TopTop

ശ്രീധരന്‍ പിള്ളയെ ആര്‍എസ്എസ് അടിയോടെ വെട്ടുന്നു; പത്തനംതിട്ട സുരേന്ദ്രന് നല്‍കാനും ധാരണ

ശ്രീധരന്‍ പിള്ളയെ ആര്‍എസ്എസ് അടിയോടെ വെട്ടുന്നു; പത്തനംതിട്ട സുരേന്ദ്രന് നല്‍കാനും ധാരണ
ഒടുവില്‍ ആര്‍എസ്എസ് തീരുമാനിച്ചതു നടക്കുന്നു. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ കെട്ടുമുറുക്കിയിരുന്ന സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയെ അവസാന നിമിഷം വെട്ടി. ശ്രീധരന്‍ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് ബിജെപി കേന്ദ്രനേതൃത്വം അറിയിച്ചിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് ആര്‍എസ്എസ് അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ മത്സരമോഹത്തിന്റെ തണ്ട് കേന്ദ്രനേതൃത്വം ഒടിച്ചതെന്നാണ് വിവരം.

ശ്രീധരന്‍ പിള്ള മത്സരത്തില്‍ പിന്മാറുന്നതോടെ പത്തനംതിട്ടയിലേക്കുള്ള കെ സുരേന്ദ്രന്റെ പ്രവേശനത്തിന് അനുമതി കിട്ടിയിരിക്കുകയാണ്. ആര്‍എസ്എസ് നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസുകളോടെയാണ് മുടങ്ങിയെന്നു കരുതിയ കാര്യം സുരേന്ദ്രന് സാധ്യമാകുന്നത്. ദേശീയ നേതൃത്വവും സുരേന്ദ്രന് പച്ചക്കൊടി വീശുമെന്നാണ് കരുതുന്നത്. അതോടെ, പത്തനംതിട്ടയ്ക്കു വേണ്ടിയുള്ള മത്സരം അവസാനിക്കും. ഈയൊരു തീരുമാനം നടപ്പിലാക്കി ഇന്നു തന്നെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്. ചിലപ്പോള്‍ നാളേക്ക് നീളാമെന്നും നേതാക്കള്‍ പറയുന്നുണ്ട്. എന്തായാലും ഇന്ന് പുലര്‍ച്ചയോടെ സാധ്യത പട്ടിക തയ്യാറാക്കിയിരുന്നു. ചില പരാതികളും തര്‍ക്കങ്ങളും കൂടി പരിഹരിച്ച് പട്ടികയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ഇപ്പോള്‍ തിടുക്കം കൂട്ടുന്നത്.

എല്‍ഡിഎഫും യുഡിഎഫും അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടും ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകാത്തതില്‍ ആര്‍ എസ് എസ് കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനം പറഞ്ഞിട്ടും അതിന്റെ മേല്‍ ചര്‍ച്ചകളും ഒഴിവാക്കലുകളും നടത്തിയ ബിജെപി സംസ്ഥാന ഘടകത്തിനോടുള്ള അനിഷ്ടം ആര്‍എസ്എസ് അമിത് ഷായെ അറിയിക്കുകയും ചെയ്തിരുന്നു. ഇത്തവണ ബിജെപിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയും തമ്മിലടിച്ചും അവസരം നശിപ്പിക്കുന്ന സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയെ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസരാക്കുകയും തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കാനും ശ്രമിക്കുകയാണെന്നായിരുന്നു ആര്‍ എസ് എസ്സിന്റെ കുറ്റപ്പെടുത്തല്‍. സംഘത്തിന്റെ കണ്ണിലെ പ്രധാന കരട് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുമായിരുന്നു.

ആര്‍എസ്എസ് ആദ്യം മുതലേ പത്തനംതിട്ടയില്‍ സുരേന്ദ്രന്റെ പേരായിരുന്നു നിര്‍ദേശിച്ചത്. ശബരിമല സമരത്തില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ ബിജെപി നേതാവും സുരേന്ദ്രന്‍ ആയിരുന്നു. കേസും ജയില്‍വാസവുമൊക്കെയായി സുരേന്ദ്രന്‍ വലിയൊരു ജനവിഭാഗത്തിനിടയിലും പാര്‍ട്ടിയണികള്‍ക്കിടയിലും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ആര്‍എസ്എസ് കരുതുന്നത്. സുരേന്ദ്രന്റെ ഈ ഇമേജും ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും വോട്ടായി മാറുമെന്നും സംഘം കണക്കുകൂട്ടുന്നു. തിരുവനന്തപുരത്തിനൊപ്പം ബിജെപിയും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് പത്തനംതിട്ട.

ഇത്തരമൊരു പ്രതീക്ഷ പത്തനംതിട്ടയ്ക്കുമേല്‍ ഉണ്ടെന്നാണ് ആ മണ്ഡലത്തിനുമേല്‍ അവകാശവാദുമായി ഒന്നിലേറേ പേര്‍ വന്നതിന്റെ കാരണവും. കുമ്മനം രാജശേഖരന്‍ ഇവിടെ മത്സരിക്കുമെന്നായിരുന്നു ആദ്യത്തെ പ്രചരണങ്ങളെങ്കിലും കുമ്മനം തിരുവനന്തപുരം ഉറപ്പിച്ചു. പിന്നാലെയാണ് സുരേന്ദ്രന്റെ പേര്‍ വന്നത്. കുമ്മനം അല്ലെങ്കില്‍ സുരേന്ദ്രന്‍ എന്നായിരുന്നു സംസാരം. പക്ഷേ, കൂടുതല്‍ പേര്‍ മണ്ഡലം വേണമെന്നു പറഞ്ഞു രംഗത്തു വന്നതോടെ കാര്യങ്ങള്‍ തിരിഞ്ഞു. മണ്ഡലമോഹികളില്‍ പ്രധാനി ശ്രീധരന്‍ പിള്ള തന്നെയായിരുന്നു. സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ശ്രീധരന്‍ പിള്ള മത്സരിക്കില്ലെന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ പത്തനംതിട്ടയില്‍ മോഹം തട്ടി മത്സരിക്കാന്‍ പിള്ളയും ഇറങ്ങുകയായിരുന്നു.

തന്റെ സീറ്റ് ഉറപ്പിക്കാന്‍ പിള്ള ആദ്യം ചെയ്തത് സുരേന്ദ്രനെ വെട്ടുകയെന്നതാണ്. ബിജെപി സാധ്യത പട്ടികയില്‍ നിന്നും സുരേന്ദ്രനെ ഒഴിവാക്കാന്‍ നോക്കിയെങ്കിലും പിന്നീട് ആറ്റിങ്ങലിലേക്ക് മാറ്റാന്‍ നോക്കി. ഈഴവ വോട്ടുകള്‍ പറഞ്ഞായിരുന്നു ആറ്റിങ്ങല്‍ മുന്നില്‍ വച്ചത്. ബിഡിജെഎസ്സിന്റെ സഹായവും കിട്ടുമെന്ന വാഗ്ദാനവും നല്‍കി. എന്നാല്‍ ആറ്റിങ്ങലില്‍ ബിഡിജെസ് വോട്ട് അടൂര്‍ പ്രകാശിനു പോകാനാണ് സാധ്യതയെന്നും എസ്എന്‍ഡിപിക്കു പ്രത്യേക താത്പര്യമുള്ളയാളാണ് അടൂര്‍ പ്രകാശ് എന്നതിനാലും ആറ്റിങ്ങലില്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടാനാണ് സാഹചര്യം. ഇത്തരമൊരു കുരുക്കിലേക്ക് സുരേന്ദ്രനെ തള്ളിയിടാനായിരുന്നു ശ്രീധരന്‍ പിള്ള വിഭാഗം ശ്രമിച്ചതെന്ന ആരോപണവുമുണ്ടായിരുന്നു.

പത്തനംതിട്ടയ്ക്കു വേണ്ടി ശ്രീധരന്‍ പിള്ളയും സുരേന്ദ്രനും മത്സരിക്കുന്നിടത്തേക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനവും കയറി വന്നത്. പത്തനംതിട്ട തനിക്കു വേണമെന്ന് കണ്ണന്താനവും പറഞ്ഞു. മുന്‍പ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച കാഞ്ഞിരപ്പിള്ളി പത്തനംതിട്ട മണ്ഡലത്തിലാണ്. പോരാത്തതിന് താന്‍ കത്തോലിക്കനും ഭാര്യ ഓര്‍ത്തഡോക്‌സുകാരിയുമായതിനാല്‍ രണ്ടു സഭകളുടെയും വേട്ട് ഉറപ്പാക്കാം. പിന്നെ ശബരിമല വിഷയത്തില്‍ ബജെപിക്ക് അനുകൂലമായി കിടക്കുന്ന വോട്ടുകള്‍ കൂടി ചേര്‍ത്താല്‍ വിജയം ഉറപ്പെന്നായിരുന്നു കണ്ണന്താനത്തിന്റെ വാദം. പക്ഷേ, കണ്ണന്താനത്തെ കൊല്ലത്താണ് പരിഗണിച്ചത്. എന്നാല്‍ ഒരു മനുഷ്യനെപ്പോലും പരിചയമില്ലാത്ത കൊല്ലത്ത് മത്സരിക്കുന്നതിനേക്കാള്‍ ഭേദം അത്യാവശ്യം ബന്ധമുള്ള മലപ്പുറമാണെന്നും മത്സരിക്കുന്നില്ലെന്നു തുടക്കത്തിലേ പറഞ്ഞിരുന്ന തന്നെ എന്തിനാണ് നിര്‍ബന്ധിച്ച് മത്സരിപ്പിക്കുന്നതെന്നുള്ള പരിഭവമാണ് കണ്ണന്താനം പറഞ്ഞു നടക്കുന്നത്. മത്സരിക്കുകയാണെങ്കില്‍ അത് പത്തനംതിട്ടയെന്നാണ് കേന്ദ്രമന്ത്രിയുടെ തീരുമാനം. പക്ഷേ, ഒരിളവ് അദ്ദേഹം ശ്രീധരന്‍ പിള്ളയ്ക്ക് നല്‍കിയിരുന്നു. ശ്രീധരന്‍ പിള്ള മത്സരിക്കുകയാണെങ്കില്‍ തനിക്കതില്‍ സന്തോഷമേയുള്ളൂവെന്ന്. ഇത്തരം അഭിപ്രായങ്ങളാണ് ശ്രീധരന്‍ പിള്ള താന്‍ തന്നെ പത്തനംതിട്ടയില്‍ മത്സരിക്കണമെന്നത് പൊതുവികാരമാണെന്നു കാണിക്കാന്‍ ഉപയോഗിച്ചിരുന്നത്. പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള, സുരേന്ദ്രന്‍, കണ്ണന്താനം എന്നീ പേരുകള്‍ പട്ടികയില്‍ കൊണ്ടുവന്നെങ്കിലും ഒടുവില്‍ കേന്ദ്രനേതൃത്വത്തിന് പട്ടിക ആയപ്പോള്‍ അതില്‍ പിള്ളയുടെ പേര് മാത്രം വരികയായിരുന്നു. ഒന്നാം പേരുകാരന്‍ താന്‍ തന്നെയായിരുന്നു അതിനാലാണ് തന്റെ പേര് മാത്രം അയച്ചതെന്നായിരുന്നു പിള്ളയുടെ ന്യായം. ഈ ന്യായം ഏതാണ്ട് അംഗീകരിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് ആര്‍എസ്എസ് പാരയുമായി വരുന്നതും പിള്ളയുടെ പോക്ക് പുറത്തേക്കാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതും.

Next Story

Related Stories