TopTop

അഞ്ചു മാസമായി ഇന്തോനേഷ്യന്‍ നേവിയുടെ തടങ്കലില്‍; ഭക്ഷണവും വെള്ളവും തീര്‍ന്ന് നാലു മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ ജീവന്‍ അപകടത്തില്‍

അഞ്ചു മാസമായി ഇന്തോനേഷ്യന്‍ നേവിയുടെ തടങ്കലില്‍; ഭക്ഷണവും വെള്ളവും തീര്‍ന്ന് നാലു മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ ജീവന്‍ അപകടത്തില്‍
നാവികാതിര്‍ത്തി ലംഘിച്ചതിന് ഇന്തോനേഷ്യ അഞ്ചു മാസമായി പിടിച്ചുവച്ചിരിക്കുന്ന കപ്പലില്‍ ഉള്‍പ്പെട്ട മലയാളികള്‍ മടങ്ങാന്‍ വഴിയില്ലാതെ വലയുന്നു. ഫെബ്രുവരി ആദ്യവാരം ഇന്തോനേഷ്യന്‍ നേവി പിടിച്ചെടുത്തു തടഞ്ഞുവച്ചിരിക്കുന്ന എം.ടി എസ്.ജി പെഗാസ് എന്ന കപ്പലിലാണ് നാലു മലയാളികള്‍ അകപ്പെട്ടിരിക്കുന്നത്. കാസര്‍കോടു നിന്നുള്ള മൂന്നു പേരും പാലക്കാടു നിന്നുള്ള ഒരാളുമാണ് അഞ്ചുമാസമായി ഇന്തോനേഷ്യന്‍ നേവിയുടെ കരുതല്‍ തടങ്കലില്‍ കഴിയുന്നത്. ഇവരെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്താനാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിനടക്കം ബന്ധുക്കള്‍ പരാതികള്‍ അയച്ചിരുന്നെങ്കിലും, എപ്പോള്‍ മോചിപ്പിക്കപ്പെടും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇരുപത്തിമൂന്ന് ഇന്ത്യക്കാരാണ് കപ്പലില്‍ ആകെയുള്ളത്. തടഞ്ഞുവയ്ക്കപ്പെട്ട് മാസങ്ങളായിട്ടും നാട്ടിലേക്കു മടങ്ങാന്‍ വഴി തെളിയാത്തതിലുള്ള ആശങ്കയിലാണ് എല്ലാവരും. കപ്പലിലെ ഭക്ഷണവും വെള്ളവുമെല്ലാം തീര്‍ന്നു കഴിഞ്ഞെന്നും, പകരം ലഭിക്കുന്നത് അല്പാല്പമായതിനാല്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും കപ്പലിലുള്ള കാസര്‍കോട് സ്വദേശികളുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

