ട്രെന്‍ഡിങ്ങ്

കുമ്മനത്തിന്റെ ജനരക്ഷാ യാത്ര: ഭയത്തിന്റെ വിത്തുക്കള്‍ വിതയ്ക്കുകയാണോ ബിജെപി?

അതിനിടയില്‍ കുമ്മനത്തിന്റെ ബേപ്പൂര്‍ സന്ദര്‍ശനവും ഏറെ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.

കെ എ ആന്റണി

കെ എ ആന്റണി

ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പയ്യന്നൂരില്‍ നിന്നും ഫ്ളാഗ് ഓഫ് ചെയ്ത, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ‘ ജനരക്ഷാ യാത്ര ‘ആരേയും രക്ഷിക്കാന്‍’ ലക്ഷ്യം വെച്ചുള്ള ഒന്നല്ലെന്നും പകരം കേരളത്തെ കലാപഭൂമിയാക്കി മാറ്റാന്‍ വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കിക്കൊണ്ട് സംഘപരിവാര്‍ അണികള്‍ പണി തുടങ്ങിയിരിക്കുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തി കുമ്മനത്തിന്റെ യാത്ര കണ്ണൂര്‍ ജില്ല വിട്ടതിനു പിന്നാലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകരെയും പോലീസിനെയും ബോംബെറിഞ്ഞു പരിക്കേല്‍പ്പിച്ചുകൊണ്ട് തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് സംഘികള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

കുമ്മനത്തിന്റെ യാത്ര കടന്നുപോയതിനു പിന്നാലെ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി സമ്മേളനത്തിനുവേണ്ടി ഒരുക്കിയ സംഘാടക സമിതി ഓഫിസും സമ്മേളനത്തിനായുള്ള പ്രചാരണ സാമഗ്രികളും നശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ഇന്നലെ വൈകിട്ട് നടത്തിയ പ്രകടനത്തിനു നേര്‍ക്കാണ് ബോംബേറുണ്ടായത്. ബോംബേറില്‍ പാനൂര്‍ സിഐ അടക്കം പതിനാലു പേര്‍ക്ക് പരിക്കേറ്റു. എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രവാക്യം ഉയര്‍ത്തി യാത്ര നടത്തുന്ന സംഘിക്കലി സിപിഎമ്മിന് നേര്‍ക്കുമാത്രല്ലെന്നതാണ് ശ്രദ്ധേയം. തലശ്ശേരിയില്‍ സിപിഐ ബ്രാഞ്ച് സമ്മേളന വേദിക്കരികില്‍ സ്ഥാപിച്ച കൊടികളും തോരണങ്ങളും ഒക്കെ ഇന്നലെ നശിപ്പിച്ച സംഭവം നല്‍കുന്ന സൂചന ഇതാണ്.

ഏറെ കൊട്ടിഘോഷിച്ച് ദേശീയ നേതാക്കളെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ദേശീയ മാധ്യമപ്പടയെയുമൊക്കെ പങ്കെടുപ്പിച്ചു നടത്തിയ യാത്ര വേണ്ടത്ര ഏശിയില്ലെന്ന തോന്നല്‍ മാത്രമാണ് ഇന്നലത്തെ സംഭങ്ങള്‍ക്കു പിന്നിലെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമായിരിക്കും. ഇത് പാനൂരിലെയും കൂത്തുപറമ്പിലേയും തലശ്ശേരിയിലേയുമൊക്കെ സംഘികളുടെ പൊതു സ്വഭാവമാണ്. ചൊറിഞ്ഞും മാന്തിയും ബോംബെറിഞ്ഞുമൊക്കെ കലാപങ്ങള്‍ക്ക് തുടക്കമിടുന്ന കാര്യത്തില്‍ ഏറെ വിരുതുണ്ടവര്‍ക്കെന്നത് മുന്‍പേ തന്നെ തെളിയിക്കപ്പെട്ട വസ്തുതയാണ്. ആ ശീലം ഇപ്പോഴും തുടരന്നുവെന്നു മാത്രം.

അതിനിടയില്‍ കുമ്മനത്തിന്റെ ബേപ്പൂര്‍ സന്ദര്‍ശനവും ഏറെ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. രണ്ടാം മാറാട് കലാപത്തിന് ശേഷം മാറാട് പൂര്‍വസ്ഥിതിയിലേക്ക് ഏതാണ്ട് മടങ്ങിയെത്തിയിട്ടേയുള്ളു. അതിനിടയില്‍ നടത്തിയ ഈ സന്ദര്‍ശനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കുവെന്ന ഭയം പലരും പങ്കുവെക്കുന്നുണ്ട്. യാത്ര കണ്ണൂര്‍ വിട്ടതിന്റെ തൊട്ടു പിന്നാലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ വരുന്ന 17 നു യാത്ര സമാപിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കുമെന്നത് ഇപ്പോള്‍ തന്നെ ഊഹിക്കാക്കവുന്നതേയുള്ളു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