TopTop

മെത്രാന്മാരും പുരോഹിതരും സ്ത്രീപീഢകരാകുന്ന കത്തോലിക്ക സഭയില്‍ ആഭ്യന്തര പരാതി സെല്‍ വേണമെന്ന് ആവശ്യം

മെത്രാന്മാരും പുരോഹിതരും സ്ത്രീപീഢകരാകുന്ന കത്തോലിക്ക സഭയില്‍ ആഭ്യന്തര പരാതി സെല്‍ വേണമെന്ന് ആവശ്യം
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീക്കും സാക്ഷികളായ മറ്റ് കന്യാസ്ത്രീകള്‍ക്കും മതിയായ സുരക്ഷ നല്‍കാന്‍ വിസമ്മതിച്ച മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ മദര്‍ സൂപ്പീരയറിന്റെ നടപടിയ്‌ക്കെതിരെ ദേശീയ വനിത കമ്മിഷനില്‍ പരാതി. ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി (എഎംടി)യാണ് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയെ നേരില്‍ കണ്ട് പരാതി നല്‍കിയത്. ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ പരസ്യമായി അപമാനിച്ച പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ നടപടി സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തണമെന്നും എഎംടി വനിത കമ്മിഷന്‍ അധ്യക്ഷയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീ പീഢനത്തിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്ക സഭയിലും അനുബന്ധ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കുന്നതിലും വനിത കമ്മിഷന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും എഎംഎടി ആവശ്യപ്പെടുന്നു.

മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ മദര്‍ സുപ്പീരയറിനോട് പൊലീസാണ് ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്ത കന്യാസ്്ത്രീക്കും കേസിലെ സാക്ഷികളായ മറ്റ് കന്യാസ്ത്രീകള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പൊലീസിന്റെ ആവശ്യം നിരാകരിക്കുന്ന മറുപടിയാണ് മദര്‍ സുപ്പീരയറില്‍ നിന്നും ഉണ്ടായത്. സാമ്പത്തികശേഷിയില്ല എന്ന കാരണം പറഞ്ഞാണ് കന്യാസ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ തയ്യാറല്ലെന്നു മദര്‍ സുപ്പീരയര്‍ പൊലീസിനെ അറിയിച്ചത്. ആവശ്യമായ സംരക്ഷണം കൊടുക്കണമെന്നുണ്ടെങ്കില്‍ മഠത്തിനു പുറത്തുള്ള ഏതെങ്കിലും സുരക്ഷ കേന്ദ്രത്തിലേക്ക് കന്യാസ്ത്രീകളെ മാറ്റിക്കോളാനാണ് മദര്‍ സുപ്പീരയര്‍ പൊലീസിനോട് പറഞ്ഞത്. തന്റെ ജീവിതം സഭയ്ക്ക് വേണ്ടി മാറ്റിവച്ച ഒരു കന്യാസ്ത്രീ ഒരിക്കലും മഠം പരിസരങ്ങള്‍ വിട്ട് മറ്റൊരിടത്ത് പോയി താമസിക്കില്ല. ആയതിനാല്‍ ദേശീയ വനിത കമ്മിഷന്റെ ഗൗരവതരമായ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകണം എന്നാണ് എഎംഎടി കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി, ലോനപ്പന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്ത സമ്മേളനങ്ങളിലും അടക്കം പരസ്യമായി അധിക്ഷേപിക്കുകയും കുറ്റക്കാരിയാക്കി സംസാരിക്കുകയും ചെയ്യുന്ന പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ കമ്മിഷനില്‍ കിട്ടിയിരിക്കുന്ന പരാതിയില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും എഎംടി ഭാരവാഹികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരേ പി സി ജോര്‍ജ് എംഎല്‍എ മോശം പ്രസ്താവനകള്‍ ഇനിമേല്‍ നടത്തരുതെന്നും എംഎല്‍എയ്‌ക്കെതിരേ വിശ്വാസയോഗ്യമായ തെളിവുകള്‍ കമ്മിഷനില്‍ കിട്ടിയിട്ടുള്ള സ്ഥിതിക്ക് അദ്ദേഹത്തിനെതിരേ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും എഎംടി ആവശ്യപ്പെടുന്നു.

കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട് ഏറെ ഗൗരവമായ മറ്റൊരു ആവശ്യത്തിലും ദേശീയ വനിത കമ്മിഷന്റെ ഇടപെടല്‍ ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി അഭ്യര്‍ത്ഥിക്കുന്നുണ്ട്. സഭ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണം എന്നാണ് എഎംടി രേഖ ശര്‍മയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്. മെത്രാന്മരും പുരോഹിതരും ചേര്‍ന്ന് ഭരിക്കുന്ന ഒരു സ്ഥാപനം എന്ന നിലയിലാണ് കത്തോലിക സഭ നിലകൊള്ളുന്നത്. നിരവധി കന്യാസ്ത്രീകളും മറ്റുള്ള സ്ത്രീകളും വേതനവ്യവസ്ഥയിലും വേതനരഹിതമായും സഭ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇന്നേവരെ സഭ സ്ഥാപനങ്ങളില്‍ ഈ സ്ത്രീകള്‍ക്ക് തങ്ങള്‍ക്കെതിരേ മെത്രാന്മാരില്‍ നിന്നോ പുരോഹിതന്മാരില്‍ നിന്നോ ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ക്കെതിരേ പരാതി പറയാന്‍ ഒരു ആഭ്യന്തര പരാതി സെല്‍ ഇല്ല. ആയതിനാല്‍ സഭയിലും അനുബന്ധ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി സെല്ലുകള്‍ നിര്‍ബന്ധമായും രൂപീകരിക്കുന്നതിന് ദേശീയ വനിത കമ്മിഷനില്‍ നിന്നും ഇടപെടല്‍ ഉണ്ടാകണം എന്നാണ് എഎംടി ആവശ്യപ്പെടുന്നത്.

https://www.azhimukham.com/kerala-missionaries-of-jesus-congregation-trying-to-oust-nuns-who-victims-and-witness-in-bishop-franco-mulaikkal-accused-rape-case-report-by-rakesh/

https://www.azhimukham.com/kerala-archdiocesan-movement-of-transparency-demand-kcbc-annd-syro-malabar-synod-to-oust-culprits-bishops-and-express-support-with-fr-augustine-vattoli/

Next Story

Related Stories