UPDATES

വായന/സംസ്കാരം

കെ സച്ചിദാനന്ദന്‍ അഭിമുഖം: ജനാധിപത്യമില്ലെങ്കില്‍ വെറും ശരീരമായി ജീവിച്ചിട്ട് കാര്യമില്ല, ഭീഷണിക്ക് മുമ്പില്‍ നിശബ്ദനാകില്ല

ഏതെങ്കിലുമൊരാള്‍ ഒരു ദിവസം വാതില്‍ തുറന്ന് വന്ന് വെടിവയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്‌തേക്കാമെന്ന് ഞാനെന്റെ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌

അടിയന്തരവാസ്ഥയുടെ 44-ാം വാര്‍ഷികമാണിന്ന്. സമഗ്രാധിപത്യത്തെക്കുറിച്ചു കുടുതലായി അനുഭവപ്പെടുന്ന കാലം. മനുഷ്യാവകാശങ്ങളെയും ഭരണഘടനയിലെ മുല്യങ്ങള്‍ സംരക്ഷിക്കപെടേണ്ടതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്ന കാലം. ഫാസിസത്തിന് അധികാരത്തിലെത്താന്‍ ഭരണഘടനപരമായ രീതികള്‍ ഉണ്ടെന്ന ബോധ്യപ്പെടുത്തുന്ന കാലം.
ഈ സാഹചര്യത്തില്‍ വര്‍ത്തമാന കാല ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും എഴുത്തുകാരന്‍ എന്ന രീതിയില്‍ നടത്തുന്ന പ്രതിരോധങ്ങളെക്കുറിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് അരുണ്‍ ടി വിജയനമായുള്ള അഭിമുഖത്തില്‍ കവിയും ചിന്തകനുമായ കെ സച്ചിദാനന്ദന്‍.

ഇനിയും നമ്മെ കാത്തിരിക്കുന്നത് അടിയന്തരവാസ്ഥയുടെ ആ പഴയകെട്ട കാലം തന്നെയാണോ

ഇന്ത്യന്‍ ജനാധിപത്യം ഇതുവരെ നേരിടാത്ത തലങ്ങളിലൂടെ കടന്നുപോകുകയാണ്. അടിയന്തരാവസ്ഥ കാലത്ത് നമുക്ക് അറിയാമായിരുന്നു, ഇത് എന്നെങ്കിലും അവസാനിക്കുമെന്ന്. നിയമത്തിന്റെ ദുരുപയോഗമാണ് അടിയന്തരാവസ്ഥ കാലത്ത് നടന്നത്. ഭരണഘടനയിലെ ചില വകുപ്പുകള്‍ ഉപയോഗിച്ച് ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണ് അന്നത്തെ ഭരണകൂടം ചെയ്തത്. എന്നാല്‍ ഇന്ന് നേരെ മറിച്ച് ജനാധിപത്യപരമായ അവകാശത്തിലൂടെ അധികാരത്തിലേറിയവര്‍ ഭരണഘടനയെ നിശബ്ദമാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഒരുപക്ഷെ ഇവിടുത്തെ ഫാസിസ്റ്റ് ശക്തികള്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ഭരണഘടനയെ തന്നെയാണ്. കാരണം, അതിലെ നിയമങ്ങള്‍ ഇന്ത്യയെക്കുറിച്ചുള്ള സങ്കല്‍പ്പം, മതേതരമായ ഇന്ത്യയെക്കുറിച്ച്, സ്വതന്ത്രമായ റിപ്പബ്ലിക്ക് എന്ന ഇന്ത്യയെക്കുറിച്ച് അവര്‍ ശരിക്കും ഭയപ്പെടുന്നുണ്ട്. കാരണം ആ പ്രത്യയശാസ്ത്രങ്ങള്‍ക്കെല്ലാം എതിരായി നില്‍ക്കുന്ന ഒരു വിഭാഗമാണ് ഇന്ത്യയുടെ ഭരണകര്‍ത്താക്കളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

അവരെ സംബന്ധിച്ച് അവര്‍ ഇന്ത്യയെ മതേതര രാഷ്ട്രമായി കാണാന്‍ ആഗ്രഹിക്കുന്നില്ല. വളരെക്കാലം മുമ്പ് ഹിന്ദുമഹാസഭയുടെ കാലത്ത് തന്നെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണം എന്ന് വാദിച്ചുകൊണ്ടിരുന്ന ആളുകളാണ് ഇന്ന് ഭരണത്തില്‍ വന്നിട്ടുള്ളത്. അതുമാത്രമല്ല, അഭൂതപൂര്‍വമായ സമ്മതിയോടെയാണ് അവരിന്ന് ഭരണത്തിലെത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യസഭ എന്ന പ്രതിബന്ധം അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ നവംബറോടെ ഒരുപക്ഷെ രാജ്യസഭയിലും അവര്‍ക്ക് ഭൂരിപക്ഷം ഉറപ്പായേക്കും. മൂന്നില്‍ രണ്ട് ഭാഗം ഭൂരിപക്ഷം ഉണ്ടെങ്കില്‍ ഭരണഘടനയുടെ നിയമങ്ങള്‍ പോലും മാറ്റിയെഴുതാന്‍ അവര്‍ക്ക് സാധിക്കും. ഇത്തരം അവകാശങ്ങളെ അവരെങ്ങനെ ഉപയോഗിക്കാന്‍ പോകുന്നുവെന്ന ഭീതികളാണ് നമ്മുടെയെല്ലാം മനസില്‍ ആദ്യമായി നിറയുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭീതി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമോയെന്ന ഭയമാണ്. അത്തരം ഭയം മുമ്പേ തന്നെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. അത് ന്യൂനപക്ഷങ്ങളെ ബാധിക്കപ്പെടുന്ന കാലം- ദലിതര്‍ക്കും ആദിവാസികള്‍ക്കും മുമ്പെങ്ങും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തില്‍ ഭീകരമായ അന്യവല്‍ക്കരണം നേരിടേണ്ടി വന്ന കാലം കൂടുതല്‍ ഭയാനകമാകും എന്ന സൂചനകളാണ് ഈ ഭരണകൂടം തെരഞ്ഞെടുക്കപ്പട്ടപ്പോള്‍ തന്നെ നമുക്ക് ലഭിക്കുന്നത്. ഗുഡ്ഗാവിലും ബിഹാറിലുമുണ്ടായ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ഗോവധത്തിന്റെ പേരിലായാലും മുസ്ലിം പേര് ഉണ്ടായി എന്ന ഒറ്റക്കാരണത്താലാണെങ്കിലും കൊല്ലപ്പെടാന്‍ പോകുന്ന കാലം വരുന്നതിന്റെ സൂചനകളാണ് നമുക്ക് മുന്നിലുള്ളത്.

മറ്റൊരു ആളായിരുന്നെങ്കില്‍ മറ്റൊരു വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്ന ഒരു കാലമാണ്. ചരിത്രത്തില്‍ തനിക്കൊരു സ്ഥാനം വേണമെന്നും ഇന്ത്യയുടെ നല്ല നേതാവായി തനിക്കൊരു ഇടം വേണമെന്നും ചിന്തിക്കുന്ന ഒരാളാണെങ്കില്‍ നയങ്ങള്‍ മാറ്റാനും ഒരു പുനര്‍ചിന്തയ്ക്കും സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തുടക്കത്തില്‍ തന്നെ വിദ്വേഷത്തിന്റെ രാഷ്ട്രീയം പറയാനാണ് ഇവര്‍ ശ്രമിക്കുന്നത്. കുട്ടിക്കാലം മുതല്‍ അത്തരമൊരു രാഷ്ട്രീയം കൊണ്ടുനടക്കുന്നയാള്‍ക്ക് അത്തരമൊരു മാറ്റം സാധ്യമാകില്ലയെന്നാണ് തോന്നുന്നത്. അല്ലങ്കില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരാള്‍ ആക്രമിക്കപ്പെടുകയില്ല. മറ്റുചിലര്‍ ഗോമാംസം കടത്തിയെന്ന ആരോപണവുമായി പേരില്‍ ആക്രമിക്കപ്പെടുന്നു. ഇതെല്ലാം ഈ ദിവസങ്ങളില്‍ കണ്ടിരുന്നു. അതേ ഭീതി ദലിത് വിഭാഗത്തെയും ബാധിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇനി ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയുക എന്ന ആശങ്ക എല്ലാവരുടെയും മനസുകളെ കീഴടക്കുന്ന ഒരു കാലമാണ് ഇത്.

അതേസമയം ഇന്ത്യയിലെ പൊതുബുദ്ധിജീവികള്‍ക്ക് അല്ലെങ്കില്‍ ഇടതുപക്ഷ സ്വതന്ത്ര ബുദ്ധിജീവികളുടെ, എഴുത്തുകാരുടെ കവികളുടെ  എല്ലാം പങ്ക് വളരെ കൂടുതലാകേണ്ട കാലം കൂടിയാണ് ഇത്. അതുകൊണ്ട് ഒരിക്കലും നിശബ്ദരാകാന്‍ നമുക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. 2014ല്‍ തന്നെ ഡല്‍ഹിയില്‍ ഞങ്ങള്‍ റൈറ്റേഴ്‌സ് ഫോറം എന്നൊരു സംഘടന രൂപീകരിച്ചിരുന്നു. ഇന്ത്യയെക്കുറിച്ചും രാജ്യം കടന്നുപോകുന്ന   കാലത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്ന സെമിനാറുകളും സിമ്പോസിയങ്ങളുമെല്ലാം സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ജനങ്ങളുടെ ഇടയിലേക്ക് എത്തിയിട്ടില്ലെന്നാണ് ഈ തെരഞ്ഞെടുപ്പില്‍ നിന്നും തെളിഞ്ഞിരിക്കുന്നത്.

