UPDATES

ട്രെന്‍ഡിങ്ങ്

“മതില്‍ തീര്‍ക്കാന്‍ പെണ്ണുങ്ങള്‍ ഇറങ്ങും, ശബരിമലയിലേക്ക് പോവാമെന്ന് പറഞ്ഞാല്‍ നവോത്ഥാനമെല്ലാം വഴിയില്‍ കിടക്കും”

ഹിന്ദുസമുദായ സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന വനിതാ മതില്‍ എങ്ങനെ നവോത്ഥാനമതില്‍ ആവും?

നവോത്ഥാന വനിതാ മതില്‍ എന്നത് നവോത്ഥാന മുന്നേറ്റമോ അതോ രാഷ്ട്രീയ ഗിമ്മിക്കോ? ഈ സംശയമാണ് കേരളത്തിലെ പല കോണുകളിലുള്ളവര്‍ ഉന്നയിക്കുന്നത്. ജാതിസംഘടനകളെ കൂട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നാല് ലക്ഷം സ്ത്രീകളെ അണിനിരത്തി ജനുവരി ഒന്നിന്‌ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ മതില്‍ തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചത്. ശബരിമല വിഷയത്തില്‍ നാമജപ പ്രതിഷേധക്കാരായ സ്ത്രീകള്‍ക്കെതിരെ, രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കെതിരെ ലക്ഷക്കണക്കിന് സ്ത്രീകളെ ഇറക്കി മതില്‍ തീര്‍ക്കുക എന്നതാണ് ഉദ്ദേശം. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ സമുദായസംഘടനകളുടെ നേതൃത്വത്തില്‍ നടത്താനുദ്ദേശിക്കുന്ന വനിതാമതിലിനോട് ഇതിനോടകം തന്നെ വിയോജിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നവോത്ഥാന മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്‍എസ്എസും മറ്റും നിരത്തിലിറക്കിയ നാമജപ പ്രതിഷേധക്കാരെ വെല്ലുവിളിച്ചുകൊണ്ട് അതിലും വലിയ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ കരുത്ത് തെളിയിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഹിന്ദു സമുദായസംഘടനകളെ കൂടെ നിര്‍ത്തി ബലം ഉറപ്പിക്കാനാവും എന്നും സര്‍ക്കാര്‍ കരുതുന്നു എന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം എന്നത് സ്ത്രീകളുടെ കൂടി ആവശ്യമാണെന്നും സര്‍ക്കാരിന്റെ മാത്രം ചുമലില്‍ വരുന്ന കാര്യമല്ല അതെന്നും ഉറപ്പിക്കലാണ് സര്‍ക്കാരിന്റെ നിലവിലെ ആവശ്യം. ഇതിനായി എസ്എന്‍ഡിപിയും കെപിഎംഎസും ഉള്‍പ്പെടെയുള്ള സംഘടനകളുടെ കൂട്ടുപിടിച്ചുകൊണ്ടാണ് സര്‍ക്കാര്‍ വനിതാ മതില്‍ തീര്‍ക്കാന്‍ ഒരുങ്ങുന്നത്. നവോഥാന ആശയപ്രചരണത്തേക്കാള്‍ ഇതുവഴി തങ്ങള്‍ക്ക് നഷ്ടമായേക്കാവുന്ന സ്ത്രീകളുടെ വോട്ടും പിന്തുണയും തിരിച്ചുപിടിക്കുക എന്ന ഉദ്ദേശവും സര്‍ക്കാരിനുണ്ടെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടിയെങ്കിലും വോട്ട് ശതമാനത്തില്‍, പ്രത്യേകിച്ച് ഈഴവ സമുദായാംഗങ്ങളുടെ വോട്ടുകളില്‍ കുറവ് വന്നതായി സിപിഎമ്മിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്. അത് പരിഹരിക്കുക എന്നത് കൂടിയാണ് വനിതാമതിലിന്റെ പ്രാധാന്യമായി അവര്‍ കണക്കാക്കുന്നത്.

ഹിന്ദുസമുദായ സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന വനിതാ മതില്‍ എങ്ങനെ നവോത്ഥാന മതില്‍ ആവും എന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം. നവോഥാന സംഘടനകള്‍ എന്ന പേരില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവരിലേറെയും ജാതി സംഘടനാ പ്രതിനിധികളായിരുന്നു. 170-ല്‍ അധികം സംഘടനകളാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍, സമുദായ സംഘടനകളെ മുന്നില്‍ നിര്‍ത്തി ഇത്തരത്തില്‍ ഒരു സമരം വിഭാവനം ചെയ്യുന്നത് തന്നെ അപകടകരമായ കളിയാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ജാതിയും മതവും പറഞ്ഞിരുന്ന സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നതും. അതിനാല്‍ ആ സമരത്തെ നവോത്ഥാന സമരം എന്ന വിളിക്കുന്നതിലെ വൈരുധ്യവും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടില്‍ ഇത്തരത്തില്‍ ഒരു പരിപാടി നടത്തുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നത്. സിപിഎമ്മോ സമുദായസംഘടനകള്‍ നേരിട്ടോ അല്ല സമരം സംഘടിപ്പിക്കുന്നത്. ചീഫ്‌സെക്രട്ടറി ഉള്‍പ്പെടെ പേങ്കെടുത്ത യോഗത്തിലാണ് വനിതാമതില്‍ എന്ന തീരുമാനമുണ്ടാവുന്നത് എന്ന കാര്യം പ്രതിപക്ഷനേതാവ് എടുത്തുപറയുന്നു. ഹിന്ദു സംഘടനകള്‍ ഒന്ന് ചേര്‍ന്ന് ശബരിമല വിഷയത്തില്‍ ആചാരലംഘനത്തിനെതിരെ സമരം ചെയ്യുമ്പോള്‍ ഹിന്ദു സമുദായ സംഘടനകളും സ്ത്രീകളും തങ്ങള്‍ക്കൊപ്പമാണെന്ന് കാണിക്കാനുള്ള രാഷ്ട്രീയ ഗിമ്മിക്കായാണ് ഇതരരാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ആലോചനയെ കാണുന്നത്.

മുഖ്യമന്ത്രിയുടെ യോഗത്തില്‍ എന്‍എസ്എസും ക്ഷത്രിയസമിതിയും യോഗക്ഷേമസഭയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പങ്കെടുത്തിരുന്നില്ല. ധീവരസഭ നേതാവ് വി ദിനകരനും ബ്രാഹ്മണസഭ പ്രതിനിധിയും ഉള്‍പ്പെടെയുള്ള പലരും യോഗത്തില്‍ തന്നെ ‘ആചാരലംഘന’ത്തിനെതിരായി അഭിപ്രായം പറഞ്ഞു എന്നാണ് അറിവ്. എന്നാല്‍ സര്‍ക്കാരിന്റെ അഭിപ്രായത്തിനെതിരായി നിന്ന സമുദായസംഘടനകളെ പരിഗണിക്കാതെ നവോത്ഥാന മതില്‍ തീര്‍ക്കാനുള്ള തീരുമാനം യോഗത്തിന് ശേഷം ഉണ്ടാവുകയായിരുന്നു എന്നാണ് ഇക്കൂട്ടരുടെ ആക്ഷേപം. അതേസമയം വെള്ളാപ്പള്ളി നടേശനെയും പുന്നല ശ്രീകുമാറിനെയും മുന്നില്‍ നിര്‍ത്തി പിന്നോക്ക സമുദായക്കാരെ അണിനിരത്താമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങളും വീടുവീടാന്തരം കയറിയുള്ള നിര്‍ദ്ദേശം നല്‍കലും ഉള്‍പ്പെടെ എസ്എന്‍ഡിപിയും കെപിഎംഎസും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കെപിഎംഎസിലെ തന്നെ ബാബു വിഭാഗവും എസ്എന്‍ഡിപിയിലെ ബിഡിജെഎസ് രാഷ്ട്രീയത്തെ പിന്തുണക്കുന്നവരും മതില്‍ തീര്‍ക്കാന്‍ സഹകരിക്കില്ല എന്ന നിലപാടിലാണ് ഇപ്പോഴുള്ളത്.

സമുദായ സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോടികള്‍ കോഴ വാങ്ങിയുള്ള നിയമനങ്ങള്‍, സര്‍ക്കാരിന്റെ അനുമതി കാത്ത് കിടക്കുകയാണ്. ഇതിന് പുറമെ മൈക്രോഫിനാന്‍സ് കേസും വെള്ളാപ്പള്ളിയെ സര്‍ക്കാരിന്റെ കൂടെ നില്‍ക്കാന്‍ നിര്‍ബന്ധിതനാക്കി എന്ന വിമര്‍ശനമാണ് സമുദായസംഘടനാ നേതാക്കള്‍ തന്നെ ഉന്നയിക്കുന്നത്. പുന്നലയും വെള്ളാപ്പള്ളിയും സ്വകാര്യ താത്പര്യങ്ങള്‍ക്കായി സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്ന വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്. തെരുവില്‍ ഇറങ്ങിയുള്ള സമരത്തിന് തയ്യാറല്ലെന്നും എന്നാല്‍ ആചാരലംഘനത്തിന് എതിരും വിശ്വാസികള്‍ക്കൊപ്പവുമാണെന്ന് ആവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ സര്‍ക്കാര്‍ സമരത്തിന്റെ ഭാഗമാവുന്നത് എന്തിനെന്ന സംശയയമാണ് പലര്‍ക്കും. ഇതിന് പുറമെ ഹാദിയയുടെ വിഷത്തിലുള്‍പ്പെടെ വര്‍ഗീയ നിലപാട് പരസ്യമായി തുറന്നുപറഞ്ഞ സി.പി സുഗതനെ ജോയിന്റ് കണ്‍വീനറാക്കിയതിലൂടെ ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടികളുടെ വിശ്വാസ്യത നഷ്ടപ്പെടും എന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. നാമജപ പ്രതിഷേധത്തിനും മറ്റും സമുദായ, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നെങ്കില്‍ പോലും സ്ത്രീപ്രാതിനിധ്യവും സ്ത്രീകളുടെ ആലോചനയും ഉണ്ടായിരുന്നു എന്നിരിക്കെ സ്ത്രീകളുടെ അവകാശത്തിനായി നടത്തുന്ന നവോത്ഥാന വനിതാ മതില്‍ എന്ന തീരുമാനം എടുക്കുന്നത് ആണ്‍കൂട്ടായ്മയാണെന്ന വൈരുധ്യവും സമൂഹത്തില്‍ ചര്‍ച്ചയാവുകയാണ്.

കോടതിയിലും പൊതുനിരത്തിലും തങ്ങള്‍ക്ക് ശബരിമലയില്‍ കയറണ്ട എന്ന നിലപാട് സ്ത്രീകള്‍ ആവര്‍ത്തിക്കുമ്പോള്‍ അത് മാത്രമല്ല യാഥാര്‍ഥ്യം, മറിച്ച് ചിന്തിക്കുന്ന സ്ത്രീകളുമുണ്ടെന്ന യാഥാര്‍ഥ്യം കൂടി സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ കൂടി ബാധ്യതയാണ്. എന്നാല്‍ അങ്ങനെ കണ്ട് നവോത്ഥാന മതിലിനെ പിന്തുണക്കുന്നവരും സര്‍ക്കാര്‍ നേരിട്ടായിരുന്നു പരിപാടി സംഘടിപ്പിക്കേണ്ടത് എന്നും അല്ലാതെ സമുദായസംഘടനകളെ ഏല്‍പ്പിക്കുകയായിരുന്നില്ല എന്നും അഭിപ്രായപ്പെടുന്നു. ഇത് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് വലിയ തരത്തില്‍ ഡാമേജ് ഉണ്ടാക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. സമുദായ സംഘടനാ പ്രവര്‍ത്തകര്‍ കാമ്പയിന്‍ തുടങ്ങിയെങ്കിലും സര്‍ക്കാര്‍ നിലപാടിനോട് യോജിച്ചുകൊണ്ടല്ല ഇത് ചെയ്യുന്നതെന്നും പലപ്പോഴും നിര്‍ബന്ധിതമായി ചെയ്യേണ്ടി വരികയാണെന്നുമുള്ള അഭിപ്രായമാണ് പലര്‍ക്കുമുള്ളത്. എസ്എന്‍ഡിപി കുടുംബയൂണിറ്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ഒരാള്‍ പറഞ്ഞതും മറിച്ചൊരഭിപ്രായമല്ല, “ഇപ്പോള്‍ മതില്‍ തീര്‍ക്കാന്‍ ഇറങ്ങണമെന്ന് പറഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇറങ്ങും. ഈ സമുദായ സംഘടനകള്‍ക്കും ഞങ്ങളുടെ പാര്‍ട്ടിക്കും റൂട്ട്തലത്തില്‍ നിരവധി സംവിധാനങ്ങളുണ്ട്. മൈക്രോഫിനാന്‍സും, സമുദായസംഘടനകളുടെ അയല്‍ക്കൂട്ടങ്ങളും, സ്വാശ്രയസംഘങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും എല്ലാം. ഇതൊന്നും നിഷേധിച്ച് കൊണ്ട് അതില്‍ പെട്ട സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. കാരണം പലതരം പ്രതിസന്ധികള്‍ ഭാവിയില്‍ നേരിട്ടേക്കും. പേടിച്ചിട്ടാണെങ്കിലും പാര്‍ട്ടിയോടുള്ള കൂറ് കൊണ്ടാണെങ്കിലും സമരത്തിനിറങ്ങും. പക്ഷെ ഇവരെയൊന്നും അമ്പലത്തില്‍ കൊണ്ടുപോവാമെന്ന ആരും കരുതണ്ട. പ്രതിഷേധക്കാര്‍ക്കെതിരെ ഒന്ന് ചേര്‍ന്ന് ശബരിമലയില്‍ പോവാം എന്ന് ഒന്നു പറഞ്ഞ് നോക്കിക്കേ, അപ്പോ നവോത്ഥാനമെല്ലാം വഴിയില്‍ കിടക്കും. അതിനോടൊന്നും ബഹുഭൂരിപക്ഷത്തിനും യോജിപ്പില്ല. കാലക്രമേണ മാറുവായിരിക്കും. പക്ഷെ ഇപ്പോ ഇല്ല. ഈ വനിതാ മതില്‍ തന്നെ ശബരിമലയിലേക്കാണെന്ന് പറഞ്ഞ് നടത്താന്‍ നോക്കിക്കോ, വലിയ പരാജയമായിരിക്കും. പുരോഗമന ആശയക്കാരായ സ്ത്രീകള്‍ മാത്രമായിരിക്കും അതില്‍ കണ്ണിയാവുക. പക്ഷെ റോഡില്‍ നില്‍ക്കാനൊക്കെ ആളെക്കിട്ടും. അതുകൊണ്ട് വനിതാ മതില്‍ വിജയിപ്പിക്കാന്‍ വലിയ റിസ്‌ക് ഒ്ന്നുമില്ല. എന്നാലും ഒന്നാഞ്ഞ് പിടിക്കണ്ടി വരും”.

“ദൈവം അപകടത്തില്‍, അതുകൊണ്ട് ദൈവത്തെ സംരക്ഷിക്കല്‍ നമ്മുടെ ജോലിയാണെന്ന് എന്ന വൈകാരികമായ ഒരു കാമ്പയിനിന്റെ ഭാഗമായാണ് പല സ്ത്രീകളും ആചാരലംഘനത്തിനെതിരെ നിരത്തിലിറങ്ങിയത്. എന്നാല്‍ അത് ഇല്ലാതാക്കാന്‍ നമ്മള്‍ പതിയെ വാക്‌സിന്‍ കൊടുത്തിട്ടേ കാര്യമുള്ളൂ”, എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ മറ്റു ചിലര്‍ ചോദ്യം ചെയ്യുന്നത് സര്‍ക്കാര്‍ നയത്തെ തന്നെയാണ്. മൗലിക അവകാശമാണ് എന്ന് ഒരു കാര്യത്തെ കോടതി കണ്ടാല്‍ അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനില്ല. മറിച്ച് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ത്രീകളാണ്. അത് നടപ്പിലാക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് മാത്രമേ സര്‍ക്കാരിന് പറയാനുള്ള അവകാശമുള്ളൂ. എന്നാല്‍ ഇവിടെ നിരവധി സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ തയ്യാറായി വന്നിട്ടും സര്‍ക്കാര്‍ ഒരാള്‍ക്ക് പോലും ദര്‍ശനം സാധ്യമാക്കിയില്ല. പകരം അമ്പത് വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളെ അനുനയിപ്പിച്ച്, സംഘര്‍ഷ സാധ്യതകള്‍ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയക്കുകയാണ് പോലീസ് പലപ്പോഴും ചെയ്തത്. സര്‍ക്കാര്‍ നവോത്ഥാനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശബരിമല പ്രവേശന അനുകൂലികളായ സ്ത്രീകളെ ഉള്‍പ്പെടുത്തി വനിതാ ചങ്ങലയെങ്കിലും നടത്താത്തതെന്തെന്ന സംശയമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്. ശബരിമലവിഷയത്തില്‍ ആദ്യമേ കോടതി അനുകൂല നിലപാട് സ്വീകരിച്ച പുന്നല ശ്രീകുമാറിനും സംഘത്തിനും എന്തുകൊണ്ട് ഇത് കഴിയുന്നില്ല എന്നും ഇവര്‍ ചോദിക്കുന്നു. റോഡിലിറങ്ങി നവോത്ഥാനം എന്ന് പറയാന്‍ ആര്‍ക്കും കഴിയുമെന്നും അത് നടത്തിക്കാണിക്കുകയാണ് ചെയ്യേണ്ടതെന്നും ഇവര്‍ പറയുന്നു.

ചുരുക്കത്തില്‍ സര്‍ക്കാര്‍ ഇപ്പോഴെടുത്തിട്ടുള്ള നവോത്ഥാന വനിതാ മതില്‍ എന്നത് നവോത്ഥാനാശയങ്ങള്‍ മുന്നോട്ട് വയ്ക്കാനാണെങ്കിലും അവ പ്രാവര്‍ത്തികമാക്കാനുള്ള നീക്കമല്ല എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുക എന്നത് സര്‍ക്കാരിനെയും സമുദായസംഘടനകളെയും സംബന്ധിച്ച് വെല്ലുവിളിയുമാണ്. മനുഷ്യച്ചങ്ങലയോ, വനിതാ ചങ്ങലയോ ആണെങ്കില്‍ പോലും പലപ്പോഴും പൂര്‍ണമാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെയിരിക്കെ വനിതാ മതില്‍ എന്നത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും സമുദായസംഘടനാ പ്രവര്‍ത്തകര്‍ക്കും സംശയമുണ്ട്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് കരുത്ത് തെളിയിക്കേണ്ടത് ആവശ്യമാകയാല്‍ ജനുവരി ഒന്നിന് വനിതാ മതില്‍ വിജയമാക്കാന്‍ ഉറച്ച് തന്നെ നീങ്ങുകയാണ് ഇരുകൂട്ടരും.

നവോത്ഥാന വനിതാമതില്‍: എന്‍എസ്എസ് ഉടക്കില്‍ തന്നെ; സി.പി സുഗതനെ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധം

വനിതാ മതില്‍ പണിയാന്‍ വെമ്പുന്ന പുരുഷകേസരികള്‍ ഒന്നോര്‍ക്കണം, ആണുങ്ങള്‍ ഒറ്റയ്ക്ക് തെളിച്ചുകൊണ്ടുവന്നതല്ല കേരളത്തിന്റെ നവോത്ഥാനം

ശബരിമല വിഷയത്തില്‍ ബിജെപിക്ക് മുന്നില്‍ അവശേഷിക്കുന്ന സമരതന്ത്രം ഇതാണ്

മകന്‍ ഹിന്ദുശാക്തീകരണത്തിന്റെ തിരക്കില്‍ നില്‍ക്കുമ്പോഴാണ് അച്ഛന്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങുന്നത്

‘ചുവപ്പ് കണ്ടാല്‍ കുത്തുന്ന കാള’; നവോത്ഥാനമല്ല, എന്‍എസ്എസിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യമെന്ന് ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