TopTop
Begin typing your search above and press return to search.

ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ ഇതൊന്നും ശബരിമലയില്‍ നടക്കില്ലായിരുന്നു- പ്രയാര്‍ ഗോപാലകൃഷ്ണന്‍/അഭിമുഖം

ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ ഇതൊന്നും ശബരിമലയില്‍ നടക്കില്ലായിരുന്നു- പ്രയാര്‍ ഗോപാലകൃഷ്ണന്‍/അഭിമുഖം
യുവതീ പ്രവേശനത്തെ അംഗീകരിക്കാത്ത നിലപാടായിരുന്നു മുന്‍ കാലങ്ങളില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. എന്നാല്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതോടെ തങ്ങള്‍ കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന നിലപാടാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് എടുത്തത്. പുനഃപരിശോധനാ ഹര്‍ജി ദേവസ്വം ബോര്‍ഡ് നല്‍കുന്നില്ലെന്ന തീരുമാനവുമെടുത്തു. എന്നാല്‍ വിധിക്ക് പിന്നാലെ ശബരിമലയിലുണ്ടായ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തും അടിസ്ഥാന സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടിയും ദേവസ്വംബോര്‍ഡ് ഇപ്പോള്‍ സാവകാശം തേടിയിരിക്കുകയാണ്. സുപ്രീം കോടതി വിധി വന്നയുടന്‍ തന്നെ അതിനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നയാളാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. അദ്ദേഹം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, തനിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായതുമായി ബന്ധപ്പെട്ട കാര്യങ്ങളും അഴിമുഖത്തോട് സംസാരിക്കുകയാണ്
പ്രയാര്‍ ഗോപാലകൃഷ്ണന്‍
.


ശബരിമലയും, യുവതീപ്രവേശനവും സര്‍ക്കാരും

ജനുവരി 22ന് പുനഃപരിശോധനാ ഹര്‍ജികളില്‍ കോടതി എന്ത് തീരുമാനമെടുക്കുന്നു എന്നതിനെ ആധാരമാക്കിയിരിക്കും ശബരിമല പ്രശ്‌നത്തിലെ പരിഹാരം. ഭക്തരുടെ താൽപ്പര്യം ഒരു ശതമാനവും സംരക്ഷിക്കാത്ത പോലീസ്‌ രാജും രാഷ്ട്രീവത്കരണവും നടക്കുന്നു. അധികാര പ്രയോഗമായി സര്‍ക്കാര്‍ ശബരിമല വിഷയത്തെ വിനിയോഗിച്ചിരിക്കുന്നു. സാധാരണഗതിയില്‍ ഭക്തരുടെ താൽപ്പര്യം മാത്രം നടപ്പാവേണ്ടയിടമാണ് ശബരിമല. ആ സ്ഥാനത്താണ് പോലീസുകാരും അവരുടെ അധികാര പ്രയോഗങ്ങളും. ഭക്തിയും വിശ്വാസവുമില്ലെങ്കില്‍ പിന്നെ ശബരിമലയുടെ സ്ഥാനമെന്താണ്? ഭക്തരായ ഞങ്ങള്‍ക്ക് നീതി കിട്ടണമെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ.

ശബരിമലക്കെതിരായ ഗൂഢാലോചന ഇപ്പോഴെങ്ങും തുടങ്ങിയതല്ല. 1949ല്‍ തുടങ്ങിയതാണ്. ഒരു പഴയ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി പിണറായി വിജയന്‍ 365 ദിവസം ശബരിമല തുറന്നുകൂടേ എന്ന് ചോദിച്ചപ്പോള്‍, ശബരിമലയിലെ തീവെപ്പിനെ സംബന്ധിച്ച റിപ്പോര്‍ട്ടിന് ഒരു പുനര്‍വായന വേണ്ടി വരുമോ എന്ന് ചോദിച്ചു ഞാന്‍. കാരണം അന്ന് രണ്ട് സര്‍ക്കാരും അധികാരത്തിലിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും. രണ്ട് സര്‍ക്കാരും ശബരിമല തീവയ്പ് കേസ് ഫയല്‍ മേശപ്പുറത്ത് വെക്കാൻ തയ്യാറായില്ല. ഒന്ന് തയ്യാറായാല്‍ അടുത്തത് അതിന് തുരങ്കം വക്കും. അടുത്തത് തയ്യാറായാല്‍ അതിനടുത്തത് തുരങ്കം വക്കും. അതിനകത്ത് ഒരു ഫൗള്‍ പ്ലേ ഉണ്ടെന്നത് വ്യക്തമല്ലേ? അതൊക്കെയാണ് അതിന്റെ പശ്ചാത്തലം.