നമ്മളിത്രയും കാലം കെട്ടകാലത്തെക്കുറിച്ച് ബോധ്യം വന്ന ആളുകള്‍ തന്നെ പരസ്പരം സംസാരിക്കുകയാണ് ചെയ്തത്.

ജനങ്ങളുമായി നിരന്തരം സംസാരിക്കുന്നതും അവരുമായി അടുത്ത് നില്‍ക്കുന്നതും പൊതുമാധ്യമങ്ങളാണ്. വടക്കേ ഇന്ത്യയില്‍ ജീവിക്കുന്നതിനാല്‍ എനിക്ക് മനസിലായ ഒരു കാര്യമാണ് അത്. അവിടെ ഏറ്റവും പ്രചാരമുള്ള ദൈനിക് ജാഗരണ്‍ എന്ന പത്രമാണ്. അത് വലതുപക്ഷത്തെ പിന്തുണയ്ക്കുന്ന ഒരു പത്രമാണ്. അതുപോലെ അംബാനിയുടെ കീഴിലാണ് നൂറിലേറെ ടെലിവിഷന്‍ ചാനലുകള്‍ ഉള്ളത്. സാക്ഷരരായ ആളുകള്‍ പത്രങ്ങള്‍ വായിക്കുന്നു, സാക്ഷരത പോലുമില്ലാത്ത ആളുകള്‍ ടെലവിഷനില്‍ പരിപാടികള്‍ കാണുന്നു. അവരുടെ അടുത്തേക്ക് ഒരിക്കലും സത്യം എത്തുന്നതേയില്ല.

അതുകൊണ്ടാണോ മോദിക്ക് അനുകൂലമായ തരംഗം എല്ലായ്‌പ്പോഴും വടക്കു നിന്ന് മാത്രമുണ്ടാകുന്നത്?

അതുകൊണ്ടായിരിക്കണം വടക്കു നിന്നും ഇതുണ്ടാകുന്നത്. പിന്നെ പൊതുവായ ഒരു നിരക്ഷതയും പൊതുവായ രാഷ്ട്രീയ ബോധത്തിന്റെ അഭാവവും. രണ്ട്, പ്രചാരണത്തിന്റെ അതിഭീകരമായ ശക്തി. കോടിക്കണക്കിന് രൂപയാണ് പ്രചാരണത്തിനായി ചെലവഴിക്കപ്പെടുന്നത്. അത് പരസ്യങ്ങളിലൂടെയാകാം. നമോ ടിവി പോലെ താല്‍ക്കാലികമായി വരുന്ന ചാനലുകളിലൂടെയോ ആകാം. പക്ഷെ, ആ ചാനലുകള്‍ പോലും ആവശ്യമില്ലാതാക്കുന്ന റിപ്പബ്ലിക് ടി വി പോലുള്ള ചാനലുകളും ഇവിടെയുണ്ട്. സ്വതന്ത്രമെന്ന് വിചാരിക്കുന്ന ചാനലുകളില്‍ പോലും പരിപാടികള്‍ സംവേദനം ചെയ്യുന്നത് വലതുപക്ഷത്തിന്റെ സന്ദേശമാണ്.

ഇലക്ഷന്‍ എന്നതിനേക്കാള്‍ ഉപരി ഹിന്ദുക്കളായി ജനിച്ച ആളുകളുടെ മനസിനെ വിദ്വേഷം കൊണ്ട് കീഴടക്കുന്നതിലും വിജയിച്ചിരിക്കുന്നു. ആ വിജയം തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ വലുതാണ്. അത് ദീര്‍ഘകാല പ്രത്യാഘാതം ഉള്ളതാണ്. കാരണം, ഭരണത്തില്‍ നിന്നും പോയാല്‍ പോലും ആ വിദ്വേഷം നിലനില്‍ക്കാന്‍ ഇടയുണ്ട്. ഇപ്പോള്‍ തന്നെ ധാരാളം കാര്യങ്ങള്‍ ഇന്ത്യാ വിഭജനത്തെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ഉദാഹരണത്തിന് ഹിന്ദുക്കള്‍ക്ക് വേറെ രാജ്യം വേണമെന്ന് സവര്‍ക്കാറാണ് ആദ്യം വാദിച്ചത്. അത്തരമൊരു ഭീഷണിയുണ്ടായപ്പോഴാണ് ജിന്ന മുന്നോട്ടുവരുന്നതും ഇന്ത്യാ വിഭജനം നടന്നതെന്നുമുള്ള വിവരങ്ങള്‍ ആര്‍ക്കൈവുകളില്‍ നിന്നുതന്നെ പുറത്തുവരുന്നുണ്ട്.

ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അന്നും പുലര്‍ത്തിപ്പോന്നിരുന്നു ഇവിടെ. ധാരാളം സംഘടനകള്‍ അതിനായി ഇവിടെയുണ്ടാകുകയും ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, സനാതന്‍സന്‍സ്ത പോലുള്ള സംഘടനകള്‍ ഉണ്ടായി. ഇതില്‍ പലതിന്റെയും    വേരുകള്‍ കിടക്കുന്നത് വടക്കേ ഇന്ത്യയിലാണ്. കാരണം, ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യമാണ് അവര്‍ പ്രധാനമായിട്ടും ഉയര്‍ത്തുന്നത്. വിശ്വഹിന്ദു പരിഷതിന്റെ വെബ്‌സൈറ്റില്‍ ഞാന്‍ കയറി നോക്കിയിട്ടുണ്ട്. അവരുടെ ലക്ഷ്യമായി അവര്‍ പറയുന്നത് ഇന്ത്യയുടെ ഹിന്ദുവല്‍ക്കരണവും ഹിന്ദുവിന്റെ സായൂധീകരണവും എന്നാണ്. ആ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്ന ഒരുഘട്ടത്തിലാണ് നാമിന്ന് എത്തിപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ തെക്കേ ഇന്ത്യയുടെ അനുഭവമെന്തായിരിക്കുമെന്ന് പറയാന്‍ വിഷയമമാണ്. കര്‍ണാടക ഒഴിച്ചുനിര്‍ത്തിയുള്ള തെക്കേ ഇന്ത്യയില്‍ നിന്നും നോര്‍ത്ത് ഈസ്റ്റിലെ ചില സ്ഥലങ്ങളില്‍ നിന്നും പഞ്ചാബില്‍ നിന്നും പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചില അടയാളങ്ങള്‍ ഉയരുന്നുണ്ട്. അത് തെരഞ്ഞെടുപ്പ് ഫലത്തിലും കാണാം. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളോട് എങ്ങനെയായിരിക്കും കേന്ദ്രസര്‍ക്കാര്‍ പെരുമാറുക എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ ഈ പ്രദേശങ്ങളിലും മറ്റ് ചില പ്രദേശങ്ങളിലും വിയോജിക്കുന്ന വ്യക്തികളോടും എഴുത്തുകാരോടും ബുദ്ധിജീവികളോടും എന്തുതരം സമീപനമാണ് പുലര്‍ത്തുക എന്നുള്ളതുമായ വലിയൊരു ഉല്‍ക്കണ്ഠ നമുക്കുണ്ട്.

ഇപ്പോഴത്തെ ഭൂരിപക്ഷം ഇല്ലാതിരിക്കുമ്പോള്‍ പോലും അവര്‍ക്ക് ഗൗരി ലങ്കേഷിനെയോ അല്ലങ്കില്‍ ധാബോല്‍ക്കറെയോ ഒക്കെ വധിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ആത്മീയവാദിയായ കല്‍ബുര്‍ഗിയെ പോലെ ഒരാളെ വധിക്കാന്‍ പ്രയാസമുണ്ടായില്ല. പന്‍സാരെയെ പോലൊരാളെ വധിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. അതുകൂടാതെ ഗോമാംസം ഉപയോഗിച്ചതിന്റെ പേരിലോ അത് കയറ്റുമതി ചെയ്തതിന്റെ പേരിലോ പലരെയും തല്ലിക്കൊല്ലാന്‍ പ്രയാസമുണ്ടായിരുന്നില്ല.

അതേ ശക്തി തിരിച്ചുവരുമ്പോള്‍ നാം വളരെയധികം ഭയപ്പെടുന്നത് ഈ ആക്രമണങ്ങള്‍ വളരെയധികം വര്‍ധിക്കുമെന്നും ഈ പ്രദേശം ഒരു ഇരുട്ടിന്റെ ഭൂമിയായി മാറുമെന്നുമാണ്. അതുകൊണ്ട് തന്നെ ചെറുത്തുനില്‍പ്പിന്റെ ശബ്ദങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ടതുണ്ട്. അതുണ്ടാകുക മാത്രമല്ല, അത് ജനങ്ങളിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ കൂടുതലുണ്ടാകേണ്ടതുണ്ട്.

ഈ വരുന്ന അഞ്ച് വര്‍ഷക്കാലം നാമെങ്ങനെയാണ് പ്രതിരോധിക്കുന്നത് അല്ലെങ്കില്‍ പ്രതിരോധിക്കേണ്ടത്?

എന്റെ അഭിപ്രായത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാണ് ഇന്നത്തെ കാലത്ത് ജനങ്ങളോട് കൂടുതല്‍ സംവദിക്കാന്‍ സാധിക്കുകയുള്ളൂ

വന്‍ പത്രങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ടിംഗില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് ചെറിയ മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന സമാന്തര മാധ്യമങ്ങളെ ആശ്രയിച്ചാണ് ഈ പ്രതിരോധം സാധ്യമാക്കേണ്ടത്. സമാന്തര മാധ്യമങ്ങള്‍ക്ക് അനുകൂലമായ ഒരു സാഹചര്യം നിലവിലുണ്ടെങ്കിലും ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിയ്ക്കുന്ന പ്രസിദ്ധീകരണങ്ങളുമായി മത്സരിക്കുന്നതിന് പരിമിതകളുമുണ്ട്. അവര്‍ക്ക് എവിടെ നിന്നെങ്കിലും ഫണ്ടുകള്‍ സ്വീകരിച്ചായിരിക്കും പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഓഡിറ്റിംഗിന്റെയും മറ്റും പേരില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ടീസ്റ്റ സെതല്‍വാളിന്റെയൊക്കെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അവരെ നിശബ്ദയാക്കാന്‍ വേണ്ടി നിരന്തരമായി കേസുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. കേസില്‍ അന്തിമ വിജയം ടീസ്റ്റയുടേതായാലും അവര്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ സമയമില്ലാതായി

ഈ സമാന്തര മാധ്യമങ്ങളെ എങ്ങനെ കൂടുതല്‍ ആളുകളില്‍ എത്തിക്കാമെന്നതിലായിരിക്കണം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.

പുറത്തുള്ള സാമ്പത്തിക ചിന്തകര്‍ക്ക് പോലും മനസിലാകുന്നുണ്ട് നമ്മുടെ രാജ്യം എത്രമാത്രം സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന്. എന്നിട്ടും ഇവിടെയുള്ളവര്‍ക്ക് അത് മനസിലാകുന്നതേയില്ല. തോമസ് പിക്കറ്റി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സാമ്പത്തിക ചിന്തകര്‍ക്ക് പോലും ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാകുന്നുണ്ട്. അതേസമയം നമ്മുടെ ചിന്തകര്‍ക്ക് വേണ്ട രീതിയില്‍ സാധാരണ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നില്ല. അതിന് ചിലപ്പോഴൊക്കെ ഭാഷ ഒരു തടസമാണ്. ജനങ്ങളുടെ ഭാഷയില്‍ എങ്ങനെ സംസാരിക്കും എന്ന ഒരു ചോദ്യം ഉയര്‍ന്നു വരുന്ന ഒരു കാലമാണ് ഇത്. ഗാന്ധിക്കും മറ്റും വിജയിക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷ അവര്‍ക്ക് വികസിപ്പിക്കാന്‍ കഴിഞ്ഞു എന്നതിനാലാണ്. ഹിന്ദു മതത്തിന്റെ ചില പ്രതീകങ്ങളെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യത്തിന്റെയും അധിനിവേശത്തിന്റെയും ഒരു സന്ദേശമാണ് അദ്ദേഹം നമുക്ക് കൈമാറിയത്.

ഇപ്പോള്‍ നിലവിലിരിക്കുന്ന കര്‍ക്കശമായ ഭാഷയില്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയുമൊന്നും ഭാഷ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് പുതിയ ഭാഷ നാം കണ്ടെത്തേണ്ടിയിരിക്കുന്നു.

സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ എങ്ങനെയാണ് സമൂഹത്തില്‍        സ്വാധീനം ചെലുത്തുന്നത്

ഫെയക്ക് ഐഡികള്‍ ഉപയോഗിച്ചും സൈബര്‍ പോരാളികളെ ഉപയോഗിച്ചുമാണ് ഇത്തരം നുണപ്രചരണങ്ങള്‍ ഇവിടെ നടക്കുന്നത്. രണ്ട് തരം സംഘങ്ങളാണ് ഇത്തരത്തില്‍ ഇവിടെയുള്ളത്. സൈബര്‍ പോരാളികളും മോട്ടോര്‍ സൈക്കിള്‍ പോരാളികളുമാണ് അവര്‍. എവിടെയെങ്കിലും എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ന്നാല്‍ അത് നിശബ്ദരായിരുന്ന് കേട്ടിരിക്കുകയും ആരൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് സംഘത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് മോട്ടോര്‍ സൈക്കിള്‍ പോരാളികള്‍. സൈബര്‍ പോരാളികള്‍ വലതുപക്ഷത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ഏറ്റവും മോശമായ ഭാഷയില്‍ കൈകാര്യം ചെയ്യുകയാണ് ചെയ്യുന്നത്. സ്ത്രീകളോടാണെങ്കില്‍ പറയുകയും വേണ്ട. അപ്പോള്‍ കൂടുതല്‍ മോശമായ ഭാഷ ഉപയോഗിച്ച് അവരെ നിശബ്ദരാക്കാന്‍ സൈബര്‍ പോരാളികള്‍ ശ്രമിക്കും. അതിന്റെ തീവ്രമായ പ്രകാശനമാണ് ഗൗരി ലങ്കേഷിന്റേത് ഉള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍. അതിനെ പ്രതിരോധിക്കാന്‍ അതനുസരിച്ചുള്ള പോരാളികള്‍ ഇവിടെയും വേണം. പോരാളികള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് അവരുടേത് പോലെയല്ല. കൂടുതല്‍ ജനങ്ങളുമായി   സംവദിക്കാനും ആശയം അറിയിക്കാനും പറ്റുന്ന മാധ്യമങ്ങള്‍ ഇവിടെയുണ്ടാകണം. വിദ്വേഷത്തിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ പറ്റുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇവിടെയുണ്ടാകേണ്ടത്. അതിലൂടെയായിരിക്കും ഒരു പുതിയ ബോധവല്‍ക്കരണം നടക്കുക.

ഇനി വരുന്ന അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് കൂടുതല്‍ ആളുകള്‍ നിശബ്ദരാക്കപ്പെടാന്‍ പോകുകയാണെന്ന് എനിക്ക് തോന്നുന്നു. ഇനി അതിനെക്കുറിച്ചൊന്നും സംസാരിച്ചിട്ട് കാര്യമില്ലെന്ന് എന്നെ പോലുള്ള ആളുകള്‍ക്ക് പോലും തോന്നിത്തുടങ്ങിയിട്ടുണ്ട്.

മാഷിന് പേടിയുണ്ടോ?

പേടിയല്ല, സിനിക്കല്‍ ആകുന്നുണ്ട്.  ഞാനെന്റെ കുടുംബത്തോട് പോലും പറഞ്ഞിട്ടുണ്ട്. വാതില്‍ തുറന്ന് വന്ന് ഏതെങ്കിലുമൊരാള്‍ വെടിവയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്‌തേക്കാമെന്ന്. സ്വാതന്ത്ര്യമില്ലങ്കില്‍, ഇവിടെ ജനാധിപത്യമില്ലങ്കില്‍. അത്തരമൊരു സംവിധാനത്തിന് കീഴില്‍ വെറും ശരീരമായി ജീവിച്ചിരുന്നിട്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ എനിക്കും ഒപ്പമുള്ള പലര്‍ക്കുമുള്ള പേടി ഒരുതരം സിനിസിസം ബാധിക്കുമോ എന്നതാണ്. നമ്മള്‍ ഇത്രകാലവും പറഞ്ഞ് നടന്നത് വെറുതെയായോ എന്നൊരു തോന്നലാണ് അത്. മുപ്പത് നാല്‍പ്പത് വര്‍ഷം മുമ്പാണ് നവ ഹൈന്ദവ വാദത്തെക്കുറിച്ച് ഒരു ലേഖനം മാതൃഭൂമിയില്‍ എഴുതുന്നത്. അതിന് ശേഷം ഇത്രയും വര്‍ഷം അതിനെക്കുറിച്ച് അനേകം വേദികളില്‍ സംസാരിക്കുകയും അനേകം ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. ഇത്രയൊക്കെ ചെയ്ത ശേഷവും വിജയിക്കുന്നത് അവര്‍ തന്നെയാണ്.

അഞ്ച് കൊല്ലമെന്നത് ഇപ്പോള്‍ പത്ത് കൊല്ലമായെങ്കില്‍ പോലും നമുക്ക് ആ പ്രത്യാശ കൈവിട്ടുകൂട. എന്നെങ്കിലുമൊരിക്കല്‍ അവര്‍ വിശ്വസിച്ചതെല്ലാം നുണകളായിരുന്നെന്ന് ജനങ്ങള്‍ മനസിലാക്കും എന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ ഒരു ആഭ്യന്തര സമരം കൂടി എല്ലാവര്‍ക്കും നടത്തേണ്ടി വരും. ഒരു കാര്യം ഉറപ്പ് നല്‍കാം. ഞങ്ങളാരും നിശബ്ദരാകാന്‍ പോകുന്നില്ല. കൂടുതല്‍ വലിയ രീതിയിലുള്ള സംഘാടനം നടത്താനുള്ള ശ്രമങ്ങള്‍ ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ട്. അതൊരു പക്ഷത്തിന്റെ ഭാഗമല്ലാത്ത വലിയൊരു സമൂഹത്തിന്റെ ശ്രമങ്ങളാണ്. അതില്‍ രാമചന്ദ്ര ഗുഹയും പ്രകാശ് രാജും എല്ലാവരുമുണ്ടാകാം.

പ്രകാശ് രാജ് വളരെ പോപ്പുലര്‍ ആയതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ശ്രോതാക്കള്‍ കൂടുതലാണ്. അത് സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നുണ്ടാകാം. മമത ബാനര്‍ജിയെയും പിണറായി വിജയനെയും ഉള്‍പ്പെടുത്തി സംഘപരിവാര്‍ ഒരു ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ സംശയമില്ല അത്തരമൊരു നീക്കം അവര്‍ ഉദ്ദേശിക്കുന്നുണ്ടാകും.

