Top

നാട്ടുകാരെ പറ്റിക്കുന്ന 'വെള്ളക്കണ്ടി' സുരേന്ദ്രന്‍; ഗീബല്‍സ് താങ്കള്‍ക്ക് ദക്ഷിണ വയ്ക്കും

നാട്ടുകാരെ പറ്റിക്കുന്ന
ചില ആളുകള്‍ അല്ലെങ്കിലും ഇങ്ങനെയാണ്; ചിലപ്പോള്‍ ചിരിപ്പിക്കും, ചിലപ്പോള്‍ ചിന്തിപ്പിക്കും അല്ലെങ്കില്‍ കരയിക്കും. ചില വേഷങ്ങള്‍ ചെവിയില്‍ ചെമ്പരത്തി പൂവ് ചൂടേണ്ട ഘട്ടം വരെ എത്തി എന്ന് തോന്നിയാല്‍ മുന്‍പേ പറഞ്ഞ മൂന്നില്‍ ഏതുവേണമെന്നു അവരവുടെ യുക്തിക്കനുസരിച്ച് ചിന്തിച്ച് ഉചിത തീരുമാനം എടുത്തോളൂ എന്നല്ലാതെ മറ്റെന്തു പറയാന്‍. പറഞ്ഞുവരുന്നത് ശുദ്ധ നുണ പ്രചാരണം നടത്തുന്ന ചില വേന്ദ്രമാരെക്കുറിച്ചും അവര്‍ സ്വമേധയാ എടുത്തണിയുന്ന വേഷങ്ങള്‍ അവരെ എത്രകണ്ട് കോമാളികളോ വെറുക്കപ്പെട്ടവരോ ആക്കി മാറ്റുന്നു എന്നതിനെക്കുറിച്ചു കൂടിയാണ്.

നുണ പ്രചാരണ കലയ്ക്ക്, തന്ത്രത്തിന് കാലദേശഭേദങ്ങള്‍ ബാധകമല്ല. ഭാരതീയ വിചാരധാരയില്‍ എന്താണാവോ അതിനു പേരെന്നറിയില്ല. ഒരു പക്ഷെ നുണ പ്രചാര സത്രം എന്നോ സൂത്രം എന്നൊക്കെ ആവാം. ഇതൊരു ആഗോള സര്‍വകാല പ്രതിഭാസം ആകയാല്‍ തുടക്കം എവിടെ നിന്നും ആരില്‍ നിന്നും ആകാം. എന്നുകരുതി നാരദനില്‍ നിന്നോ വ്യാജ പ്രചാരവേലയുടെ ആശാന്‍ എന്നറിയപ്പെടുന്ന ഗീബല്‍സില്‍ നിന്നോ തുടങ്ങണമെന്നില്ലല്ലോ! നാരദന്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പുരാണ കഥാപാത്രം. ഗീബല്‍സോ വ്യാജ പ്രചാരണതന്ത്ര ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്ത ബിജെപി നേതാവ് കെ സുരേന്ദ്രനും കൂട്ടര്‍ക്കും ദക്ഷിണ വെച്ച് ഒന്നില്‍ തുടങ്ങേണ്ട ആളും!

ഒരുപക്ഷെ മരണാന്തര ജീവിത ചിന്താസരണിയെ സുരേന്ദ്രാദികള്‍ അതിശക്തമായി തിരികെ കൊണ്ടുവരുന്നു എന്നതിനാല്‍ നമ്മുടെ ഈ ഗീബല്‍സും പുനര്‍ജനി കൈവരിച്ച് ഇതര ജന്മങ്ങള്‍ വെടിഞ്ഞു കാറ്റോ ജലമോ അതുമല്ലെങ്കില്‍ ഒരു മുടി ഇഴയായൊ നിഴലായോ ഇവയില്‍ ഏതോ ഒന്നായി നമ്മുടെ സുരേന്ദ്രനില്‍ കടന്നു കയറി പുനര്‍ജനി ചക്രത്തിന്റെ ഏതെങ്കിലും ഒരു ദിശയില്‍ തുടരുന്നുണ്ടാവണം. ഒരു പക്ഷെ അയാള്‍ ഉണ്ടാക്കുന്ന ഭ്രാന്തന്‍ തോന്നലുകളാവാം ഇപ്പോള്‍ സുരേന്ദ്രനെ നയിക്കുന്നത്. അല്ലെങ്കില്‍ പിന്നെ എന്തിനു സുരേന്ദ്രന്‍ ഇത്രയും വലിയൊരു വ്യാജ പ്രചാരകന്‍ ആവണം? ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ചോരയിറ്റുന്ന മാട് ദൃശ്യങ്ങള്‍ കേരളത്തിലേത് എന്ന മട്ടില്‍ പ്രചരിപ്പിച്ചതു മാത്രമല്ലല്ലോ സുരേന്ദ്രനില്‍ നിന്നും നമ്മള്‍ ദൃശ്യവിസ്മയങ്ങള്‍! ബീഫ് ഉള്ളിയാക്കി മാറ്റുന്ന ജാലവിദ്യയില്‍ തുടങ്ങി നോട്ടു നിരോധനകാലത്ത് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിറക്കല്‍ വിദ്യ വരെ പയറ്റിയ സുരേന്ദ്രന്‍ ഇപ്പോള്‍ ഈ കള്ളപ്പണത്തെക്കുറിച്ചൊന്നും ഉരിയാടുന്നില്ല. കൊടിഞ്ഞിയില്‍ ചെറിയൊരു പയറ്റ് നടത്തി വിദഗ്ധമായി പിന്‍വാങ്ങിയ ടിയാന്‍ ഇപ്പോള്‍ ബീഫിന് പിന്നാലെയാണ് എന്ന് മാത്രം.സുരേന്ദ്രാദികളെക്കുറിച്ചു പറഞ്ഞുവരുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്ന മുഖം ഞാന്‍ ജനിച്ചു വളര്‍ന്ന കൊളക്കാട് എന്ന കൊച്ചു ഗ്രാമത്തിലെ ഒരു രസികന്‍ മനുഷ്യനെയാണ്. പേര് വെള്ളക്കണ്ടി. ജന്മം കൊണ്ട് പണിയനാണെങ്കിലും ആളൊരു ജഗജില്ലി ആയിരുന്നു. കണ്ണൂര്‍ ജില്ലയുടെ കിഴക്കേ അറ്റത്താണ് കൊളക്കാട്. അന്നൊക്കെ ആ കൊച്ചു കുടിയേറ്റ ഗ്രാമം ചായക്കടകളാല്‍ സമ്പന്നം. റബര്‍ എസ്‌റ്റേറ്റില്‍ പണിക്കു പോകുന്നവരും കൂലിപ്പണിക്കു പോകുന്നവരും കേവലം അര കിലോമീറ്റര്‍ പോലും അകലെയല്ലാത്ത ഓടപ്പുഴ പണിയ കോളനിവാസികളും തന്നെ പ്രധാനമായും സ്ഥിരം കസ്റ്റമേഴ്‌സ്. കൊട്ടിയൂര്‍ ഉത്സവം, കുരിശുമല കയറ്റം, രാഷ്ട്രീയ സമ്മേളങ്ങള്‍ എന്നിവയൊക്കെ വെറും സീസണല്‍ കച്ചവടം. ചായക്കട നടത്തി പൊളിഞ്ഞവരുടെ നാട് കൂടിയാണ് കൊളക്കാട്. കാരണം വളരെ ലളിതം. ഒരു കടയില്‍ പറ്റു കുമിഞ്ഞുകൂടിയാല്‍ കസ്റ്റമേഴ്‌സ് അടുത്ത കടയിലേക്ക് നീങ്ങും. കുറച്ചു പണം അഡ്വാന്‍സ് നല്‍കും. ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ആ കട ഒഴിവാക്കി അടുത്ത കടയിലേക്ക്.
തൊട്ടു തീനികളായ ചില കുറിച്യര്‍ ഒഴിച്ചാല്‍ പണിയര്‍ അടക്കം ബാക്കി എല്ലാവരും ചായക്കടകളിലും അനാദി പീടികകളിലും പറ്റുകാര്‍.

നമ്മുടെ വെള്ളക്കണ്ടി പല കടകളിലും പറ്റുകാരന്‍ ആയിരുന്നു. ഓടപ്പുഴ കോളനിയില്‍ സംബന്ധം ഉറപ്പിച്ച ആറളം സ്വദേശിയായിരുന്നു വെള്ളക്കണ്ടി. ആഴ്ചയില്‍ എപ്പോഴെങ്കിലും ഒരു തുണി നിറയെ എന്തൊക്കെയോ ആയി വെള്ളക്കണ്ടി പ്രത്യക്ഷപ്പെടും. ആ സഞ്ചിയില്‍ ചിലപ്പോള്‍ അധികവും ഉണ്ടാവുക എവിടെ നിന്നോ പെറുക്കി കൊണ്ടുവന്ന അടക്കയായിരിക്കും. ചിലപ്പോള്‍ തേനോ, ചന്ദന മുട്ടികളോ ഉണ്ടാവും. പണിയനാണെങ്കിലും അതുകൊണ്ടുതന്നെ വെള്ളക്കണ്ടി പറ്റുകാര്‍ക്കിടയില്‍ വേറിട്ട് നിന്നു.

