TopTop
Begin typing your search above and press return to search.

നിപ്പ ആഞ്ഞടിച്ചപ്പോള്‍ പ്രഖ്യാപിച്ചു; 8 മാസത്തിന് ശേഷം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു

നിപ്പ ആഞ്ഞടിച്ചപ്പോള്‍ പ്രഖ്യാപിച്ചു; 8 മാസത്തിന് ശേഷം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു

സാംക്രമിക രോഗങ്ങളുടെയും വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടെയും കാരണം കണ്ടെത്താനും രോഗകാരികളെ മനസിലാക്കാനും അതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമായി കേരളത്തിലെ ആദ്യത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (Kerala State Council for Science,Technology & Environment- KSCSTE) നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാവുകയാണ്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ നിര്‍മാണം നടക്കുന്നത്. രണ്ട് ഘട്ടമായിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ആദ്യഘട്ടം പ്രീ-ഫാബ് ടെക്ക്നോളജി ഉപയോഗിച്ചുള്ള നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. 28000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ടാംഘട്ടം ഈ വര്‍ഷം അവസാനത്തോട് കൂടി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറി ഡോ. എസ് പ്രദീപ് കുമാര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്നു, 'മുമ്പ് ചര്‍ച്ചകളിലുണ്ടായിരുന്നുവെങ്കിലും നിപ്പ വൈറസ് വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാധാന്യം മനസ്സിലായത്. പുതിയ പുതിയ വൈറസുകള്‍ പുതിയ രൂപത്തിലും ഭാവത്തിലും വരുന്നതിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെയോരു ആശയം മുന്നില്‍ വച്ചത്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അതിന് മുന്‍കൈയെടുത്ത് ചെയ്യണമെന്നും അതിനുശേഷം നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആരോഗ്യ വകുപ്പിലേക്ക് മാറ്റണമെന്നുമാണ് ചര്‍ച്ച ചെയ്തിരുന്നത്. കാരണം ഒരു ഗവേഷണം എന്ന ഒരു ഭാഗം നിര്‍ബന്ധമായും ഇതില്‍ ഉണ്ടാവണമെന്നാണ്. എന്തുകൊണ്ട് പുതിയ പുതിയ വൈറസുകള്‍ ഉണ്ടാവുന്നു? ആവിര്‍ഭവിക്കുന്നു? ആ വൈറസുകള്‍ കൃത്യമായി ഡയഗ്നോസ് ചെയ്ത് അതിന്റെ പ്രതിവിധികളും പ്രതിരോധങ്ങളും കണ്ടെത്താനുമുള്ള നടപടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സര്‍ക്കാര്‍ തലത്തില്‍, നിലവില്‍ ഇത്തരം ഗവേഷണത്തിനും കൃത്യമായി ഡയഗ്നോസിസ് നടത്താനും സാധിക്കുന്നത് നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയിലാണ്. പിന്നെയുള്ളത് മണിപ്പാലിലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലൊരു ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം തുടങ്ങാനുള്ള സാധ്യത നോക്കിയത്. ഇപ്പോള്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെയാണ് സര്‍ക്കാര്‍ ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് പൂര്‍ണസജ്ജമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആരോഗ്യ വകുപ്പിന് ഏല്‍പ്പിക്കണമെങ്കില്‍ അങ്ങനെ ചെയ്യും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്ക്‌നോളജിയും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ-ടെക്ക്‌നോളജിയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ നിന്ന് മാറ്റിയതാണ്. ഇതുപോലൊരു മാറ്റം ആയിരിക്കും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനും സര്‍ക്കാരും ഉദ്ദേശിക്കുന്നത്.

ഈ ആശയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് മലയാളികളായ ഡോ. എംവി പിള്ള ഡോ. ശാര്‍ങ്ധരന്‍ എന്ന ശാസ്ത്രജ്ഞരാണ്. അതിന് ശേഷം വെല്ലൂര്‍ സിഎം മെഡിക്കല്‍ കോളേജിലെ ഡോ. ടി ജെ ജോണിന്റെ ചെയര്‍മാനായിട്ടുള്ള അഡ്വൈസറി കമ്മറ്റി രൂപീകരിക്കുകയും ആ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോവുകയുമായിരുന്നു. അടുത്ത മൂന്ന് മാസത്തിനകം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടം പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടത്തില്‍ തന്നെ തുടങ്ങുന്നത് ഡയഗ്നോസിസ് വിഭാഗം തന്നെയാണ്. ഇതിനൊരു ചെറിയോരു താമസം വന്നേക്കാവുന്നത്, ഇതിനുള്ള സാങ്കേതിക ഭാഗങ്ങള്‍ വിദേശത്ത് നിന്ന് വരുത്തേണ്ടതുണ്ടെന്നതാണ്. ഈ കെട്ടിടം നമുക്ക് പൂര്‍ത്തിയാക്കി ഇടാനും പറ്റില്ല. അതിനകത്തുള്ള ജോലികളുമായി മുമ്പോട്ട് പോയാല്‍ മാത്രമെ ബാക്കി കാര്യങ്ങള്‍ കൂടി സാധിക്കൂ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നതിനുള്ളതുമായി സംബന്ധിച്ച് ഒരു 'ഇന്റര്‍നാഷണല്‍ വൈറോളജി മീറ്റ്' കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസം സംഘടിപ്പിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ വൈറോളജി മീറ്റ് ഒന്‍പതാം തീയതി 11.30 മണിക്ക് തുടങ്ങി ദിവസം മുഴുവനുമുണ്ടാകും.'

2018 മെയ് മാസത്തിലുണ്ടായ നിപ്പ വൈറസ് ബാധയെ വിജയകരമായി തുരത്താന്‍ സാധിച്ചത് ആരോഗ്യ കേരളത്തിന്റെ മികച്ച നേട്ടമായിരുന്നു. നിപ്പ-യുടെ കേരളാ മോഡല്‍ പ്രതിരോധം ആഗോളതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിപ്പ തുടക്കത്തില്‍ കണ്ടെത്തിയതും ചികിത്സയും പ്രതിരോധവും മറ്റും എല്ലാം പരിഗണിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി (ഐ.എച്ച്.വി) ആദരിച്ചിരുന്നു. ലോക പ്രശസ്ത വൈറോളജി ഗവേഷണ സ്ഥാപനമായ ഐ.എച്ച്.വിയുടെ ആദരവ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെകെ ശൈലജയുമായിരുന്നു ഏറ്റുവാങ്ങിയത്. ആദരവ് ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ ശാസ്ത്രഞ്ജരായ ഡോ. എംവി പിള്ളയും, ഡോ. ശാര്‍ങ്ധരനും ഐ.എച്ച്.വി പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം തുടങ്ങിയാല്‍ വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെയോ മറ്റു രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകുമെന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം.വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്, 'നിപ്പ വൈറസ് ബാധയുടെ ആ നാളുകള്‍ നമുക്ക് ഒരിക്കലും മറക്കാനാകില്ല. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ നിപ്പയെ സധൈര്യം നാം കീഴ്‌പെടുത്തി. ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയും കേരളത്തെ അഭിനന്ദിക്കുകയും ചെയ്ത ദിനങ്ങള്‍. രോഗനിര്‍ണ്ണയത്തിനും പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി നിര്‍മ്മാണത്തിലേക്ക് കടക്കുന്ന ഘട്ടമായിരുന്നു അത്. വേഗത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാക്കാനായിരുന്നു അന്ന് നിര്‍ദ്ദേശം നല്‍കിയത്. മെയ് 30ന് തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് നടത്തിയ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയാണ്.

സാംക്രമിക രോഗങ്ങളുടേയും വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടെയും പശ്ചാത്തലത്തില്‍ രോഗകാരണം കണ്ടെത്താനും രോഗകാരികളെ മനസിലാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയുന്ന സ്ഥാപനമാണ് നിലവില്‍ വരുന്നത്. ഒപ്പം രോഗം പടരാനുള്ള സാധ്യത മനസിലാക്കി മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമാകും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പ്രവര്‍ത്തനം നടക്കുക.

28,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം ഉള്‍പ്പെടുന്ന ആദ്യഘട്ടം രണ്ടാഴ്ചക്കകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് പ്രീഫാബ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല. കെഎസ്ഐഡിസി യുടെ നേതൃത്വത്തില്‍ 80,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണുമുള്ള രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയും വേഗതയില്‍ നടക്കുകയാണ്.' എന്നായിരുന്നു.

കേരള സര്‍ക്കാരിന്റെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, അടിസ്ഥാനപരമായി രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലകള്‍. രോഗബാധ സംബന്ധിച്ച സാമ്പിളുകള്‍ ശേഖരിച്ച് എത്തിച്ചാല്‍ പൂനെയിലെ വൈറോളജി ലാബില്‍ ലഭ്യമാകുന്നതിനേക്കാള്‍ നിലവാരത്തിലുള്ള നിര്‍ണയത്തിന് ഇവിടെ സൗകര്യമുണ്ടാകും. ഇന്ത്യയില്‍ എവിടെ നിന്നുള്ള സാമ്പിളും ഇവിടെ സ്വീകരിക്കും. കൂടാതെ, ജനങ്ങള്‍ നേരിട്ട് എത്തി സംശയമുള്ള സാമ്പിള്‍ നല്‍കി വൈറസോ, രോഗമോ നിര്‍ണയിക്കാനും അവസരമുണ്ട്. വിവിധ വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്ന് നിര്‍മാണത്തിനുള്ള ആധുനിക ഗവേഷണവുമുണ്ടാകും.

അന്താരാഷ്ട്രതലത്തില്‍ ഗവേഷണ സംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ 'ഗ്ലോബല്‍ വൈറല്‍ നെറ്റ്വര്‍ക്കി'ന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. വൈറല്‍ പകച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും എന്നതിലുപരി ലോകത്തെ തന്നെ എണ്ണപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഉള്‍പ്പെടുംവിധമാണ് സ്ഥാപനത്തിന്റെ ഘടന. വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാകും. പി.ജി ഡിപ്ലോമ (വൈറോളജി)- ഒരു വര്‍ഷം, പി.എച്ച്.ഡി (വൈറോളജി) എന്നിവയാണ് ആദ്യഘട്ടമുണ്ടാവുക.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ വിധേയമായി ബയോ സേഫ്റ്റി ലെവല്‍-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍-4 ലേക്ക് ഉയര്‍ത്തും. എട്ടു ലാബുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാവുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്നോസ്റ്റിക്സ്, വൈറല്‍ വാക്സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജി-വെക്ടര്‍ ഡൈനാമിക്സ് ആന്റ് പബ്ളിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്സ്, ബയോ ഇന്‍ഫര്‍മാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകള്‍ എന്നിവയും പ്രധാന സമുച്ചയത്തിലുണ്ടാകും.


Next Story

Related Stories