രാഷ്ട്രീയലാഭം

സംഘപരിവാര്‍ സംഘടനകള്‍ അത് മുതലെടുക്കുന്നത് സ്വാഭാവികമാണ്. അവരുടേതായ ഒരു ആധിപത്യം സ്ഥാപിക്കണമെന്നുള്ള ഒരു ചിന്ത അവര്‍ക്കുണ്ട്. ശബരിമലയില്‍ രാഷ്ട്രീയ ലാഭമാണ് സിപിഎമ്മും ഉദ്ദേശിച്ചത്. എന്നാല്‍ അത് ഇല്ലാതായി. ഇനിയിപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പെടുന്നവര്‍ക്ക് പോലും, ശബരിമലയില്‍ സര്‍ക്കാര്‍ കാണിച്ച അതിക്രമവും, പോലീസ് രാജും, ആചാര വിരുദ്ധ നിലപാടും അംഗീകരിക്കാന്‍ കഴിയില്ല. അത് സിപിഎമ്മിന് തന്നെ ദോഷം ചെയ്യും. അതായിരിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടാവുന്ന ഫലം. ഇപ്പോള്‍ എല്ലാം കൈവിട്ട് പോവുന്ന അവസ്ഥയിലേക്ക് വന്നു ഭവിച്ചിരിക്കുകയാണ്.

ദേവസ്വം ബോര്‍ഡ്

ദേവസ്വം ബോര്‍ഡിനാണ് ശബരിമല വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ പറ്റുന്നത്. ദേവസ്വം ബോര്‍ഡ് എന്ന് പറഞ്ഞാല്‍ കവനന്റ് നിയമത്തോട് കൂടിയുണ്ടായ സ്ഥാപനമാണ്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് ശ്രീമൂലം പ്രജാസഭയില്‍ ഉണ്ടായ ആദ്യത്തെ ബില്ലാണ്. അത് ആക്ട് ആക്കിയതാണ് ദേവസ്വത്തിന്റെ നിയമം. ആ ദേവസ്വത്തിന്റെ നിയമത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. പിന്നെ, ശബരിമല അയ്യപ്പന്‍ എന്ന് പറയുന്നത്, അയ്യപ്പന്‍ മാത്രമല്ല. എല്ലാ ദേവന്‍മാരേയും മൈനര്‍ ആയിട്ടാണ് ഭരണഘടന നിശ്ചയിച്ചിട്ടുള്ളത്. മൈനര്‍ ആയ ആളുടെ വസ്തു വില്‍ക്കാനാവില്ല എന്ന് പറയുന്നത് പോലെ മൈനറിന്റെ ഒരവകാശവും വേറെയാര്‍ക്കും എടുക്കാന്‍ സാധിക്കില്ല.

മൈനറിന്റെ അവകാശം, അല്ലെങ്കില്‍ ഡയറ്റിയുടെ അധികാരം, ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുന്നതിനാല്‍ ദേവസ്വം ബോര്‍ഡാണ് മൈനറുടെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത്. മൈനറായ ഡയറ്റിയുടെ പിതൃസ്ഥാനീയനാണ് ദേവസ്വം ബോര്‍ഡ്. ആ രീതിയില്‍ കേസ് കൈകാര്യം ചെയ്തിരുന്നെങ്കില്‍ തുടക്കത്തില്‍ തന്നെ നമുക്ക് ജയിക്കാമായിരുന്നു. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് അത് ഇതുവരെ ചെയ്തിട്ടില്ല. കേസ് വിധിച്ച് കഴിഞ്ഞ അവസരത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ആദ്യം പറഞ്ഞത് ഞാനായിരുന്നു. ഞാനാണ് ആദ്യം ഹര്‍ജി നല്‍കിയതും. ദേവസ്വം ബോര്‍ഡ് പലതവണ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞിട്ടും നല്‍കിയില്ല. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്നാണ് ഹൈന്ദവന്റെ വിശ്വാസ സംവിധാനത്തെ തകര്‍ത്തത്.

ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ ഇതൊന്നും ശബരിമലയില്‍ നടക്കില്ലായിരുന്നു. അത് ഉറപ്പിച്ച് പറയാം. അവരെന്നെ മാറ്റിയത് കൊണ്ട് സാഹചര്യം ഒത്തുകിട്ടി. അവരുടെ മാനിപ്പുലേഷന് പലതിനും സാധ്യതകളുണ്ടായി. പക്ഷെ അയ്യപ്പന്‍ എല്ലാ സാധ്യതകളും തട്ടിക്കളഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനനന്‍സ് ഇറക്കിയാല്‍ ഏത് വിധിയെയാണ് മറികടക്കാനാവാത്തത്. അതിനുള്ള ആര്‍ജ്ജവം ദേവസ്വം ബോര്‍ഡ് കാണിക്കണം.

മുന്‍കൂട്ടി കാര്യങ്ങള്‍ കണ്ട് ചെയ്യുന്നതില്‍ കഴിയുവള്ളയാളാണ് ഞാനെന്ന് മനസ്സിലാക്കണമെങ്കില്‍ മില്‍മ എടുത്താല്‍ മതി. ഞാനുണ്ടാക്കിയതാണ് മില്‍മ. 30 കോടികൊണ്ട് തുടങ്ങിയ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വാര്‍ഷിക ടേണ്‍ഓവര്‍ 2360 കോടി രൂപയാണ്. അതുകഴിഞ്ഞ് ചടയമംഗലത്ത് എംഎല്‍എ ആയപ്പോള്‍ ജഡായു പാറ പ്രോജക്ട് കൊണ്ടുവന്നു. ഏഷ്യയിലെ ഏറ്റവും വലിയ പ്രോജ്ക്ടായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. ബാലകൃഷ്ണപിള്ള രാജിവച്ചപ്പോള്‍ എന്നെ മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാനാക്കി. നാല് മാസം കൊണ്ട് ആ ഒരു ഓര്‍ഗനൈസേഷന്‍ വഴി 34 കോടി രൂപ പാവപ്പെട്ട മുന്നോക്കക്കാര്‍ക്ക് കൊടുക്കാനുള്ള ക്രമീകരണം ഉണ്ടാക്കി. പിന്നെ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിലെ അഴിമതി ഒഴിവാക്കുക എന്ന് പറയുന്നത് തന്നെ ഭഗീരഥപ്രയത്‌നമാണ്. അതിലെല്ലാം എന്റെ പരിമിതികളില്‍ നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്തു.

പമ്പയിലെ യോഗവും സ്ഥാനമാറ്റവും

സര്‍ക്കാര്‍ അധികാരമേറ്റ ആ വര്‍ഷമാണ് പമ്പയില്‍ ശബരിമല സംബന്ധിച്ച യോഗം നടന്നത്. അന്ന് മുഖ്യമന്ത്രി 365 ദിവസം ക്ഷേത്രം തുറന്ന് തിരക്ക് കുറക്കണമെന്ന് പറഞ്ഞു. സ്വാഭാവികമായും ഞാന്‍ ഒക്കത്തില്ല എന്ന് പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ നിലപാടുകള്‍ ഫ്ലെക്സിബിൾ അല്ലായിരുന്നു. വിശ്വാസാധിഷ്ഠിതമായിരുന്നു. മുഖ്യമന്ത്രിയുടെ സ്‌നേഹത്തിന് വേണ്ടി സംസാരിക്കാന്‍ എനിക്ക് പറ്റിയില്ല. അയ്യപ്പനിലുള്ള വിശ്വാസവും എന്റെ ഉത്തരവാദിത്തവും അനുസരിച്ചേ ഞാന്‍ സംസാരിച്ചുള്ളൂ. മുഖ്യമന്ത്രിക്ക് താത്പര്യമില്ലാത്തത് സംസാരിച്ചപ്പോള്‍ അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അദ്ദേഹം എന്നെ മാറ്റി.

ഒരുകണക്കിന് എന്നെ മാറ്റിയത് നന്നായി. ഈ ദുരന്ത ഭൂമിയില്‍ ഞാനെത്രമാത്രം വേദനിക്കുമായിരുന്നു എന്നത് ഊഹിക്കാവുന്നതാണ്. അന്ന് യോഗത്തില്‍ തിരുപ്പതി ക്ഷേത്രവും ശബരിമലയും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ അദ്ദേഹം ഡിസിപ്ലിനെപ്പറ്റി മാത്രമായിരിക്കും ഉദ്ദേശിച്ചിരിക്കുക. തിരുപ്പതിയിലെ ദേവനും ശബരിമലയിലെ ദേവനും രണ്ടാണെന്നും തിരുപ്പതിയെ ശബരിമലയാക്കാനോ ശബരിമലയെ തിരുപ്പതിയാക്കാനോ പറ്റില്ല എന്നും അദ്ദേഹം മനസ്സിലാക്കിയിട്ടില്ല.

