TopTop
Begin typing your search above and press return to search.

യാത്രി ക്രിപയാ ധ്യാന്‍ ദേ..

യാത്രി ക്രിപയാ ധ്യാന്‍ ദേ..

അല്ലെങ്കിലും എല്ലാവരും യാത്രികരാണ്. യാത്രയുടെ കാര്യത്തില്‍ മനുഷ്യന്‍, മൃഗം, പക്ഷി, ഉരഗങ്ങള്‍ എന്നിങ്ങനെയൊക്കയുള്ള വേര്‍തിരിവുകള്‍ വേണ്ടെന്നു തന്നെയാണ് ശാസ്ത്രമതം. അല്ലെങ്കില്‍ പിന്നെ ദേശാടന പക്ഷികളും യാത്രികരായ പാമ്പുകളും കേരളത്തിലും പ്രത്യക്ഷപ്പെടുമായിരുന്നില്ലല്ലോ എന്നോര്‍ത്ത് ഈയുള്ളവനും ഏറെ കണ്ണിലെ ചിമ്മിനി കത്തിച്ചിട്ടുണ്ട്. കണ്ണിന്റെ ഫ്യൂസ് പാതിയിലേറെ കത്തിപ്പോയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. പക്ഷെ ഇവിടെയിപ്പോള്‍ യാത്രകളെകുറിച്ച് ചിന്തിച്ചുപോയതു ആദിമ മനുഷ്യന്റെയോ, മൃഗങ്ങളുടെയോ പറവകളുടെയോ ഉരഗങ്ങളുടെയോ യാത്രകളെക്കുറിച്ചുള്ള ആലോചനയുടെ ഭാഗമായല്ല. പ്രിയ എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ എന്ന ആനന്ദിന്റെ ഗോവര്‍ദ്ധന്റെ യാത്രകളുടെ പൊരുളിനെക്കുറിച്ചു ആലോചിച്ചിട്ടുപോലുമല്ല. എങ്കിലും ഗോവര്‍ദ്ധന്റെ യാത്രകള്‍ ഇപ്പോഴും മനം പൊള്ളിച്ചുകൊണ്ടേയിരിക്കുന്നുണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്.

ഇവിടെ പറയുന്നത് രാഷ്ട്രീയ യാത്രകളെക്കുറിച്ചാണ്. സ്ഥലങ്ങളും യാത്രികരും വിഭിന്നമാകാം. പക്ഷെ ലക്ഷ്യം ഒന്നുതന്നെയാണ്. അതാവട്ടെ അധികാരം എങ്ങിനെ കൊയ്യാം അല്ലെങ്കില്‍ എങ്ങിനെ നിലനിറുത്താം എന്നതില്‍ മാത്രം അധിഷ്ഠിതവുമാണ്. ട്രോജന്‍ യുദ്ധവും പോംപേയുടെ പലായനവും എന്തിനേറെ ചരിത്രത്തിലും വേദ പുസ്തകങ്ങളിലും മിത്തുകളിലും അടയാളപ്പെടുത്തപ്പെട്ട പലായനങ്ങളും പിന്തുടരലുകളുമൊക്കെ അധികാര പോരാട്ടങ്ങളുടെയും നിലനില്‍പ്പിന്റെയും ഗാഥകള്‍ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ചരിത്രത്തില്‍ നിന്നും പഴം കഥകളില്‍ നിന്നും മാറി വര്‍ത്തമാനകാല രാഷ്ട്രീയത്തിലേക്ക് വരുമ്പോഴും ചിത്രം ഒട്ടും വ്യസ്ത്യസ്തമാകുന്നില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി അന്‍പതിലേറെ റാലികളാണത്രെ തന്റെ പഴയ തട്ടകമായിരുന്ന ഗുജറാത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഗുജറാത്തു പിടിച്ചു മോദിയെ പടിയടച്ചു പിണ്ഡം വെക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് യുവരാജാവ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് തിരികെ പിടിക്കല്‍ സംബന്ധിയായ വിശദശാംശങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ് രാജ്യം ഭരിക്കുന്നുവെന്നു അവകാശപ്പെടുന്ന മോദി ഗുജറാത്തിനുവേണ്ടി മാത്രം ഇത്രകണ്ട് സമയം മാറ്റിവെക്കുന്ന പക്ഷം രാഹുലും വെറുതെയിരിക്കാന്‍ ഇടയില്ല. വാഗ്ദാന പെരുമഴക്കപ്പുറം സാധാരണ മനുഷ്യരുടെ കാര്യം കഷ്ടം തന്നെയാവും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

ഗുജറാത്തും ഇതര സംസ്ഥാനങ്ങളുമൊക്കെ വിട്ടു ഇങ്ങു കൊച്ചു കേരളത്തിലേക്ക് വന്നാല്‍ നമുക്കിവിടെ രാഷ്ട്രീയ യാത്രകളും ജാഥകളും മാര്‍ച്ചുകളും ഒഴിഞ്ഞ ദിവസ്സങ്ങളില്ല എന്നായിരിക്കുന്നു. പേരുകള്‍ വിഭിന്നമെങ്കിലും തത്വത്തില്‍ എല്ലാം ഒന്നുതന്നെ. പൊതുജനത്തിനെ അവന് നമ്മുടെ രാഷ്ട്രീയ മേലാന്മാര്‍ ചാര്‍ത്തിത്തന്ന ആ പഴയ വിശേഷണം വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്ന സ്ഥിരം രാഷ്ട്രീയ നാടകങ്ങള്‍! പണ്ടൊക്കെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം അല്ലെങ്കില്‍ ഭരണകൂടത്തിനെതിരെ ജനവികാരം ആളിക്കത്തിക്കാന്‍ ഒരു അവസരം ലഭിക്കുമ്പോള്‍ മാത്രം നടത്തിവന്നിരുന്ന ഇത്തരം സര്‍ക്കസുകള്‍ ഇപ്പോള്‍ നാളും തിയ്യതിയുമൊന്നും നോക്കാതെ ആവര്‍ത്തിക്കുന്ന ഒരുതരം നെഞ്ഞത്തുകയറി കളിയായി മാറിയിരിക്കുന്നുവെന്നതാണ് വാസ്തവം.

പിറന്നാള്‍, ചോറൂണ് എന്നൊക്കെ പറയുംപോലെ ഒരു പാര്‍ട്ടിയുടെ പിറവി അറിയിക്കാന്‍ ഒരു ജാഥ, പിറന്നു കഴിഞ്ഞാല്‍ അത് അറിയിക്കാന്‍ മറ്റൊന്ന്. പിറന്നത് ചാപിള്ളയായാലും അല്ലെങ്കിലും അതിന്റെ ചെലവ് നടത്തിപ്പിനായി മറ്റൊരു ഗംഭീര പിരിവു യാത്ര. പിരിവു യാത്ര മുടക്കമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കും എന്നത് മറ്റൊരു കാര്യം. കേരളത്തില്‍ ഇനിയിപ്പോള്‍ നടക്കാന്‍ പോകുന്നത് ലോക് സഭ തിരഞ്ഞെടുപ്പാണ്. മാസങ്ങള്‍ ഏറെയുണ്ട്. എങ്കിലും വെറുതെ കയ്യും കെട്ടി ഇരുന്നാല്‍ പോരല്ലോ. അദ്ധ്വാനിക്കണം. അത് കഠിനമായി തന്നെവേണം. അതുകൊണ്ടുതന്നെ കേരളത്തിലും ഇപ്പോള്‍ യാത്രകളുടെയും ജാഥകളുടെയും പടയോട്ടങ്ങളുടെയും കാലമാണ്.

ചെളിയിലേ താമര വിരിയൂ എന്നാണ് പറയാറ്. ബി ജെ പിക്കാര്‍ ആഞ്ഞു പിടിച്ചിട്ടും ചില കോണ്‍ഗ്രസ്സുകാര്‍ ആത്മാര്‍ത്ഥമായി സഹായിച്ചിട്ടും നദികളും ആറുകളും പുഴകളും കുളങ്ങളും അത്രകണ്ട് മലീമസമായിക്കഴിഞ്ഞ കേരളത്തില്‍ ഒരു താമര വിരിയാന്‍ ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവന്നു. അതിനും മുമ്പ് ഒരു പ്രച്ഛന്ന താമര മൂവാറ്റുപുഴയില്‍ വിരിഞ്ഞെങ്കിലും ബി ജെ പിക്കാര്‍ പോലും അതിനെ അത്രകണ്ട് ഗൗനിച്ചിരുന്നില്ല. പി സി തോമസിന് ഒരു മന്ത്രി സ്ഥാനം നല്‍കി ആദരിച്ചു. അപ്പോഴും ഒരു യഥാര്‍ത്ഥ താമര വിരിഞ്ഞുകാണാനുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. ഒടുവില്‍ രാജഗോപാലിലൂടെ ആ രാജ യോഗം തെളിഞ്ഞു . അതോടെ കേരളത്തിലെ സംഘിക്കൂട്ടത്തിനു ഇരിക്കപ്പൊറുതിയില്ലാതെയായി. കേന്ദ്രം ഭരിക്കുന്ന തങ്ങള്‍ക്കു കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കഴിയും എന്ന ചിന്ത തലയില്‍ കയറി സംഘ നൃത്തം കളിക്കാന്‍ തുടങ്ങിയപ്പോഴാണ് അമിത്ഷായുടെ അനുഗ്രാഹാസികളോടെ കുമ്മനവും സംഘവും ഒരു ജന രക്ഷാ യാത്രയുമായി ഇറങ്ങിത്തിരിച്ചത്. കോഴ മുതല്‍ ഗ്രൂപ്പ് വഴക്കു വരെ ബാധിച്ച ആ യാത്ര രണ്ടു വട്ടം മാറ്റിവെച്ചു നടത്തിയപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നപോലെയായി. കേന്ദ്ര നേതാക്കളും ഡല്‍ഹിയില്‍ നിന്നും മറ്റും കെട്ടിയിറക്കിയ മാധ്യമ പ്രവര്‍ത്തകരും ചതിച്ചുവെന്നാണ് ഇപ്പോള്‍ കുമ്മനാദികള്‍ പരിഭവം പറയുന്നത്.

സംഘികള്‍ ചുവപ്പുകോട്ട പിടിക്കാന്‍ നോക്കിയാല്‍ വെറുതെ ഇരിക്കുമോ ചുവപ്പു സേന. അവരും ഒരു ജാഥ തീരുമാനിച്ചു: 'ജന ജാഗ്രത ജാഥ'. കാസര്‍കോട് മുതലുള്ള വടക്കന്‍ ജാഥ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയും പാറശാല മുതല്‍ ഉള്ള തെക്കന്‍ യാത്ര സി പി ഐ സംസ്ഥാന സെക്രട്ടറി കാനവും നയിച്ചുകൊണ്ടേയിരിക്കുന്നു. രണ്ടും കൂടി ഒടുവില്‍ കൊച്ചിയില്‍ സമാപിക്കും. ബി ജെ പി യുടെ കുശുമ്പ് പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങളെ ജാഗരൂകരാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ജാഥക്ക് കോഴിക്കോട് കൊടുവള്ളിയില്‍ എത്തിയപ്പോള്‍ അടിതെറ്റി. ഒരു ചുവന്ന കാറാണ് കുഴപ്പം സൃഷ്ടിച്ചത്. കൊടുവള്ളിയില്‍ കോടിയേരി കയറിയ കാറ് ഒരു സ്വര്‍ണം കള്ളക്കടത്തുകാരന്റേതാണെന്ന ബി ജെ പി-ലീഗ് കണ്ടെത്തലാണ് തങ്ങളെ അപകടത്തിലാക്കിയതെന്നു ഇപ്പോഴും ചില ഇടതു ബുദ്ധിജീവികള്‍ പറഞ്ഞു നടക്കുന്നുണ്ട്.

ഇടതു ബുദ്ധിജീവി എന്നുപറയുമ്പോള്‍ അത് ചിന്താ ജെറോം ആണെന്ന് തെറ്റിദ്ധരിക്കരുതേ എന്നൊരു അപേക്ഷയുണ്ട്. ചിന്ത വാരികയുടെ പേര് യുവജന കമ്മീഷന്‍ അധ്യക്ഷക്കു ഒട്ടും ഇണങ്ങാത്തതുപോലെ കോടിയേരിയും കാനവും ചേര്‍ന്ന് നയിക്കുന്ന ജന ജാഗ്രതാ ജാഥക്കും ആ പേര് ഒട്ടും യോജിച്ചതല്ല. കുമ്മനത്തിന്റെ ജനരക്ഷാ യാത്ര സ്വയം രക്ഷാ യാത്രയായി പരിണമിച്ചതിനു പിന്നാലെ കോടിയേരിയുടെ ജന ജാഗ്രതാ ജാഥ സ്വയം ജാഗ്രതയില്‍ ചെന്നെത്തിയതില്‍ സത്യത്തില്‍ ഒരു കാവ്യ നീതിയുണ്ടെന്ന് പറയാതെ വയ്യ.

ഇവ രണ്ടും വിരുദ്ധ ഫലങ്ങള്‍ ഉത്പാദിപ്പിച്ചിടത്തുനിന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന മറ്റൊരു യാത്ര കേരളപ്പിറവി ദിനമായ നാളെ മഞ്ചേശ്വരത്തുനിന്നു പ്രയാണം തുടങ്ങുന്നത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് ചെന്നിത്തലയുടെ ഈ കേരള യാത്ര. സത്യത്തില്‍ ഇതിനെ യാത്ര എന്ന് വിളിക്കാന്‍ പറ്റുമോ എന്നറിയില്ല. കാരണം ചെന്നിത്തല നടത്തുന്നത് 'പടയൊരുക്കമാണ്'. പടയൊരുക്കം എന്നാല്‍ പടക്ക് അഥവാ യുദ്ധത്തിന് ആവശ്യമായ വിഭങ്ങള്‍ ശേഖരിക്കലാവുമ്പോള്‍ അതിനുവേണ്ടി നടത്തുന്ന ഒരു സഞ്ചാരം എന്ന അര്‍ത്ഥത്തില്‍ ഇതും ഒരു യാത്ര തന്നെ. എങ്കിലും സ്വന്തം പാളയത്തിലെ പട ഒന്ന് വൃത്തിക്ക് അവസാനിപ്പിച്ചിട്ടു മതിയായിരുന്നു ഈ പടയൊരുക്കം എന്ന് പറയേണ്ടിവരുന്നു. കാരണം പടയൊരുക്കം ആരംഭിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ സംഘാടക സമിതി ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ നിന്നും ജില്ലയിലെ അറിയപ്പെടുന്ന 'എ' ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നിന്നുവെന്നത് മാത്രമല്ല, കണ്ണൂരിലും കോഴിക്കോടും ഒക്കെ സ്ഥിതി ഏതാണ്ട് ഇതുതന്നെയാണെന്നതിനാല്‍ അത് അത്ര ആനക്കാര്യമായി കാണേണ്ടതില്ല.

പക്ഷെ കെ പി സി സി വൈസ് പ്രസിഡന്റ് ആയിരുന്ന വി ഡി സതീശന്‍ ഇന്നൊരു വേല ഒപ്പിച്ചിട്ടുണ്ട്. ചെന്നിത്തലയുടെ പടയൊരുക്കം പരിപാടിയില്‍ കളങ്കിതരെ പങ്കെടുപ്പിക്കില്ല എന്നാണു സതീശന്‍ പറഞ്ഞിട്ടുള്ളത്. ആരോക്കെ വേദിയില്‍ കയറണം ആരൊക്കെ ഷാള്‍ അണിയിക്കണം എന്നൊക്കെ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടത്രെ. കോടിയേരിയുടെ ജാഥയില്‍ ഉണ്ടായ ജാഗ്രതക്കുറവ് തങ്ങളുടെ പടയൊരുക്കത്തില്‍ സംഭിവിക്കില്ലെന്നാണ് സതീശന്‍ പറഞ്ഞതിന്റെ പൊരുള്‍ എന്നുവേണമെങ്കില്‍ വാദിക്കാം. അപ്പോള്‍ പിന്നെ ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും പി സി വിഷ്ണുനാഥും അടങ്ങുന്നവര്‍ എന്തുചെയ്യും. അവര്‍ക്കെതിരെ കുറ്റം തെളിഞ്ഞിട്ടില്ല എന്നാണെങ്കില്‍ കാരാട്ട് ഫൈസല്‍ എന്ന ഇടതു കൗണ്‍സിലറും കുറ്റക്കാരനാണെന്നു നിലവില്‍ ഒരു കോടതിയും പറഞ്ഞിട്ടില്ലല്ലോ? സതീശന്റെ മനസ്സിലിരുപ്പ് മറ്റെന്തോ ആണെന്ന് തന്നെവേണം കരുതാന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories