TopTop
Begin typing your search above and press return to search.

ചോലനായ്ക്ക വിഭാഗത്തിന്റെ ദുരവസ്ഥ പുറംലോകം അറിയരുത്; മഹിള സമഖ്യയുടെ കോളനി സന്ദര്‍ശനത്തിനെതിരേയുള്ള പരാതിയുടെ കാരണം ഇതോ?

ചോലനായ്ക്ക വിഭാഗത്തിന്റെ ദുരവസ്ഥ പുറംലോകം അറിയരുത്;  മഹിള സമഖ്യയുടെ കോളനി സന്ദര്‍ശനത്തിനെതിരേയുള്ള പരാതിയുടെ കാരണം ഇതോ?

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആദിവാസി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഐ.ടി.ഡി.പി (ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം) പ്രൊജക്റ്റ് ഓഫിസര്‍ ശ്രമിക്കുന്നതായി പരാതി. വ്യാജ ആരോപണങ്ങളുമായി തങ്ങളെ മോശമായി ചിത്രീകരിക്കുകയാണ് ഇത്തരം പരാതികളിലൂടെ നടക്കുന്നതെന്ന് പ്രത്യാരോപണവും. നിലമ്പൂരിനടുത്ത് കരുളായി പഞ്ചായത്തിലെ മാഞ്ചീരി പ്രദേശത്തെ ആദിവാസി വിഭാഗമായ ചോലനായ്ക്കരുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.

ചോലനായ്ക്ക കോളനിയില്‍ മഹിളാ സമഖ്യ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനാണ് ഇത്തരം പരാതിയെന്നു മഹിള സമഖ്യക്കാര്‍ പറയുന്നത്. നവംബര്‍ ഒന്നിന് സന്ദര്‍ശനം നടത്തിയ കേരള മഹിളാ സമഖ്യ സൊസൈറ്റി സംസ്ഥാന ഡയറക്ടര്‍ പി.ബി ഉഷ, മലപ്പുറം ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. റെജീന, മഹിളാ സമഖ്യയുടെ ഭാരവാഹി അജിത മണി എന്നിവരുടെ മാഞ്ചീരി മേഖലയിലെ സന്ദര്‍ശനം സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കൃഷ്ണന്‍ ആണ് നിലമ്പൂര്‍ സി.ഐക്ക് പരാതി നല്‍കിയത്.

കോളനിക്കകത്ത് പ്രവേശിക്കാനും ആളുകളുമായി സംമ്പര്‍ക്കത്തിലേര്‍പ്പെടാനും ഫോറസ്റ്റ്/ഐ. ടി.ഡി.പി വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. മഹിളാ സമഖ്യയുടെ പ്രവര്‍ത്തകര്‍ അനുമതിയൊന്നും വാങ്ങാതെയാണ് മാഞ്ചീരി മേഖലയില്‍ സന്ദര്‍ശനം നടത്തിയതെന്നും ജനങ്ങള്‍ക്കിടയില്‍ ഐ.ടി.ഡി.പി വിതരണം ചെയ്ത ഭക്ഷണ കിറ്റുകളുടെയും മറ്റും ഫോട്ടോ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. അനുമതി ലഭിക്കാത്ത ഒരുകൂട്ടം പ്രവര്‍ത്തകര്‍ കോളനിക്കകത്തേക്ക് കടന്നുചെല്ലുന്നത് ഗോത്ര വിഭാഗങ്ങള്‍ക്ക് ഭീഷണിയാണെന്നും കൃഷ്ണന്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങള്‍ക്കെതിരേയുള്ള പരാതി ഐടിഡിപിയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുറംലോകം അറിയുമോയെന്ന ഭയത്തില്‍ നിന്നുള്ളതാണെന്നു കേരള മഹിള സമഖ്യ സൊസൈറ്റി പ്രതിനിധി പറയുന്നു.

"ആദിവാസി മേഖലയിലെ എറ്റവും ന്യൂനപക്ഷമായ ഒരു വിഭാഗമാണ് ചോലനായ്ക്കര്‍. ആ വിഭാഗത്തില്‍ ഇനി ശേഷിക്കുന്നത് കേവലം 395 പേര്‍ മാത്രമാണ്. കേരളത്തിലെ ഏത് വനപ്രദേശങ്ങളിലും ആദിവാസി വിഭാങ്ങള്‍ക്കിടയിലും സന്ദര്‍ശിക്കാനുള്ള അനുമതി മഹിള സമഖ്യത്തിന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിട്ടുണ്ട്. കൂടുതലായും ആദിവാസി ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് മഹിളാ സമഖ്യ ഊന്നല്‍ നല്‍കുന്നത്. 2013 മുതല്‍ ഞങ്ങള്‍ ചോലനായ്ക്കര്‍ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നു. അതിന്റെ ഭാഗമായി നിരവധി തവണ ഔദ്യോഗികമായും അല്ലാതെയും അവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇത് ആദ്യമായല്ല മഹിളാ സമഖ്യയുടെ പ്രവര്‍ത്തകര്‍ മാഞ്ചീരി മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നത്.

http://www.azhimukham.com/kerala-starving-depression-death-cholanaikkan-tribes-lives-n-in-terrible-circumstances-kerala-krdhanaya/

കഴിഞ്ഞ മാസം ചോലനായ്ക്കര്‍ വിഭാഗത്തിലെ രണ്ടു സ്ത്രീകള്‍ പട്ടിണി മൂലം മരണപ്പെട്ടു എന്നറിയാന്‍ കഴിഞ്ഞിരുന്നു. അതോടൊപ്പം, ചില കുട്ടികള്‍ സ്‌കൂള്‍ പഠനം നിര്‍ത്തി ഊരിലേക്ക് തിരിച്ചുപോയെന്നും അറിഞ്ഞിരുന്നു. പ്രധാനമായും ഈ രണ്ടു കാര്യങ്ങളിലെ സത്യാവസ്ഥ മനസ്സിലാക്കാനും കോളനിയിലെ ആളുകള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാനുമാണ് നവംബര്‍ ഒന്നാം തീയതി മഹിളാ സമഖ്യയുടെ പ്രതിനിധികള്‍ മാഞ്ചീരി മേഖലയില്‍ എത്തുന്നത്. സന്ദര്‍ശനാനുമതി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ചിരുന്നു, എങ്കില്‍ കൂടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച ശേഷമാണ് അന്ന് കോളനിയിലേക്ക് പോയത്.

അങ്ങേയറ്റം നിരക്ഷരും ദരിദ്രരുമായ ചോലനായ്ക്കര്‍ വിഭാഗത്തിലെ ഒരു നല്ല ശതമാനം ആളുകള്‍ മരണപ്പെട്ടത് പട്ടിണിമൂലമാണ്. രണ്ടു മുതിര്‍ന്ന സ്ത്രീകളാണ് പട്ടിണികൊണ്ട് അടുത്തിടെ മരിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള അരിയും ഭക്ഷണ സാധനങ്ങളും അധികാരികളുടെ കയ്യില്‍ എത്തുന്നുണ്ടെങ്കിലും ആവശ്യക്കാരായ കോളനിവാസികളില്‍ ഇത് എത്തിച്ചേരുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഓരോ കുടുംബത്തിനും ആവശ്യമായ ഭക്ഷണകിറ്റുകള്‍ മഹിളാ സമഖ്യയുടെ പ്രവര്‍ത്തകര്‍ മുന്‍പ് ഒരുപാട് തവണ കോളനികളില്‍ വിതരണം ചെയ്തതാണ്.

