ട്രെന്‍ഡിങ്ങ്

കമ്യൂണിസ്റ്റുകാരിയാണ് ഞാന്‍, കരഞ്ഞ് വീട്ടിലിരിക്കുമെന്ന് കരുതരുത്- കെ.കെ രമ/അഭിമുഖം

Print Friendly, PDF & Email

പല്ല് കൊഴിഞ്ഞ സിംഹമാണിന്ന് വി.എസ്; ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് പോലും വി.എസിന്റെ നിലപാടുകളെ പിന്തുടര്‍ന്നതുകൊണ്ടും അനുകൂലിച്ച് സംസാരിച്ചതുകൊണ്ടുമാണ്. ആ യാഥാര്‍ഥ്യം വി.എസ് മറക്കാന്‍ പാടില്ലാത്തതാണ്.

A A A

Print Friendly, PDF & Email

സിപിഎം പ്രവര്‍ത്തകനായിരുന്ന ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ പ്രത്യയശാസ്ത്ര വ്യതിചലനം നടക്കുന്നു എന്നു വിമര്‍ശിച്ച് 2009-ല്‍ പാര്‍ട്ടി വിടുകയും പിന്നീട് കോഴിക്കോട് വടകര താലൂക്കിലെ ഒഞ്ചിയം കേന്ദ്രമാക്കി റെവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി (ആര്‍എംപി) രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ 2012 മെയ്‌ നാലിന് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു. മൂന്ന് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ ഈ കേസില്‍ അറസ്റ്റിലായി. ടി.പി ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ, ഗൂഡാലോചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഭാര്യയും മുന്‍ സിപിഎം പ്രവര്‍ത്തകയുമായ കെ.കെ രമ പൊതുരംഗത്തിറങ്ങുന്നതും ഇതിനു പിന്നാലെയാണ്. അന്ന് മുതല്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിടുന്നുണ്ട് കെ.കെ രമ. ഈയടുത്ത് ഒഞ്ചിയത്തുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ രമയ്ക്കെതിരെ അതിരൂക്ഷമായ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കെ.കെ രമ സംസാരിക്കുന്നു:

സ്ത്രീയെന്ന നിലയില്‍ കൂടിയുള്ള അധിക്ഷേപങ്ങളാണ് കെ.കെ രമ എന്ന നേതാവിനെതിരെ സൈബര്‍ സ്പേസില്‍ നടക്കുന്നത്. പ്രധാനമായും സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആണ് ഇതിനു പിന്നില്‍. എങ്ങനെയാണ് കാണുന്നത്?

പൂര്‍ണമായും വ്യക്തിപരമായി ഞാനതിനെ എടുക്കുന്നില്ല. ഞാനൊരു രാഷ്ട്രീയക്കാരിയായതുകൊണ്ട്, സിപിഎമ്മിനെതിരെ രംഗത്ത് വന്നതുകൊണ്ടാണ് എനിക്കെതിരെ ഈ രൂപത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഞാന്‍ മിണ്ടാതെ വീട്ടില്‍ കുത്തിയിരിക്കുകയാണെങ്കില്‍ അത് വിഷയമായി വരില്ല. ഇത് സ്ത്രീ നേരിടുന്ന ഒരു വിഷയമാണ്. പൊതുരംഗത്തേക്ക് വരുന്ന സ്ത്രീകള്‍, അവര്‍ ഇതുപോലെ സംസാരിക്കാന്‍ പാടില്ല എന്നുള്ളതാണ്. പ്രത്യേകിച്ചും സിപിഎമ്മിന്. സിപിഎമ്മിനെതിരെ സംസാരിച്ചാല്‍ ഇതായിരിക്കും അനുഭവം. സ്ത്രീയാവണമെന്നില്ല, പുരുഷന്‍മാരായാലും അനുഭവങ്ങള്‍ തെളിയിച്ചതതാണ്. പക്ഷെ ഞാന്‍ ആ രാഷ്ട്രീയം വീണ്ടും പറയാന്‍ തുടങ്ങിയതാണ് അവര്‍ക്ക് പ്രശ്‌നമായത്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ സിപിഎം പ്രതിനിധിയായ പി.എം മനോജ് തന്നെ അത് പറഞ്ഞുകഴിഞ്ഞു. രമ ഏത് രൂപത്തിലാണ് വരുന്നത്?, രാഷ്ട്രീയക്കാരിയാണോ അതോ ചന്ദ്രശേഖരന്റെ ഭാര്യയാണോ എന്നതാണ് ഞങ്ങള്‍ക്കറിയേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയ്ക്കാണെങ്കില്‍ ഇല്ല, പക്ഷെ രാഷ്ട്രീയക്കാരിയാണെങ്കില്‍ നേരിടും എന്നതാണ് അതിന്റെ ധ്വനി. ഞാന്‍ എന്റെ ദു:ഖവും കൊണ്ട് വീട്ടില്‍ അടങ്ങിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവുമുണ്ടാവില്ല. പക്ഷെ ഞാന്‍ രാഷ്ട്രീയം പറയുന്നു, പൊതുരംഗത്തിറങ്ങുന്നു. ഭര്‍ത്താവ് നഷ്ടപ്പെട്ടയാള്‍ എങ്ങനെയാണ് പൊതുരംഗത്തിറങ്ങുക? ഇവള്‍ എങ്ങനെയാണ് ഇതൊക്കെ പറയുക? അതിന് ഇവള്‍ ആരാണ് എന്നുള്ളതാണ് ഇവരുടെ വിഷയം. പൊതുരംഗത്തേക്കിറങ്ങുന്ന സ്ത്രീകളുടെ അനുഭവം ഇതാണെന്നിരിക്കെ, അത് സ്ത്രീകള്‍ക്കെതിരെയുള്ള ശക്തമായ കടന്നുകയറ്റം കൂടിയാണ്.

രമ ഒരാളുടെ ബൈക്കിന് പുറകില്‍ യാത്ര ചെയ്യുന്നത് വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ആസ്ഥാന വിധവ’ എന്ന പേര് ചാര്‍ത്തിത്തരുന്നു, കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം ആരോപിക്കുന്നു. ഇത്രയും മോശപ്പട്ട രീതിയില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീ അധിക്ഷേപിക്കപ്പെടുന്നതെന്തുകൊണ്ടാണ്?

അതെന്തുകൊണ്ടാണെന്ന് വച്ചാല്‍, ഇവിടെ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് വലിയ ആക്രമണമാണ് ഞങ്ങള്‍ക്ക് നേരെ ഉണ്ടായത്. അതിനെതിരെ ഞങ്ങള്‍ വലിയൊരു പ്രക്ഷോഭമാണ് നടത്തിയത്. അതിന് നേതൃത്വം നല്‍കിയത് ഞാനാണ് എന്നതാണ് അവര്‍ക്ക് പ്രശ്‌നമായത്. ആ വിഷയം നേരെ തിരിച്ച് വേറൊരു തലത്തിലുള്ള ആക്രമണമാണ് അവര്‍ നടത്തുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിക്ക് ഏതാണ്ട് എന്റെ അച്ഛന്റെ പ്രായമുണ്ട്. അദ്ദേഹത്തേയും എന്നെയും ചേര്‍ത്തിട്ടാണ് ഒരു പോസ്റ്റ് വന്നിട്ടുള്ളത്. അവിടെ ഒരു ആണും ആണുമാണ് നില്‍ക്കുന്നതെങ്കില്‍ അത് വിഷയമല്ല. ഞങ്ങളുടെ പാര്‍ട്ടിയിലെ വേണുവും മുല്ലപ്പള്ളിയും നില്‍ക്കുന്നുണ്ട്. പക്ഷെ അതിന് ആര്‍ക്കും ഒരു പ്രശ്‌നമില്ല. ഞാനൊരു സ്ത്രീ ആയതുകൊണ്ടാണ് അത് വരുന്നത്. ഏറ്റവും വലിയ സദാചാര പ്രശ്‌നമാണത്. ഇത് മാത്രമല്ല, എനിക്ക് ഇവിടെ ധാരാളം പേരുകള്‍ ചാര്‍ത്തി തന്നിട്ടുണ്ട്. ആസ്ഥാനവിധവ, ഒഞ്ചിയം റാണി എന്ന് തുടങ്ങി നിരവധി അനവധി പേരുകളുടെ ഉടമയാണ് ഞാന്‍. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ മാധ്യമങ്ങളൊക്കെ ശ്രദ്ധിച്ചതുകൊണ്ട് മാത്രമാണ്. ഞാനിത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷെ ഞാന്‍ തെല്ലുപോലും ഭയപ്പെടുകയോ വിലകല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. അതിലേറെ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടാണ്, അവയയെല്ലാം തട്ടിമാറ്റി പോരടിച്ചുകൊണ്ടാണ് ഞാന്‍ ഈ ജീവിതവുമായി മുന്നോട്ട് പോവുന്നത്. എന്റെ ജീവിതം തന്നെ നഷ്ടപ്പെട്ട്, ഏറ്റവും വിലപിടിച്ചതിനെ നഷ്ടപ്പെട്ടിട്ടാണ് നില്‍ക്കുന്നത്. അതിനപ്പുറത്തേക്ക് ഈ അക്രമങ്ങളെയൊന്നും പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. അത് അവരുടെ മാന്യത, അവരുടെ സംസ്‌കാരം. പക്ഷെ ഇത്തരം ആക്രമണങ്ങളെല്ലാം സൈബര്‍ഇടങ്ങളില്‍ ഇടപെടുന്ന പല സ്ത്രീകളേയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഇതൊന്നും താങ്ങാന്‍ പറ്റാതെ സൈബര്‍ ഇടങ്ങളില്‍ നിന്ന് പിന്‍വാങ്ങിയ സ്ത്രീകളെ എനിക്കറിയാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയമാണ്.

രണ്ട് പഞ്ചായത്തുകളില്‍ മാത്രമുള്ള ഒരു സംഘടനയോട്, അത് ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് കാട്ടുന്ന അസഹിഷ്ണുത എത്രത്തോളമാണ്? എതിര്‍ക്കുന്ന ചെറിയ ന്യൂനപക്ഷത്തെപ്പോലും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണോ ഇത്? 

ഇവിടെ താലിബാനിസം ആണെന്ന കാര്യത്തില്‍ എന്താണ് സംശയം? ഫാസിസം എന്ന് പറഞ്ഞ് പ്രതിരോധിക്കുന്നയാളുകള്‍ അതിലും വലിയ പ്രശ്‌നമാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കടന്നാക്രമണവും ഭീകരവാദവുമാണ്. യഥാര്‍ഥത്തില്‍ വസ്ത്രാക്ഷേപം ചെയ്യുന്നതിന് തുല്യമായ പ്രവര്‍ത്തിയാണ് എന്നോട് ചെയ്യുന്നത് പോലും. എന്ത് എതിര്‍ശബ്ദം വന്നാലും അതിനെ ഇല്ലാതാക്കുക, അതാണ് സിപിഎമ്മിന്റെ ലൈന്‍. സിപിഎം സ്വാധീനമുള്ള സ്ഥലങ്ങളില്‍ സിപിഎമ്മിനെതിരായി പറയാന്‍ പാടില്ല എന്നുള്ള താലിബാനിസം തന്നെയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത് കാലാകാലങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് സ്വാധീനമുള്ള ഒരു ചെറിയ സ്ഥലത്താണെങ്കില്‍ പോലും അവരെ എതിര്‍ത്ത് ഒന്നും പറയാന്‍ പാടില്ല, അവര്‍ പറയുന്നത് കേള്‍ക്കണം എന്ന നയമാണ് സ്വീകരിക്കുന്നത്. കണ്ണൂരൊക്കെ പലപ്പോഴും ഒരു ഗോത്രവര്‍ഗ സംസ്‌കാരമാണ് കാണാന്‍ കഴിയുന്നത്. ഒരു ഗോത്രത്തിന് പുറത്തുള്ളവര്‍ പറ്റില്ല എന്ന സ്വഭാവമുണ്ട്. വടക്കന്‍ കേരളത്തിലാണ് ഈയൊരു പ്രവണതയുള്ളതെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാസ്ഥലത്തും സിപിഎമ്മുകാര്‍ ഇങ്ങനെയാണ് എന്ന് പറയുന്നതില്‍ അര്‍ഥമില്ല. പക്ഷെ വടക്കന്‍ കേരളത്തിലെ സിപിഎമ്മിന്റെ രാഷ്ട്രീയം പറയുന്നത് വ്യത്യസ്ത രാഷ്ട്രീയമാണ്. അവിടെ സിപിഎമ്മിനെതിരെ മിണ്ടാന്‍ പാടില്ല എന്നുള്ള കര്‍ശന നിലപാടാണുള്ളത്. നിരവധിയാളുകള്‍ വീട്ടില്‍ വന്ന് എന്റെയടുത്ത് പറഞ്ഞ കാര്യങ്ങളുണ്ട്. വീട് വിറ്റുപോവേണ്ടി വന്നവര്‍, വീട് വില്‍ക്കാന്‍ നോക്കുമ്പോള്‍ അത് അനുവദിക്കപ്പെടാത്തവര്‍, സിപിഎമ്മിന്റെ ആളുകള്‍ ബ്രോക്കറായി നിന്ന് അവര്‍ക്ക് പണം കൊടുത്താല്‍ മാത്രം ഭൂമി വില്‍പ്പന നടക്കുന്ന സംഭവങ്ങള്‍ അങ്ങനെ ഏറ്റവും നീചമായ ഒരു പ്രവണതകളാണ് ഈ ഭാഗങ്ങളില്‍ കാണുക. കവിയായ ഉമേഷിന്റെ വീട്ടില്‍ ഈ അടുത്ത ദിവസങ്ങളിലായി ചത്ത എലിയെ മുറ്റത്ത് കൊണ്ടെയിടുകയാണ്. അങ്ങനെ ഇവരെ എതിര്‍ക്കുന്ന ഓരോ മനുഷ്യരേയും നിശബ്ദരാക്കാനായി, അവരെ ജീവിക്കാന്‍ അനുവദിക്കാത്ത രൂപത്തിലുള്ള ഇടപെടലാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അതിനെതിരെ ശക്തമായി ഞാന്‍ പറഞ്ഞപ്പോഴാണ് ഇവര്‍ എന്നെ വേട്ടയാടാന്‍ തുടങ്ങിയത്. ജീവന്‍ നഷ്ടപ്പെട്ടാലും അതിനെതിരെ ഒന്നുകൂടി ശക്തമായിട്ട് മുന്നോട്ട് വരാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ജീവന്‍ നഷ്ടപ്പെടാന്‍ തയ്യാറായിത്തന്നെയാണുള്ളത്. പക്ഷെ ഇത് നമ്മുടെ നാട്ടില്‍ നിന്ന് അവസാനിപ്പിക്കണം. എല്ലാവര്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാവണം. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള രാഷ്ട്രീയത്തില്‍ വിശ്വസിച്ചോട്ടെ. ഞങ്ങളുടെ പ്രദേശത്ത് ആര്‍എംപി ആയി എന്നതുകൊണ്ട് ഇവര്‍ വേട്ടയാടുകയാണ്. എത്ര മനുഷ്യരാണ് വേദനകൊണ്ട് പുളയുന്നത്? എത്രയാളുകളാണ് ഒറ്റയ്ക്ക് പുറത്തിറങ്ങി നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കെത്തുന്നത്? ആര്‍എംപിയെപ്പോലെ ചെറിയൊരു പാര്‍ട്ടി എന്തെങ്കിലും അധികാരത്തിന് വേണ്ടി നില്‍ക്കുന്നതാണോ? ഒരു അധികാരത്തിന്റെ ബലത്തിലോ, നാളെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാവുമെന്ന വിശ്വാസത്തിലോ നില്‍ക്കുന്നവരല്ല. ചന്ദ്രശേഖരന്റെ കൂടെയിറങ്ങി വന്ന ഒരുപറ്റം പാവങ്ങളാണ്. അവരെയാണ് ഇവര്‍ നിര്‍ദാക്ഷണ്യം വേട്ടയാടുന്നത്. അത് വിട്ടുകൊടുക്കാന്‍ മനസ്സില്ല. ഇനി ഏത് തരത്തിലുള്ള അക്രമം വന്നാലും അതില്‍ നിന്ന് പിന്നോട്ടില്ല.

പലയിടങ്ങളിലും ആര്‍എംപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്തെങ്കിലും ഗൂഡലക്ഷ്യങ്ങളുള്ളതായി തോന്നുന്നുണ്ടോ?

പല ഘടകങ്ങള്‍ അതിലുണ്ട്. ആര്‍എംപിയെ ഇല്ലാതാക്കുക എന്ന ആലോചിച്ചുറപ്പിച്ച തീരുമാനം അതിനകത്തുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ആര്‍എംപി യുഡിഎപിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അല്ലെങ്കില്‍ യുഡിഎഫിനോട് ചേര്‍ത്ത് ഇതിനെ കെട്ടിവക്കാനുള്ള ശ്രമം കുറേക്കാലമായി നടക്കുന്നു. അതാവുമ്പോള്‍ അവര്‍ക്ക് എളുപ്പമായി. ഞങ്ങള്‍ യുഡിഎഫിന്റെ ഭാഗമായിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. എം.വി രാഘവനും ഗൗരിയമ്മയുമൊക്കെ യുഡിഎഫിന്റെ ഭാഗമായതോടെ അവരുടെ തലവേദന കഴിഞ്ഞു. പക്ഷെ ഞങ്ങള്‍ ഒന്നിന്റേയും ഭാഗമാകാതെ തനതായി നില്‍ക്കുന്നതാണ് ഇവര്‍ക്ക് തലവേദന. അതിനുള്ള ശ്രമങ്ങളാണ് ഓരോ ഭാഗത്തുനിന്നും അവര്‍ നടത്തുന്നത്. അത് വരുന്നില്ല എന്ന് തോന്നുമ്പോഴാണ് ഇത്തരം ആക്രമണങ്ങള്‍ വരുന്നത്. മറ്റൊരു വിഷയമുള്ളത്, ഒഞ്ചിയത്ത് സിപിഎമ്മിന്റെ സെക്രട്ടറി ഒരു പുതിയയാളാണ്. ഏകദേശം പത്ത് വര്‍ഷമായി സിപിഎമ്മിന്റെ അംഗത്വമെടുത്ത് പ്രവര്‍ത്തനരംഗത്തേക്ക് വന്നയാളാണ് ഇപ്പോള്‍ ഏരിയാസെക്രട്ടറി. കാലങ്ങളായി പ്രവര്‍ത്തിക്കുന്ന, പ്രവര്‍ത്തന പരിചയമുള്ള നേതാക്കളവിടെയുണ്ടായിട്ടും അവര്‍ക്ക് സ്ഥാനം ലഭിച്ചില്ല. അതിനകത്ത് വലിയ തോതില്‍ അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ചെറുപ്പക്കാരെയൊക്കെ പിടിച്ചുനിര്‍ത്തുക എന്നുള്ളതും ഇവരുടെ ആക്രമണത്തിന് ഉദ്ദേശമായിട്ടുണ്ട്. അതോടൊപ്പം തന്നെ ഭരണപരാജയവും, അഴിമതിയും, ബിനോയ് കോടിയേരിയുടേത് പോലുള്ള പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ചയില്‍ നിന്ന് പുറത്താക്കാനായുള്ള ശ്രമം കൂടിയാണിത്. ചര്‍ച്ച തന്നെ മാറിയല്ലോ? കണ്ണൂര് ശുഹൈബിനെ കൊന്നതോടുകൂടി അത് പൂര്‍ണമായി. ചര്‍ച്ച മുഴുവന്‍ അക്രമങ്ങളിലും കൊലപാതക രാഷ്ട്രീയത്തിലേക്കുമായി. ഇതാണ് ഇവരുടെ തന്ത്രമെന്ന് ഞാന്‍ വിചാരിക്കുന്നു. ബിനോയ് കോടിയേരിയുടേത് പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം മറയിടാനായി സംഘട്ടനമുണ്ടാക്കുകയും അതിലൂടെ അത്യാപത്തുണ്ടാക്കി വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. അല്ലെങ്കില്‍ ശുഹൈബിനെ ഈയൊരു സമയത്ത് കൊല്ലേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലല്ലോ? ഒരു സംഘട്ടനമോ മറ്റ് വിഷയങ്ങളോ ഒന്നും അവിടെയുണ്ടായിരുന്നില്ല. ആ പ്രദേശത്ത് തന്നെ അത്തരത്തിലൊരു പ്രശ്‌നം നിലനില്‍ക്കുന്നില്ല. ഇപ്പോള്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനായി ഒരു സംഘട്ടനമോ കൊലപാതകമോ ആസൂത്രണം ചെയ്യുക എന്ന ബോധപൂര്‍വമായ പ്രവര്‍ത്തനം കൂടിയായി ഇതിനെ കാണേണ്ടതുണ്ട്.

ടി.പി. വധക്കേസ് പ്രതികള്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ പലപ്പോഴും വാര്‍ത്തകളാവുന്നു. രാഷ്ട്രീയ നേതാക്കള്‍ തന്നെ അതിനെക്കുറിച്ച് പറയുന്നു. യഥാര്‍ഥത്തില്‍ അത്തരം പരിഗണനകള്‍ ക്രൈം ചെയ്യാനുള്ള ഒരു പ്രേരണകൂടെയല്ലേ നല്‍കുന്നത്?

ടി.പി. വധക്കേ്‌സ് പ്രതികളെ അവര്‍ സംരക്ഷിച്ച് നിര്‍ത്തുകയാണ്. കൊലപാതകം നടത്തിയത് അവര്‍ക്ക് വേണ്ടിയാണ് എന്നുള്ളത് കൊണ്ടാണ് അങ്ങനെ സംരക്ഷിച്ച് നിര്‍ത്തുന്നത്. സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കുണ്ടായി വരുന്നു. അവര് പറഞ്ഞിട്ട് നടത്തിയ ഒരു കൊലപാതകത്തിലെ പ്രതികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നത് തന്നെയാണ്. അവരുടെ വീട് സംരക്ഷിക്കുന്നു, ഒരു മാനദണ്ഡങ്ങളുമില്ലാതെ പരോള്‍ അനുവദിച്ചുകൊണ്ടിരിക്കുന്നു, കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാള്‍ ഒരു സമ്മേളനം വരെ നിയന്ത്രിക്കുന്നതിനായി പുറത്തുവരുന്ന അവസ്ഥയുണ്ടാവുന്നു- അങ്ങനെ നിരന്തരം ഇവര്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടും പരിഗണിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ഒരു കൊലപാതകം നടത്തിയാല്‍ സംരക്ഷിക്കാന്‍ ഇവരുണ്ട് എന്ന സന്ദേശമാണ് ഇത് കൊടുക്കുന്നത്. അതുകൊണ്ട് കൊലപാതകം നടത്തുന്നതിന് ആര്‍ക്കും ഒരു വിഷയവുമില്ല. കൊലപാതകം നടത്തിയാല്‍ പാര്‍ട്ടി ഞങ്ങളെ സംരക്ഷിക്കും, വീട് സംരക്ഷിക്കും, തള്ളിപ്പറയില്ല എന്ന് വരുമ്പോള്‍ ഒരു വിനോദപ്രവര്‍ത്തനമായാണ് ഇവരത് കാണുന്നത്. മനുഷ്യന്റെ ജീവനെടുക്കുക എന്നത് അവരെ സംബന്ധിച്ച് ഒരു കളിയാണ്.

ആര്‍എംപി യുടെ രൂപീകരണം മുതല്‍ ഉയര്‍ന്നുകേട്ട ഒന്നായിരുന്നു യുഡിഎഫുമായുള്ള ബാന്ധവം. സിപിഎമ്മിന്റെ ദേശീയനേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍എംപി നിലപാട് പുന:പരിശോധിക്കുമോ?

സിപിഎമ്മിന്റെ അജണ്ടയാണ് ഞങ്ങളെ യുഡിഎഫിന്റെ ഭാഗമാക്കി മാറ്റുക എന്നത്. അങ്ങനെയായിക്കഴിഞ്ഞാല്‍ അവര്‍ക്ക് കാര്യം എളുപ്പമാണ്. സിപിഎമ്മില്‍ നിന്ന് വിട്ടുവന്ന കക്ഷികളൊക്കെ യുഡിഎഫിന്റെ ഭാഗമായതോട് കൂടി പിന്നീട് അവര്‍ക്ക് പ്രധാനവെല്ലുവിളിയോ പ്രശ്‌നമോ അല്ലാതായി. പക്ഷെ ആര്‍എംപി ഇപ്പോഴും തനതായി നില്‍ക്കുന്നു എന്നുള്ളത് കൊണ്ടാണ് എല്ലാത്തരത്തിലും ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ആര്‍എംപി ഏതെങ്കിലും ഒരു പക്ഷം പിടിച്ചിരുന്നുവെങ്കില്‍ പിന്നീട് പ്രശ്‌നമുണ്ടാവില്ല. യുഡിഎഫിന്റെ ഭാഗമാണ് ആര്‍എംപി എന്ന് നിരന്തരം അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഏതെങ്കിലും ഒരു പരിപാടിക്ക് യുഡിഎഫ് നേതാക്കളെത്തിയാല്‍ അല്ലെങ്കില്‍ ഞങ്ങള്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ഒരു പരിപാടിക്കെത്തിയാല്‍ ആര്‍എംപി യുഡിഎഫിന്റെ ഭാഗമാണ്! അതാണോ രാഷ്ട്രീയം? ഒരു പരിപാടിയില്‍ ഒന്നിച്ച് നിന്നാല്‍ രാഷ്ട്രീയം ഒന്നായി മാറുമോ? ആ രാഷ്ട്രീയത്തിന്റെ വ്യത്യസ്തത മറക്കുമോ? ഞങ്ങള്‍ ഒരു തരത്തിലും യുഡിഎഫുമായി യാതൊരു ബന്ധത്തിനെക്കുറിച്ചും ആലോചിച്ചിട്ടില്ല. ആലോചിക്കുകയുമില്ല. കാരണം ഞങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയമാണ് മുന്നോട്ട് വക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയം എന്ന് പറയുന്നത് അത് ഒരിക്കലും കോണ്‍ഗ്രസ് രാഷ്ട്രീയമല്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് ഒരു തരിമ്പ് പോലും യോജിച്ച് പോവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അത്തരത്തില്‍ ഒരു സാഹചര്യത്തെക്കുറിച്ച് ഈ ഘ്ട്ടത്തില്‍ ആലോചിക്കുന്നത് പോലുമില്ല. അതുകൊണ്ട് അതിന് പ്രസക്തി പോലുമില്ല. യുഡിഎഫിന്റെ ആളുകളാണ്, രമ മുല്ലപ്പള്ളിയുടെ ആളാണ് തുടങ്ങി വലിയ പ്രൊപ്പഗന്‍ഡയാണ് അവര്‍ നടത്തുന്നത്. വലിയ നുണ പ്രചരിപ്പിച്ച് അവരുടെ മാധ്യമങ്ങള്‍ വഴി സത്യമാക്കി വരുത്തിക്കുക എന്നതാണ് സിപിഎമ്മിന്റെ തന്ത്രം. പക്ഷെ ആ തന്ത്രത്തിലേറാന്‍ ഞങ്ങള്‍ ഒരുക്കമല്ല. വളരെ കൃത്യമായ നിലപാടുമായിത്തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോവുന്നത്.

വി.എസ് ടി.പിയോട്, ടി.പി വധത്തോട് നീതി പുലര്‍ത്തിയോ?

അരിയാഹാരം കഴിക്കുന്ന ആരും ഇത് വിശ്വസിക്കില്ല എന്ന് വി.എസ്. തന്നയാണ് പറഞ്ഞത്. പക്ഷെ ഒരു ഘട്ടത്തില്‍ ഞങ്ങളെ കോണ്‍ഗ്രസിന്റെ ഭാഗമാക്കി ചിത്രീകരിക്കാനുള്ള ശ്രമം ആ വി.എസിന്റെ ഭാഗത്തു നിന്ന് പോലുമുണ്ടായത് മറക്കുന്നില്ല. വി.എസ് മാനസികമായി ഞങ്ങള്‍ക്കൊപ്പമുണ്ടോ എന്നത് എനിക്കറിയില്ല. പക്ഷെ പ്രത്യക്ഷമായി എന്തായാലും ഞങ്ങള്‍ക്കനുകൂലമായ നിലപാടല്ല. അനുകൂലമായ നിലപാട് ഉണ്ടാവില്ല. കാരണം വി.എസ് ഇപ്പോഴും സിപിഎമ്മിന്റെ ഭാഗമാണ്. സിപിഎം കേന്ദ്രകമ്മിറ്റി ക്ഷണിതാവാണ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. പക്ഷെ ടി.പിയുടെ വധത്തില്‍, അതിലുള്‍പ്പെട്ട അവസാനത്തെയാളിലേക്കും എത്തുന്നത് വരെയുള്ള പോരാട്ടത്തില്‍ ഉണ്ടാവുമെന്ന് പറഞ്ഞയാളാണ് സഖാവ് വി.എസ്… പക്ഷെ വി.എസ് പിന്നീട് അത്തരത്തിലുള്ള നിലപാട് എടുത്തതായി ഞാന്‍ കാണുന്നില്ല. ഇപ്പോഴെന്താണ് വി.എസിന്റെ നിലപാടെന്ന് പോലും അറിയില്ല. കാരണം ഞങ്ങള്‍ തമ്മില്‍ അത്തരത്തിലൊരു സംഭാഷണം നടത്തിയിട്ട് കുറേയായി. പക്ഷെ എന്തായാലും വി.എസിനെ സംബന്ധിച്ച്, പല്ലുകൊഴിഞ്ഞ സിംഹമാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തിന് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഒരു ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കി മൂലക്ക് ഇരുത്തിയിരിക്കുകയാണ്. ആ രൂപത്തിലേക്ക് സിപിഎം നേതൃത്വം വിഎസിനെ മാറ്റിക്കഴിഞ്ഞു. വി.എസിന് കേരള രാഷ്ട്രീയത്തില്‍, ജനങ്ങള്‍ക്കിടയില്‍ ഒരു വോയിസ് ഉണ്ടായിരുന്നു. പക്ഷെ അത് വി.എസ് തന്നെ സ്വയം കളഞ്ഞതാണ്. വി.എസിന്റെ സാഹചര്യമതായിരിക്കാം. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് പോലും വി.എസിന്റെ നിലപാടുകളെ പിന്തുടര്‍ന്നതുകൊണ്ടും അദ്ദേഹത്തെ അനുകൂലിച്ച് സംസാരിച്ചതുകൊണ്ടുമാണ്. ആ യാഥാര്‍ഥ്യം വി.എസ് മറക്കാന്‍ പാടില്ലാത്തതാണ്.

ടി.പി വധക്കേസിലെ ഗൂഡാലോചന സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. എന്നെങ്കിലും ടി.പി.വധക്കേസ് ഗൂഡാലോചന പുറത്തുവരുമെന്ന് പ്രതീക്ഷയുണ്ടോ?

അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. തീര്‍ച്ചയായിട്ടും അന്വേഷണം നടത്തിക്കഴിഞ്ഞാല്‍ കൊണ്ടുവരാന്‍ കഴിയാവുന്നതാണ്. അതിനനുസരിച്ചുള്ള കാര്യങ്ങള്‍ ഒക്കെയുണ്ടെന്നത് സത്യമാണ്. പക്ഷെ അത്തരത്തില്‍ അന്വേഷണം വരുമോ എന്ന കാര്യമാണ് അറിയാത്തത്. ഭരിക്കുന്നവര്‍ അക്കാര്യത്തില്‍ ഒരു താത്പര്യവുമെടുക്കുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാരായാലും, ബിജെപി സര്‍ക്കാരായാലും അതിന് താത്പര്യമെടുത്തില്ല എന്നത് യാഥാര്‍ഥ്യമാണ്. കോടതി വിചാരിച്ചാല്‍ അതിലേക്ക് എത്താവുന്നതാണ്. പക്ഷെ ഇതില്‍ കാണേണ്ട ഒരു കാര്യം ഈ കൊലയാളികളെക്കൊണ്ട് കൊല്ലിക്കുന്നതാരാണ് എന്നുള്ളതാണ്. ആര്‍ക്കാണോ അതില്‍ താത്പര്യമുള്ളത്, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ലെങ്കില്‍ കൊലപാതകം നിര്‍ബാധം തുടരുക തന്നെ ചെയ്യും. അതാണ് ഇപ്പോള്‍ ഒടുവിള്‍ ശുഹൈബില്‍ എത്തിയിരിക്കുന്നത്. ശുഹൈബിന്റെ കൊലപാതകത്തില്‍ നേതൃത്വത്തിന് പങ്കില്ലാതിരിക്കില്ല. പക്ഷെ നേതൃത്വം ഒളിഞ്ഞിരുന്ന് ഇക്കാര്യങ്ങള്‍ ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. അത് പുറത്ത് കൊണ്ടുവരിക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ മാത്രമേ അല്‍പ്പമെങ്കിലും മനുഷ്യനും ജീവിതത്തിനും വിലയുള്ള കാലഘട്ടത്തിലേക്ക് നമുക്ക് പോവാന്‍ കഴിയൂ.

കെ.കെ.രമയും കൂടി കൊടിപിടിച്ച് വളര്‍ത്തിയ പ്രസ്ഥാനമാണ് എസ്എഫ്‌ഐ. ഇപ്പോള്‍ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പോലും ആ പ്രസ്ഥാനവുമായി ബന്ധമുള്ളവരുമുണ്ട്. ഇത്തരത്തിലൊരു പ്രസ്ഥാനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നോര്‍ത്ത് എന്നെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ? അന്നത്തെ കാലത്തും ഇത് തന്നെയായിരുന്നോ ഈ പ്രസ്ഥാനങ്ങളുടെയെല്ലാം സ്വഭാവം?

അങ്ങനെയൊരു കുറ്റബോധം എന്നെ സംബന്ധിച്ചില്ല. കാരണം അതെല്ലാം ആ കാലഘട്ടത്തില്‍ അനിവാര്യമായിരുന്നു. ഞാനൊക്കെ ഒരു നാടിന്റെ സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങിയയാളാണ്. അതിന്റെ ഭാഗമായി സംഘടനാ പ്രവര്‍ത്തനവും, വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളുള്‍പ്പെടെ ചെയ്യുകയും ചെയ്തു. അതൊക്കെ വേണ്ടതായിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം. ആ കാലഘട്ടത്തിലെ ആളുകളോ, ആ സംഘടനയോ അല്ല ഇന്നുള്ളത്. ആ സംഘടന പൂര്‍ണമായും മാറി. ഇന്ന് സാമൂഹ്യവിരുദ്ധരുടെ സംഘമായി സിപിഎമ്മിന്റെ ആളുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണമായും സാമൂഹ്യവിരുദ്ധരുടെ സംഘമാണ് ഇത് നിയന്ത്രിക്കുന്നത്. ആ നിയന്ത്രണത്തിലേക്കെത്തിയാണ് ഒരു പാര്‍ട്ടി തകര്‍ന്നത്. ഇന്ന് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കമ്മ്യൂണിസം അല്ലാതായി മാറി. സിപിഎം എന്താണോ പറഞ്ഞിരുന്നത് അതല്ലാതായി മാറി. പൂര്‍ണമായും വലതുപക്ഷത്തിലേക്ക് മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഞങ്ങളെപ്പോലുള്ളവര്‍ അതിനുള്ളില്‍ നിഷ്പക്ഷരാവുകയും നിശബ്ദരാവുകയും പിന്നീട് പുറത്ത് വരികയും ചെയ്തത്. ഞാനും ഒരുകാലത്ത് നിശബ്ദയായിരുന്നു. അതിന് മുമ്പ് സജീവമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വരെയെത്തുകയും സംഘടനയുടെ സംസ്ഥാന വൈസ്പ്രസിഡന്റും, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെമ്പറുമൊക്കെയായതും. 24 മണിക്കൂറും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. എന്റെ കുടുംബവും പാര്‍ട്ടിക്കാരാണ്. ഒരു നിസ്വാര്‍ഥനായ കമ്മ്യൂണിസ്റ്റുകാരന്റെ മകളാണ് ഞാന്‍. ഇന്ന് നേതാക്കന്‍മാരൊക്കെ മക്കളെ രാഷ്ട്രീയത്തിലിറക്കാതെ വളരെ സുരക്ഷിതമായി മാറ്റുകയാണ്. പക്ഷെ മക്കള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് അഭിമാനമായിക്കണ്ടയാളാണ് എന്റെ അച്ഛന്‍. അങ്ങനെയൊരു കുടുംബത്തില്‍ നിന്നാണ് ഞാനും എന്റെ ചേച്ചിയുമൊക്കെ സജീവമായി പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചത്. ചേച്ചി എസ്എഫ്‌ഐയുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ജീവിതം മുഴുവന്‍ ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം മാറ്റിവച്ചയാളുകളാണ്. മറ്റൊന്നും എന്റെ അച്ഛന്‍ സമ്പാദിച്ചില്ല. നാല് മക്കളാണ് അച്ഛന്റെ സമ്പാദ്യമെന്ന് അച്ഛനിപ്പോഴും പറയും. ആ ആളുകളെയാണ് ഈ രൂപത്തിലേക്ക് ആക്കിയത്. അച്ഛന് മകനെ നഷ്ടപ്പെടുത്തി. ഇപ്പോള്‍ മകളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന് താങ്ങാനാവുന്നതിന്റെ അപ്പുറത്താണ് ഈ പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് സിപിഎം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. കമ്മ്യൂണിസം അതിനകത്തില്ല. ഇന്ന് അതിനെ നയിക്കുന്നത് കുറേ സാമൂഹ്യവിരുദ്ധന്‍മാര്‍ മാത്രമാണ്.

സിപിഎം ഒരു കൊലയാളി പാര്‍ട്ടിയാണെന്ന ആക്ഷേപമുണ്ടോ?

അങ്ങനെയൊരു വിലയിരുത്തലിന് നൂറ് ശതമാനം സാധ്യതയുണ്ടല്ലോ. അല്ല എന്ന് തെളിയിക്കാന്‍ അവര്‍ക്ക് എന്താണുള്ളത്? ഇവിടെ നടന്നിട്ടുള്ള ഏത് കൊലപാതകമെടുത്ത് നോക്കിയാലും മറുഭാഗത്ത് സിപിഎം ആണ്. ഏത് കക്ഷിക്കാര്‍ ഭരിക്കുമ്പോഴും കൊലയില്‍ മറുഭാഗത്ത് സിപിഎം വരുന്നതെന്തുകൊണ്ട്? അതാണ് ചോദ്യം. അതുകൊണ്ടാണ് ഈ പാര്‍ട്ടി കൊലയാളിപ്പാര്‍ട്ടിയായി മാറുന്നു എന്ന് പറയുന്നത്. നിരവധി രക്തസാക്ഷികളവര്‍ക്കുണ്ട്. അത്തരത്തിലുള്ളയാളുകള്‍ സ്വന്തം പാര്‍ട്ടിക്കും അണികള്‍ക്കും ഈ ഒരു അവസ്ഥയുണ്ടാവുമ്പോള്‍ അതില്‍ നിന്ന് പിന്നോക്കം പോവുകയല്ലേ വേണ്ടത്? ചോരക്കളി ഞങ്ങള്‍ നിര്‍ത്തുന്നു എന്നുള്ള ധീരമായ പ്രഖ്യാപനം നടത്താന്‍ ഇവര്‍ക്ക് കഴിയുന്നുണ്ടോ? എതിരാളികളെ അക്രമിച്ച് കീഴ്‌പ്പെടുത്തുന്ന അവസ്ഥയിലേക്ക് സിപിഎം വന്നതെന്തുകൊണ്ടാണ്? ഇതെല്ലാം കൊണ്ട് സിപിഎം കൊലയാളിപ്പാര്‍ട്ടി തന്നെയാണ്. ആരെയെങ്കിലും അങ്ങോട്ട് ആക്രമിച്ചിട്ടാണോ ചന്ദ്രശേഖരനെ കൊന്നത്? ആര്‍എംപി എന്നൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയതുകൊണ്ടല്ലേ. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായി ഒരു പാര്‍ട്ടിയുണ്ടാക്കി. അതല്ലേ കാരണം. അങ്ങനെ ഏതിരഭിപ്രായം പറയുന്ന ഒരാളെ കൊല്ലാന്‍ ഇവര്‍ക്ക് എന്ത് അവകാശം? കൊലയ്ക്ക് നേതൃത്വം നല്‍കുന്നവരാണ് ഇന്ന് സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലിരിക്കുന്നവര്‍ മനുഷ്യത്വമില്ലാത്തവരാണ്. അതുകൊണ്ടാണ് അതിലെ അണികള്‍ ഇത്തരത്തില്‍ അപവാദപ്രചരണങ്ങള്‍ നടത്തിയിട്ട് അത് തടയാന്‍ പോലും കഴിയാത്തത്. എന്താണ് ഞാന്‍ ചെയ്ത തെറ്റ്? എന്റെ പ്രാണന്‍ നഷ്‌പ്പെട്ടിട്ട്, അതിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പറഞ്ഞ് പോരാട്ടം നടത്തുന്നതോ? ആ ആള് പിടിച്ച കൊടി പിടിച്ച് മുന്നോട്ട് പോവുന്നതോ? അതിനാണോ ഒരു സ്ത്രീയെ ഏറ്റവും മോശമായ രൂപത്തില്‍ അവഹേളിക്കുന്നത്? ശവം വിറ്റ് ജീവിക്കുന്നവള്‍ എന്ന് വിശേഷിപ്പിക്കാനായിട്ട് ഈ അണികളെ പ്രേരിപ്പിക്കുന്ന സിപിഎം നേതൃത്വം; അങ്ങനെ ചെയ്യുമ്പോള്‍ അതിന് തടയിടാന്‍ കഴിയാത്ത സിപിഎം നേതൃത്വം. ഇവര്‍ ഈ സമൂഹത്തിന് എന്ത് സന്ദേശമാണ് കൊടുക്കുന്നത്? ഇവരെ വിശ്വസിച്ച് എങ്ങനെ സ്ത്രീ സമൂഹം മുന്നിട്ടിറങ്ങും. എങ്ങനെ സ്ത്രീകള്‍ പൊതുരംഗത്തേക്കിറങ്ങും? അവര്‍ക്കുണ്ടാവുന്ന അനുഭവം ഇതായിരിക്കില്ലേ?

സ്ത്രീപക്ഷാധിക്ഷേപം മുതല്‍ പലതും നേരിടുന്നു. എങ്ങനെയാണ് ഇവയോട് പ്രതിരോധം തീര്‍ത്ത് നില്‍ക്കുന്നത്?

ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാണ്. എന്റെ മനസ്സിലുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തളരാനല്ല എന്നെ പടിപ്പിച്ചത്, പോരാടാനാണ്. അത് തന്നെയാണ് എന്റെ അച്ഛനും വീടും എന്നെ പഠിപ്പിച്ചത്. അതിന് ശേഷം ജീവിത സഖാവായി തിരഞ്ഞെടുത്തയാളും അദ്ദേഹത്തോടൊപ്പമുള്ള ജീവിതവും അനുഭവങ്ങളും എന്നെ പഠിപ്പിച്ചതും അത് തന്നെയാണ്. അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മ്മ തന്നെയാണ് ഏറ്റവും ശക്തമായിട്ടുള്ളത്. ഒരിക്കല്‍ പോലും തളര്‍ന്നിരിക്കാന്‍ അദ്ദേഹം പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആരോപണങ്ങളൊന്നും ഒട്ടും എന്നെ ഉലയ്ക്കുന്നില്ല. എന്റെ പോരാട്ടം ശക്തമായിത്തന്നെ മുന്നോട്ട് കൊണ്ടുപോവും. എന്നെ എന്റെ സമൂഹത്തിനറിയാം. സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കുമറിയാം. ഭര്‍ത്താവ് മരിച്ചതിന്റെ ദു:ഖത്തില്‍ ഞാന്‍ വീട്ടില്‍ തളര്‍ന്നിരുന്നാല്‍ ഒരുപാട് സഹതാപങ്ങള്‍ എനിക്ക് കിട്ടുമായിരുന്നു. ആ സഹതാപത്തിന് വേണ്ടി ഞാന്‍ നില്‍ക്കാതിരുന്നതാണ് പ്രശ്‌നം. എതിര്‍ത്ത് സംസാരിക്കുന്നത് കൊണ്ട്, നല്ല വസ്ത്രങ്ങളിടുന്നതുകൊണ്ട്, ചിരിക്കുന്നതുകൊണ്ട് – അതെല്ലാം പ്രശ്‌നങ്ങളാണ്. ഞാന്‍ ചിരിക്കുമ്പോള്‍, നിറമുള്ള ഏതെങ്കിലും വസ്ത്രമിട്ടുകഴിഞ്ഞാല്‍ അത് വരെ ഇവര്‍ ഓണ്‍ലൈനിലൂടെ അധിക്ഷേപിക്കുന്നു. എന്താ എനിക്കിതൊന്നും പാടില്ലേ? അതൊക്കെ പറയുന്നത് എന്റെ മകന്റെ പ്രായമുള്ള കുട്ടികളാണ്. ഈ കുട്ടികളൊക്കെ വളര്‍ന്നുവന്നാല്‍ ഈ സമൂഹത്തിന്റെ സ്ഥിതി എന്തായിരിക്കും. പക്ഷെ എനിക്കിതിലൊന്നും പ്രയാസമില്ല. ഇതിലും ശക്തമായി പോരാടുകയും ചെയ്യും. തളര്‍ന്നിരിക്കാനല്ല ഞാന്‍ പഠിച്ചത്, എന്നെ പഠിപ്പിച്ചതും. ഞാന്‍ കരഞ്ഞ് വീട്ടിലിരിക്കുമെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോവുകയേയുള്ളൂ. തോറ്റുപിന്‍മാറാന്‍ ഞാനുദ്ദേശിച്ചിട്ടില്ല. ഇതുപോലെ അനുഭവമുണ്ടാവുന്ന സ്ത്രീകള്‍ക്ക് മാതൃകയായിരിക്കണം. ആരുടേയും സഹതാപം എനിക്ക് ആവശ്യമില്ല. സഹതാപത്തില്‍ ജീവിക്കാന്‍ ഞാനൊരുക്കവുമല്ല. എന്റെ ദു:ഖം എന്റേത് മാത്രമാണ്. അതാരോടും പറയാനോ വിലപിക്കാനോ ഞാനില്ല. ഞാന്‍ ഓരോ ദിവസവും എങ്ങനെയാണ് ജീവിക്കുന്നതെന്ന് എനിക്കറിയാം.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

സി.കെ ഗുപ്തന്റെ പോസ്റ്റിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കണമെന്ന് പലരും പറയുന്നുണ്ട്. ഈ ആക്രമണങ്ങള്‍ക്കെതിരെ കേസിനൊന്നും പോവേണ്ട എന്നായിരുന്നു ആദ്യം ആലോചിച്ചത്. പക്ഷെ എല്ലാവരും നിയമവഴി തേടാനാണ് പറയുന്നത്. ആലോചിച്ച് തീരുമാനമെടുക്കും. പക്ഷെ പരാതികൊടുത്താലും ഇവര്‍ അത് കണക്കിലെടുക്കുക കൂടിയില്ല. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത്, ഞാന്‍ എന്റെ മകളുടെ പ്രായമുള്ള ഒരു കുട്ടിയെ നായിന്റെ മോളേ എന്ന് വിളിച്ചു എന്ന് പറഞ്ഞ് 24 മണിക്കൂറും കൈരളിയും പീപ്പിളും സംപ്രേക്ഷണം ചെയ്തു. ഞാന്‍ പറയാത്ത് കാര്യം എന്റെ വോയ്‌സില്‍ എഡിറ്റ് ചെയ്തതിനെതിരെ ശക്തമായ കേസാണ് ഞാന്‍ കൊടുത്തത്. ആ കേസിന് വേണ്ടി പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങി. പക്ഷെ ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പിണറായി വിജയന്റെ പോലീസ് അതില്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അതുകൊണ്ടാണ് കേസുമായി പോവണ്ട എന്നു ഞാന്‍ തീരുമാനിക്കാന്‍ കാര്യം. എന്റെ വേഷം കെട്ടി വടകര ടൗണില്‍ നൃത്തം ചെയ്തു ഇവര്‍. ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്വാഭാവികമല്ലേ? എല്‍ഡിഎഫ് പരാജയപ്പെടുത്തിയത് യുഡിഎഫിനെയാണ്. പക്ഷെ മൂന്നാമത്തെ കക്ഷിയായ എനിക്കെതിരെയായിരുന്നു മുഴുവന്‍ പ്രചരണവും. എന്റെ വേഷം കെട്ടി ആഭാസ നൃത്തം ചവിട്ടുകയായിരുന്നു. അത് ചെയ്തത് സിപിഎം അല്ലേ. സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അത് ഞങ്ങളല്ല, ആരൊക്കെയോ ചെയ്യുന്നതാണെന്ന് ഇവര്‍ക്ക് പറയാം. പറയുന്നുമുണ്ട്. പക്ഷെ എന്റെ വേഷം കെട്ടി നൃത്തം ചവിട്ടിയത് ഇവിടുത്തെ ലോക്കല്‍, ഏരിയാ കമ്മിറ്റി നേതാക്കളാണ്. അതിനെതിരെ പരാതി നല്‍കിയിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനി ഞാന്‍ ചീത്തവിളിച്ചു എന്ന് പറയുന്ന കുട്ടി പോലീസില്‍ പരാതി നല്‍കി. അതെങ്കിലും അവര്‍ അന്വേഷിക്കണ്ടേ? അതും ഉണ്ടായില്ല. എന്നിട്ട് ഇപ്പോഴും ഓണ്‍ലൈനില്‍, ഇതാണ് രമ എന്ന് പറഞ്ഞ് ആ വീഡിയോ ഇടുന്നുണ്ട്. അത്രമോശമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുക, ഇതാണ് ഇവളുടെ സ്വഭാവം എന്ന് പറയുക. ഞാനെന്റെ ജീവിതത്തില്‍ ഒരു കുട്ടിയേയും ഇന്നേവരെ തെറിവിളിച്ചിട്ടില്ല. എല്ലാവരേയും സ്‌നേഹിക്കുന്നയാളാണ് ഞാന്‍. ഒരുപക്ഷേ എതിര്‍രാഷ്ട്രീയ പാര്‍ട്ടിക്കാരാണെങ്കില്‍ പോലും മോശമായി പെരുമാറാന്‍ എനിക്കറിയില്ല.

ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് ഒരു കാര്യമേയുള്ളൂ. സിപിഎമ്മിനെതിരെ പറഞ്ഞാല്‍ ആര്‍ക്കുമുണ്ടാവുന്ന അനുഭവമാണിത്. മാനസികമായും ശാരീരികമായും ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. സിപിഎം എന്ന് പറയുന്നത് വലിയ ഗുണ്ടാ സംഘമാണ്. താലിബാനിസം എന്നല്ല പറയേണ്ടത്, സത്യത്തില്‍ ഇതൊന്നും വിശേഷിപ്പിക്കാന്‍ വാക്കുകള്‍ പോലുമില്ല. അല്‍പം പോലും ജനാധിപത്യമില്ലാത്ത പാര്‍ട്ടി എന്തിനാണ് ഈ നാട്ടില്‍?

ഞാന്‍ ടി.പിയുടെ ഭാര്യയാണ്; ഞരമ്പുകളിലോടുന്നത് കമ്യൂണിസ്റ്റ് രക്തവും – കെ കെ രമ

പക അടങ്ങുന്നില്ല; ഒഞ്ചിയത്തും ഓര്‍ക്കാട്ടേരിയിലും നടക്കുന്നത്

ടിപി കേസിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തെക്കുറിച്ച് എന്തുകൊണ്ട് ബല്‍റാം ഇത്രനാളും മൗനം പാലിച്ചു? കെ കെ രമ ചോദിക്കുന്നു

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെസി രാമചന്ദ്രനെ പുകഴ്ത്തി സിപിഎമ്മിന്റെ ഫ്‌ളക്സ്‌; ആഘോഷിച്ച് ഫേസ്ബുക്ക് സഖാക്കള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