TopTop
Begin typing your search above and press return to search.

ആര്‍ എസ് എസിന് പിന്നാലെ എസ് ഡി പി ഐ ഭീഷണിയും; സി പി എം ചോദിച്ചു വാങ്ങിയത്

ആര്‍ എസ് എസിന് പിന്നാലെ എസ് ഡി പി ഐ ഭീഷണിയും; സി പി എം ചോദിച്ചു വാങ്ങിയത്

തിരുവനന്തപുരത്തും കണ്ണൂരിലെ അഴീക്കോടും ആര്‍ എസ് എസ്, എസ്ഡിപിഐ എന്നീ സംഘടനകളെ ഒരേ സമയം കായികമായി നേരിടേണ്ട ഗതികേടിലാണ് ഇന്ന് സി പി എം. കേരളത്തില്‍ കാലൂന്നിയ കാലം തൊട്ടേ ആര്‍ എസ് എസ്, സി പി എമ്മിനെ സംബന്ധിച്ചിടത്തോളം പ്രധാന രാഷ്ട്രീയ എതിരാളിയായി മാറിയെങ്കില്‍ എസ് ഡി പി ഐ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും അതിന്റെ ആദ്യ രൂപമായിരുന്ന എന്‍ ഡി എഫും (നാഷണല്‍ ഡവലപ്പ്മെന്റ് ഫ്രണ്ട്) അങ്ങനെയായിരുന്നില്ല തുടക്കത്തില്‍ എന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഒരര്‍ത്ഥത്തില്‍ എന്‍ ഡി എഫിന്റെ ആദ്യകാല വളര്‍ച്ചക്ക് അറിഞ്ഞോ അറിയാതെയോ സി പി എം നിന്നുകൊടുത്തിട്ടുണ്ട് എന്ന് പറയാതെ വയ്യ. അതുകൊണ്ടു തന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തുനിന്നും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി സി പി എം ചോദിച്ചു വാങ്ങിയതാണെന്നു പറയേണ്ടിവരും.

1993 ല്‍ രംഗത്തുവന്ന എന്‍ ഡി എഫിന്റെ രൂപീകരണത്തിന് ഒരു ചരിത്ര പശ്ചാത്തലം ഉണ്ട്. ബാബ്റി മസ്ജിദിന്റെ പതനവും ഇതേ തുടര്‍ന്ന് മുസ്ലിം ജനവിഭാഗത്തിനിടയില്‍ ഉണ്ടായ അരക്ഷിത ബോധവും മുതലെടുത്തുകൊണ്ടാണ് എന്‍ ഡി എഫ് എന്ന സംഘടനാ രൂപീകൃതമായത്. ബാബ്റി മസ്ജിദ് സംഭവത്തെ തുടര്‍ന്ന് ആര്‍ എസ് എസിനൊപ്പം സിമി (സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ) അബ്ദുല്‍ നാസര്‍ മദനിയുടെ ഐ എസ് എസ് (ഇസ്ലാമിക് സേവക് സംഘ്) തുടങ്ങിയ തീവ്ര മുസ്ലിം സംഘടനകളും നിരോധിക്കപ്പെട്ട കാലം. ഈ നിരോധനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു എന്‍ ഡി എഫിന്റെ പിറവി. 1993 ല്‍ കോഴിക്കോട് നഗരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഒരു മഹാറാലിയില്‍ വെച്ചാണ് എന്‍ ഡി എഫ് എന്ന പുതിയ സംഘടന പിറവിയെടുത്തത്. നിരോധിക്കപ്പെട്ട സിമി, ഐ എസ് എസ് തുടങ്ങിയ സംഘടനകളില്‍ നിന്നുള്ളവരാണ് എന്‍ ഡി എഫിന് പിന്നില്‍ എന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഡോ. സുകുമാര്‍ അഴീക്കോടിനെ കൊണ്ട് ആ റാലി ഉല്‍ഘാടനം ചെയ്യിക്കാന്‍ കഴിഞ്ഞു എന്നത് സംഘാടകരുടെ മികവായി അന്നേ വിലയിരുത്തപ്പെട്ടിരുന്നു. പ്രത്യക്ഷത്തില്‍ തികച്ചും ഒരു ജനകീയ സംഘടന എന്ന നിലയില്‍ ആയിരുന്നു അന്ന് പലരും എന്‍ ഡി എഫിനെ കണ്ടത്. അതുകൊണ്ടു തന്നെ സംഘടനയുടെ വളര്‍ച്ചയും വളരെ പെട്ടെന്ന് തന്നെയായിരുന്നു.

http://www.azhimukham.com/opinion-blasphemy-prophet-and-hand-chopping-what-is-quran-says-is-different-by-nasirudheen/

സാമൂഹ്യ അനീതികള്‍ക്കെതിരെ പട പൊരുതുന്ന ഒരു ജനകീയ സംഘടന എന്നതില്‍ ഉപരിയായി ആദ്യമൊന്നും പലരും എന്‍ ഡി എഫിനെ കണ്ടിരുന്നില്ലെന്നതും ഈ വളര്‍ച്ചക്ക് കരുത്തു പകര്‍ന്നു. ഈ തെറ്റിധാരണ എന്‍ ഡി എഫും നന്നായി മുതലെടുത്തു. അവരുടെ പ്രവര്‍ത്തകര്‍ സി പി എം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകര്‍ ആയി രംഗത്ത് വരാന്‍ തുടങ്ങിയതോടെ എന്‍ ഡി എഫിന്റെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉറപ്പു വരുത്തുകയായിരുന്നു. അതുകൊണ്ടു തന്നെ തുടക്ക കാലത്ത് നടന്ന പല അക്രമ സംഭവങ്ങളിലും എന്‍ ഡി എഫ് പ്രതി സ്ഥാനത്തു വന്നിട്ടും സി പി എമ്മും മുസ്ലിം ലീഗും അടക്കമുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊന്നും ആ സംഘടനയെ വലിയൊരു വിപത്തായി കണ്ടില്ലെന്നതാണ് വാസ്തവം. 2003 ലെ രണ്ടാം മാറാട് കൂട്ടക്കൊല എന്‍ ഡി എഫിന്റെ വികൃത മുഖം വ്യക്തമാക്കിയപ്പോള്‍ പോലും ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളുടെ പരോക്ഷമായ പിന്തുണ സംഘടനക്കു ലഭിച്ചു. രണ്ടാം മാറാട് കൂട്ടക്കുരുതിക്ക് ശേഷം പത്തി അല്‍പം താഴ്ത്തി പ്രവര്‍ത്തിച്ചുപോന്ന എന്‍ ഡി എഫ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞതു തൊട്ടടുത്ത വര്‍ഷം കണ്ണൂര്‍ ഇരിട്ടിക്കടുത്തുള്ള പുന്നാട് പി വി മുഹമ്മദ് എന്ന എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടുകൂടിയാണ്. പുലര്‍ച്ചെ മകനോടൊപ്പം പള്ളിയിലേക്ക് പോകവെയാണ് ഒരു സംഘം ആര്‍ എസ് എസ്സുകാര്‍ മുഹമ്മദിനെ വെട്ടിയരിഞ്ഞത്.

http://www.azhimukham.com/trending-kerala-cpm-bjp-clash-is-a-planned-one-antony/

അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട് സന്ദര്‍ശിച്ചു. ആര്‍ എസ് എസ്‌ ശക്തികേന്ദ്രമായ പുന്നാട് വെച്ച് നടന്ന ഈ കൊലപാതകം രാഷ്ട്രീയമായി മുതലെടുക്കാന്‍ സി പി എം നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു ആ സന്ദര്‍ശനമെന്ന ആക്ഷേപം അന്ന് ഉയര്‍ന്നു. മുഹമ്മദ് കൊല്ലപ്പെട്ട് പത്തു മാസം തികയുന്നതിനു മുന്‍പ് തന്നെ ആര്‍ എസ് എസ് പ്രവര്‍ത്തകനും ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ അശ്വിനി കുമാറിനെ വകവരുത്തികൊണ്ടു എന്‍ ഡി എഫ് പകരം വീട്ടി. അപ്പോഴും എന്‍ ഡി എഫ് തങ്ങള്‍ക്കു ഒരു ബാധ്യത ആയി മാറുമെന്നോ ഇരുതല മൂര്‍ച്ചയുള്ള അവരുടെ കൊടുവാള്‍ ഒടുവില്‍ തങ്ങള്‍ക്കു നേരെ തിരിയുമെന്നോ സി പി എം കണക്കുകൂട്ടിയിട്ടുണ്ടാവില്ല. തങ്ങളുടെ ആജന്മ ശത്രുവായ ആര്‍ എസ് എസിനെ എതിരിടാന്‍ പോന്ന ഒരു സംഘടന എന്ന നിലയില്‍ മാത്രം എന്‍ ഡി എഫിനെ കണ്ട സി പി എം അബദ്ധം തിരിച്ചറിഞ്ഞു തുടങ്ങിയത് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ എന്‍ ഡി എഫ് തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആരംഭിച്ചതോടുകൂടിയാണ്. എന്‍ ഡി എഫ് പ്രവര്‍ത്തകനായിരുന്ന തലശ്ശേരിയിലെ ഫസലിനെ 2006 ല്‍ കൊന്നത് തങ്ങളാണെന്ന് അടുത്തിടെ അറസ്റ്റിലായ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിന് മൊഴി നല്‍കിയിട്ടും ആ കൊലപാതകത്തിന് പിന്നില്‍ സി പി എം തന്നെ എന്ന ആര്‍ എസ് എസ് നിലപാടിനൊപ്പം എന്‍ ഡി എഫും നിലകൊള്ളുന്നതും ഇപ്പോള്‍ തിരുത്തി ചിന്തിക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നുണ്ടാവണം. അതുകൊണ്ടു കൂടിയാവണമല്ലോ കൊല്ലാന്‍ പരിശീലനം നല്‍കുന്ന ഭീകര സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് ഈ അടുത്ത കാലത്തു മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി പറയേണ്ടി വന്നതും.

http://www.azhimukham.com/faisal-murder-rss-media-antony/


Next Story

Related Stories