TopTop

ശബരിമല, കള്ളവോട്ട്, സെക്കുലറിസം... എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല; ടീക്കാറാം മീണ തുറന്നു പറയുന്നു/അഭിമുഖം

ശബരിമല, കള്ളവോട്ട്, സെക്കുലറിസം... എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല; ടീക്കാറാം മീണ തുറന്നു പറയുന്നു/അഭിമുഖം
17-ആം ലോക്സഭാ തെരഞ്ഞെടുപ്പ് വ്യത്യസ്തമായ ചില കാര്യങ്ങളുടെ പേരില്‍ കൂടിയാണ് ഇത്തവണ ശ്രദ്ധേയമായത്. അതിലേറ്റവും പ്രധാനമായിരുന്നു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടീക്കാറാം മീണ ഐഎഎസ് ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍. പതിവില്‍ നിന്ന് വിരുദ്ധമായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ പൊതുജനങ്ങളുമായും മാധ്യമങ്ങളുമായെല്ലാം സംസാരിക്കാന്‍ തയ്യാറായി. തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുകള്‍ സ്വീകരിച്ചു. ശബരിമല വിഷയം പ്രചരണത്തില്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നു. കള്ളവോട്ടിംഗ് നടന്നു എന്നു തെളിഞ്ഞ ഉടന്‍ നടപടി സ്വീകരിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി കള്ളവോട്ട് നടന്നതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ബൂത്തുകളില്‍ റീ-പോളിംഗ് നടന്നു. ഈ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് ഉണ്ടായി.
"ഇതൊരു പ്രീതി നേടാന്‍ സാധിക്കുന്ന ജോലിയല്ല. മനസില്‍ നിഷ്പക്ഷനായിരിക്കണം"
ടീക്കാറാം മീണ അഴിമുഖത്തോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും ജനാധിപത്യ പ്രക്രിയയുടെ അന്ത:സത്ത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതിനെ കുറിച്ചും ടീക്കാറാം മീണ അഴിമുഖത്തോട് വിശദമായി സംസാരിക്കുന്നു.


നിയമം നിയമത്തിന്റെ വഴിക്കുപോകണം, ആരു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം


ലോകത്തെ ഏറ്റവും വലിയൊരു ജനാധിപത്യ മഹോത്സവമാണ് നമ്മുടെ തിരഞ്ഞെടുപ്പ്. പ്രത്യേകിച്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ അതൊരു വലിയ മഹായജ്ഞം പോലെയാണ്. ഇത് രാഷ്ട്രീയപരമായ ഒരു പ്രവര്‍ത്തിയോ പരിപാടിയോ മാത്രമായി കാണാന്‍ പറ്റില്ല. ഇതിന് വിദ്യാഭ്യാസപരമായ, സാംസ്‌കാരികമായ, സാമൂഹ്യപരമായ ഒരുപാട് വശങ്ങളുണ്ട്. കൂടാതെ ഇതിന്റെ ഏറ്റവും വലിയൊരു പ്രത്യേകത ഈ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജനങ്ങളുടെ മനസില്‍ ഒരു ഉത്സാഹം, ആവേശം ഉണ്ടായിരിക്കണം. അവര്‍ ഇതില്‍ പങ്കാളിയായിരിക്കണം. രാഷ്ട്രീയപരമായ പങ്കാളിത്തം മാത്രമല്ല, സാമൂഹ്യപരമായ ഒരു പ്രതിബദ്ധതയും ഉണ്ടാകണം. ഇതിന്റെ പ്രാധാന്യത്തെ മനസിലാക്കിക്കൊണ്ട് ജനാധിപത്യത്തെ ഏത് രീതിയില്‍ കൊണ്ടുപോകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. വളരെ ഉത്തരവാദിത്തപ്പെട്ട ഒരു ദൗത്യമാണ് ജനങ്ങള്‍ക്കുള്ളത്. അതിനാല്‍ തന്നെ അവരെ ഇതിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.

ഇലക്ഷനു മുന്‍പു തന്നെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. അതില്‍ ഏത് കാര്യം ചെയ്യണം, ഏത് കാര്യം ചെയ്യരുത് എന്നുണ്ടാവും. അത് എല്ലാവര്‍ക്കും ബാധകമാണ്. അത് നടപ്പിലാക്കാനായി നമ്മള്‍ മുന്നോട്ടു പോകുമ്പോള്‍ പല പ്രതിസന്ധികളും ഉണ്ടാവും. എന്നാലും ഈ പ്രക്രിയ ധാര്‍മികമായിരിക്കണം. അധാര്‍മികത ചെയ്തുകൊണ്ട് ആരും അധികാരം പിടിക്കാന്‍ പാടുള്ളതല്ല. പാര്‍ട്ടികള്‍ ചിലപ്പോള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. ആ ഘട്ടത്തിലാണ് ഈ മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ പ്രാധാന്യം. ഇതാരും നിയന്ത്രിച്ചില്ല എന്നുണ്ടെങ്കില്‍ ഇതിന്റെ വികൃതരൂപം നമ്മള്‍ കാണേണ്ടിവരും. ഇപ്പോള്‍ നടക്കുന്ന പരസ്പര ദുഷ്പ്രചാരണവും കരിവാരിത്തേക്കലും ജനാധിപത്യത്തിന് നല്ലതല്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിഷ്പക്ഷമായി ഇവരെ നിയന്ത്രിക്കേണ്ടത്. നിയന്ത്രിക്കുമ്പോള്‍ മുഖം നോക്കാതെ, കൊടിയുടെ നിറം നോക്കോതെ വേണം പ്രവര്‍ത്തിക്കാന്‍. നിയമം നിയമത്തിന്റെ വഴിക്കുപോകണം. ആരു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം. അതാണതില്‍ പറയുന്നത്. അതുതന്നെയാണ് ഞാന്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതും. അതില്‍ വിജയിക്കാന്‍ കഴിഞ്ഞു എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇനി വിശകലനം ചെയ്യേണ്ടത് ജനങ്ങളാണ്. കലക്ടര്‍മാരും എസ്പിമാരുമെല്ലാമായിരുന്നു ഇതില്‍ എന്റെ കൂടെയുണ്ടായിരുന്നത്. അവരെ നയിക്കുകയായിരുന്നു എന്റെ ദൗത്യം. അവരെല്ലാം എന്നോട് നന്നായി തന്നെ സഹകരിച്ചു. അതിനാല്‍ തന്നെ ഇതൊരു കൂട്ടായ വിജയമാണ്.

ജനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചപോലെ പ്രവര്‍ത്തിച്ചു

ഇത് എന്റെ ഒറ്റയ്ക്കുള്ള ഒരു വിജയമായി കാണാന്‍ സാധിക്കില്ല. ജനങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയ ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ഈ കസേരയില്‍ ഇരിക്കുന്ന ഒരാള്‍ ചെയ്യേണ്ടത്. അത് നടപ്പിലാക്കാന്‍ ഇച്ഛാശക്തിയും ദൃഢനിശ്ചയവുമാണ് വേണ്ടത്. രാഷ്ടീയ നേതാക്കള്‍ അതിരുവിട്ട് പ്രവര്‍ത്തിച്ചാല്‍, നിയമങ്ങള്‍ ലംഘിച്ചാല്‍ അവരെ നിലയ്ക്കു നിര്‍ത്താന്‍ വേണ്ടിയും അവരെ നിയന്ത്രിക്കാന്‍ വേണ്ടിയും ആരെങ്കിലുമൊരാള്‍ വേണം. അതങ്ങനെയല്ലെങ്കില്‍ ജനങ്ങള്‍ക്ക് നിയമമില്ല എന്നൊരു തോന്നല്‍ ഉണ്ടാവും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുള്ള ഒരു അന്തരീക്ഷമാണ്. നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂര്‍ണ്ണവുമായ ഒരു ഇലക്ഷന്‍ നടന്നിരിക്കണം. അവര്‍ക്ക് പ്രലോഭനമില്ലാതെ ഭയമില്ലാതെ സമ്മതിദായക അവകാശം നിര്‍വഹിക്കാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കണം. അതിനായി സത്യസന്ധമായി, നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്കത് ഇഷ്ടമാകും. ജനങ്ങളുടെ ഇച്ഛയും ആഗ്രഹങ്ങളും മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കേണ്ടത്. നമ്മള്‍ ജനാധിപത്യത്തിന്റെ ശുദ്ധിയും അന്ത:സത്തയും ആരോഗ്യവും സംരക്ഷിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രാഷ്ടീയക്കാര്‍ തോന്ന്യാസം കാണിച്ചുകൊണ്ടിരിക്കും. സ്വേച്ഛാധിപതികളായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. അത് യാതൊരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. ജനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചപോലെയാണ് നമ്മള്‍ പ്രവര്‍ത്തിച്ചത്.

ശബരിമല

ശബരിമലയ്ക്ക് വ്യക്തമായ പശ്ചാത്തലമുണ്ട്. ചില രാഷ്ട്രീയ കക്ഷികള്‍ ഇതൊരു വിഷയമാക്കിയെടുക്കുകയും മുതലെടുക്കാനും രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാനും താത്പര്യപ്പെടുകയും ചെയ്തു. വികാരപരമായിട്ടുള്ള കാര്യങ്ങള്‍ ജനങ്ങളോട് പറയുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനാകും. ഇലക്ഷന്‍ പ്രഖ്യാപിച്ചതിന് പിറ്റേദിവസം പ്രസ്സ്‌ കോണ്‍ഫറന്‍സ് വിളിച്ച് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന കാര്യം വിശദീകരിക്കുമ്പോള്‍ മതപരമായ കാര്യങ്ങള്‍, ജാതീയമായ കാര്യങ്ങള്‍, സമുദയത്തിന്റെ പേരില്‍, ദേവാലയത്തിന്റെ പേര് ഉപയോഗിച്ചുകൊണ്ട് വോട്ടുപിടിക്കാന്‍ പാടില്ല എന്നു ഞാന്‍ പറയുകയുണ്ടായി. അങ്ങനെ പറഞ്ഞപ്പോള്‍ ഒരു പത്രക്കാരന്‍ എന്നോട് ചോദിച്ചു ശബരിമലയില്‍ അഭിപ്രായമെന്താണെന്ന്. ശബരിമല ഒരു വിശ്വാസത്തിന്റെ കേന്ദ്രമാണ്, ഒരു ദേവാലയമാണ്, അതിനാല്‍ അത് ഉപയോഗിക്കുമ്പോള്‍ മാതൃകാ പെരുമാറ്റ ചട്ടത്തിന് എതിരാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അത് തന്നെ ഞാന്‍ ഇപ്പോഴും പറയുന്നു. എന്നാല്‍ അത് വ്യാഖ്യാനിക്കപ്പെട്ടത് വേറെ രീതിയില്‍ ആണ്. ശബരിമലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനേ പാടില്ല എന്നാക്കി അത്. അപ്പോള്‍ രാഷ്ട്രീയക്കാര്‍ വിചാരിച്ചു, ശബരിമലയെക്കുറിച്ച് മിണ്ടാനേ പാടില്ലെന്നാണ് ഞാന്‍ പറഞ്ഞതെന്ന്. അയ്യപ്പന്റെ പേര്, രാമന്റെ പേര് എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്. രാഷ്ടീയം ഒരിക്കലും മതവുമായി കൂട്ടിക്കലര്‍ത്തരുത്. 2013-ല്‍ അഭിരാം സിംഗ് കേസിലെ പ്രധാനപ്പെട്ട സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയ ഒരു മതേതര സ്വഭാവമുള്ളതാണ് എന്നാണ്. ആ മതേതര സ്വഭാവം നമുക്ക് കാത്തുസൂക്ഷിക്കണം. അതിന് കോട്ടം വരുന്ന രീതിയില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിനെ തടയണം. മതനിരപേക്ഷത ജനാധിപത്യത്തിന്റെ ഏറ്റവും സുപ്രധാന ഘടകമാണ്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കുടിവെള്ളമായാലും ദാരിദ്ര്യത്തിന്റെ പ്രശ്‌നമായാലും മാനസികാരോഗ്യത്തിന്റെ പ്രശ്‌നമായാലും ആത്മഹത്യയുടെ പ്രശ്‌നമായാലും, അതൊന്നും ചര്‍ച്ചചെയ്യാന്‍ അവര്‍ക്ക് താത്പര്യമേയില്ല. ദൈവഭയം കാണിച്ചുകൊണ്ട് വര്‍ഗ്ഗീയത ഇതില്‍ എങ്ങനെയെങ്കിലും കൊണ്ടുവരും. ജനങ്ങളെ തമ്മില്‍ അടിപ്പിച്ച് ജാതിയും മതവും പറഞ്ഞ് വോട്ടു പിടിക്കാനുള്ള ശ്രമം ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ല. മതനിരപേക്ഷത ഭാരതത്തിന്റെ ആത്മാവാണ്. അതുപോയാല്‍ ഈ ഭാരതം ഭാരതമാവില്ല. നാനാവിധത്തിലുള്ള ജനങ്ങള്‍ ഇവിടെ ജീവിക്കുന്നത് ഭാരതത്തിന്റെ മതനിരപേക്ഷത കൊണ്ടാണ്.

Also Read: ഫോണില്‍ വിളിച്ച് മാപ്പ് പറയും, പുറത്തു പോയി മറ്റൊന്നു പറയും; ശ്രീധരന്‍ പിള്ളയുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ടിക്കാറാം മീണ

കള്ളവോട്ട് ഒരു രോഗമാണ്

കള്ളവോട്ട് ഒരു രോഗമാണ്. അത് ചികിത്സിച്ചില്ലെങ്കില്‍ ഒരിക്കലും മാറില്ല. കള്ളവോട്ട് ഇവിടെ നടക്കുന്നുണ്ട്. അത് ആരോട് ചോദിച്ചാലും പറയും. പലനേതാക്കളും പറഞ്ഞിട്ടുണ്ട് കള്ളവോട്ട് കൊണ്ടാണ് തോറ്റതെന്ന്. എന്നാല്‍ അത് ആര്‍ക്കും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ചില ജില്ലകളില്‍ ഇതിന് പാരമ്പര്യം തന്നെയുണ്ട്. ഇതു ഞാന്‍ പറയുന്നതല്ല. ഇവിടെ എല്ലാവരും പറയുന്നതാണ്. ഇതൊരു വലിയ തെറ്റാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ ഇത്തവണ നല്ലരീതിയിലുള്ള വെബ് കാസ്റ്റിംഗ് സംവിധാനമാണ് ഒരുക്കിയിരുന്നത്. കള്ളവോട്ട് ചെയ്‌തെന്നു പരാതിയുണ്ടായാല്‍ ഈ കള്ളവോട്ട് തെളിവു സഹിതം തെളിയിക്കാന്‍ സാധിക്കണം എന്ന് ഞങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നു. ഏത് പരാതി വന്നാലും അത് വസ്തുതാപരമായി അന്വേഷിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇത്ര പെട്ടന്ന് ഒരു നടപടി ഉണ്ടാവുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല. അവര്‍ വിചാരിച്ചത് ഉദ്യോഗസ്ഥര്‍ ഇത് മൂടിവെക്കുമെന്നും, ഒരു നീണ്ട പ്രക്രിയയിലേക്ക് പോകുമെന്നുമാണ്. എന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടെല്ലാം, ഞാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ ഉടന്‍ നല്‍കണമെന്ന് പറഞ്ഞിരുന്നു. കളക്ടര്‍ നല്ല ജോലി തന്നെയാണ് ചെയ്തത്. പെട്ടന്നുതന്നെ റിപ്പോര്‍ട്ടുനല്‍കി. തെളിവു സഹിതം അത് തെളിയിച്ചു. നടപടിയെടുത്തു. ഇലക്ഷന്‍ കമ്മീഷനെ അറിയിക്കുകയും ചെയ്തു. കള്ളവോട്ട് ചെയ്തത് കണ്ടുപിടിച്ച് നടപടി എടുത്തതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ആ പ്രവണത കുറയും.

ഒരു മോഷണം നടന്നാല്‍ അത് മോഷണം തന്നെയാണ്. രണ്ടു മോഷണം നടക്കണമെന്നില്ല അത് മോഷണമാകാന്‍. അതുകൊണ്ട് ഒരു കള്ളവോട്ട് നടന്നാലും അവിടെ റീപോളിങ് ചെയ്യണം. ചിലയാളുകള്‍ പറയുന്നത് പോലെ ഒരു മോഷണം നടത്തിയാല്‍ ചെയ്യാന്‍ പാടില്ല, അതിന്റെ അര്‍ത്ഥം രണ്ട് മോഷണം നടത്തിയാല്‍ മതി എന്നാണോ? മോഷണം മോഷണം തന്നെയാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെടുത്തു. റീപോളിങ് വേണമെന്ന് തീരുമാനിച്ചു.

നമുക്കൊരു രോഗം വന്നാല്‍ അത് ചികിത്സിക്കണം. അപ്പോള്‍ ഒരു ചെറിയ ഡോസാണ് ഇത്തവണ നമ്മള്‍ കൊടുത്തത്. എനിക്കു തോന്നുന്നു അടുത്തവട്ടം ഈ രോഗം നല്ലൊരുപരിധിവരെ നമുക്ക് മാറ്റാനായി സാധിക്കും. പ്രബുദ്ധരായ മലയാളികള്‍, രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ ഇതിനെ സ്വാഗതം ചെയ്യണം. ഇതില്‍ നാണക്കേടൊന്നുമില്ല. ശരീരത്തിന്റെ ഒരു ഭാഗത്തിന് രോഗം വന്നാല്‍ അത് ചികിത്സിച്ചു ഭേദമാക്കണം.

കള്ളവോട്ട് പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകന്‍ അയാളുടെ ഉത്തരവാദിത്തമാണ് ചെയ്തത്. സത്യം പുറത്തു കൊണ്ടുവരലാണ് മാധ്യമ പ്രവര്‍ത്തനം. ഇതൊരു വെല്ലുവിളിയും കടമയുമായി കണ്ട മാധ്യമ പ്രവര്‍ത്തകര്‍ അനുമോദനം അര്‍ഹിക്കുന്നു.

ജനപ്രതിനിധികള്‍ കള്ളവോട്ട് ചെയ്ത വിഷയത്തില്‍ അവര്‍ തന്നെ ആത്മപരിശോധന നടത്തേണ്ട കാര്യമാണ്. അവരെ അയോഗ്യത കല്‍പ്പിക്കണോ വേണ്ടയോ എന്നത് സാങ്കേതികമായ കാര്യമാണ്. പക്ഷെ അതിനൊരു ധാര്‍മിക പ്രശ്‌നമുണ്ടല്ലോ. ഡിസ്‌ക്വാളിഫൈ ചെയ്യേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ എനിക്ക് അധികാരമില്ല. എന്നാല്‍ അത് ശ്രദ്ധയില്‍ കൊണ്ടുവരിക എന്നത് എന്റെ കടമയാണ്. ഞാനതാണ് ചെയ്തത്. എനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്നതിനേക്കാള്‍ അതിന്റെ ധാര്‍മികതയെ കുറിച്ചാണ് ജനപ്രതിനിധികള്‍ ചിന്തിക്കേണ്ടത്.

Also Read: ആ കള്ളവോട്ടുകള്‍ പിടിച്ചത് യാദൃശ്ചികമല്ല, എല്ലാം മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ക്കൊടുവില്‍; ടിക്കാറാം മീണ വെളിപ്പെടുത്തുന്നു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് അതിശയോക്തി

അദ്ദേഹം എന്തടിസ്ഥാനത്തിലാണ് അത് പറയുന്നതെന്ന് എനിക്കു മനസിലാവുന്നില്ല. എന്നാലും അതൊരു അതിശയോക്തിയാണ്. പൂര്‍ണ്ണമായും ഇത് സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ പറയുന്നത് ഈ പ്രക്രിയ ഉദ്യോഗസ്ഥന്‍മാര്‍ നിയന്ത്രിക്കുന്ന പ്രക്രിയയല്ല. വോട്ടര്‍ പട്ടികയുണ്ടാക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ സഹായത്തോടെയാണ്. വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രക്രിയ ഞങ്ങള്‍ കഴിഞ്ഞ മെയ് മാസത്തില്‍ ആരംഭിച്ചതാണ്. എല്ലാ പൊളിറ്റിക്കല്‍ പാര്‍ട്ടിക്കാരും അതില്‍ പങ്കാളികളായിരുന്നു. അവരെ മീറ്റിങ് വിളിച്ച് ഇതില്‍ പങ്കാളികളാക്കിയിരുന്നു. അതാത് ബൂത്തില്‍ ഒരു ബൂത്ത് ലെവല്‍ അസിസ്റ്റന്റിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിക്കണമെന്നും ബൂത്ത്‌ ലെവല്‍ ഓഫീസര്‍ വീടുകളില്‍ പോകുമ്പോള്‍ കൂടെ പാര്‍ട്ടികളുടെ ആളും ഉണ്ടായിരിക്കണമെന്നും പറഞ്ഞു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഞങ്ങളുടെ വാക്ക് ചെവിക്കൊണ്ടില്ല. അവര്‍ ബിഎല്‍ഒയെ നിയമിച്ചില്ല. വോട്ടര്‍ പട്ടിക അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരും പരാതിയുമായി വന്നില്ല. മാര്‍ച്ച് 25 വരെ അതിന് സമയവും ഉണ്ടായിരുന്നു. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അപേക്ഷ നല്‍കണമെന്നും പറഞ്ഞിരുന്നു. വോട്ടര്‍ പട്ടിക വന്നതിനു ശേഷമേ അവര്‍ക്കത് മനസിലായുളളൂ എന്നുണ്ടെങ്കില്‍ അതിനര്‍ഥം അവര്‍ അവരുടെ ജോലി ചെയ്തിട്ടില്ല എന്നാണ്. എന്തായാലും സത്യസന്ധമായ നടപടി ഈ പരാതിയില്‍ ഉണ്ടാവും. 11 ലക്ഷം വോട്ടര്‍മാരാണ് ഈ വോട്ടര്‍ പട്ടികയില്‍ പുതിയതായി ചേര്‍ത്തത്. ഇത് ചരിത്രത്തില്‍ ആദ്യമായാണ്. വിപുലമായ പ്രചരണമാണ് ഇത്തവണ ഞങ്ങള്‍ നടത്തിയത്. മൂന്ന് തവണ ഞാന്‍ തന്നെ ദൂരദര്‍ശനില്‍ പോയിരുന്നു. 5.5 ലക്ഷം കന്നി വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്

പോലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നും അവരുടെ വോട്ടുകള്‍ മറ്റ് പലരും ചെയ്യുന്നു എന്നതുമായിരുന്നു പരാതി. പരാതി വന്നപ്പോള്‍ തന്നെ ഡിജിപിയോട് പറഞ്ഞ് അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വന്നു. ഇതില്‍ ചില വസ്തുതകള്‍ പുറത്തു വന്നിട്ടുണ്ട്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിക്കുകയും, ആ അന്വേഷണം നടന്നു വരികയും ചെയ്യുന്നു. ഹൈക്കോടതിയും ഇത് നിരീക്ഷിക്കുന്നുണ്ട്.

വോട്ട് സത്യസന്ധമായിചെയ്യുക എന്നത് ഒരു വ്യക്തിയുടെ ഉത്തരവാദിത്തമാണ്. എനിക്കു കിട്ടിയിട്ടുള്ള സമ്മതിദാനാവകാശം സുതാര്യമായി, സത്യസന്ധമായി വിനിയോഗിക്കേണ്ടത് എന്റെ കടമയാണ്. അതെന്റെ ചുമതലയാണ്. ഞാന്‍ അത് നിറവേറ്റുന്നില്ലെങ്കില്‍ അത് എന്റെ തെറ്റാണ്. അതിനാല്‍ തന്നെ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആ വ്യക്തിക്കു തന്നെയാണ്. എത്ര നല്ല സിസ്റ്റമാണെങ്കിലും തെറ്റ് ചെയ്യാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ അത് സംഭവിച്ചിരിക്കും. അതുകൊണ്ട് സിസ്റ്റത്തിനല്ല പ്രശ്‌നം.

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍

ഇത്തവണ വോട്ടെണ്ണല്‍ പ്രക്രിയ വൈകാനാണ് സാധ്യത. നേരത്തെ ഒരു നിയോജകമണ്ഡലത്തില്‍ 2 വി വി പാറ്റ് എണ്ണിയാല്‍ മതിയായിരുന്നു. അത് എളുപ്പമായിരുന്നു. ഒരുമണിക്കൂറിനുള്ളില്‍ അത് എണ്ണാന്‍ സാധിക്കുമായിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ 8 മണിക്ക് എണ്ണാന്‍ ആരംഭിക്കും. 12 മണിയോടെ അത് തീരും. ഇത്തവണ 5 ബൂത്തുകളിലെ വി വി പാറ്റ് ആണ് ഒരു നിയോജകമണ്ഡലത്തില്‍ എണ്ണേണ്ടത്. ഇ വി എമ്മിന് 5 മണിക്കൂറെങ്കിലും എടുക്കും. വിവി പാറ്റ് വളരെ കനംകുറഞ്ഞ പേപ്പര്‍ ആണ്. അതിനാല്‍ തന്നെ അതെണ്ണാന്‍ എക്‌സ്‌പേര്‍ട്ട് ആയിട്ടുള്ളവര്‍ തന്നെ വേണം. അതിനാല്‍ തന്നെ ഔദ്യോഗികമായി ഫലപ്രഖ്യാപനം 9, 10 മണിക്കേ വരികയുള്ളൂ. കൂടാതെ പോസ്റ്റല്‍ വോട്ടും എണ്ണേണ്ടതായുണ്ട്. ഓരോ റൗണ്ട് അവസാനിക്കുമ്പോഴും വോട്ടു നില പുറത്തുവിടും. ഇലക്ഷന്‍ കമ്മീഷന്റെ പോര്‍ട്ടലില്‍ നിന്നും അത് ലഭിക്കും. ഒരു കൗണ്ടിങ്ങ് ഹാളില്‍ 14 ടേബിള്‍. പോസ്റ്റല്‍ വോട്ടിന് മറ്റൊന്നും. പൊതുജനങ്ങള്‍ക്ക് ഫലമറിയാന്‍ അതാതു ജില്ലകളില്‍ അനൗണ്‍സ് ചെയ്യാനുള്ള സംവിധാനം ഉണ്ടാവും. മീഡിയയ്ക്ക് വേണ്ടി ഓരോ ജില്ലകളിലും മീഡിയ റൂം ഉണ്ടായിരിക്കും.

മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സന്തോഷം തോന്നിയത്

ജനാധിപത്യപ്രക്രിയയുടെ ഭാഗമാകാന്‍ സാധിച്ചു. ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഉദ്യോഗസ്ഥന്‍മാരെ നയിക്കാനും ഒരു ടീം ലീഡറായി പ്രവര്‍ത്തിക്കാനും സാധിച്ചു. രാഷ്ട്രീയക്കാരുമായി സംവദിക്കാന്‍ സാധിച്ചു.

വേദന ഉണ്ടാക്കിയ അനുഭവം

ഇതൊരു പ്രീതി നേടാന്‍ സാധിക്കുന്ന ജോലിയല്ല. മനസില്‍ നിഷ്പക്ഷനായിരിക്കണം. ഞാനും എന്റെ കൂടെ പ്രവര്‍ത്തിച്ചവരും സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. ഒരു സംസ്ഥാനത്ത് ശാന്തിയും സമാധാനത്തോടെയും തിരഞ്ഞെടുപ്പ് നടത്തുക ഒരു ചലഞ്ചാണ്. റെക്കോര്‍ഡ് പോളിങ്ങാണ് ഇത്തവണ, 77.7 ശതമാനം. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വോട്ടുചെയ്യാന്‍ സാധിച്ചതും ഒരു നേട്ടം തന്നെ, 174 പേര്‍. ഭിന്നശേഷിക്കാര്‍ വോട്ടുചെയ്യാന്‍ വേണ്ട സൗകര്യങ്ങളും ഒരുക്കിയിരുന്നു. ആദിവാസി മേഖലയില്‍ കുടുംബശ്രീയുടെ സംഘടനയായ രംഗശ്രീയുടെ നാടകം നടത്തി. പ്രവാസി വോട്ടുകളും ഉറപ്പാക്കിയിരുന്നു.

Also Read: ആരാണ് ‘കാട്ടിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലെ’ത്തിയ ‘സര്‍വ്വാധികാരി’ ടിക്കാറാം മീണ ഐഎഎസ്?

Next Story

Related Stories