ന്യൂസ് അപ്ഡേറ്റ്സ്

തൃശ്ശൂരിൽ ഭാര്യയെ തീ കൊളുത്തി കൊന്നയാൾ മുംബൈയിൽ അറസ്റ്റില്‍

പ്രതി വിരാജിനെ ഒളിവിൽ പോകാൻ സഹായിച്ചത് പ്രാദേശിക സിപിഎം നേതാക്കളാണെന്ന ആരോപണവും ഉയരുന്നുണ്ട്. കെപിഎംഎസ് ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തൃശ്ശൂർ ചെങ്ങാലൂരിൽ ഭാര്യയെ തീവെച്ചു കൊന്ന ഭർത്താവ് അറസ്റ്റിൽ. മുംബൈയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. പഞ്ചായത്ത് വാർഡ് മെമ്പർ അടക്കമുള്ളവർ നോക്കി നിൽക്കെ തന്റെ ഭാര്യ ജീതുവിനെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു വിരാജ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കൊലപാതകം.

ആറു വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ ഇരുവരും പൊലീസിന്റെ സാന്നിധ്യത്തിൽ തീരുമാനമെടുത്തതിനു ശേഷം ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു ആക്രമണം. കുടുംബശ്രീ യൂണിറ്റിൽ നിന്നും ജീതു എടുത്ത വായ്പ തിരിച്ചടയ്ക്കാൻ എത്തിയ സന്ദർഭമാണ് കൊലപാതകം നടത്താൻ വിരാജ് ഉപയോഗിച്ചത്. ഇയാൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ച ബാഗിൽ നിന്നും കിട്ടിയ ആത്മഹത്യാ കുറിപ്പിൽ ജീതുവിന് ജീവിക്കാൻ അർഹതയില്ലെന്ന് എഴുതിയിരുന്നു. കൊല ആസൂത്രിതമാണെന്ന് പൊലീസ് സംശയിക്കുന്നതിന് കാരണം ഇതാണ്.

വായ്പ തിരിച്ചടയ്ക്കാന്‍ നേരിട്ടെത്തണമെന്ന് കുടുംബശ്രീ പ്രവർത്തകർ ആവശ്യപ്പെട്ടതിനാലാണ് ജീതു തന്നെ എത്തിയത്. തുണയ്ക്ക് ജീതുവിന്റെ അച്ഛനും എത്തിയിരുന്നു. ജീതുവിനെ കൊല്ലുമ്പോൾ പഞ്ചായത്തംഗമുൾപ്പെടെയുള്ളവർ നോക്കി നിൽക്കുകയായിരുന്നെന്ന് ജീതുവിന്റെ അച്ഛൻ ജനാർദ്ദനൻ വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വണ്ടിയിൽ കയറ്റാൻ പോലും ആരും സഹായിക്കുകയുണ്ടായില്ല.

പ്രതി വിരാജിനെ ഒളിവിൽ പോകാൻ സഹായിച്ചത് പ്രാദേശിക സിപിഎം നേതാക്കളാണെന്ന ആരോപണവും ഉയരുന്നുണ്ട്. കെപിഎംഎസ് ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