TopTop

ജിഷാ വധം; ദുരൂഹതകള്‍ അവസാനിക്കുന്നില്ല

ജിഷാ വധം; ദുരൂഹതകള്‍ അവസാനിക്കുന്നില്ല
കേരളത്തെ ഞെട്ടിച്ച ജിഷ കൊലക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചെങ്കിലും കേസില്‍ നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ക്ക് ഇനിയും നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. ജിഷയുടെ വീട്ടില്‍ നിന്ന് മറ്റൊരാളുടെ കൂടി വിരലടയാളം ലഭിച്ചിരുന്നുവെന്നും ഇത് അരുടെതെന്ന് അന്വേഷിച്ചിട്ടില്ലെന്ന ആരോപണവും ഒപ്പം ഉയരുന്നുണ്ട്.
ഇതടക്കം കേസിലെ ദുരൂഹതകള്‍ ഇപ്പോഴും തുടരുകയും ചെയ്യുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്ലാമിനെ കേസിലെ സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 13 ന് മുമ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂര്‍.

ജിഷയുടെ അമ്മ രാജേശ്വരിയുടെയും അമ്മായി ലൈലയുടെ മൊഴി എടുക്കാത്തതും  ജിഷയുടെ അച്ഛന്റെ മരണവും കൊല നടന്ന ദിവസം ജിഷയുടെ വീടിന് പരിസരത്ത് സമീപവാസികള്‍ കണ്ടു എന്ന് പറയുന്ന ആളെക്കുറിച്ചുള്ള അന്വേഷണം നടത്താത്തതും ജിഷയുടെ മൃതദേഹം ധൃതിപിടിച്ച് ദഹിപ്പിച്ചതും അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നു. സംഭവം നടന്ന ജിഷയുടെ വീട് പോലീസ് പരിധിക്കുള്ളില്‍ വയ്ക്കാതെ സന്ദര്‍ശകര്‍ക്ക് കേറിഇറങ്ങാന്‍ അനുവാദം കൊടുത്തതും കൂടി കൂട്ടിവായിക്കുമ്പോള്‍ കേസിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടെ ജിഷയുടെ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്നത് പ്രഹസനമാണെന്ന് മുന്‍ ആക്ഷന്‍ കൗണ്‍സില്‍  അംഗവും ഓട്ടോ ഡ്രൈവറുമായ കെ.വി നിഷ പറയുന്നു.

ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങി മുന്‍ ആക്ഷന്‍കൗണ്‍സില്‍ അംഗം

"എന്നെ അവളാകും ഇതിനെല്ലാം നിര്‍ബന്ധിക്കുന്നത്. ഒരു പെണ്ണായിട്ടുകൂടി സമൂഹത്തിലെ ഉന്നതര്‍ ജിഷയുടെ കൊലയ്ക്കു പിന്നിലുണ്ടെന്ന് മനസിലായിട്ടും ജിഷക്ക് നീതി കിട്ടാനായി പോരാടുവാന്‍ എവിടെ നിന്ന് ധൈര്യം കിട്ടിയെന്നറിയില്ല. നാട്ടില്‍ ഒരു പെണ്‍കുട്ടിക്കും കുടുംബത്തിനും ഇത്തരം അവസ്ഥ ഉണ്ടാകരുത്. കൊലയ്ക്ക് അമീറിനൊപ്പം ഉണ്ടായവരെ, അമീറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. ജിഷക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ ഞാനും അതില്‍ അംഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരില്‍ പലരും അവസരവാദികളായി മാറി. സിബിഐ അന്വേഷിക്കണമെന്ന് പറഞ്ഞ് പേരിന് ഒരു വാര്‍ത്താ സമ്മേളനം നടത്തിയതല്ലാതെ ആത്മാര്‍ഥതയോടെ ജിഷയുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടാണ് ആക്ഷന്‍ കൗണ്‍സില്‍ വിട്ട് ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങാന്‍ തീരുമാനിച്ചത്
"- നിഷ പറയുന്നു.

http://www.azhimukham.com/jisha-murderer-amirul-islam-fell-down-when-saw-the-blood/

മാധ്യമപ്രവര്‍ത്തകനു നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍

ജിഷയുടെ കൊലയ്ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമുള്ള കാര്യങ്ങള്‍ പോലീസുകാരോടും നാട്ടുകാരോടും പങ്കുവയ്ക്കുകയും ഇതേകുറിച്ച് വാര്‍ത്തചെയ്തതുമായ മാധ്യമ പ്രവര്‍ത്തകന് നേരിടേണ്ടി വന്നത് ഞെട്ടിപ്പിപ്പിക്കുന്ന അനുഭവങ്ങള്‍. ജിഷയുടെ മരണത്തിന് പിന്നില്‍ പോലീസ് പറയുന്ന കാരണം മാത്രമല്ലെന്നാണ് പെരുമ്പാവൂര്‍ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ രമേഷ്‌കുമാര്‍ പറയുന്നത്. കാമപൂര്‍ത്തീകരണതിനായാണ് അമീര്‍ കൊല നടത്തിയതെന്ന് പോലീസ് പറയുന്നത് എന്നാല്‍ ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ സാധിക്കുന്നതല്ലെന്നും ഇദ്ദേഹം പറയുന്നു. ജിഷയുടെ വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള പാറമടയില്‍ വെച്ച് ഒരു ഇതര സംസ്ഥാന യുവാവിനെ കൊലചെയ്തതിന് ജിഷ ദൃക്‌സാക്ഷിയാണ്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും ജിഷയുടെ പക്കല്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ജിഷയുടെ അമ്മായി ലൈലയോട് ജിഷയും അമ്മയും സൂചിപ്പിച്ചിരുന്നതായും രമേശ് പറയുന്നു. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി അറിയുന്നതിന് ഇത് വരെ ലൈലയെയോ അമ്മ രാജേശ്വരിയെയോ പോലീസ് ചോദ്യം ചെയ്തിട്ടില്ല. രാജേശ്വരി പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു എന്നതായിരുന്നു പോലീസ് പറഞ്ഞത്. ജിഷയുടെ പക്കലുണ്ടായിരുന്ന രണ്ട് പെന്‍കാമറയില്‍ ഒന്നിനെ കുറിച്ച് പോലീസ് അന്വേഷിച്ചില്ല. ജിഷയുടെ അച്ഛന്‍ പാപ്പു മരിച്ചത് വാഹനാപകടത്തിലാണ്. ഈ സമയം ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപയുണ്ടായിരുന്നതായാണ് അറിവ്.

ഇക്കാര്യങ്ങളെല്ലാം പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പലരോടും പങ്കുവെച്ചു പിന്നീട് തനിക്ക് അനുവഭിക്കേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നുവെന്ന് രമേഷ്‌കുമാര്‍ പറയുന്നു. പോലീസ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ വാഹനത്തില്‍ കേടുപാടുകള്‍ വരുത്തി, ബൈക്കിന്റെ ബ്രേക്ക് പൊട്ടിച്ചു, മന:പൂര്‍വമെന്നപോലെ വാഹനം ഇടിപ്പിച്ച് നിര്‍ത്താതെ പോയി, ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍. നാട്ടില്‍ അത്യാവശ്യം സപ്പോര്‍ട്ട് ഉള്ളതുകൊണ്ടാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും ജിഷ വധക്കേസിനെ തുടര്‍ന്ന് ആദ്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഈ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

2016 ഏപ്രില്‍ 28 നാണ് ജിഷ കൊലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. പെമ്പാവൂരില്‍ യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ എന്ന രീതിയില്‍ പ്രാധാന്യമില്ലാതെ എത്തിയ വാര്‍ത്തയാണ് പിന്നീട് കോളിളക്കം സൃഷ്ടിച്ച ജിഷാ വധക്കേസായി പരിണമിച്ചത്.

പോലീസിന്റേത് തിരക്കിട്ട് പൂര്‍ത്തീകരിച്ച അന്വേഷണമാണെന്നും ജിഷ വധക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും അമീറിനെ സാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നാണ് അഡ്വ. ആളൂര്‍ പറയുന്നത്.

http://www.azhimukham.com/trending-jisha-raped-and-murder-case-time-line/

രണ്ടാമത്തെ വിരലടയാളത്തെകുറിച്ച് അറിയില്ലെന്ന് അന്വേഷണ സംഘം

ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രണ്ട് വിരലടയാളങ്ങളില്‍ ഒന്ന് അമീറിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി ജിജിമോന്‍ അഴിമുഖത്തോട് പറഞ്ഞു. രണ്ടാമത്തെ ആള്‍ എവിടെ എന്നോ വിരലടയാളം ആരുടേതാണെന്നോ കണ്ടെത്തിയിരുന്നതായി അറിവില്ല. കുറ്റവാളിയുടെ പല്ലിന്റെ വിടവ് സംബന്ധിച്ച് ജനത്തിന് സംശയമുണ്ട്. അമീറിന്റേത് വിടവുള്ള പല്ലുകളല്ല. എന്നാല്‍ ജിഷയുടെ ശരീരത്തില്‍ കണ്ടത് വിടവുള്ള പല്ലുകള്‍ കൊണ്ട് ഉണ്ടാക്കിയ മുറിവാണ് എന്നിങ്ങനെയുള്ള സംശയങ്ങളാണ്. എന്നാല്‍ വസ്ത്രത്തിന് മുകളിലൂടെ കടിച്ച് പരിക്കേല്‍പിച്ചതുകൊണ്ടാകാം പല്ലുകള്‍ക്കിടയില്‍ വിടവുള്ളയാള്‍ കടിച്ചതു പോലെ തോന്നിയതെന്നുമായിരുന്നു കണ്ടെത്തല്‍. ജിഷയുടെ അമ്മ രാജേശ്വരിയേയും അമ്മായി ലൈലയേയും പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു; അതിന്റെ ദൃശ്യങ്ങളും ഉണ്ട്. അവര്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു. അവയില്‍ കേസിന് ഉപകരിക്കാവുന്നവ മാത്രമാണ് അന്വേഷിച്ച് കണ്ടെത്തിയതെന്നും അന്വേഷണ സംഘത്തിലുണ്ടായിരുന്ന ജിജിമോന്‍ പറഞ്ഞു.

http://www.azhimukham.com/jisha-brutal-rape-killing-perumbavoor-ribin-kareem/

Next Story

Related Stories