലുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയ്ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അമിതവേഗതയിലായിരുന്ന കാര്‍ ഓട്ടോയുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. തലകുത്തനെ മറിഞ്ഞ കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. മത്സര ഓട്ടത്തെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്ന് പോലീസ് അംഗീകരിക്കുമ്പോഴും ഏത് കാറുമായാണ് അപകടത്തില്‍പ്പെട്ട സ്‌കോഡ കാര്‍ മത്സരിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പറയുന്നത്. അതിനി കണ്ടെത്തുമെന്ന പ്രതീക്ഷയും വേണ്ട. കാരണം നഗരത്തിലെയും സംസ്ഥാനത്തെ തന്നെയും അതിപ്രമുഖരുടെ മക്കളാണ് ഈ റേസിംഗുകളില്‍ പങ്കെടുക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. ഇന്നലെ നടന്ന അപകടത്തില്‍ തന്നെ മരിച്ച വ്യക്തി എസ്പി ഗ്രാന്‍ഡേഴ്‌സ് ഹോട്ടല്‍ ഗ്രൂപ്പ് ഉടമയുടെ മകനാണ്. കാറിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാള്‍ ന്യൂ തിയറ്റര്‍ ഉടമയുടെ മകളും. മറ്റുള്ളവരെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

2012-2013 കാലഘട്ടത്തില്‍ യുവാക്കള്‍ ഈ റോഡില്‍ നടത്തിയ ബൈക്ക് റേസിംഗിനിടെ മധ്യവയസ്‌കയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയും അവര്‍ മരിക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ മാത്രം നിയന്ത്രിക്കാന്‍ രംഗത്തെത്തുന്ന അധികൃതര്‍ പിന്നീട് ഇത് തന്ത്രപൂര്‍വം മറക്കുകയാണ് ചെയ്യാറ്. അതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. 2012നും 2015നും ഇടയില്‍ മാത്രം പത്ത് യുവാക്കളാണ് ഓട്ടമത്സരത്തിനിടെയുണ്ടായ അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ന്യൂജനറേഷന്‍ ബൈക്കുകളാണ് ഇത്തരത്തില്‍ റേസിംഗിനായി ഉപയോഗിക്കുന്നത്. വിവിഐപികളുടെ മക്കളെ കൂടാതെ സാധാരണക്കാരായ കൗമാരക്കാരും വര്‍ഷങ്ങളായി സ്റ്റണ്ടിംഗ് എന്നറിയപ്പെടുന്ന ബൈക്കുകൊണ്ടുള്ള അഭ്യാസപ്രകടനങ്ങളിലേക്ക് ആകൃഷ്ടരാകുന്നതാണ് സമീപകാലത്തായി കാണുന്നത്. സ്റ്റണ്ടിംഗിന് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന ബൈക്കുകളുമായി നഗരത്തിന്റെ പലയിടങ്ങളിലും കൗമാരക്കാരെ കാണാം. എന്നിരുന്നാലും ഒരു റേസിംഗ് ട്രാക്കിന് സമാനമായ വെള്ളയമ്പലം-കവടിയാര്‍ റോഡ് തന്നെയാണ് ഇവരുടെ പ്രീയപ്പെട്ട കേന്ദ്രം. അപകടങ്ങള്‍ വാര്‍ത്തകളാകുന്നതോടെ പരിശോധനകള്‍ കര്‍ക്കശമാകുകയും ഈ വാഹനങ്ങളും ചെറുപ്പക്കാരും അപ്രത്യക്ഷരാകുന്നതും കാണാം. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇവര്‍ വീണ്ടും സജീവമാകുക തന്നെ ചെയ്യും.

രാത്രി പത്ത് മണിക്ക് ശേഷമാണ് ഇപ്പോള്‍ ഇത്തരത്തിലെ മത്സരഓട്ടങ്ങള്‍ നടക്കുന്നതെന്ന് സമീപവാസികള്‍ പറയുന്നു. സമൂഹത്തിലെ ഉന്നതരുടെ മക്കളും ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ തന്നെ പരാതിപ്പെട്ടിട്ടോ ഇവരെ താക്കീത് ചെയ്യാന്‍ ശ്രമിച്ചിട്ടോ യാതൊരു പ്രയോജനവുമുണ്ടാകാറില്ലെന്നും ഇവര്‍ പറയുന്നു. രാത്രി നേരങ്ങളില്‍ ഇതുവഴി പോകുമ്പോള്‍ മീഡിയനില്‍ ഇടിച്ചുകയറി നില്‍ക്കുന്ന വാഹനങ്ങള്‍ പതിവ് കാഴ്ചയാണെന്ന് മാധ്യമപ്രവര്‍ത്തകനായ രാജഗോപാല്‍ രാമചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. എല്ലാദിവസവും ജോലി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിക്ക് ശേഷം ഇതുവഴി പോകുന്ന താന്‍ പലപ്പോഴും പേടിച്ച് വാഹനം നിര്‍ത്തി നിര്‍ത്തിയാണ് പോകുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റോഡ് ക്ലീന്‍ ചെയ്ത് വണ്ടി ഇവിടെ നിന്നും മാറ്റാനുള്ള സ്വാധീനവും ഈ ഉന്നതര്‍ക്കുണ്ടെന്നാണ് രാജഗോപാല്‍ വിശദീകരിക്കുന്നത്.

http://www.azhimukham.com/trending-moral-policing-kawadiar-accident/

കവഡിയാറിലെ കഫേ കോഫീ ഡേ എന്ന റസ്റ്റോറന്റായിരുന്നു ഒരുകാലത്ത് സ്റ്റണ്ടര്‍മാരുടെ കേന്ദ്രം. വാതുവയ്പ്പ് നടക്കുന്നതും മത്സരം ആസൂത്രണം ചെയ്യുന്നതുമെല്ലാം ഇവിടെ വച്ചായിരുന്നുവെന്ന് ഇടക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. കുറച്ചുനാള്‍ മുമ്പ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കഫേ കോഫീ ഡേ അടിച്ചു തകര്‍ക്കുകയും ഓട്ടമത്സരക്കാരെ ഓടിക്കുകയും ചെയ്തതും വാര്‍ത്തയായിരുന്നു. ഉന്നതരുടെ സമ്മര്‍ദ്ദം മൂലം അധികൃതര്‍ നിഷ്‌ക്രിയരായ സാഹചര്യത്തിലായിരുന്നു ഇത്. ഈ സംഭവത്തിന് ശേഷം കുറച്ചുകാലമായി ഓട്ടമത്സരത്തിന്റെ കഥകളൊന്നും ഇവിടെ നിന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. എന്നാല്‍ പതിവുപോലെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇവര്‍ വീണ്ടും തിരികെയെത്തിയെന്നാണ് ഇന്നലത്തെ അപടകടം തെളിയിക്കുന്നത്.

സാധാരണക്കാരായ മറ്റ് വാഹനക്കാരും ഓട്ടോ ഡ്രൈവര്‍മാരും നിസാര കാരണങ്ങള്‍ക്ക് പോലും തടയപ്പെടുകയും ഫൈന്‍ അടയ്‌ക്കേണ്ടി വരികയും ചെയ്യുമ്പോഴാണ് സമൂഹത്തിലെ ഉന്നതരുടെ ഈ നിയമലംഘനത്തിന് നേരെ അധികൃതര്‍ കണ്ണടയ്ക്കുന്നത്. ഇനിയെങ്കിലും ഓട്ടമത്സരങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനും ശാശ്വതപരിഹാരം കാണാനും അധികൃതര്‍ തയ്യാറായില്ലെങ്കില്‍ നിരപരാധികളുടേതുള്‍പ്പെടെ ഒട്ടനവധി ജീവനുകള്‍ ഇവിടെ പൊലിയുന്നത് നാം ഇനിയും അത് കാണേണ്ടിവരും.


Next Story

Related Stories