താന്‍ ഇടക്കിടെ നായാട്ടിനു പോകാറുണ്ടെന്നു വെള്ളകണ്ടി പറഞ്ഞിരുന്നത് ആദ്യമൊക്കെ ചില ചായക്കടക്കാര്‍ വിശ്വസിച്ചിരുന്നു. പിന്നീട് അയാള്‍ പറയുന്നതത്രയും കളവാണെന്ന് ബോധ്യമായതോടെ വെള്ളക്കണ്ടിക്കു ആരും പറ്റു കൊടുക്കാതെയായി. തീര്‍ന്നില്ല, അയാള്‍ക്ക് കാനൂല്‍ വെള്ളക്കണ്ടി എന്ന പേരും ചാര്‍ത്തികിട്ടി. താന്‍ പറയുന്നത് ബഡായി അല്ലെന്നു സ്ഥാപിക്കാന്‍ വേണ്ടി വെള്ളക്കണ്ടി സ്ഥിരം പ്രയോഗിച്ചിരുന്ന വാക്കാണ് കാനൂല്‍.

എന്നാല്‍ കാനൂല്‍ വെള്ളക്കണ്ടിയെ ഒരാള്‍ കണ്ണടച്ചു വിശ്വസിച്ചു; മമ്മുക്ക. പേരാവൂരില്‍ നിന്നും വന്ന് കൊളക്കാട് ചായ കച്ചവടം തുടങ്ങിയ മമ്മുക്കയ്ക്ക് വെള്ളക്കണ്ടിയെ പെരുത്തങ്ങു പിടിച്ചു പോയി. എങ്ങനെ പിടിക്കാതിരിക്കും. വെള്ളക്കണ്ടി മമ്മുക്കയ്ക്ക് നല്‍കിയ ഓഫര്‍ ആനക്കൊമ്പായിരുന്നു. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ചായപ്പറ്റു മാത്രമല്ല അഡ്വാന്‍സായി വാങ്ങിയ പണവും പെരുത്ത് വലിയൊരു സംഖ്യ ആയപ്പോള്‍ ആണ് മമ്മുക്ക തദ്ദേശവാസികളുടെ സഹായം തേടിയത്. അങ്ങനെയിരിക്കെ ഒരു നാള്‍ മമ്മൂക്കയുടെ പീടികയില്‍ എത്തിയ വെള്ളക്കണ്ടിയെ മൊത്തം നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി.  'ആനക്കൊമ്പല്ലേ, അത് വീണുകിട്ടട്ടെ' എന്നായിരുന്നു വെള്ളക്കണ്ടിയുടെ അപ്പോഴത്തെ പ്രതികരണം. ആനക്കൊമ്പിനുവേണ്ടി വെള്ളക്കണ്ടിയെ കസ്റ്റമര്‍ ആക്കിയ മമ്മുക്കയുടെ ആന മണ്ടത്തരം തിരിച്ചറിഞ്ഞ നാട്ടുകാര്‍ വെള്ളക്കണ്ടിയെ വെറുതെ വിട്ടു. മമ്മുക്ക അടുത്ത ദിവസം തന്നെ ചായ പീടിക പൂട്ടി പേരാവൂരിലേക്കു മടങ്ങി.

ഈ സംഭവം ഇവടെ ഇപ്പോള്‍ വിവരിക്കേണ്ടിവന്നത് ഒരു ചായക്കാരനെ പറ്റിക്കാന്‍ സുരേന്ദ്രന്‍ നടത്തുന്ന വെള്ളക്കണ്ടി ബുദ്ധിയെക്കുറിച്ചു ചിന്തിച്ചിട്ടാണ്. എന്നാല്‍ ഈ സംഭവ കഥയിലെ വെള്ളക്കണ്ടിക്കും സുരേന്ദ്രനും അയാള്‍ക്കൊപ്പം നീന്തുന്ന വ്യാജ പ്രചാരകര്‍ക്കും തമ്മില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ദരിദ്രനായ വെള്ളക്കണ്ടിയുടേത് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള തട്ടിപ്പാണെങ്കില്‍ സുരേന്ദ്രാദികളുടേത് ആളെക്കൊന്നു തടിച്ചു കൊഴുക്കുക എന്ന കുടില തന്ത്രമാണ്. മോദിയെ പറ്റിക്കാന്‍ താങ്കള്‍ ഏതു തന്ത്രവും പയറ്റിക്കോളൂ. പക്ഷെ കേരളീയര്‍ ഇതൊക്കെ കൃത്യമായി അറിയുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്ന്. ഇതേ ഓര്‍മ രാമന്തളി കൊലപാതകവുമായി ബന്ധപെട്ട് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റും വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത കുമ്മനംജിക്കും ഉണ്ടായിരുന്നാല്‍ നന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories