TopTop
Begin typing your search above and press return to search.

ഇനിയും നികത്തുമെന്ന് ചാണ്ടി മന്ത്രി; ഈ കായല്‍ ചട്ടമ്പിയെ പുറത്താക്കാന്‍ ഇവിടെ ആരുമില്ലേ?

ഇനിയും നികത്തുമെന്ന് ചാണ്ടി മന്ത്രി; ഈ കായല്‍ ചട്ടമ്പിയെ പുറത്താക്കാന്‍ ഇവിടെ ആരുമില്ലേ?
വിടുവായത്തം പറയുന്ന ആളാണ് നമ്മുടെ പൂഞ്ഞാര്‍ പുലി പി സി ജോര്‍ജ് എംഎല്‍എ. തള്ളുന്ന കാര്യത്തില്‍ ടിയാനെ വെല്ലാന്‍ ഈ ഭൂമി മലയാളത്തില്‍ മറ്റാരുമില്ല. കാര്യം ഇതൊക്കെയാണെങ്കിലും പി സി അടുത്തിടെ ഒരു തമാശ പറഞ്ഞു. എല്‍ഡിഎഫ് നടത്തുന്ന 'ജനജാഗ്രത ജാഥ'യുടെ പേര് 'ജനജാള്യതാ ജാഥ' എന്ന് തിരുത്തി വായിക്കണം എന്നതായിരുന്നു അത്. പറഞ്ഞത് പി സി ആയതുകൊണ്ടു തന്നെ ആരും അത്ര കാര്യമാക്കിയില്ല. എന്നാല്‍ തന്റെ കായല്‍ നികത്തലിനും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് മൂടുന്നതിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സാക്ഷി നിറുത്തി, കുട്ടനാട്ടിലെ കായല്‍ പ്രമാണി മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി കേട്ടവര്‍ക്കെല്ലാം തോന്നിയിട്ടുണ്ടാവണം പി സി പറഞ്ഞതിലും അല്പം വാസ്തവം ഇല്ലേയെന്ന്.

മാര്‍ത്താണ്ഡം കായലോരത്തെ തന്റെ റിസോര്‍ട്ടിനോട് ചേര്‍ന്ന് ഇനിയും 42 പ്ലോട്ടുകള്‍ കൂടി ബാക്കിയുണ്ടെന്നും വേണ്ടിവന്നാല്‍ അതും താന്‍ മണ്ണിട്ട് നികത്തുമെന്നുമാണ് ഇടതുമന്ത്രി കൂടിയായ കായല്‍ ചട്ടമ്പിയുടെ ഭീഷണി. തന്റെ വെല്ലുവിളിക്ക് വീരസ്യം പകരാന്‍ വേണ്ടി ടിയാന്‍ ഇത്രയും കൂടി പറഞ്ഞു. തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ആര്‍ക്കും ധൈര്യം പോരെന്ന്! ശരിയാണ് മുതലാളി, താങ്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഈ ഒളിച്ചുകളി കാണുമ്പോള്‍ എല്ലാം മനസ്സിലാവുന്നുണ്ട്. താങ്കളുടെ പണത്തിന്റെ സ്വാധീനവും അധികാര ഗര്‍വും എല്ലാം.കാനം നയിക്കുന്ന 'ജനജാഗ്രതാ ജാഥ' യുടെ തെക്കന്‍ പതിപ്പിന് കുട്ടനാട്ടില്‍ നല്‍കിയ സ്വീകരണത്തിനിടയില്‍ തോമസ് ചാണ്ടി നടത്തിയ ഈ സിംഹ ഗര്‍ജനം സത്യത്തില്‍ കാനത്തെ മാത്രമല്ല, അത് കേട്ടവരെ മുഴുവന്‍ നടുക്കാന്‍ പോന്നതായിരുന്നു. കാരണം താന്‍ ഒരിഞ്ചു ഭൂമിപോലും കൈയ്യേറിയിട്ടില്ലെന്നും കൈയേറ്റം തെളിയിച്ചാല്‍ ആ നിമിഷം മന്ത്രിസ്ഥാനം മാത്രമല്ല എം എല്‍ എ സ്ഥാനം വരെ രാജിവെക്കുമെന്നും മുമ്പ് നിയമസഭയില്‍ വീരസ്യം പറഞ്ഞയാളാണ് ഇന്നലെ വേണ്ടി വന്നാല്‍ ഇനിയും തണ്ണീര്‍ത്തടം നികത്തുമെന്ന് പരസ്യ വെല്ലുവിളിച്ചത്.

തോമസ് ചാണ്ടി ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും മറ്റുമാണ് അത് ചെയ്തതെന്നും വാദിക്കുന്നവരുണ്ട്. ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അവരും ചാണ്ടിയും ഇപ്പോള്‍ പഴി പറയുന്നത് കൈയേറ്റം സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയാണ്. ഏഷ്യാനെറ്റ് ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദിന് തന്നോടുള്ള ചൊരുക്ക് തീര്‍ക്കാന്‍ വേണ്ടി വ്യാജ വാര്‍ത്ത ചമയ്ക്കുകയായിരുന്നുവെന്നാണ് ചാണ്ടിയുടെ വാദം. ഈ വാദം ശരിയാണെന്നു തന്നെ വെക്കുക. അങ്ങിനെയെങ്കില്‍ കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ എന്തിനാണ് ഈ സര്‍ക്കാര്‍ അടയിരിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉണ്ട്. ചാണ്ടി നിരപരാധിയെങ്കില്‍ ആ 'നീതിമാനെ' കുറ്റവിമുക്തനാകണം. അതല്ലെങ്കില്‍ അയാളെ ശിക്ഷിക്കണം. ഇക്കാര്യത്തില്‍ എന്തേ സര്‍ക്കാരിനിത്ര അമാന്തം? ഇനിയിപ്പോള്‍ ചീഞ്ഞു നാറി ചാണ്ടി സ്വയം രാജിവെക്കും എന്നാണു കരുതുന്നതെങ്കില്‍ അത് നടപ്പുള്ള കാര്യമല്ലെന്ന് ടിയാന്റെ കുവൈത്തിലെ പൂര്‍വ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

ഇനിയിപ്പോള്‍ ചാണ്ടി ചീഞ്ഞു നാറാനാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നതെങ്കില്‍ അയാളേക്കാള്‍ മുമ്പെ ഈ സര്‍ക്കാരായിരിക്കും ചീഞ്ഞു നാറുകയെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്ന്. കാരണം കൈയ്യേറ്റം നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന മുടന്തന്‍ ന്യായമൊന്നും ജനങ്ങള്‍ക്കു മുന്നില്‍ വിലപ്പോകില്ല. കൈയേറ്റങ്ങളുടെയും പിടിപ്പുകേടുകളുടെയും വലിയൊരു ഘോഷയാത്ര കണ്ടു മടുത്തപ്പോഴാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ജനം താഴെയിറക്കി നിങ്ങളെ അധികാരത്തിലിരുത്തിയതെന്ന കാര്യം മറക്കരുത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories