Top

കാഞ്ഞിരപ്പളളി ബിഷപ്പ് കത്തോലിക്ക സഭയെ ബിജെപി പാളയത്തില്‍ കെട്ടുമ്പോള്‍; കുഞ്ഞാടുകള്‍ ആര്‍ക്കൊപ്പം?

കാഞ്ഞിരപ്പളളി ബിഷപ്പ് കത്തോലിക്ക സഭയെ ബിജെപി പാളയത്തില്‍ കെട്ടുമ്പോള്‍; കുഞ്ഞാടുകള്‍ ആര്‍ക്കൊപ്പം?
മോദി കര്‍ത്താവിന്റെ ദാസന്‍ എന്നു മുന്‍പു തന്നെ പ്രഖ്യാപിച്ച ശാലോമിനു പിന്നാലെ ബിജെപി പാളയത്തിലേക്ക് ഉറ്റുനോക്കി കത്തോലിക്കാ സഭ. കേന്ദ്ര ടൂറിസം മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര സര്‍ക്കാരിനും കത്തോലിക്കാ സഭയ്ക്കും ഇടയ്ക്കുള്ള പാലമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. അധികാര കേന്ദ്രങ്ങളുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തുന്ന കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ പുതിയ നീക്കമാണ് കത്തോലിക്കാ സഭയെയും കേന്ദ്ര സര്‍ക്കാരിനെയും തമ്മില്‍ അടുപ്പിക്കാനുള്ള വഴിയായി അല്‍ഫോന്‍സ് കണ്ണന്താനത്തെ ഉപയോഗിക്കുകയെന്നത്.

അതേസമയം കത്തോലിക്കാ സഭ ബിജെപി ബന്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തമായ അഭിപ്രായം പറയുന്നതിനു മുന്‍പ് കാഞ്ഞിരപ്പള്ളി ബിഷപ് കത്തോലിക്കാ സഭയെ ബിജെപി പാളയവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് സഭയിലെ ഒരു വിഭാഗത്തിലും വിശ്വാസികളിലും അതൃപ്തി ഉളവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎമ്മുമായും അടുപ്പമുള്ള സഭാധ്യക്ഷന്‍മാരിലൊരാള്‍ കൂടിയായ മാര്‍ അറയ്ക്കല്‍ പക്ഷേ ഇപ്പോള്‍ കേന്ദ്രത്തില്‍ ബിജെപിയെ കൂട്ടുപിടിക്കുന്നതിനു പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടെന്നു കരുതുന്നവരാണ് ഭൂരിഭാഗവും.

എന്നാല്‍ ഒരേ സമയം രണ്ടു പേരെ സേവിക്കാന്‍ (ദൈവത്തെയും മാമോനെയും) കഴിയില്ലെന്നു ബൈബിളില്‍ തന്നെ പറയുമ്പോള്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിന് ഏതു രീതിയിലാണ് സഭയെ ബിജെപി പാളയത്തിലെത്തിക്കാനുള്ള ശ്രമം നടത്താനാവുന്നതെന്ന ചോദ്യവും വിശ്വാസികള്‍ ഉന്നയിക്കുന്നുണ്ട്. കേരളത്തിലെ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ദിനാളിനു പകരം കാഞ്ഞിരപ്പള്ളി ബിഷപ് പൊതുനിലപാടു വ്യക്തമാക്കുന്നതും വിശ്വാസികളെയും ഒരു വിഭാഗം വൈദികരെയും രോഷാകുലരാക്കുന്നുണ്ട്. ബിജെപി പാളയത്തിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന കേരളാ കോണ്‍ഗ്രസ്, അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിയായതോടെ ബിജെപിയെ തളളിപ്പറഞ്ഞു രംഗത്തെത്തുകയും ചെയ്തിരുന്നു.

പൊതുവില്‍ കേരളാ കോണ്‍ഗ്രസ് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് കത്തോലിക്കാ സഭാ വിശ്വാസികളില്‍ ഭൂരിഭാഗവുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ കത്തോലിക്കാ സഭയുടെ ബിജെപി ബാന്ധവം ചുരുങ്ങിയ പക്ഷം പാലാ രൂപതയ്ക്കെങ്കിലും അംഗീകരിക്കാന്‍ കഴിഞ്ഞേക്കില്ല.ഇതിനിടെ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരണത്തില്‍ തിരിച്ചെത്താനിടയില്ലെന്ന തിരിച്ചറിവിലാണ് കത്തോലിക്കാ സഭയിലെ ഒരുവിഭാഗം കേന്ദ്ര സര്‍ക്കാരുമായി അടുക്കുന്നതെന്നും സൂചനയുണ്ട്. മുന്‍പു കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപത്രം മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിലാണ് ഫാരിസ് അബൂബക്കറിനു കൈമാറിയത്. അക്കാലത്തു സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ജിഹ്വയായി പ്രവര്‍ത്തിച്ച പത്രം ഏറെ ബുദ്ധിമുട്ടിയാണ് സഭ തിരിച്ചുപിടിച്ചത്. അതുകൊണ്ടു തന്നെ കത്തോലിക്കാ സഭയെ ബിജെപിയുമായി അടുപ്പിക്കാനുള്ള കാഞ്ഞിരപ്പള്ളി ബിഷപ്പിന്റ പുതിയ നീക്കം ഭൂരിഭാഗം വിശ്വാസികളും സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.

ഈ മാസം 15-ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ കണ്ണന്താനത്തിന് ഒരുക്കിയ സ്വീകരണത്തിന് സ്വാഗതസംഘം രക്ഷാധികാരി എന്ന നിലയില്‍ ബിഷപ്‌ അറയ്ക്കല്‍ നേരിട്ടാണ് ക്ഷണക്കത്ത് അടിച്ചത്. അതില്‍ ഇങ്ങനെ പറയുന്നു: "ഭാരതത്തിന്‍റെ പരമവൈഭവത്തിനായി അഹോരാത്രം പോരാടുന്ന, വികസനത്തിന്‍റെ പുത്തന്‍ പന്ഥാവുകള്‍ വെട്ടിത്തുറക്കാന്‍ അക്ഷീണം യത്നിക്കുന്ന ഉലകനായകന്‍ നരേന്ദ്ര മോദിജിയുടെ സ്വപ്നസാക്ഷാത്കാരത്തിന് ആവേഗം വര്‍ദ്ധിപ്പിക്കാന്‍ നമ്മുടെ എംഎല്‍എയ്ക്കു സാധിക്കും." കേരളത്തിലെ കത്തോലിക്ക സഭയുടെ നിലപാടാണോ എന്ന ചോദ്യവും അന്നു തന്നെ ഉയര്‍ന്നിരുന്നു.


Next Story

Related Stories