കാസര്‍കോട്ടു നിന്നും അരുണ്‍ തേജ്, ഉപ്പള നയാബസാര്‍ സ്വദേശി മൂസക്കുഞ്ഞി, മൊഗ്രാല്‍ പഞ്ചായത്തിലെ കൊപ്പളത്തു നിന്നുള്ള കലന്തര്‍, പാലക്കാട് ജില്ലയില്‍ നിന്നുള്ള വിപിന്‍ രാജ് എന്നിവരാണ് കപ്പലില്‍ അകപ്പെട്ടിട്ടുള്ള മലയാളികള്‍. ആംഗ്ലോ ഈസ്‌റ്റേണ്‍ കമ്പനിയുടെ കപ്പലില്‍ ജോലി ചെയ്യുന്ന ഇവര്‍, എട്ടു മാസം മുന്‍പാണ് മുംബൈയില്‍ നിന്നും സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചത്. കെമിക്കല്‍ ടാങ്കര്‍ വിഭാഗത്തില്‍പ്പെട്ട കപ്പല്‍, അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് സിംഗപ്പൂരില്‍ വച്ച് അറ്റകുറ്റപ്പണികള്‍ക്കായി ഡ്രൈ ഡോക്കില്‍ കയറ്റിയിരുന്നു. കപ്പലിന്റെ കേടുപാടുകള്‍ പരിഹരിക്കാനായി നിശ്ചിത കാലയളവുകളില്‍ ഡ്രൈ ഡോക്കിംഗ് ചെയ്യാറുണ്ട്. സിംഗപ്പൂരില്‍ വച്ചുള്ള കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ശേഷം അവിടെ നിന്നു തന്നെ ചരക്ക് നിറയ്ക്കാനുള്ളതിനാല്‍, അടുത്ത ദിവസം വരെ കടലില്‍ നങ്കൂരമിട്ട് കാത്തിരിയ്ക്കാനായിരുന്നു ജീവനക്കാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ചരക്കു ഗതാഗതത്തിലെ തിരക്കൊഴിയുന്നതു വരെ കാക്കാനായാണ് കപ്പല്‍ മലാക്കാ കടലിടുക്കിലേക്ക് തിരിഞ്ഞത്. കാത്തിരിക്കാനായി കപ്പല്‍ കടലില്‍ നങ്കൂരമിടാന്‍ ശ്രമിച്ചപ്പോഴാണ് പിശകു പറ്റിയതെന്ന് കപ്പലിലെ മലയാളി ജീവനക്കാരന്‍ മൂസക്കുഞ്ഞിയുടെ സഹോദരനായ അബ്ദുല്ല പറയുന്നു.

'എന്തോ തെറ്റു പറ്റി, കപ്പല്‍ നങ്കൂരമിട്ടത് ഇന്തോനേഷ്യയുടെ നാവികാതിര്‍ത്തിയിലായിപ്പോയി. ദേശസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നം എന്ന തരത്തിലാണ് അവിടെ കേസെടുത്തിരിക്കുന്നത്. ഇന്തോനേഷ്യന്‍ നേവി വന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതു കഴിഞ്ഞിട്ടിപ്പോള്‍ അഞ്ചു മാസമായി. ചെറിയ പ്രശ്‌നമാണ്, കമ്പനി പരിഹരിക്കും എന്നാണ് തുടക്കത്തില്‍ കരുതിയത്. പക്ഷേ, കാര്യം അല്പം ഗുരുതരമാണെന്ന് മനസ്സിലാക്കാന്‍ വൈകി. കഴിഞ്ഞ ദിവസം ചേട്ടന്‍ വിളിച്ചപ്പോഴാണ് ഈയിടെയാണ് കേസ് കോടതിയിലേക്ക് നീങ്ങിയത് എന്നറിഞ്ഞത്. അഞ്ചുമാസം മുന്‍പ് ഇവരെ കസ്റ്റഡിയിലെടുത്തിട്ട്, ഇപ്പോഴാണ് കേസ് നീക്കുന്നത്. അവിടത്തെ കാര്യങ്ങളിലെല്ലാം ഇങ്ങനെ മെല്ലെപ്പോക്കാണ്. അതാണ് ആശങ്ക വര്‍ദ്ധിക്കാനുള്ള കാരണം.'
അബ്ദുല്ലയും കപ്പലിലെ ജീവനക്കാരനായി ജോലിനോക്കിയിട്ടുള്ളയാളാണ്. ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ ഇത്തരം കേസുകള്‍ എപ്പോഴാണ് വിചാരണയ്ക്ക് എടുക്കുക എന്നോ, വിചാരണയുടെ സ്വഭാവം എന്തായിരിക്കുമെന്നോ പ്രവചിക്കാനാകില്ലെന്നാണ് അബ്ദുല്ലയുടെ പക്ഷം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഉടനടി ഇടപെടേണ്ടതെന്നും അബ്ദുല്ല പറയുന്നു.

ഇരുപതു വര്‍ഷമായി ഒരേ കമ്പനിയില്‍ ജോലി നോക്കുന്ന മൂസക്കുഞ്ഞി, കപ്പലിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഓയിലറാണ്. എട്ടുമാസത്തെ കരാറില്‍ ജോലിക്കു കയറിയ മൂസക്കുഞ്ഞി, വീട്ടില്‍ നിന്നും പോയിട്ട് പത്തു മാസത്തോളമായെന്ന് ഭാര്യ ഷക്കീന പറയുന്നു. മൂസക്കുഞ്ഞിയെപ്പോലെ കപ്പലിലെ മറ്റു പലരും കരാര്‍ കാലാവധി കഴിഞ്ഞിട്ടും മടങ്ങാനാകാതെ കഷ്ടപ്പെടുന്നവരാണ്. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കപ്പല്‍ സന്ദര്‍ശിക്കുകയും ഇന്തോനേഷ്യന്‍ നേവി ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍, കപ്പല്‍ മാത്രം കസ്റ്റഡിയിലെടുത്ത് ജീവനക്കാരെ തിരിച്ചയയ്ക്കാന്‍ ധാരണയായിരുന്നെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍, അതും നടക്കാതെ പോവുകയാണ് ചെയ്തത്. കസ്റ്റഡിയിലെടുത്തിരിക്കുന്നത് കപ്പലിനെയാണെന്നിരിക്കേ, ജീവനക്കാരെ തടഞ്ഞുവച്ചിരിക്കുന്നത് എന്തിനാണെന്നാണ് അബ്ദുല്ലയും ചോദിക്കുന്നത്. ഇന്തോനേഷ്യന്‍ നിയമ വ്യവസ്ഥ അടിമുടി അഴിമതിയില്‍ മുങ്ങിയതാണെന്നും, പണം കിട്ടുന്നതു വരെ തങ്ങളെ തടഞ്ഞു വച്ചേക്കുമോ എന്നു സംശയിക്കുന്നതായും കപ്പലിന്റെ ക്യാപ്റ്റനും അഭിപ്രായപ്പെട്ടിരുന്നു. കപ്പലില്‍ നിന്നും ജീവനക്കാരും നാട്ടിലുള്ള ബന്ധുക്കളും കേന്ദ്ര മന്ത്രിമാര്‍ക്ക് അപേക്ഷകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇന്ത്യന്‍ നേവിയില്‍ നിന്നടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇന്തോനേഷ്യയിലെത്തി അധികൃതരുമായി നേരിട്ടു ചര്‍ച്ചകളിലേര്‍പ്പെട്ടിരുന്നു. എന്നിട്ടും തന്റെ സഹോദരനും സംഘത്തിനും ഉടനെ മടങ്ങാനാകുമോ എന്ന കാര്യത്തില്‍ മാത്രം വ്യക്തതയായിട്ടില്ലെന്നാണ് അബ്ദുല്ലയുടെ പ്രതികരണം.

