TopTop
Begin typing your search above and press return to search.

സംവരണം: നീല്‍ സലാമിനെ റദ്ദാക്കുന്ന ലാല്‍ സലാം

സംവരണം: നീല്‍ സലാമിനെ റദ്ദാക്കുന്ന ലാല്‍ സലാം

ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന കക്ഷി- മുന്നണി രാഷ്ട്രീയ ചേരികളെ അതാതിടങ്ങളില്‍ തന്നെ ഇളക്കമില്ലാതെ നിറുത്തി കൊണ്ട് ഈ രാജ്യത്തെ ഏതെങ്കിലും ഒരു വിഷയത്തില്‍ രണ്ട് ചേരികളാക്കാന്‍ കഴിയുമെങ്കില്‍ അത് സംവരണം ഒന്നിന്റെ പേരില്‍ മാത്രമാകും. സംവരണം എന്ന ഭരണഘടനാദത്ത അവകാശത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി ചേരിതിരിയുന്ന സമൂഹത്തില്‍ കക്ഷി രാഷ്ട്രീയ നിലപാടുകള്‍ ഒട്ടുമേ പ്രസക്തമാകുന്നില്ല. വിശേഷിച്ചും ഇടതുപക്ഷ രാഷ്ട്രീയ പരികല്പനകള്‍ നിര്‍ണ്ണയിക്കുന്ന കേരളത്തിന്റെ പൊതുവ്യവഹാരങ്ങളില്‍ 'സാമൂഹിക നീതി' എന്ന പദം തന്നെ രണ്ടാം തരമാണെന്നതിനാല്‍ തന്നെ 'സാമൂഹിക നീതി'യെ ലക്ഷ്യമിട്ടുള്ള സംവരണവും അസംഗതമാണ്. അതിനാല്‍ തന്നെയാകണം സംവരണ സംബന്ധിയായുള്ള ചര്‍ച്ചകളിലൊക്കെയും 'സാമൂഹ്യ നീതി' എന്ന സങ്കല്പനത്തെ കേരളീയ പൊതു ബോധത്തിനു മുന്നില്‍ സ്ഥാപിച്ചെടുക്കാന്‍ സംവരണാനുകൂലികള്‍ ഏറെ പണിപ്പെടുന്നത്.

സംവരണം എന്നതിനെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമായും, ഭൂ ഉടമസ്ഥതയായുമൊക്കെ കൂട്ടിക്കുഴയ്ക്കാന്‍, ആ വിധ യുക്തികള്‍ ഉയര്‍ത്തി സംവരണത്തിന്റെ സാംഗത്യത്തെ തന്നെ ചോദ്യം ചെയ്യാനും സംവരണ വിരുദ്ധര്‍ക്ക് കേരളത്തില്‍ എളുപ്പം സാധിക്കുന്നതും ഇതിനാലാവണം. സംവരണത്തെ സംബന്ധിച്ച് ഒരു ഉത്തരേന്ത്യന്‍ സവര്‍ണ്ണനുമായി സംവാദം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അയാള്‍ക്ക് പറയാനുള്ളത്, തനിക്ക് നേരിടേണ്ടി വരുന്ന അവസര നിഷേധത്തെ കുറിച്ചും പ്രയാസത്തെ കുറിച്ചും മാത്രമായിരിക്കും. സാമൂഹ്യ നീതി എന്ന ഇന്ത്യന്‍ ഭരണഘടനയുടെ പരികല്പനയെ മുന്‍നിര്‍ത്തി, അതിന്റെ ചരിത്രപരതയെ പറ്റി പറഞ്ഞ് അയാളുടെ വാദങ്ങളെ എളുപ്പത്തില്‍ പ്രതിരോധിക്കുകയും ആവാം. എന്നാല്‍ മലയാളി ഇടതുപക്ഷ ഭാവനയോട് എതിരിടേണ്ടി വരുമ്പോള്‍ സംവരണത്തിന്റെ യുക്തിയെ ഭൂ ഉടമസ്ഥതയുടെയും, സാമൂഹിക നവോത്ഥാനത്തിന്റെയും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെയും യുക്തികളില്‍ നിന്ന് വേര്‍തിരിച്ച് കാട്ടുക ക്ലേശകരമായി മാറുന്നു. യഥാര്‍ത്ഥത്തില്‍ സംവാദ വിധേയമാകേണ്ട 'സാമൂഹ്യ നീതി'യെ അപ്രസക്തമാക്കി കൊണ്ട്, ആ സങ്കല്പനത്തിന്റെ ചരിത്രപരതയെ തന്നെ റദ്ദ് ചെയ്തു കൊണ്ട് ഏതൊരു വലതുപക്ഷ രാഷ്ട്രീയ നിലപാടുകളെക്കാളും ഭംഗിയായി സംവരണത്തെ ഇടത് ഭാവനകള്‍ക്ക് അട്ടിമറിക്കാനും സാധിക്കുന്നുണ്ട്.

http://www.azhimukham.com/keralam-kerala-government-decision-to-give-economic-reservation-will-sabotage-castereservation/

'അനിഹിലേഷന്‍ ഓഫ് കാസ്റ്റ്' എന്ന തന്റെ പ്രസംഗത്തിന്റെ ആരംഭത്തില്‍, കോണ്‍ഗ്രസ്സിന്റെ 1892ലെ അലഹബാദ് സമ്മേളനത്തിലെ ചരിത്രപരമായ വഴിപിരിയല്‍, സാമൂഹ്യ പരിഷ്‌ക്കരണമാകണോ രാഷ്ട്രീയ പരിവര്‍ത്തനമാകണോ മുഖ്യ അജന്‍ഡ എന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ പറ്റിയും, അവിടെ മേല്‍ക്കൈ ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അന്നോളം ഉള്ളടങ്ങിയിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പരിപാടികള്‍ എപ്രകാരം റദ്ദ് ചെയ്യപ്പെട്ടു എന്നും ഡോ. അംബേദ്ക്കര്‍ പറയുന്നുണ്ട്. ഒരു ദേശരാഷ്ട്ര രൂപീകരണത്തിന് നേതൃത്വം കൊടുത്ത ബൌദ്ധിക സമൂഹം എങ്ങനെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ കാതലായ സാമൂഹ്യ നീതി വിഷയത്തെ കൈയ്യൊഴിയുന്നത് എന്നതിന് ഉദാഹരണമായാണ് അലഹബാദ് കോണ്‍ഗ്രസ്സ് സമ്മേളനത്തെ അദ്ദേഹം എടുത്ത് കാട്ടിയത്.

സ്വരാജ്യം, സ്വയംഭരണം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ പരികല്പനകളെ മാത്രം പരിലാളിച്ച് പോന്ന ഇന്ത്യന്‍ സ്വാതന്ത്യ സമര പ്രക്ഷോഭത്തിന്റെയും, ദേശരാഷ്ട്ര രൂപീകരണ പ്രക്രിയയുടെയും വ്യവഹാര പരിസരത്തേക്ക് സാമൂഹ്യനീതി എന്ന ആശയത്തെ സജീവമാക്കി നിറുത്തിയത് ഡോ. അംബേദ്ക്കറുടെ ഇടപെടലുകളായിരുന്നു. ആ ഇടപെടലുകളോട് മുഖ്യധാരയിലെ വലത്-ഇടത്- മധ്യ ചേരികള്‍ ഒരു പോലെ പുലര്‍ത്തിയ അവഗണനയും അവജ്ഞയും ചരിത്രമാണ്. അംബേദ്ക്കറുടെ ബൌദ്ധിക ചോദന ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനെങ്കിലും ഗാന്ധി തയ്യാറായപ്പോള്‍, പാടേ അവഗണിക്കുക എന്ന സ്ട്രാറ്റജി ആയിരുന്നു തീവ്ര വലതരും കമ്മ്യൂണിസ്റ്റുകളും ഒരു പോലെ പുലര്‍ത്തിയത്.

'ബുദ്ധാ ഓര്‍ കാള്‍ മാര്‍ക്‌സ്' എന്ന കൃതിയിലൂടെ അംബേദ്ക്കര്‍ തുറക്കാനാഗ്രഹിച്ച സംവാദം ഇന്നും ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വിമുഖതയും അവഗണനയും മൂലം വന്ധ്യമായി അവശേഷിക്കുകയാണ്. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ മാര്‍ക്‌സിസത്തിന്- ചുരുങ്ങിയ പക്ഷം അതിന്റെ ഇന്ത്യന്‍ പതിപ്പുകള്‍ക്ക് സംഭവിക്കുന്നത് യാന്ത്രികമായ വര്‍ഗ്ഗ വിശകലന രിതിയെ അവലംബിക്കുന്നതിനാലുള്ള സാങ്കേതിക പിഴവാണെന്ന വാദവും നിരാകരിക്കപ്പെടേണ്ടതുണ്ട്. കേവലം വിശകലന പിഴവിലുപരി സാമൂഹ്യ പഠനത്തിനായി ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ രൂപപ്പെടുത്തിയിട്ടുള്ള അടിസ്ഥാന ഭാവനകളില്‍ തന്നെ ഉള്ളടങ്ങുന്ന ജാതീയതയുടെതാണ് പ്രശ്‌നം എന്ന് മനസിലാക്കാന്‍, കാലാകാലം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സംവരണ കാര്യത്തില്‍ പുലര്‍ത്തിയിട്ടുള്ള അലംഭാവവും അവഗണനയും മാത്രം മതിയാകും.

http://www.azhimukham.com/kerala-dalits-came-to-sanctum-from-the-temple-compound-through-new-devaswom-policy-says-mb-rajesh-mp/

കാവി ഭീകരതയെ എതിരിടാന്‍ ലാല്‍ സലാമിനൊപ്പം നീല്‍ സലാം മുഴക്കാമെന്ന് സ്വപ്നം കാണുന്ന നിഷ്‌ക്കളങ്ക ബുദ്ധികള്‍ക്ക് രണ്ടും തമ്മിലുള്ള വേര്‍തിരിവ് വെളിപ്പെടുക ചില ചരിത്ര സന്ധികളിലാകും. അത്തരത്തിലൊന്നാണ് ആവശ്യം വേണ്ടുന്ന ഭരണപരമായ അവധാനതയോ, പഠനമോ യാതൊന്നും കൂടാതെ, സംവരണം എന്ന ആശയത്തെ തന്നെ നിര്‍വീര്യമാക്കുന്ന തീരുമാനം ദേവസ്വം നിയമനങ്ങളില്‍ എര്‍പ്പെടുത്താനും, മറ്റ് മേഖലകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുവാന്‍ കേന്ദ്രത്തെ സമ്മര്‍ദ്ദപ്പെടുത്താനുമുള്ള കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ തീരുമാനം. സ്വകാര്യ തൊഴില്‍ മേഖലകളിലേക്ക് കൂടി നിലവിലുള്ള സംവരണം വ്യാപിപ്പിക്കുവാന്‍ മറ്റ് പല സംസ്ഥാന ഗവണമെന്റുകളും നടപടികളെടുക്കുന്ന സന്ദര്‍ഭത്തിലാണ് ഈ തിരുമാനമെന്നതാണ് ഏറ്റവും ശ്രദ്ധേയം. കേരളത്തില്‍ സര്‍ക്കാരേതര തൊഴില്‍ മേഖലകളിലെ ദലിത് പ്രാതിനിധ്യത്തെ കുറിച്ചുള്ള കണക്കെടുപ്പ് ഒന്ന് മാത്രം മതി നിലനിന്ന് പോരുന്ന സംവരണത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യമാകുവാന്‍. ഈ അഭാവത്തെ കുറിച്ചുള്ള സംവാദത്തില്‍ ക്വാളിറ്റിയെ കുറിച്ചുള്ള വാദം നിരത്തപ്പെടുമ്പോളാണ് 'സാമൂഹിക നീതി' എന്തെന്ന് ബോധ്യമാകുന്നത്. ('ഗുണപരത' എന്ന അടിസ്ഥാന കല്പനയില്‍ നിന്നാണല്ലോ എല്ലാവിധ വിവേചനങ്ങളും വംശീയതകളും ചരിത്രത്തില്‍ പിറവി കൊണ്ടിട്ടുള്ളത്).

http://www.azhimukham.com/offbeat-reservation-is-not-a-poverty-eradication-programme-by-vishak/

ദേശരാഷ്ട്ര നിര്‍മ്മിതിയുടെ ബൌദ്ധിക പരികല്പനകളില്‍ സാമൂഹ്യ നീതിയെ കൂടി ഉള്‍ചേര്‍പ്പിക്കുന്നതിലും, ഇന്ത്യന്‍ ഭരണഘടനയുടെ അലംഘനീയ സംഗതിയായി ആ അവകാശത്തെ സ്ഥാപിച്ചെടുക്കുന്നതിലും അംബേദ്ക്കര്‍ക്കുണ്ടായ വിജയ പ്രാപ്തിയാണ് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ തന്നെ നിലനില്പിനാധാരം. അതിനാല്‍ തന്നെ നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള ഏത് പരിശ്രമവും ആത്യന്തികമായി ഉന്നം വെയ്ക്കുക ഇന്ത്യന്‍ ഭരണഘടനയെയും സംവരണത്തെയും ആകും. ആയതിനാല്‍ തന്നെ സംവരണാവകാശത്തെ മുന്നോക്കക്കാരിലെ പിന്നോക്കക്കാരിലേക്കും വ്യാപിപ്പിക്കാനും, പിന്നോക്കക്കാരിലെ മേല്‍ത്തട്ടു (ക്രീമിലെയര്‍) കാരെ ഒഴിവാക്കാനും നടക്കുന്ന നീക്കങ്ങള്‍ സാമൂഹിക നീതിയെന്ന രാഷ്ട്രീയ പരികല്പനയെ തന്നെ നിര്‍വീര്യമാക്കാന്‍ വേണ്ടിയുള്ളതാകുന്നു.

മോദി ഗവണമെന്റിന്റെ വരവിന് വഴിയൊരുക്കി ഡല്‍ഹിയില്‍ അരങ്ങേറിയ അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ സമരമുഖങ്ങളില്‍ ആവേശപൂര്‍വ്വം സജീവമായിരുന്ന ഇന്ത്യന്‍ മിഡില്‍ ക്ലാസ് യുവത അഴിമതിക്കൊപ്പം തന്നെ സംവരണത്തിനുമെതിരായി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഇന്നും രാജ്യത്ത് നിലനില്‍ക്കുന്ന മോദി അനുകൂല രാഷ്ട്രീയ തരംഗത്തിന് പിന്നിലെ പ്രധാന ഊര്‍ജ്ജ സ്രോതസ്സായ ഈ സംവരണ വിരുദ്ധതയുടെ രാഷ്ട്രീയത്തിന് ഒന്നാം നമ്പര്‍ കേരളം നല്‍കുന്ന ഏറ്റവും നല്ല സംഭാവനയാകും, പിണറായി സര്‍ക്കാര്‍ ദേവസ്വം നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയ മുന്നോക്ക സംവരണം.

http://www.azhimukham.com/trending-sunny-m-kapikkadu-on-reservation/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories