TopTop

എസ് കൃഷ്ണകുമാർ: കരുണാകരന്റെ വിശ്വസ്തനാണ് പറയുന്നത്, ബിജെപിയല്ല കോൺഗ്രസ്സാണ് തീവ്ര ഹിന്ദുത്വം എന്ന്

എസ് കൃഷ്ണകുമാർ: കരുണാകരന്റെ വിശ്വസ്തനാണ് പറയുന്നത്, ബിജെപിയല്ല കോൺഗ്രസ്സാണ് തീവ്ര ഹിന്ദുത്വം എന്ന്
കേരള രാഷ്ട്രീയത്തിലെ ആശ്രിതവത്സലനായ നേതാവ് എന്ന വിശേഷണം കെ കരുണാകരനോളം ചേരുന്ന മറ്റൊരാളില്ല. കരുണാകരന്റെ ഇഷ്ടവും വിശ്വാസവും നേടിയെടുക്കാന്‍ സാധിച്ചവര്‍ക്കൊക്കെ രാഷ്ട്രീയത്തില്‍ വലിയ ഉയരങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അവരില്‍ ചിലരൊക്കെ കരുണാകരനെ തിരിഞ്ഞുകൊത്തിയിട്ടുണ്ടെന്നത് വേറെ കാര്യം. എങ്കിലും രക്ഷിക്കാനും അതേപോലെ തന്നെ ശിക്ഷിക്കാനും കരുണാകരന്‍ കഴിഞ്ഞിട്ടേ കേരള രാഷ്ട്രീയത്തില്‍ മറ്റൊരാളുള്ളൂ. അത്തരത്തില്‍ കരുണാകരനാല്‍ രാഷ്ട്രീയ നേട്ടം ഉണ്ടായ വ്യക്തിയാണ് എസ്. കൃഷ്ണ കുമാര്‍. ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ പേരെടുത്തു നിന്ന കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ പ്രവേശം വളരെ അപ്രതീക്ഷിതമായിട്ടാണ് മറ്റുള്ളവര്‍ക്ക് തോന്നിയതെങ്കിലും കരുണാകരനത് കരുതിക്കൂട്ടി തന്നെ ചെയ്തതാണ്.

തരുവനന്തപുരം സ്വദേശിയായ കൃഷ്ണ കുമാര്‍ ഒന്നാം റാങ്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദം നേടിയശേഷമാണ് സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്. 1963 ല്‍ അദ്ദേഹം ഐ എ എസ് കരസ്ഥമാക്കി. അഞ്ചുവര്‍ഷം എറണാകുളം കളക്ടര്‍ ആയി പ്രവര്‍ത്തിച്ച് പേരെടുക്കുകും ചെയ്ത കൃഷ്ണ കുമാര്‍ കരുണാകരനുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിച്ചു. ഇതിന്റെ പുറത്താണ് ലീഡറുടെ നിര്‍ദേശപ്രകാരം 1980 ല്‍ ഐഎഎസ് രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. കരുണാകരന്‍ വെറുതെയങ്ങ് വിളിച്ച് കൃഷ്ണകുമാറിനെ രാഷ്ട്രീയത്തില്‍ ഇറക്കിയതല്ലെന്നു തെളിഞ്ഞത് 1984 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലാണ്. സാക്ഷാല്‍ എന്‍ ശ്രീകണ്ഠന്‍ നായരിലൂടെ ആര്‍എസ്പിയുടെ കുത്തകയാക്കി വച്ചിരുന്ന കൊല്ലം മണ്ഡലത്തില്‍ ബി കെ നായര്‍ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ഇറങ്ങി കൃഷ്ണകുമാര്‍ കരുണാകരന്റെ പ്രതീക്ഷ കാത്തു. 1989 ലും 1991 ലും കൃഷ്ണകുമാര്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസുകാര്‍ പോലും അത്ഭുതത്തോടെയും അസൂയയോടെയുമാണ് കൃഷ്ണകുമാറിന്റെ വളര്‍ച്ച കണ്ടത്. കന്നി വിജയം കൃഷ്ണകുമാറിന് നേടിക്കൊടുത്തത് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ സ്ഥാനമായിരുന്നു.ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെയും ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിന്റെയും വാര്‍ത്താ പ്രക്ഷേപണ വകുപ്പിന്റെയും പെട്രോളിയം പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും ചുമതലകള്‍ വഹിച്ച കേന്ദ്രമന്ത്രിയായി കൃഷ്ണ കുമാര്‍.

എന്നാല്‍ 1996 ല്‍ തങ്ങളുടെ മണ്ഡലം പിടിച്ചെടുക്കാന്‍ ആര്‍എസ്പി എന്‍ കെ പ്രേമചന്ദ്രന്‍ എന്ന യുവ നേതാവിനെ രംഗത്തിറക്കിയപ്പോള്‍ കൃഷ്ണ കുമാര്‍ വീണു. അത് കൃഷ്ണ കുമറിന്റെ രാഷ്ട്രീയ പതനം കൂടിയായിരുന്നു. കരുണാകരന്റെ അപ്രമാദിത്വവും അവസാനിച്ച് കോണ്‍ഗ്രസില്‍ എതിരാളികള്‍ പിന്നെ കൃഷ്ണകുമാറിനെ തലയുയര്‍ത്താനും സമ്മതിച്ചില്ല. ഇതിനു പുറമെയാണ് കൂനിനേന്മേല്‍ കുരുവെന്നപോലെ കൃഷ്ണകുമാറിനും ഭാര്യ ഉഷയ്ക്കുമെതിരേ എന്‍ഫോഴ്‌സസ്‌മെന്റ് അന്വേഷണം വരുന്നത്. അതു പിന്നീട് കേസും അറസ്റ്റുമൊക്കെയായി. അതോടെ കൃഷ്ണകുമാറിന്റെ രാഷ്ട്രീയം ഏതാണ്ട് അവസാനിക്കുകയും ചെയ്തു. പിന്നീട് കുറെനാള്‍ നിശബ്ദനായ കോണ്‍ഗ്രസുകാരനായി ജീവിച്ചശേഷമാണ് 2003 ല്‍ ആ പാര്‍ട്ടി വിടുന്നത്. ഗ്രൂപ്പ് വഴക്കും കഴിവുള്ളവരെ വളര്‍ത്തുന്നില്ലെന്ന പരാതിയും ഉയര്‍ത്തിയാണ് കൃഷ്ണ കുമാര്‍ കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജിവയ്ക്കുന്നത്. സോണിയ ഗാന്ധിയുമായുള്ള പൊരുത്തക്കേടാണ് കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോരാന്‍ പ്രേരിപ്പിച്ചതെന്നും പറയുന്നുണ്ട്.

കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്ന കൃഷ്ണകുമാര്‍ നേരെ പോയത് ബിജെപിയിലേക്കായിരുന്നു. 2004 ല്‍ തന്നെ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മാവേലിക്കര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. ആകെ നേടാനായത് 83,000 വോട്ടുകള്‍. സി എസ് സുജാതയായിരുന്നു അന്നത്തെ വിജയി. ആ പരാജയവും നേരിട്ടശേഷം അധികം വൈകാതെ കൃഷ്ണകുമാര്‍ ബിജെപിയും വിട്ടും. കാരണം പറഞ്ഞത് ബിജെപിക്ക് തീവ്രഹിന്ദുത്വ നിലപാടുകളാണെന്നായിരുന്നു. ഇപ്പോഴിതാ അതേ ബിജെപിയിലേക്ക് തന്നെ കൃഷ്ണ കുമാര്‍ വീണ്ടും പോയി ചേരുമ്പോള്‍ പറയുന്നത് പഴയപോലത്തെ തീവ്രഹിന്ദുത്വത ബിജെപിക്കില്ലെന്നാണ്. പഴയ ബിജെപിയുടെ സ്വഭാവം ഇപ്പോള്‍ കോണ്‍ഗ്രസിനാണെന്നു പറഞ്ഞു വയ്ക്കാനും മറന്നില്ല കോണ്‍ഗ്രസിന്റെ മുന്‍ എംപിയും കേന്ദ്രമന്ത്രിയുമായ എസ് കൃഷ്ണ കുമാര്‍.

Next Story

Related Stories