TopTop
Begin typing your search above and press return to search.

ജേക്കബ് തോമസ് തിരികെ വരുമ്പോള്‍; പോലീസ് തലപ്പത്ത് രാഷ്ട്രീയം കൊഴുക്കുന്നു

ജേക്കബ് തോമസ് തിരികെ വരുമ്പോള്‍; പോലീസ് തലപ്പത്ത് രാഷ്ട്രീയം കൊഴുക്കുന്നു
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് അവധി അവസാനിപ്പിച്ച് തിരികെ സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ കുറച്ചുകാലമായി ഉയരുന്ന ചോദ്യം ശക്തമാകുകയാണ്. ആരായിരിക്കും ടി പി സെന്‍കുമാറിന് പകരം പോലീസ് മേധാവിയാകുക? മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബഹ്രയും ജേക്കബ് തോമസുമാണ് നിലവില്‍ പോലീസ് മേധാവിയാകാന്‍ യോഗ്യരായവര്‍. കോടതി ഉത്തരവിലൂടെ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പോലീസ് മേധാവിയായി തിരിച്ചെത്തിയ സെന്‍കുമാര്‍ ഈ മാസം 30-നാണ് വിരമിക്കുന്നത്. സെന്‍കുമാറിന്റെ വിരമിക്കലിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ജേക്കബ് തോമസ് തിരികെയെത്തുന്നതാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നത്.

സീനിയോരിറ്റി പരിഗണിച്ചാല്‍ ജേക്കബ് തോമസിനെയാണ് സര്‍ക്കാര്‍ ഈ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്. എന്നാല്‍ സുപ്രിം കോടതി ഉത്തരവിലൂടെ വീണ്ടും സെന്‍കുമാര്‍ പോലീസ് മേധാവിയായി തിരികെയെത്തിയപ്പോള്‍ തല്‍സ്ഥാനത്തു നിന്നും മാറേണ്ടിവന്ന ബഹ്രയും സ്ഥാനത്ത് തിരികെയെത്താമെന്ന പ്രതീക്ഷയില്‍ ഇവിടെ നില്‍ക്കുന്നുണ്ട്. രണ്ടര മാസം മുമ്പ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അവധിയെടുത്ത് പോയത്. ഇന്ന് അവധി അവസാനിപ്പിച്ച് തിരികെയെത്തിയപ്പോള്‍ ഐഎംജി ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. അത് ജേക്കബ് തോമസിനെ ഒതുക്കിയതിന്റെ ലക്ഷണമായാണ് കരുതേണ്ടത്. പിണറായി സര്‍ക്കാര്‍ ആദ്യകാലത്ത് തന്നെ ഒതുക്കിയ സെന്‍കുമാറിനെയും അന്ന് ഐഎംജി ഡയറക്ടര്‍ സ്ഥാനത്തേക്കാണ് അയച്ചത്. ഐഎംജി എന്നത് സര്‍ക്കാരിന്റെ ഡംപിംഗ് യാര്‍ഡാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്. മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷനാക്കി ഒതുക്കിയപ്പോള്‍ ഐഎംജിയിലാണ് ഓഫീസ് അനുവദിച്ചതെന്ന് ഇവിടെ ഓര്‍ക്കണം.

ജേക്കബ് തോമസിനെ പോലീസ് മേധാവിയാക്കാതിരിക്കാനുള്ള ചരടുവലികള്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു എന്നും സൂചനയുണ്ട്. സിപിഎമ്മിലെയും ഐഎഎസ്, ഐപിഎസ് തലപ്പത്തെയും ചിലര്‍ക്ക് അദ്ദേഹത്തോടുള്ള എതിര്‍പ്പാണ് അതിന് കാരണം. കൂടാതെ ലോക്‌നാഥ് ബഹ്രയെ തന്നെ വീണ്ടും പോലീസ് മേധാവിയാക്കാനുള്ള സര്‍ക്കാരിന്റെ താല്‍പര്യവും ജേക്കബ് തോമസിനെ ഒതുക്കുന്നതിന് കാരണമായേക്കാം. എന്നാല്‍ മതിയായ കാരണമില്ലാതെ സീനിയോരിറ്റിയില്‍ ഒന്നാമതുള്ള ജേക്കബ് തോമസിനെ ഒതുക്കാന്‍ സാധിക്കില്ല. വകുപ്പുതല അച്ചടക്ക നടപടി, അല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം എന്നീ കാരണങ്ങളിലൊന്നുണ്ടായാല്‍ സര്‍ക്കാരിന് നടപടിയെ ന്യായീകരിക്കാന്‍ സാധിക്കും. പിന്നീട് അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യാം. പദവിയ്ക്ക് യോഗ്യനല്ലെന്ന് വരുത്തി തീര്‍ത്ത് ഒതുക്കാനാണ് ഇവിടെ നടക്കുന്ന നീക്കമെന്നാണ് ഇപ്പോള്‍ അറിയുന്നത്.

ഇതിനായി കാരണം കാണിക്കല്‍ നോട്ടീസ്, വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം എന്നിവ ആയുധമാക്കിയേക്കും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറയുന്നു. കൂടാതെ, സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയില്‍ ജേക്കബ് തോമസ് നടത്തിയ പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന ആരോപണവും ഉയര്‍ന്നേക്കാം. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട്, ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലം സ്വത്ത് വിവരത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ആരോപണം എന്നിവയും അദ്ദേഹത്തിനെതിരെ പ്രയോഗിക്കാനാകുന്ന ആയുധങ്ങളാണ്.

അതേസമയം രണ്ടും കല്‍പ്പിച്ചു തന്നെയാണ് ജേക്കബ് തോമസ് ഇന്ന് അവധി അവസാനിപ്പിച്ചെത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയില്‍ വരും നാളുകള്‍ സംഘര്‍ഭരിതമാകുമെന്ന സൂചനയാണ് ഉള്ളത്. വിജിലന്‍സില്‍ നിന്നും മാറ്റിയതിന്റെ കാരണങ്ങള്‍ കുറച്ചുകഴിയുമ്പോള്‍ പറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാര്‍ പറയുമോ താന്‍ പറയുമോയെന്ന് നമുക്ക് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ പകരം പോലീസ് മേധാവിയാകാമെന്ന പ്രതീക്ഷയില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഉത്തരത്തില്‍ നിന്നും മനസിലാക്കാനാകുന്നത്. നാളത്തെ കാര്യം പോലും തനിക്ക് പ്രതീക്ഷിയില്ല അപ്പോഴാണ് മറ്റന്നാളത്തെ കാര്യം എന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്നെ ഇനിയും ഒതുക്കാനുള്ള ശ്രമങ്ങളുണ്ടായാല്‍ വരും ദിവസങ്ങളില്‍ താന്‍ വിജിലന്‍സില്‍ നിന്നും മാറ്റപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തലുണ്ടാകുമെന്ന സൂചനയായാണ് ഇതിനെ കാണേണ്ടത് എന്നാണ് ഒരു വിഭാഗം പറയുന്നത്.

ഇതൊന്നും തന്റെ തീരുമാനമല്ലെന്നും ജനഹിതം എന്‍ മനം എന്നുമാണ് ജേക്കബ് തോമസ് പറയുന്നത്. എന്നാല്‍ ജനഹിതമാണോ സര്‍ക്കാര്‍ഹിതമാണോ എന്‍ മനം എന്ന ചോദ്യത്തെ എന്താണ്‌ സര്‍ക്കാര്‍ എന്ന മറുചോദ്യത്തിലൂടെയാണ് അദ്ദേഹം പ്രതിരോധിക്കുന്നത്. ജേക്കബ് തോമസ് അവധിയില്‍ പോകുമ്പോഴുണ്ടായിരുന്ന അന്തരീക്ഷമല്ല ഇപ്പോള്‍ പോലീസ് തലപ്പത്തുള്ളത്. ജേക്കബ് തോമസിന് പകരം വിജിലന്‍സിന്റെ അധിക ചുമതല അന്ന് പോലീസ് മേധാവിയായിരുന്ന ബഹ്രയ്ക്കാണ് നല്‍കിയത്. എന്നാല്‍ സെന്‍കുമാര്‍ പോലീസ് മേധാവിയായതോടെ ബഹ്രയെ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. അതിന് പിന്നാലെ പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വിശ്വസ്തനായ ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയാക്കുകയും ചെയ്തു. സെന്‍കുമാറിന്റെ നീക്കങ്ങള്‍ക്ക് ബദലായാണ് തച്ചങ്കരിയുടെ നിയമനമെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്ത് അഴിമതിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. സെന്‍കുമാറിന്റെ പല തീരുമാനങ്ങളും സിപിഎമ്മുമായും മുഖ്യമന്ത്രിയുമായുമുള്ള അടുപ്പം ഉപയോഗിച്ച് അട്ടിമറിക്കുന്നു എന്നാരോപണമുള്ള തച്ചങ്കരി ആ സ്ഥാനത്ത് തുടരുമ്പോള്‍ ജേക്കബ് തോമസ് പോലീസ് മേധാവിയായാലും പോലീസ് തലപ്പത്തെ തമ്മിലടി തുടരുമെന്ന് ഉറപ്പാണ്. സീനിയോരിറ്റി നോക്കാതെ തന്നെ ബഹ്രയെ കഴിഞ്ഞ തവണ പോലീസ് മേധാവിയാക്കിയ പിണറായി സര്‍ക്കാര്‍ വിശ്വസ്തനായ തച്ചങ്കരിയെ പ്രമോഷന്‍ നല്‍കി പോലീസ് മേധാവിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Next Story

Related Stories