എന്നെയും സാറാ ജോസഫിനെയും സക്കറിയയെയും ഒക്കെ ചിത്രങ്ങള്‍ ഉപയോഗിച്ച് അവര്‍ നടത്തുന്ന പ്രചരണങ്ങള്‍ ശ്രദ്ധിച്ചാലും അത് മനസിലാക്കാം. പല വിശ്വാസങ്ങളിലുള്ളവരിലുള്ളവരാണ് ഞങ്ങളെല്ലാം. എന്നാല്‍ പോലും അവരുടെ വേദികളില്‍ ഈ ചിത്രങ്ങളെല്ലാം ഉപയോഗിച്ച് പ്രചരിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരാള്‍ അയാളുടെ മൊബൈലിലെ ചിത്രം കാണിച്ചിട്ട് എന്നോട് ചോദിച്ചത് ഇത് സാറല്ലേ എന്നാണ്. ഞാന്‍ പറഞ്ഞു അതേ ഞാന്‍ സച്ചിദാനന്ദനാണെന്ന്. ‘ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായി പാകിസ്ഥാന്‍ മാറുമെന്ന് സാര്‍ പറഞ്ഞിട്ടുണ്ടോ?’ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. അനന്തമൂര്‍ത്തിയും ഗിരീഷ് കര്‍ണാടുമൊക്കെ പാകിസ്ഥാനില്‍ പോകണമെന്ന് പറഞ്ഞ ഒരു രാഷ്ട്രീയ അവസ്ഥയില്‍ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനം പാകിസ്ഥാനാകാമെന്നാണ് അന്നത്തെ സാഹചര്യത്തില്‍ ഞാന്‍ പറഞ്ഞത്. ഞാന്‍ നല്‍കിയ വിശദീകരണം മനസിലാക്കിയാകാം തല്‍ക്കാലം അയാള്‍ പിന്തിരിഞ്ഞു. പക്ഷെ ഇത്തരം സംഘങ്ങള്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നുണ്ട്. അത് സോഷ്യല്‍ മീഡിയ വഴിയാകാം അല്ലാതെയാകാം. അതെവിടേക്ക് എത്തുമെന്ന് അറിയില്ല. പക്ഷെ ഇത്തരം പ്രചരണങ്ങള്‍ എത്തിച്ചേരുന്നവര്‍ക്ക് നമ്മളെക്കുറിച്ചോ നമ്മുടെ നിലപാടുകളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരാണ്. അവര്‍ വാട്‌സ്ആപ്പ് വഴിയും മറ്റും ലഭിക്കുന്ന സന്ദേശങ്ങളില്‍ നിന്ന് മാത്രമാണ് ആ നിലപാടുകളെ അളക്കുന്നത്.

ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന് അത് എല്ലാത്തിനെയും വെളുപ്പും കറുപ്പും മാത്രമായി കാണുന്നുവെന്നതാണ്. സൂക്ഷ്മമായ ചിന്താഭേദങ്ങളെ അവര്‍ക്കൊരിക്കലും മനസിലാകില്ല. ഒന്നുകില്‍ മിത്രം അല്ലങ്കില്‍ ശത്രു. അതിനിടയ്ക്കുള്ള ഒരു നിലപാട് അവരെ സംബന്ധിച്ച് നിലനില്‍ക്കുന്നതേയില്ല. അതുകൊണ്ട് സ്വാഭാവികമായും അവരുടെ ശത്രു പലരീതിയില്‍ ചിന്തിക്കുന്നവരാണ്. ആത്മീയ രീതിയില്‍ ചിന്തിക്കുന്ന അഗ്നിവേശിനെപ്പോലുള്ളവരും കമ്മ്യൂണിസ്റ്റുകളുമെല്ലാം അവര്‍ക്ക് ഒന്നുതന്നെയാണ്. ആ രീതിയിലുള്ള സമീപനം നിലനില്‍ക്കുന്നിടത്തോളം കാലം ഞങ്ങളുടെയെല്ലാം ജീവനും എഴുത്തിനും വലിയ ഭീഷണിയുണ്ടെന്നതിന് സംശയമില്ല. പക്ഷെ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആളുകളെ ഇത്തരം ഭീഷണികളൊന്നും യാതൊരു വിധത്തിലും നിശബ്ദരാക്കില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വളരെ അപൂര്‍വമായി അങ്ങനെ സംഭവിച്ചേക്കാം. പക്ഷെ അവരാരും എഴുത്ത് നിര്‍ത്തുകയുമില്ല, നിര്‍ത്തിയിട്ടുമില്ല.

ബിജെപിയുടെ ഇപ്പോഴത്തെ വിജയത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വളരെ സാര്‍ത്ഥ കമായ പ്രതിരോധം ഇനിയും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

പുതിയ കവിതകളില്‍ കാര്യമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് മാഷിന് തോന്നുന്നുണ്ടോ?

എണ്‍പതുകളില്‍ മലയാള കവിതയില്‍ ഒരു വിരിവുണ്ടായിട്ടുണ്ട്. എഴുപതുകളിലെ കവിതകളുടെ ബാക്കിയാണ് അത്. രാഷ്ട്രീയം പറയാതിരിക്കുക എന്ന രാഷ്ട്രീയമാണ് അത്. എന്റെ ഒരു കവിതയില്‍ ഇവിടെ രാഷ്ട്രീയം പറയരുതെന്ന് എഴുതി വച്ചിട്ടുണ്ട്. ചായക്കടയില്‍ രാഷ്ട്രീയം പറയരുതെന്ന് പറയുന്നത് പോലെ. കവിതയുടെ മുകളിലും രാഷ്ട്രീയം പറയരുതെന്ന് പറഞ്ഞ തലമുറയാണ് അത്. എന്നാല്‍ അതേസമയം പി എന്‍ ഗോപീകൃഷ്ണനെ പോലുള്ളവര്‍ കവിതയിലൂടെ കൃത്യമായ രാഷ്ട്രീയം പറയുന്നുണ്ടെന്നാണ്. ഇനി എഴുതി വരുന്ന ഒരു തലമുറയില്‍ നിന്നും അത്തരമൊരു പ്രയത്‌നമുണ്ടാകുമെന്നാണ് കരുതുന്നത്. ബ്ലോഗുകളിലും കാമ്പസ് കവിതകളിലും ശ്രദ്ധകൊടുത്തപ്പോള്‍ ഞാന്‍ മനസിലാക്കിയത് അതാണ്.

പക്ഷെ കവിതയ്ക്ക് അപ്പോഴും പരിമിതികളുണ്ട്. സൂക്ഷ്മമായും പരോക്ഷമായുമാണ് ആവിഷ്‌കാരം നടക്കുന്നത്. ഒരു ലേഖനത്തില്‍ പറയുന്നത് പോലെ ആയിരിക്കില്ല കവിതകളില്‍ കാര്യങ്ങള്‍ പറയുന്നത്. ചില വാക്കുകള്‍ കൊണ്ടോ ചില ധ്വനി കൊണ്ടോ ഒക്കെയായിരിക്കും ആശയം പറയുന്നത്. ഞാന്‍ കവി ആയിരുന്നുകൊണ്ട് തന്നെ പറയാം. ഫാസിസത്തെ പ്രതിരോധിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ഉപകരണം നാടകം പോലുള്ള പൊതുകലകള്‍ ആയിരിക്കും. തെരുവ് നാടകങ്ങള്‍ പോലുള്ളവ പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നു. തെരുവ് നാടകവും അപകടകരം തന്നെയാണെന്ന് സഫ്ദര്‍ ഹാഷ്മി കൊല്ലപ്പെട്ടതെങ്ങനെയാണെന്ന് പരിശോധിക്കുമ്പോള്‍ നമുക്ക് മനസിലാകും. വടക്കേ ഇന്ത്യയിലെവിടെങ്കിലും തെരുവ് നാടകം നടത്താന്‍ പോലും സാധിക്കുമോയെന്ന് എനിക്ക് തീര്‍ച്ചയില്ല. പക്ഷെ പൊതുകലയുടെ രൂപങ്ങളിലൂടെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കാനാകണം. അതിന്റെ ഭാഗമായി കവിതയും പാട്ടും എല്ലാം തന്നെ ഉപയോഗിക്കുകയും വേണം.

ബീറ്റില്‍സിന്റെയൊക്കെ പാട്ടുകള്‍ പ്രതിഷേധ സംഗീതമെന്ന നിലയിലാണ് ഉയര്‍ന്നുവന്നതും ഇവിടെ സ്വാധീനം ചെലുത്തിയതും. കറുത്തവര്‍ഗ്ഗക്കാരുടെ ഉണര്‍ച്ചയ്ക്ക് വലിയ തോതിലുള്ള പങ്ക് തന്നെ അന്നത്തെ അനേകം പാട്ടുകാര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളിലേക്ക് ഏറ്റവും ഫലപ്രദമായി ഫാസിസത്തിനെതിരായ സന്ദേശമെത്തിക്കാന്‍ സാധിക്കുന്ന രണ്ട് ഉപകരണങ്ങള്‍ സംഗീതവും നാടകവുമാണെന്നാണ് എനിക്ക് തോന്നുന്നത്. അവ കൂടുതലായി ഉപയോഗിക്കപ്പെടേണ്ടതായ ഒരു ആവശ്യം ഇനിയുള്ള കാലഘട്ടത്തിലുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

read more:ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