പമ്പയില്‍ നടന്ന യോഗത്തിന് ഏതാണ്ട് 15 ദിവസം കഴിഞ്ഞാണ് എന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുന്നത്. എന്നാല്‍ എനിക്ക് യാതൊരുവിധ സൂചനകളും ലഭിച്ചിരുന്നില്ല. പത്മകുമാറിന്റെ നിയമനത്തിലൂടെ അവരുടെ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പിന് അധികാരം നല്‍കുകയായിരുന്നു. ശബരിമലയില്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി കളിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ വര്‍ഷം മുഴുവന്‍ ശബരിമല തുറക്കണമെന്ന് അവര്‍ ആഗ്രഹിച്ചാല്‍ പോലും അത് നടക്കില്ല. ഏത് കാര്യം ആഗ്രഹിച്ചാലും, അതിലെ എതിര്‍കക്ഷികള്‍ എത്ര ശക്തരാണോ അതിനനുസരിച്ചായിരിക്കും അതിന്റെ ഗ്രാവിറ്റിയും, തീരുമാനവും നടപ്പാക്കലുമെല്ലാം.

ദേവസ്വം ബോര്‍ഡിന്റെ മെഡിക്കല്‍ കോളേജ് ഉണ്ടാക്കിയ അസ്വസ്ഥതകള്‍

എരുമേലിയില്‍ ഡീമ്ഡ് മെഡിക്കല്‍ കോളേജ് ഉണ്ടാക്കുന്നതിന് ഞാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ ഒരു നീക്കം നടത്തി. 61 ശതമാനം ദേവസ്വത്തിന് എക്‌സ്‌ക്ലൂസീവ് ആയ പങ്കാളിത്തം, 49 ശതമാനം മറ്റ് ദേവസ്വം ബോര്‍ഡുകള്‍, ക്ഷേത്രങ്ങള്‍, ഹിന്ദു സംസ്‌കാരവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം എന്നതായിരുന്നു. അതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കൊണ്ട് എരുമേലിയിലെ ഭൂമി സംബന്ധിച്ച് ഒരു സര്‍വേ നടത്തി. എരുമേലിയിലെ കൊച്ചമ്പലം, വലിയമ്പലം, സ്‌കൂള്‍, ഗ്രൗണ്ട് എല്ലാം കൂടി 14 ഏക്കറേയുള്ളൂ. പക്ഷെ രാജഭരണ കാലത്തെ ചെമ്പുപട്ടയ പ്രകാരം എരുമേലിയിലെ ക്ഷേത്രവും അനുബന്ധവും മാത്രം 380 ഏക്കര്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. നിയതമായ രേഖകളൊന്നും പൂര്‍ണമായിട്ടില്ല.

ഹാരിസണ്‍ ഭൂമിയുടെ കാര്യത്തിന് രാജമാണിക്യം കമ്മീഷനെ നിയോഗിച്ചിരുന്നു. രാജമാണിക്യം കമ്മീന്റെ റിപ്പോര്‍ട്ടില്‍ എരുമേലി ദേവസ്വത്തിന്റേതായി 100 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിരുന്നു. ഈ നൂറ് ഏക്കര്‍ സ്ഥലം ബിലീവേഴ്‌സ് ചര്‍ച്ച് ഇപ്പോള്‍ കൈവശപ്പെടുത്തിയിരിക്കുന്ന സ്ഥലത്തില്‍ പെടുന്നു എന്നൊരു അഭ്യൂഹവുമുണ്ട്. ഈയൊരു കാര്യത്തില്‍ ഞാന്‍ വളരെ ശ്രദ്ധയോടുകൂടി ഒരു നീക്കം നടത്തിയപ്പോഴാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അല്ലെങ്കില്‍ എനിക്കെതിരായ ഒരു നീക്കം ഉണ്ടായത്. ഞാന്‍ ഏതെങ്കിലും രീതിയില്‍ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ പോരായ്മ കാണിച്ചിട്ടുണ്ടെങ്കില്‍ ഏത് അന്വേഷണവും നിങ്ങള്‍ക്ക് നടത്താം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ദേവസ്വത്തിന്റെ സ്ഥലം ആരെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കില്‍ അത് വേറെ ഇത് വേറെ എന്നും പറഞ്ഞു. അതിന് ശേഷം ദേവസ്വം ബോര്‍ഡിനെതിരായിട്ട് പോലും ചില കേന്ദ്രങ്ങളില്‍ നിന്ന് അപശബ്ദങ്ങള്‍ ഉണ്ടായി. പക്ഷെ അതെല്ലാം അതുപോലെ തന്നെ കെട്ടടങ്ങി. പക്ഷെ കെട്ടടങ്ങി എന്ന് പറഞ്ഞാല്‍, ഞങ്ങളുടെ പ്രോജക്ട് നിശ്ചലമായി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൊടുവള്ളി എസ്‌റ്റേറ്റിലെ നൂറേക്കര്‍ സ്ഥലമെടുത്ത് അവിടെയൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റ് ആശുപത്രി തുടങ്ങാന്‍ ബോര്‍ഡ് തീരുമാനവുമെടുത്തതുമാണ്. ദേവസ്വം ബോര്‍ഡ് ആദ്യം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങി, പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള ചുവട് വെക്കാമെന്നായിരുന്നു. അതിനെ എല്ലാം തകര്‍ത്തു. പല ആളുകളും വളരെ ഓര്‍ഗനൈസ്ഡും അവര്‍ വളരെ സ്വാധീനമുള്ളവരുമാണ്. പിന്നെ അവര്‍ക്ക് ഇതെല്ലാം കാശ് കൊടുത്ത് വാങ്ങാമെന്ന ധാരണയുള്ളവരുമാണ്.

എരുമേലി വിമാനത്താവളത്തിന്റെ കാര്യത്തിലും, ആ സ്ഥലത്തിന്റെ കാര്യത്തിലും പിണറായി വിജയനും ബിലീവേഴ്‌സ് ചര്‍ച്ചിനും ഓരോ താത്പര്യങ്ങളുണ്ടാവാം. ഞാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ എന്റെ താൽപ്പര്യം അവിടെ തീര്‍ന്നു. നടക്കാത്ത കാര്യത്തിന് പഴി പേറുമെന്നതുകൊണ്ടും, അധ്വാനിച്ചിട്ട് നടക്കാതെ വന്നാല്‍ ബിഗ് സീറോ ആവുമെന്നുള്ളതുകൊണ്ടും ഞാന്‍ മിണ്ടിയിട്ടില്ല. പക്ഷെ പിന്‍മാറിയിട്ടില്ല. എല്ലാത്തിലും ഓരോ താത്പര്യങ്ങള്‍ ഉണ്ടെന്നത് മാത്രമേ എനിക്കറിയാവൂ. അതില്‍ കൂടുതല്‍ ഒന്നും അറിയില്ല. ഏത് കാര്യവും താൽപ്പര്യമുള്ളവർ അവരുടെ ഇഷ്ടാനുസരണം ഉപയോഗിക്കും. കാരംസ് കളിക്കുമ്പോള്‍ ഒരു കോയിന്‍ മാത്രം വീണാല്‍ ആള് ജയിക്കില്ലല്ലോ. അതിനടുത്തുള്ളവരെയും കൂടി തട്ടിയും മുട്ടിയും വീഴ്ത്താനുള്ള ശ്രമം നടക്കുമല്ലോ. എന്ന് പറയുന്നത് പോലെ സ്ഥാപിത താൽപ്പര്യങ്ങൾ ഉള്ളവര്‍ക്ക് ഒന്നിക്കാന്‍ അധിക സമയം വേണ്ട.

കാലാവധി വെട്ടിക്കുറച്ചുകൊണ്ടാണ് എന്നെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വിഷയമാണോ, അതോ പമ്പയിലെ യോഗമാണോ അതിന് കാരണമായതെന്ന് ചോദിച്ചാല്‍ ഉത്തരം വ്യക്തമായി പറയുക വയ്യ. ഉത്തരം എനിക്കും അത്ര വ്യക്തമല്ല.

https://www.azhimukham.com/newswrap-humanrights-violation-in-sabarimala-writes-saju/

https://www.azhimukham.com/kerala-sabarimala-women-entry-protest-continue-live-streaming/

https://www.azhimukham.com/newswrap-fairadieu-absurds-of-prayargopalakrishnan-sajukomban/

https://www.azhimukham.com/prayar-gopalakrishnan-devaswam-board-pampa-women-pilgrimage-ramya/

https://www.azhimukham.com/news-wrap-will-not-allow-to-make-sabarimala-as-thailand-prayar-gopalakrishnan-sajukomban/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories