TopTop
Begin typing your search above and press return to search.

ഒരു ഷോമാന്റെ പതനം

ഒരു ഷോമാന്റെ പതനം

അഴിമതി വിരുദ്ധ നിലപാടുകളുടെ പേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ഒരാള്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ഉടന്‍ തന്നെ ജേക്കബ് തോമസിനെ വിജിലന്‍സ് തലവനായി നിയമിച്ചത്. ഈ നിയമനം പിണറായിക്കും ഇടതുമുന്നണി സര്‍ക്കാരിനും കൈയ്യടി നേടിക്കൊടുത്ത ഒന്നായിരുന്നു. സെന്‍കുമാറിനെ ഡി ജി പി (ലോ&ഓര്‍ഡര്‍) സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ ആ കസേരയില്‍ ജേക്കബ് തോമസ് പ്രതിഷ്ഠിയ്ക്കപ്പെടും എന്ന് കരുതിയവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ലെന്നു മാത്രമല്ല ഇപ്പോള്‍ അദ്ദേഹത്തെ ഐ എം ജി (ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മന്റ് ഇന്‍ ഗവണ്മെന്റ്) ഡയറക്ടര്‍ സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. അതിരുവിട്ട വിമര്‍ശനങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി ഒഖി ദുരിത ബാധിതരുടെ വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചു എന്നൊക്കെയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍.

തങ്ങള്‍ ഒതുക്കിയിട്ടിരുന്ന ജേക്കബ് തോമസിനെ പിണറായി വിജിലന്‍സിന്റെ തലപ്പത്തു പ്രതിഷ്ഠിച്ചപ്പോള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്ന യു ഡി എഫ് നേതാക്കള്‍ വലിയ സന്തോഷത്തിലാണ്. 'പിണറായി വടികൊടുത്തു അടി മേടിക്കുകയായിരുന്നു' എന്ന് വരെ രാജ്മോഹന്‍ ഉണ്ണിത്താനെ പോലുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ സത്യം പറഞ്ഞതിന്റെ പേരില്‍ ജേക്കബ് തോമസിനോട് പിണറായി സര്‍ക്കാര്‍ഈവിധം പെരുമാറിയത് ഒട്ടും ശരിയായില്ലെന്ന് വാദിക്കുന്ന ഡി ബി ബിനു വക്കീലിനെപ്പോലുള്ളവരും കുറവല്ല. അതേസമയം, തന്നെ ഏല്‍പിച്ച ജോലി ചെയ്യാതെ മറ്റുള്ളവരുടെ ജോലിയില്‍ കയറി തലയിട്ടു അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ആളാണ് ജേക്കബ് തോമസ് എന്ന് പറയുന്നവരുമുണ്ട്.

http://www.azhimukham.com/jacob-thomas-vigliance-probe-against-scandals-political-leaders-narayanan/

ഇത് എഴുതുന്ന ആളും ഒടുവില്‍ പറഞ്ഞ ആ വാദത്തോട് ഒരു വലിയ പരിധി വരെ യോജിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ തന്റെ ജോലി ജേക്കബ് തോമസ് കൃത്യമായി നിറവേറ്റിയില്ലെന്നു മാത്രമല്ല പലപ്പോഴും കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമാവുകയും ചെയ്തു. ഇതില്‍ കോടതി വിമര്‍ശനം എന്നത് ഒരു ആനക്കാര്യമല്ല. എങ്കിലും സ്വന്തം ജോലി നേരാം വണ്ണം ചെയ്‌തോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെ. ജേക്കബ് തോമസ് വിജിലന്‍സിന്റെ തലപ്പത്ത് എത്തുമ്പോള്‍ ബാര്‍ കോഴ, പാറ്റൂര്‍ ഭൂമിയിടപാട് തുടങ്ങി പ്രമാദമായ പല കേസുകളും ഉണ്ടായിരുന്നു. ഈ കേസുകളൊന്നും എവിടെയും എത്തിക്കാതെയാണ് അദ്ദേഹം പുസ്തക രചനയില്‍ ഏര്‍പ്പെട്ടതും ഇപ്പോള്‍ ചീഫ് സെക്രട്ടറി ആയ കെ എം അബ്രഹാമിന്റെ ഫ്ളാറ്റിന്റെ വിസ്തീര്‍ണം അളന്നു തിട്ടപ്പെടുത്താന്‍ ഇറങ്ങി പുറപ്പെട്ടതും. ജേക്കബ് തോമസ് വെറും പത്തു മാസമേ വിജിലന്‍സിന്റെ തലപ്പത്ത് ഉണ്ടായിരുന്നുള്ളു എന്നതും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തീര്‍ക്കാന്‍ പറ്റുന്നതായിരുന്നില്ല ബാര്‍ കോഴ കേസും പാറ്റൂര്‍ കേസും എന്നതും ശരി തന്നെ. പക്ഷെ പ്രസ്തുത കേസുകളില്‍ ജേക്കബ് തോമസിന്റെ കാലത്തുണ്ടായ പുരോഗതി എന്തെന്ന് ചോദിച്ചാല്‍ അദ്ദേഹവും അനുകൂലിക്കുന്നവരും എന്ത് ഉത്തരം നല്‍കും.

http://www.azhimukham.com/newswrap-kerala-has-no-rule-of-law-says-jacobthomas/

ജേക്കബ് തോമസ് അഴിമതിക്കെതിരെ പോരാടുന്ന ഒരു നല്ല ഉദ്യോഗസ്ഥന്‍ ആയിരിക്കാം. അതിനുമപ്പുറം അദ്ദേഹം ഒരു ഷോമാന്‍ ആണെന്ന് പറയേണ്ടിവരും. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതും മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡുമൊക്കെ കീശയില്‍ നിന്നെടുത്തു വീശിയതും ഒക്കെ വ്യക്തമാക്കുന്നത് ഇത് തന്നെയാണ്. ജിഷ വധക്കേസിന്റെ അന്വേഷണം തന്റെ ചുമതല അല്ലാതിരുന്നിട്ടും സ്വമേധയാ ഒരു പാരലല്‍ അന്വേഷണം നടത്തിയതും പ്രസ്തുത കേസില്‍ അനാവശ്യമായ അഭിപ്രായ പ്രകടനം നടത്തിയതും ഒരു തരം ഷോ തന്നെയായിരുന്നു എന്ന് പറയേണ്ടി വരുന്നു. ഇത്തരം പ്രകടനങ്ങള്‍ കൈയടിച്ചു പ്രോത്സാഹിക്കുന്നവരുണ്ടാകും. പക്ഷെ അപ്പോഴും ഒരു നല്ല ഉദ്യോഗസ്ഥന്‍ ഓര്‍ക്കേണ്ട കാര്യം അതിരുവിട്ടാല്‍ എന്തും അപകടത്തിലേ കലാശിക്കൂ എന്നും വെറും വാചകമടി പോരാ കഴിവ് പ്രവര്‍ത്തിയിലൂടെ കാണിക്കണം എന്നതാണ്.

http://www.azhimukham.com/newswrap-mpveerendrakumar-resigned-jacobthomas-suspended/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories