TopTop
Begin typing your search above and press return to search.

നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ; വിനായകിന്റെ കുടുംബം

നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ; വിനായകിന്റെ കുടുംബം

നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യക്കൊരുങ്ങി വിനായകിന്റെ കുടുംബം. വിനായക് എന്ന പത്തൊമ്പതുകാരന്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയിട്ട് ഒമ്പത് മാസങ്ങള്‍ പിന്നിടുമ്പോഴും നീതി അകലെ നില്‍ക്കുന്നതിന്റെ വേദനയാണ് കൃഷ്ണന്‍കുട്ടി പങ്കുവച്ചത്. നീതി ലഭ്യമായില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴി തങ്ങള്‍ക്ക് മുന്നിലില്ലെന്ന് വിനായകിന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി പറയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കാനൊരുങ്ങുകയാണ് വിനായകിന്റെ കുടുംബം.

വരാപ്പുഴയില്‍ പോലീസ് മര്‍ദ്ദിച്ച കൊന്ന ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെയുള്ള നടപടികളുമായി സര്‍ക്കാരും പോലീസ് വകുപ്പും മുന്നോട്ട് പോവുന്ന പശ്ചാത്തലത്തിലാണ് നീതി നിഷേധിക്കരുതെന്ന ആവശ്യവുമായി വിനായകിന്‍റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായാവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇപ്പോഴത്തെ നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും കൃഷ്ണന്‍കുട്ടി പറയുന്നു. എന്നാല്‍ പോലീസുകാര്‍ തന്നെ തല്ലിച്ചതച്ചും, അപമാനിച്ചും മരണത്തിലേക്ക് തള്ളിവിട്ട വിനായകിനും നീതി ലഭ്യമാക്കണമെന്നതാണ് കൃഷ്ണന്‍കുട്ടിയുടേയും കുടുംബാംഗങ്ങളുടേയും ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ എല്ലാം ശരിയായ വഴിയില്‍ നടക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് പാലിച്ചില്ലെന്നും കൃഷ്ണന്‍കുട്ടി പരാതിപ്പെടുന്നു.

കൃഷ്ണന്‍കുട്ടി പറയുന്നു, 'എന്റെ ചെക്കനെയും തല്ലിച്ചതച്ചത് പോലീസുകാരാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം ഇക്കാര്യങ്ങള്‍ വ്യക്തമാണ്. പക്ഷെ ഇതേവരെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. വിനായകിനെ മര്‍ദ്ദിച്ച പാവറട്ടി പോലീസ് സ്‌റ്റേഷനിലെ സാജന്‍, ശ്രീജിത്ത് എന്നീ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അവരിപ്പോള്‍ സര്‍വീസിലുണ്ട്. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് മുഹമ്മദ് പോലീസുകാര്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. അന്വേഷണം ശരിയായ വഴിക്കല്ല നീങ്ങുന്നതെന്ന് ഉറപ്പായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഉണ്ണിരാജയാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ ഇത്രയും കാലമായിട്ടും അദ്ദേഹം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഒമ്പത് മാസങ്ങള്‍ കഴിഞ്ഞു എന്റെ കുഞ്ഞ് മരിച്ചിട്ട്. ഇപ്പോള്‍ ശ്രീജിത്തിന്റെ മരണത്തില്‍ പോലീസും സര്‍ക്കാരും എടുക്കുന്ന നടപടികളാണ് ആകെ ഒരാശ്വാസം. അങ്ങനെ ഒരു സാധ്യതയെങ്കിലും ഉണ്ടെന്ന ആശ്വാസമുണ്ട്. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. എല്ലാ കാര്യങ്ങളും ശരിയാക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നും ഇതേവരെ ശരിയായിട്ടില്ല. ലോകായുക്ത കേസില്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉണ്ണിരാജയുടെ അന്വേഷണം നിലവില്‍ തൃപ്തികരമാണ്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ.' അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കി സമര്‍പ്പിക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജ പറയുന്നത്.

http://www.azhimukham.com/keralam-vinayakan-who-tortured-by-police-pain-of-2017/

വാടാനപ്പള്ളി പോളക്കന്‍ പങ്കന്‍ റോഡ് കോളനിയില്‍ ചക്കാണ്ടന്‍ കൃഷ്ണന്‍കുട്ടിയുടെ രണ്ട് ആണ്‍മക്കളില്‍ ഒരാളാണ് വിനായക്. ചേറ്റുവ ഹാര്‍ബറിലെ കൂലിത്തൊഴിലാളിയായ കൃഷ്ണന്‍കുട്ടിയുടെ പ്രതീക്ഷയും സ്വപ്‌നവുമാണ് 2017 ജൂലൈ 19ന് ഒരു കയര്‍ത്തുമ്പില്‍ ഇല്ലാതായത്. മണ്ണുത്തിയില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു വിനായക്. ജൂലൈ 18ന് വഴിയരികില്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് വിനായകിനേയും സുഹൃത്തിനേയും സംസാരിച്ച് നിന്നിരുന്ന പെണ്‍കുട്ടിയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്ത് നടന്ന മാലമോഷണവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു വിനായകിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മുടിനീട്ടി വളര്‍ത്തിയ, കണ്ണെഴുതിയ വിനായകന്‍ പോലീകാര്‍ക്ക് മുന്നില്‍ കഞ്ചാവ് വലിക്കുന്നയാളുമായിരുന്നു. ഇക്കാര്യങ്ങള്‍ ആരോപിച്ചാണ് വിനാകിനെ പോലീസ് തല്ലിച്ചതച്ചതെന്ന് സംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്ന സുഹൃത്ത് ശരത് മുമ്പ് വെളിപ്പെടുത്തിയിരുന്നു. മാലമോഷണക്കുറ്റം ഏല്‍ക്കാതെ വന്നതോടെ പോലീസുകാര്‍ വിനായകിന്റെ മുലഞെട്ട് ഉടക്കുകയും, ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചതായും, കാലുകളില്‍ ബൂട്ടിട്ട് ചവിട്ടിയതായും, ദേഹമാസകലം കുനിച്ചുനിര്‍ത്തി മര്‍ദ്ദിച്ചതായും ശരത് പറഞ്ഞിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടിയെ വിളിച്ചുവരുത്തി മകനെ നല്ലവഴിക്ക് നടത്തണമെന്ന് ഉപദേശിച്ച് വിടുകയായിരുന്നു. വിനായക് കഞ്ചാവിന് അടിമയാണെന്നും മുടി വെട്ടിക്കണമെന്നും പോലീസ് അച്ഛനോട് നിര്‍ദ്ദേശിച്ചിരുന്നു. പോലീസിനെ ഭയന്ന് മകന്റെ മുടി വെട്ടിച്ചതിന് ശേഷമാണ് കൃഷ്ണന്‍കുട്ടി വീട്ടിലേക്കെത്തിയത്. പോലീസുകാരുടെ മര്‍ദ്ദനത്തിലും അപമാനഭാരത്താലും മനംനൊന്ത് വിനായക് ജീവനൊടുക്കുകയായിരുന്നുവെന്നും പോലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും കസ്റ്റഡി മര്‍ദ്ദനത്തിനും കേസ് എടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

http://www.azhimukham.com/offbeat-dalit-boy-vinayak-and-keralas-police-and-society/

വിനായകന്റെ മരണത്തിന് ഉത്തരവാദികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പന്‍ഷന്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ നടപടി തിരുത്തുവാന്‍ പോലീസ് വകുപ്പ് ഇതേവരെ തയ്യാറായിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ നീതി ലഭിക്കാനുള്ള സാധ്യത എഴുപത് ശതമാനവും അസ്തമിച്ചതായി ജസ്റ്റിസ് ഫോര്‍ വിനായകന്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഷൈജു വാടാനപ്പള്ളി പറഞ്ഞു. 'ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് എത്രത്തോളമാണ് ഈ കേസിലെ നീതി നിഷേധം എന്ന് മനസ്സിലാവുക. ജാതി അധിക്ഷേപം, മാനസികമായി മുറിവേല്‍പ്പിക്കല്‍, കസ്റ്റഡി മര്‍ദ്ദനം എന്നിവയാണ് വിനായകന് അനുഭവിക്കേണ്ടി വന്നത്. ഇതെല്ലാം വച്ച് പ്രേരണാകുറ്റം ചുമത്തി കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. സത്യത്തില്‍ ലോകായുക്തയില്‍ പോവുന്നതിന് പകരം ഹൈക്കോടതിയില്‍ നേരിട്ട് പോയാല്‍ മതിയായിരുന്നു എന്ന് പലപ്പോഴും തോന്നുന്നുണ്ട്. കാരണം ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ ലോകായുക്ത രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. അദ്ദേഹം കേസില്‍ ഉള്‍പ്പെട്ടവരോട് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെയും നാലാം പ്രതിയാക്കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ അതിനെ ചോദ്യം ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ കേസന്വേഷിക്കുന്ന ഉണ്ണിരാജയോട് ചോദിക്കുമ്പോള്‍ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നും നിലനില്‍ക്കില്ല എന്നും രണ്ട് തരത്തില്‍ അഭിപ്രായങ്ങള്‍ ഉള്ളതായാണ് അറിയാന്‍ കഴിയുന്നത്. അദ്ദേഹം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനനുസരിച്ചായിരിക്കും മറ്റ് കാര്യങ്ങള്‍. എല്ലാം വിശദമായി പഠിച്ചതിന് ശേഷം സത്യസന്ധമായ റിപ്പോര്‍ട്ടായിരിക്കും സമര്‍പ്പിക്കുക എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പോലീസ് സ്‌റ്റേഷനില്‍ നി്ന്ന് വിട്ട അന്ന് ആത്മഹത്യ ചെയ്യാതെ പിറ്റേന്ന് അത് ചെയ്തതാണ് പോലീസുകാര്‍ ന്യായമായി പറയുന്നത്. എന്നാല്‍ ജാതി അധിക്ഷേപവും, മര്‍ദ്ദനവും, അച്ഛനെ വരുത്തിപ്പോലും അപമാനിച്ചതിനും തെളിവുകളുണ്ട്. അതില്‍ മനസ്സുവിഷമിച്ചാണ് വിനായക് അത് ചെയ്തത്. എന്നാല്‍ ഒരു നടപടിയുമുണ്ടാവാത്തത് സംശയം ജനിപ്പിക്കുന്നതാണ്. ശ്രീജിത്തിന്റെ മരണത്തില്‍ വളരെപ്പെട്ടെന്ന് നടപടിയുണ്ടായി. പോലീസ് കസ്റ്റഡിയിലിരിക്കെത്തന്നെ മരണമുണ്ടായി എന്നതാണ് ആ കേസിന്റെ മെറിറ്റ്. ആ മെറിറ്റ് വിനായകിന്റെ കേസിലില്ല. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ. ഒരു വിഭാഗത്തെ അവഹേളിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്നതിന് തെളിവാണ് ഈ കേസ്. വിനായികിന്റെ മരണം ഉണ്ടായപ്പോഴോ അതിന് ശേഷമോ മുഖ്യമന്ത്രിയോ പട്ടികജാതി വകുപ്പ് മന്ത്രിയോ ഒരു അനുശോചനം പോലും രേഖപ്പെടുത്തിയില്ല. സര്‍ക്കാരിനോട് 50ലക്ഷമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് ലക്ഷം രൂപ പോലും നല്‍കിയില്ല. ആകെ ആ കുടുംബത്തിന് ലഭിച്ചത് പട്ടികജാതി വകുപ്പിന്റെ ഫണ്ടില്‍ നിന്നുള്ള നാലേകാല്‍ ലക്ഷം രൂപ മാത്രമാണ്. ഐജിയോട് അന്വേഷണപുരോഗതി സംബന്ധിച്ച കാര്യം ചോദിച്ചിരുന്നു. അദ്ദേഹമത് കമ്മീഷ്ണര്‍ക്ക് വിട്ടു എന്നാണ് പറഞ്ഞത്. കമ്മീഷ്ണര്‍ ഓഫീസില്‍ പോയപ്പോള്‍ കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കുന്നതിനാല്‍ ഒന്നും പറയാനാവില്ല എന്നാണ് പറഞ്ഞത്. നമ്മളെ ഓടിച്ച് നട്ടംതിരിക്കുന്ന പരിപാടിയാണ് അവര്‍ നടത്തുന്നത്. പക്ഷെ കമ്മീഷ്ണര്‍ ഓഫീസില്‍ പോയപ്പോഴാണ് വിനായകന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ വീണ്ടും കാക്കി വേഷത്തില്‍ കാണുന്നത്. അന്ന് അവരുടെ സസ്പന്‍ഷന്‍ പോലും കഴിഞ്ഞിട്ടില്ല. ഇക്കാര്യം എസ്പിയോട് ചോദിച്ചപ്പോള്‍ ആ പോലീസുകാര്‍ക്കെതിരെ ശക്തമായ നിലപാടൊന്നും കുറ്റപത്രത്തില്‍ വന്നിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. നമ്മുടെ കുഞ്ഞിന്റെ ജീവനെടുത്തയാളുകള്‍ ഇപ്പോഴും സര്‍വീസില്‍ വിലസുമ്പോള്‍ ഒരു രൂപയുടെ പോലും വില ഒരു ദളിത് യുവാവിന്റെ ജീവിന് കണക്കാക്കുന്നില്ല എന്ന യാഥാര്‍ഥ്യമാണ് മനസ്സിലാവുന്നത്. കേസിന്റെ കേര്യമന്വേഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസിലും മറ്റ് ഓഫീസുകളിലും കയറിയിറങ്ങുമ്പോള്‍ സമൂഹത്തിന്റെ ഭാഗമേ അല്ലാത്തവര്‍ എന്ന നിലയിലുള്ള പെരുമാറ്റമാണ് പലയിടത്തുനിന്നും അനുഭവിക്കേണ്ടി വരുന്നത്. എന്തായാലും നീതി ലഭിക്കാനുള്ള സാധ്യതയില്ലെന്ന് എഴുപത് ശതമാനവും ഉറപ്പായി. നിയമസംവിധാനത്തിന് മാത്രമേ ഇനി എന്തെങ്കിലും ചെയ്യാനാവൂ. അത് ചെയ്യണമെന്നാണ് അപേക്ഷ. പിന്നെ, പോലീസുകാര്‍ക്കെതിരെയുള്ള കേസുകള്‍ പോലീസുകാര്‍ തന്നെ അന്വേഷിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പുറത്തുനിന്നുള്ള ഏജന്‍സികള്‍ അത് അന്വേഷിക്കണമെന്നാവശ്യപ്പെടാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്.'

നീതി ലഭ്യമാക്കണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിക്കാനൊരുങ്ങുകയാണ് വിനായകിന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും.

http://www.azhimukham.com/offbeat-dalit-boy-vinayak-and-keralas-police-and-society/

http://www.azhimukham.com/offbeat-every-independence-day-is-a-reminder-of-those-who-have-been-victims-of-state-terror/

http://www.azhimukham.com/kerala-dalit-boy-vinayak-commit-suicide-due-to-police-brutality/

http://www.azhimukham.com/news-wrap-it-is-not-the-duty-fo-the-police-to-cut-hair-say-loknathbehra-sajukomban/


Next Story

Related Stories