കേസ് കഴിയാതെ തിരിച്ചുവരാനാകില്ല എന്നാണ് ഇന്തോനേഷ്യയില്‍ നിന്നും ലഭിക്കുന്ന വിവരമെന്ന് മൂസക്കുഞ്ഞിയുടെ ഭാര്യ ഷക്കീന വിശദീകരിക്കുന്നു. അഞ്ചു മാസമായി തടഞ്ഞുവച്ച് കഴിഞ്ഞയാഴ്ച മാസം കേസുമായി നീങ്ങിയ ഉദ്യോഗസ്ഥര്‍, എത്ര കാലം കൊണ്ട് കേസിലെ വിചാരണ തീര്‍ക്കുമെന്ന ആശങ്കയാണ് ഷക്കീനയ്ക്ക്. കപ്പലിന്റെ ഉടമസ്ഥരില്‍ നിന്നും നിസ്സഹായമായ മറുപടിയാണ് ലഭിച്ചിരിക്കുന്നതെന്നും ഷക്കീന പറയുന്നു. മുംബൈയിലെ കമ്പനി ഏജന്റിനോടു ബന്ധപ്പെട്ടപ്പോള്‍, നയതന്ത്രപ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്നും എന്തെങ്കിലും നടപടികളുണ്ടാകണമെങ്കില്‍ ആദ്യം കേസു തീരണം എന്നാണ് ഇന്തോനേഷ്യന്‍ നേവി പറയുന്നത് എന്നുമാണ് ഇവര്‍ക്ക് അറിയാന്‍ സാധിച്ചത്. അതിനിടെ, കപ്പലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടു നേരിട്ടു തുടങ്ങിയെന്നും ഷക്കീന പറയുന്നു.
'കമ്പനിയുടെ അവിടത്തെ ഏജന്റ് വഴിയാണ് ഭക്ഷണവും ആവശ്യമുള്ള സാധനങ്ങളുമൊക്കെ എത്തിക്കുന്നത്. ആഹാരം ശരിയായി കിട്ടുന്നില്ല, വെള്ളം തീരാനായി എന്നെല്ലാമാണ് പറയുന്നത്. വെള്ളം തീര്‍ന്നപ്പോള്‍ ഒട്ടും ഉപയോഗിക്കാനാകാത്ത രീതിയിലുള്ള കലക്കവെള്ളമാണ് കിട്ടിയതെന്നും പറയുന്നു. അതും നേവിയുടെ അനുമതിയൊക്കെ വാങ്ങിയേ കൊടുക്കാനാകൂ. ഫോണ്‍ വഴി വല്ലപ്പോഴും ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ട് എന്നതാണ് ആശ്വാസം. വിളിക്കുമ്പോഴൊക്കെ പറയുന്നത് സര്‍ക്കാരിനെ അറിയിച്ച് അവരെ അവിടെനിന്നും രക്ഷപ്പെടുത്താനുള്ള വഴി നോക്കാനാണ്.'


ആദ്യം അറസ്റ്റു ചെയ്ത് കപ്പലില്‍ നിന്നും മാറ്റിയിരുന്ന ജീവനക്കാരെ പിന്നീട് വീണ്ടും കപ്പലിലേക്കു തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. 'എന്താണ് ഭാവി എന്നതിനെക്കുറിച്ച് ക്യാപ്റ്റനും പറയാന്‍ സാധിക്കുന്നില്ല. കമ്പനിയുടെ ഏജന്റിനെ വിളിക്കുമ്പോഴും, കേസു തീര്‍ന്നാലേ വിടൂ എന്നാണ് പറയുന്നത്, കൂടുതലൊന്നും അറിയില്ല എന്നാണ് അവരും പറയുന്നത്. എപ്പോള്‍ നാട്ടിലേക്ക് വരാനാകും എന്നതില്‍ ഒരു തീരുമാനവും ആയിട്ടില്ല. വിദേശകാര്യമന്ത്രാലയത്തിലേക്കും മറ്റും ഒന്നര മാസം മുന്‍പ് പരാതികള്‍ അയച്ചിരുന്നു. മറ്റുള്ളവരുടെ ബന്ധുക്കളും അയച്ചുകാണും. ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇടപെടുന്നുണ്ട് എന്നറിയിച്ചുകൊണ്ട് മറുപടിയും വന്നിരുന്നു. ഭയപ്പെടേണ്ടെന്നും, കുടുംബാംഗങ്ങളോട് നേരിട്ട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താമെന്നും മന്ത്രാലയത്തില്‍ നിന്നുള്ളവര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടു പറഞ്ഞിരുന്നു. അതിനു ശേഷം മറ്റു വിവരമൊന്നുമില്ല. തീരുമാനമൊന്നുമാകാത്തതിന്റെ ടെന്‍ഷനാണ് എല്ലാവര്‍ക്കും. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണ കിട്ടിയിരുന്നെങ്കില്‍ അല്പം ആശ്വാസമുണ്ടാകുമായിരുന്നു. വളരെ ഗൗരവമുള്ള കേസാണ് അവര്‍ക്കെതിരെ അവിടെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വിചാരണയുടെ സ്വഭാവമെന്താണെന്നൊന്നും അറിയില്ല. ഇത്ര വലിയ പ്രശ്‌നമാണ് ഉണ്ടായിരിക്കുന്നത് എന്നത് ഇപ്പോഴാണ് മനസ്സിലായത്.'
അബ്ദുല്ല പറയുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കപ്പലിലെ ജീവനക്കാര്‍ നിരാശരാണെന്നും സമ്മര്‍ദ്ദത്തിലാണെന്നുമാണ് ഇവര്‍ നാട്ടിലേക്കയയ്ക്കുന്ന സന്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മൂസക്കുഞ്ഞിയടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായി നാട്ടിലേക്ക് വീഡിയോ സന്ദേശങ്ങളയച്ചിരുന്നു. തങ്ങളെ രക്ഷിക്കാനാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളേന്തിയ ചിത്രങ്ങളും ഇവര്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കു മുന്‍പു മാത്രം കോടതിയിലെത്തിയ കേസ് തീരുന്നതുവരെ തങ്ങളെ ഇന്തോനേഷ്യയില്‍ത്തന്നെ തടഞ്ഞുവയ്ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍, ശാരീരികമായും മാനസികമായും തളര്‍ന്നുപോകും എന്നും ഇവര്‍ അറിയിക്കുന്നുണ്ട്. ചുറ്റിലും ഇന്തോനേഷ്യന്‍ നേവിയുടെ ബോട്ടുകള്‍ കാവല്‍ നിന്ന്, കുറ്റവാളികളെപ്പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നും, അബദ്ധത്തില്‍ അതിര്‍ത്തി കടന്നുപോയി എന്നതൊഴിച്ചാല്‍ മറ്റൊരു തെറ്റും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥരടക്കം ഇന്തോനേഷ്യയിലെത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും തടഞ്ഞുവയ്ക്കപ്പെട്ടവരുടെ കാര്യത്തില്‍ തീരുമാനമാകാതിരിക്കുന്നത്, ഇന്തോനേഷ്യന്‍ നേവി കേസ് മനപ്പൂര്‍വം വൈകിക്കുന്നതു കൊണ്ടാണെന്നാണ് അറിവ്. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ശ്രദ്ധയിലും വിഷയം എത്തിച്ചിട്ടുണ്ട്. പരാതി എഴുതി നല്‍കിയാല്‍ ഡല്‍ഹിയില്‍ നേരിട്ട് ചെന്നന്വേഷിക്കാം എന്ന് എം.പി വാക്കു നല്‍കിയിട്ടുണ്ടെന്നും കപ്പലില്‍ അകപ്പെട്ട കാസര്‍കോട്ടുകാരുടെ ബന്ധുക്കള്‍ പറയുന്നു. എമിഗ്രേഷന്‍-സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മറ്റു ചില കപ്പലുകളും ഇന്തോനേഷ്യന്‍ നാവിക സേന ഇവര്‍ക്കൊപ്പം പിടിച്ചുവച്ചിട്ടുണ്ട്. ഇവയിലെല്ലാം ഇന്ത്യക്കാരുമുണ്ട്. വിദേശകാര്യ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സംസാരിച്ചിട്ടും തങ്ങളെ മോചിപ്പിക്കാത്തത് എന്താണെന്ന ആശങ്കയിലാണ് കപ്പലിലുള്ള മലയാളികള്‍. ഇവരെ ഉടനെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, തങ്ങള്‍ക്ക് അതേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് മൂസക്കുഞ്ഞിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്ന മൂസക്കുഞ്ഞി കഴിഞ്ഞ രണ്ടു ദിവസമായി വിളിക്കുകയും ചെയ്തിട്ടില്ലാത്തതിനാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ആശങ്കയേറുകയാണ് ഇവര്‍ക്ക്. തങ്ങള്‍ അറിയുന്നില്ലെങ്കില്‍പ്പോലും, ഇവരുടെ മോചനത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടായിരിക്കും എന്ന വിശ്വാസമാണ് ബന്ധുക്കള്‍ പ്രകടിപ്പിക്കുന്നതും.


Next Story

Related Stories