UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ജിഹാദികളെ അഫ്ഘാനിസ്ഥാനിലേക്ക് എത്തിക്കുന്ന മുഖ്യ റിക്രൂട്ടര്‍ മലയാളി

Avatar

അഴിമുഖം പ്രതിനിധി

തീവ്രവാദ ബന്ധം ആരോപിച്ച് കേരളത്തില്‍ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ യു എ ഇയും അഫ്ഘാനിസ്ഥാനും ഇന്ത്യയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ എസിന്റെ പ്രധാന റിക്രൂട്ടറായ സജീര്‍ അബ്ദുള്ള എന്ന മലയാളിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് എന്‍ ഐ എ. കോഴിക്കോടെ ട്രക്ക് ഡ്രൈവറുടെ മകനായ സജീര്‍ അഫ്ഘാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന റിക്രൂട്ടര്‍മാരിലൊരാളാണ് എന്ന് ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രില്‍ കരിപ്പൂര്‍ നിന്ന് ദുബായിലേക്ക് അവധിക്ക് ശേഷം പറന്ന സജീറിനെ കുറിച്ച് പിന്നീട് യാതൊരു വിവരുമില്ല. സജീര്‍ നിലവില്‍ അഫ്ഘാനിസ്ഥാനിലെ നംഗാഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലേക്ക് ഇന്ത്യന്‍ ജിഹാദികളെ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായാണ് സൂചന.

ഇന്ത്യയില്‍ തിവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തത് മുതല്‍ യു എ ഇയും അഫ്ഘാനിസ്ഥാനും ഇന്ത്യക്കൊപ്പം സജീര്‍ അബ്ദുള്ളയെ തിരയുകയാണ്. റഖയിലെയും മൊസുളിലെയും താവളങ്ങള്‍ സുരക്ഷിതമല്ലാതായതോടെ പോരാളികളെ ഐ എസ് അഫ്ഗാനിസ്ഥാനിലേക്കാണ് ഇപ്പോള്‍ എത്തിക്കുന്നത്.

കൂരിരുട്ടിലേക്ക് മറയുന്നത് പോലെ ഒളിച്ചിരിക്കാന്‍ ഏറ്റവും പറ്റിയ പ്രദേശമാണ് നംഗാര്‍ഹര്‍ എന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. അഫ്ഘാനിസ്ഥാനിലെ ഇന്‍റലിജന്‍സ് ഉദ്യേഗസ്ഥര്‍ക്ക് പോലും എത്താന്‍ പറ്റാത്ത പ്രദേശമാണിവിടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സജീര്‍ അബ്ദുള്ള എ ഐസിലേക്ക് ചേര്‍ത്തു എന്ന് പറയപ്പെടുന്നവരെല്ലാം തന്നെ ഉന്നത വിദ്യഭ്യാസ യോഗ്യതയുള്ളവരാണ്. എന്‍ ഐ എ നല്‍കുന്ന സൂചന അനുസരിച്ച് അഞ്ച് വര്‍ഷം മുന്‍പാണ് ദോഹയില്‍ സ്ഥിരതാമസക്കാരാനായിരുന്ന തലശ്ശേരി പാനൂരുകാരന്‍ മന്‍സീദ് ബിന്‍ മുഹമ്മദ് പശ്ചിമേഷ്യയിലേക്ക് കുടിയേറുന്നത്. കേരള പോലീസ് പറയുന്നതനുസരിച്ച് തീവ്ര ഇസ്ലാമിക ഗ്രുപ്പുകളുമായി ബന്ധമുള്ള ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനുമായിരുന്നു. സംഘടനയ്ക്ക് വേണ്ടി ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു ഇയാള്‍. ദോഹയില്‍ വെച്ചാണ് മുഹമ്മദ് ഐ എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത്.

ചെന്നൈയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ നിര്‍മ്മാണ കമ്പനിയിലെ സ്വാലിഹ് മുഹമ്മദ്, തേജസ് പത്രത്തില്‍ ഗ്രാഫിക് ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന സഫ്വാന്‍ പൂക്കാട്ടില്‍, കോഴിക്കോട് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റായിരുന്ന റംഷാദ് നീലാംഗന്‍ കണ്ടിയില്‍, എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കാത്ത ജസീം നീലാംഗന്‍ കണ്ടിയില്‍, ചെറുകിട ബിസിനസ്സുകാരനായ റാഷിദ് അലി എന്നിവരെ മുഹമ്മദ് എ ഐസിലേക്ക് റിക്രൂട്ട് ചെയ്തതായും എന്‍ ഐ വൃത്തങ്ങള്‍ സൂചന നല്കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടൈക്കനാലിലെ ഇസ്രായേലി സഞ്ചാരികള്‍ക്ക് നേരേയും, ബി ജെ പി നേതാക്കള്‍ക്ക് നേരെയും, മുസ്ലിമുകള്‍ക്ക് എതിരെ വിധികള്‍ പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്ക് നേരേയും ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് മുഹമ്മദ് നിര്‍ദ്ദേശം നല്കി എന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വിശ്വസിക്കുന്നു. മുന്‍പ് 21 പേരടങ്ങിയ മലയാളി സംഘത്തെ അബ്ദുള്‍ റഷീദ് എന്ന പുരോഹിതന്‍റെ നേതൃത്വത്തില്‍ നംഗാഹാറിലേക്ക് അയച്ചതും മുഹമ്മദാണ് എന്നും ഇവര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട എട്ടംഗസംഘത്തില്‍ അഫ്ഗാനിസ്ഥാനില്‍ എത്തി അധികം വൈകുന്നതിന് മുന്‍പ് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു സുഹൃത്തിന് അയച്ച ടെലിഗ്രാമില്‍ ഇവിടെ ഒരു മുജാഹിദിന്റെ ജീവിതത്തിന് മാസങ്ങള്‍ മാത്രമെ ആയുസ്സുള്ളുവെന്നും, അടുത്ത ജന്മത്തിലാണ് സമ്മാനമെന്നും പറഞ്ഞിരുന്നതായും ഉദ്യേഗസ്ഥര്‍ പറയുന്നു.

ഇപ്പോള്‍ ഐ എസില്‍ ചേര്‍ന്നതായി കരുതുന്ന 67 പേര്‍ക്കപ്പുറം വലിയതോതില്‍ ഇന്ത്യക്കാര്‍ അന്താരാഷ്ട്ര തലത്തിലുള്ള ജിഹാദി ഗ്രുപ്പുകളിലേക്ക് ചേക്കേറിയിട്ടുണ്ടാകാം എന്ന് തന്നെയാണ് കേരളത്തിലെ കേസുകള്‍ അടിവരയിടുന്നത്. എത്ര പേര്‍ ഐ എസില്‍ ചേര്‍ന്നിട്ടുണ്ട് എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ കൃത്യമായ ധാരണയുമില്ല എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.

ഇത്തരം ആശങ്കകള്‍ അടിവരയിടുന്ന തരത്തിലാണ് ഐ എസിന്റെ പ്രധാനികളില്‍ ഒരാളായ മുഹമ്മദ് സുല്‍ത്താന്‍ അര്‍മാറിന്റെ നിര്‍ദ്ദേശപ്രകാരം അക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു എന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുബ്ഹാനി ഹാജ എന്ന യുസുഫ് അല്‍ ഹിന്ദിയെക്കുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യ സന്ദര്‍ശിക്കുന്ന വിദേശികളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ തക്കവണ്ണമുള്ള പദ്ധതികളാണ് ഇയാള്‍ ആസൂത്രണം ചെയ്തത് എന്നാണ് എന്‍ ഐ എ ആരോപിക്കുന്നത്.

2015 ല്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റിലുടെയാണ് ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുര്‍ക്കിയിലെത്തുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ മൊസൂളിലെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ടതിന് ഐ എസ് തടവിലായി. 40 ദിവസങ്ങള്‍ക്ക് ശേഷം അത്രയും നാളത്തെ സേവനങ്ങള്‍ക്ക് 200 ഡോളര്‍ നല്കി തിരികെ നാട്ടിലേക്ക് വിട്ടു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വ്യക്തി എന്ന നിലക്കാണ് ഇയാള്‍ക്ക് ഇസ്താംബൂളിലെ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്കുന്നത്. തുര്‍ക്കിയിലെ തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒന്നും കൃത്യമായി പറയാനുണ്ടായിരുന്നില്ലെങ്കിലും സംഭവം പോലിസിനെയോ ഇന്‍റലിജന്‍സ് അധികൃതരേയോ അറിയിച്ചിരുന്നില്ല എന്നതാണ് കൗതുകരം. തിരികെ നാട്ടിലെത്തിയപ്പോള്‍ തിടുക്കത്തില്‍ ചോദ്യം ചെയ്തു എന്നതൊഴിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തിയുമില്ല.

ന്യൂഡല്‍ഹിയില്‍ വെച്ച് കഴിഞ്ഞ കൊല്ലം അറസ്റ്റിലായി ഇപ്പോള്‍ വിചാരണ നേരിടുന്ന അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ പ്രധാനി മുഹമ്മദ് ആസിഫിനെ പോലെ യാതൊരു നിയമനടപടികളും നേരിടാതെ നാട്ടില്‍ വന്ന് സാധാരണ ജീവിതം നയിക്കാനും മൊയ്തീന് സാധിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഒരു സ്വര്‍ണ്ണക്കടയില്‍ ജോലി കിട്ടിയപ്പോള്‍ വീട്ടുകാരും സമാധാനത്തിലായി. എന്നാല്‍ മൊയ്തീന്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അര്‍മാറിനെ ബന്ധപ്പെടുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജിഹാദികള്‍ക്ക് പണ്ട് അഫ്ഗാനിസ്ഥാന്‍ ബന്ധമുണ്ടായിരുന്നതായാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍ ഈ ഇസ്ലാം, തെഹ്രികെ താലിബാന്‍ തുടങ്ങിയ സംഘടനകള്‍ ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് 67 ജിഹാദികള്‍ അടങ്ങിയ അന്‍സാര്‍ ഉദ് തവ്ഹിദ് ഫി ബിലാദ് അല്‍ ഹിന്ദ് എന്ന സംഘടന ഇന്ത്യന്‍ മുജാഹിദീനും അതിന്‍റെ പ്രമുഖ നേതാവുമായ റിയാസ് ഷാഹ്ബാന്ദ്രിയുമായി തെറ്റി അഫ്ഗാന്‍ പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ ഈ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ സിറിയിലെ ഐ എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

അര്‍മറിന്റെ നേതൃത്വത്തിലുള്ള സിറിയയിലെ പുതിയ ഗ്രൂപ്പില്‍ ഇന്ത്യന്‍ മുജാഹീദീന്‍ നേതാക്കളായ അബു റാഷിദ്, ഷാനവാസ് അഹമ്മദ്, മിര്‍സാ ഷദാബ് ബെയ്ഗ് എന്നിവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആണ് സൂചന. എന്‍ ഐ എ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ള ഇവരില്‍ അബു റാഷിദ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട ഒരു വീഡിയോയില്‍ ഉണ്ടായിരുന്നു.

ടി ടി പിക്കും ലഷ്‌കര്‍ ഇ ഇസ്ലാമിനും എതിരേയുള്ള പാകിസ്ഥാന്‍ പട്ടാളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിരവധി പാകിസ്ഥാനി ജിഹാദികള്‍ ഇപ്പോള്‍ നന്‍ഗര്‍ഹറിലെ കോട്ടിലും ഡേ ബലായിലും റോഡത്തിലും ഗാനികേലിലുമായി താമസിക്കുന്നുണ്ട്. അച്ചിനിലും നാസിയാനിലും ഇവരുടെ കുട്ടികള്‍ക്കായി മദ്രസകള്‍ പ്രവര്‍ത്തിക്കുന്നു.

2015ല്‍ താലിബാനും ഐ എസും തമ്മില്‍ യുദ്ധമുണ്ടായതിനെ തുടര്‍ന്ന് താലിബാന്‍ കുടിയേറ്റക്കാരായ ജിഹാദികളുടെ മദ്രസകളും കോടതികളും അടച്ച് പൂട്ടി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് എ ഐസിന്റെ പ്രത്യാക്രമണത്തില്‍ നംഗാര്‍ഹാറിലെ അവരുടെ അധീനതയിലുണ്ടായിരുന്ന പ്രദേശം മുഴുവന്‍ താലിബാന് നഷ്ട്ടപ്പെട്ടു. ആയിരകണക്കിന് ഗ്രാമീണര്‍ കൃഷിസ്ഥലങ്ങളും കന്നുകാലികളെയും ഒക്കെ ഉപേക്ഷിച്ച് പലായനം ചെയ്തു. പാക്സ്ഥാനിലെ ഒറാക്‌സായില്‍ നിന്നും ബജാവൂര്‍ ഏജന്‍സികളില്‍ നിന്നും എത്തിയ ഐ എസ് പോരാളികള്‍ ഇവ പിടച്ചടക്കുകയും ചെയ്തുവെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