ആരോഗ്യ വകുപ്പിന്റെയും കെ.ടി.ഡി.പിയുടെയും കൂടെ സഹകരിച്ചും അല്ലാതെയും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ജനങ്ങളിലെത്തിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരമുള്ള അരിയും മറ്റും ജനങ്ങളിലെത്തിയിരുന്നുവെങ്കില്‍ പട്ടിണി മൂലം ആളുകള്‍ മരണപ്പെടുന്ന ഒരവസ്ഥ ഉണ്ടാകില്ലായിരുന്നു. അഞ്ചു കിലോ അരി നല്‍കേണ്ട സ്ഥാനത്ത് ഇപ്പോള്‍ ഒരു കിലോ വീതമാണ് ഓരോ കുടുംബങ്ങള്‍ക്കും നല്‍കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞു. കോളനിവാസികള്‍ക്കിടയിലെ തന്നെ ചിലരാണ് ഞങ്ങളെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചത്. ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ പോലും അട്ടിമറി നടത്തുന്ന നിലപാടാണ് ഇപ്പോള്‍ കോളനിയില്‍ ചെയ്തുവരുന്നത്.

ഒരു അംഗനവാടി പോലും ഇല്ലാത്ത പ്രദേശമാണ് മാഞ്ചീരി. 16 കിലോമീറ്ററുകള്‍ക്കപ്പുറമാണ് പ്രൈമറി സ്‌കൂളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളത്. കോളനിയിലെ കുട്ടികളെ കിലോമീറ്ററുകള്‍ക്കപ്പുറം കൊണ്ടുവന്ന് അവിടെ താമസിപ്പിച്ചാണ് സ്‌കൂളില്‍ വിടുന്നത്. രണ്ടുകുട്ടികള്‍ പഠനം നിര്‍ത്തി കോളനിയിലേക്ക് തന്നെ തിരിച്ചുപോയെന്ന് മഹിളാ സമഖ്യക്ക് വിവരം ലഭിച്ചിരുന്നു. അവരുടെ വിദ്യാഭ്യാസ പുരോഗതിയിലെല്ലാം ഞങ്ങളുടെ കൂട്ടായ്മ ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പാകപ്പിഴവുകള്‍ സംഭവിക്കുന്ന സമയത്ത് ബന്ധപ്പെട്ട അധികാരികള്‍ ഞങ്ങളെ വിളിച്ച് വിവരങ്ങള്‍ പറയുന്നത്. പ്രധാനമായും ഈ രണ്ടുകാര്യങ്ങളിലെ നിജസ്ഥിതി അറിയാനാണ് നവംബര്‍ ഒന്നിന് ഞങ്ങള്‍ അവിടെ പോയത്.

ഇതാദ്യമായാണ് ഒരു ഐ.ടി.ഡി.പി അധികാരിയില്‍ നിന്നും ഞങ്ങള്‍ക്കെതിരെ പരാതി ഉയരുന്നത്. കോളനിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ മഹിള സമഖ്യ ചെയ്യാറുണ്ട് എന്നതുകൊണ്ട് തന്നെ മുന്‍പുണ്ടായിരുന്ന എല്ലാ ഓഫീസര്‍മാരും ഞങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ പ്രൊജക്റ്റ് ഓഫിസര്‍ മാത്രമാണ് കോളനിയിലേക്ക് ഞങ്ങള്‍ കടന്നുചെല്ലുന്നതില്‍ അസ്വസ്ഥതയുണ്ടാകുന്നത്. ഞങ്ങള്‍ മാവോയിസ്റ്റുകള്‍ ആണെന്നും ചോലനായ്ക്കര്‍ വിഭാഗങ്ങള്‍ക്ക് ഞങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു എന്നും പറഞ്ഞാണ് കൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

ചോലനായ്ക്കര്‍ വിഭാഗങ്ങള്‍ക്കിടയിലെ നിലവിലെ അവസ്ഥ പുറം ലോകം അറിയരുത് എന്ന ഒരു ലക്ഷ്യമാകണം ഞങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കോളനിയിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമായി അവര്‍ക്ക് ലഭിക്കുന്നില്ല എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ നടത്തുന്ന തിരിമറിയും മറ്റും ഞങ്ങള്‍ പുറത്തുകൊണ്ടു വരുമോ എന്ന ഭയം അദ്ദേഹത്തിനുള്ളത് കൊണ്ടാകണം കേവലം ഒരു ഫോട്ടോ എടുത്തതെല്ലാം അപരാധമായി പരാതിയില്‍ എഴുതി ചേര്‍ത്തത്. മൂടി വെയ്ക്കപ്പെടേണ്ട കാര്യങ്ങള്‍ കോളനിയില്‍ നടത്തുന്നുണ്ട് എന്നതിന്റെ തെളിവായാണ് ഈ പരാതിയെ ഞങ്ങള്‍ നോക്കിക്കാണുന്നത്.

ആ കോളനിയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും ഞങ്ങള്‍ അപരിചിതരല്ല. നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളായി മഹിളാ സമഖ്യ അവര്‍ക്കിടയില്‍ നടത്തിവരുന്നു. ഓരോ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കോളനിവാസികള്‍ തന്നെ മഹിളാ സമഖ്യയെ വിളിച്ച് സഹായമഭ്യര്‍ഥിക്കുന്നത് വര്‍ഷങ്ങളായുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളോടുള്ള വിശ്വാസം കൊണ്ടാണ്. സ്ത്രീകള്‍ മാത്രമുള്ള ഒരു കൂട്ടായ്മയാണ് ഞങ്ങളുടേത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൂടുതല്‍ എളുപ്പത്തില്‍ സാധിക്കുന്നു.

പുറം ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഒരു ന്യൂനപക്ഷ ഗോത്ര വിഭാഗമാണ് ചോലനായ്ക്കര്‍. ഭക്ഷണം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളും, മണ്ണെണ്ണ വിളക്കുകളാല്‍ മാത്രം പ്രകാശിക്കുന്ന വീടുകളും, വിദ്യാലയങ്ങളുടെ പടി ചവിട്ടാതെ ചേറില്‍ കളിച്ചു ബാല്യം ചിലവഴിക്കുന്ന കുട്ടികളുമാണ് ആ വിഭാഗത്തിന്റെ മുഖമുദ്ര. 'പരിഷ്‌കൃതര്‍' ആയ നമ്മള്‍ ചെയ്തുകൊടുക്കുന്ന സഹായങ്ങള്‍ മാത്രമാണ് അവര്‍ക്ക് ഏക ഉപജീവന മാര്‍ഗം. ആവുന്നത്ര പ്രവര്‍ത്തനങ്ങള്‍ ഈ ചുരുങ്ങിയ വര്‍ഷം കൊണ്ട് അവര്‍ക്കിടയില്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ സംരക്ഷണം, ഭക്ഷ്യധാന്യ വിതരണം, ആരോഗ്യ സംരക്ഷണം തുടങ്ങി പല മേഖലകളിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

മുന്‍പ് കോളനിയിലെ ഒരു സ്ത്രീക്ക് നേരെ പീഡനശ്രമം നടന്നപ്പോഴും മറ്റൊരു സ്ത്രീയെ പ്രസവത്തിനായി ദൂരെയുള്ള ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്ന സാഹചര്യത്തിലുമെല്ലാം അവര്‍ ആദ്യം ഓടിയെത്തിയത് ഞങ്ങളുടെ അടുത്തേക്കാണ്. മഹിളാ സമഖ്യയെ എത്രമാത്രം അവര്‍ വിശ്വസിക്കുന്നു എന്നും, ഒരു സ്ത്രീ കൂട്ടായ്മയ്ക്ക് സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനമെന്താണെന്നും ഇതിലൂടെ വായിച്ചെടുക്കാന്‍ സാധിക്കും.

വിദ്യാഭ്യാസവകുപ്പ്, ആരോഗ്യ വകുപ്പ്, ഇലക്ട്രിസിറ്റി വിഭാഗം, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളുമായി വര്‍ഷങ്ങളായി ഞങ്ങള്‍ സഹകരിച്ചു പോരുന്നു. എല്ലാ വകുപ്പുകളും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കാറുണ്ട്. മുന്നേ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത് മഹിളാ സമഖ്യയായിരുന്നു. പിന്നീട് ഐ.ടി.ഡി.പി അതേറ്റെടുക്കുകയാണ് ചെയ്തത്.

ഇപ്പോള്‍ ഇതാദ്യമായി ഞങ്ങള്‍ക്കെതിരെ ഒരു പരാതി വന്നിരിക്കുന്നു. എന്ത് താല്‍പര്യത്തിന്റെ പുറത്താണ് ഇങ്ങനെയൊരു നീക്കം എന്നതില്‍ ഞങ്ങളെപോലെ തന്നെ കോളനിയിലെ ജനങ്ങളും സംശയിക്കുന്നു. പൂഴ്ത്തി വെയ്ക്കപ്പെടേണ്ട ചില സത്യങ്ങള്‍ അവിടെ നടക്കുന്നുണ്ട്‌ എന്നുമാത്രം ഉറച്ചുപറയാന്‍ സാധിക്കും.

http://www.azhimukham.com/kerala-aranadan-tribes-nilambur-struggling-for-sustain/

നിയമപരമായി തന്നെ ഈ പരാതിയെ നേരിടാനാണ് ഞങ്ങളുടെ തീരുമാനം. മഹിള സമഖ്യയുടെ സംസ്ഥാന സെക്രട്ടറിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. കോളനിയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിലക്കേര്‍പ്പെടുത്തുന്ന, ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ തിരിമറി നടത്തുന്നതിനെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു."

എന്നാല്‍, മഹിളാ സമഖ്യയുടെ വാദങ്ങളെ തീര്‍ത്തും നിഷേധിച്ചു കൊണ്ടാണ് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കൃഷ്ണന്‍ പ്രതികരിക്കുന്നത്. മഹിള സമഖ്യ പ്രവര്‍ത്തകര്‍ക്കെതിരേ താന്‍ നിലവില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം അഴിമുഖത്തോടു പറയുന്നത്.

'മാവോയിസ്റ്റ് ഭീഷണിയുള്ള ഒരു പ്രദേശമാണ് മാഞ്ചീരി. അനുമതിയില്ലാതെ ആളുകളെ കടത്തിവിടുന്നത് കോളനിവാസികളുടെ ജീവന് ഭീഷണിയാണ്. മഹിള സമഖ്യയുടെ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങാതെയാണ് കോളനിയിലേക്ക് പ്രവേശിച്ചത്. അവര്‍ ആരാണെന്നും എന്തു കാര്യങ്ങള്‍ക്കയാണ് കോളനിയിലെ ജനങ്ങളുമായി ഇടപെട്ടതെന്നും സംബന്ധിച്ച് സ്ഥിരീകരണം നടത്താനുള്ള അന്വേഷണം ആവശ്യപ്പെട്ട് ഒരു കണ്‍ഫെര്‍മേഷന്‍ ലെറ്റര്‍ മാത്രമാണ് ഞാന്‍ പൊലീസിന് കൈമാറിയത്. അതൊരു പരാതി ആയിരുന്നില്ല. മഹിളാ സമഖ്യ എനിക്കും എന്റെ ഡിപ്പാര്‍ട്ട്‌മെന്റിനുമെതിരെ ഉയര്‍ത്തുന്ന വാദങ്ങള്‍ തീര്‍ത്തും വ്യാജമാണ്.' കൃഷ്ണന്‍ പ്രതികരിക്കുന്നു.


Next Story

Related Stories