TopTop
Begin typing your search above and press return to search.

ചെന്നിത്തല ഗാന്ധി മനസിലാക്കേണ്ട ഒന്നുണ്ട്, ഈ പാര്‍ട്ടി ഉണ്ടെങ്കിലേ നേതാവ് കളി പറ്റൂ എന്ന്

ചെന്നിത്തല ഗാന്ധി മനസിലാക്കേണ്ട ഒന്നുണ്ട്, ഈ പാര്‍ട്ടി ഉണ്ടെങ്കിലേ നേതാവ് കളി പറ്റൂ എന്ന്
കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചിലരുണ്ട്. നമ്മുടെ ചെന്നിത്തല ഗാന്ധിയും അക്കൂട്ടത്തില്‍ പെടുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ സംശയിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരളത്തിലെ ഇടതുമുന്നണിയും വലതുമുന്നണിയിയും യോജിച്ചു പോരാടണം എന്ന സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി സഖാവിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷന്‍ ഹസ്സന്‍ജിയെ അദ്ദേഹം തിരുത്തിയത് കണ്ടപ്പോഴാണ്.

കേരളത്തിലേതും ജനദ്രോഹ ഭരണമാണെന്ന് താനും തന്റെ പാര്‍ട്ടിയും പാടി നടക്കുന്നതിനിടയില്‍ കേരളം ഭരിക്കുന്ന ഇടതിനൊപ്പം നിന്ന് എന്തിന് കേന്ദ്രത്തോട് പോരാടണം എന്നതാണ് ചെന്നിത്തല ഗാന്ധിയുടെ ചോദ്യം. അദ്ദേഹത്തിന്റെ ചോദ്യം ശരിയല്ലേയെന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. പക്ഷെ കോടിയേരി സഖാവും ഹസ്സന്‍ജിയുമൊക്കെ പറഞ്ഞത് കേരളത്തിലെ ഭരണത്തിന്റെ കാര്യമല്ലല്ലോ. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണയുമല്ല അവര്‍ ചൂണ്ടിക്കാട്ടിയത് . മറിച്ച് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയത്തെക്കുറിച്ചാണെന്ന് എന്തുകൊണ്ടാണ് നമ്മുടെ ചെന്നിത്തല ഗാന്ധി മനസ്സിലാക്കാതെ പോയത്?

അല്ലെങ്കിലും ഈ ചെന്നിത്തല ഗാന്ധി കുറച്ചുകാലമായി ഇങ്ങനെയാണ്. കൃത്യമായി പറഞ്ഞാല്‍ പ്രതിപക്ഷ നേതൃപദവി ലഭിച്ച നാള്‍ മുതല്‍. അതുകൊണ്ടു തന്നെയാവണമല്ലോ മുന്‍പ് നോട്ടുനിരോധന പ്രശ്‌നത്തിലും, കേരളത്തിലെ സഹകരണ ബാങ്കുകളെ കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് അടച്ചുപൂട്ടിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെയും യോജിച്ച സമരത്തിന് ഇടതുപക്ഷം ആഹ്വാനം ചെയ്തപ്പോള്‍, ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും അത് സ്വാഗതം ചെയ്തിട്ടും ചെന്നിത്തല ഗാന്ധി എതിര്‍പ്പുമായി രംഗത്ത് വന്നതും. ഇക്കാര്യം കൂടി ഓര്മിപ്പിച്ചുകൊണ്ടാണ് കോടിയേരി സഖാവ് യോജിച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്തത്. ആഹ്വാനത്തെ സ്വാഗതം ചെയ്ത ഹസ്സന്‍ജി ഒരൊറ്റ ഡിമാന്‍ഡ് മാത്രമേ മുന്നോട്ടുവെച്ചുള്ളു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനം ഈടാക്കുന്ന നികുതി കുറയ്ക്കണം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷവുമായി യോജിച്ചു സമരം ചെയ്യാന്‍ ഒരുക്കം എന്നാണ് അദ്ദേഹം പറഞ്ഞത്.

കോടിയേരി സഖാവും ഹസ്സന്‍ജിയും പറയാത്ത മറ്റൊരു കാര്യം കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം സഖാവ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പുകളില്‍ നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും ബിജെപിയുടെ വര്‍ഗീയ നയങ്ങളെ എതിര്‍ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളെയും കൂടെ കൂട്ടണം എന്നായിരുന്നു ആ സഖാവ് പറഞ്ഞത്. ഇതിനോട് പക്ഷെ നമ്മുടെ ചെന്നിത്തല ഗാന്ധി പ്രതികരിച്ചുകണ്ടില്ല. മറ്റാരും പ്രതികരിച്ചില്ലെങ്കിലും കാനം സഖാവിന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കേണ്ട ബാധ്യത പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കുണ്ടെന്ന് അറിയാത്തതു കൊണ്ടാവില്ല അത്. ബിജെപിയും ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ മാത്രം തലവേദനയല്ലെന്നും അവരുടെ വളര്‍ച്ച ഏറ്റവും കൂടുതല്‍ ക്ഷീണം ഉണ്ടാക്കിയതും ഉണ്ടാക്കികൊണ്ടിരിക്കുന്നതും കോണ്‍ഗ്രസിനാണെന്ന് അറിയാത്തതു കൊണ്ടായിരിക്കില്ല ഇത്.

എന്തോ, കുറച്ചുകാലമായി ചെന്നിത്തല ഗാന്ധിക്ക് ഒരു കാവിപ്രിയം കടന്നുകൂടിയതുപോലെ. അല്ലെങ്കില്‍ പിന്നെന്തുകൊണ്ടാണിങ്ങനെ എന്ന് ചോദിക്കാതെ നിവര്‍ത്തിയില്ല. കോണ്‍ഗ്രസില്‍ നിന്നും കാവി കൊടിക്കീഴിലേക്കു ചേക്കേറുന്നവരെ നമ്മുടെ ചെന്നിത്തല ഗാന്ധി കാണാത്തതു കൊണ്ടൊന്നുമല്ലല്ലോ ഇതൊക്കെ.

കര്‍ണാടകത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണയുടെ കൂടുമാറ്റം അല്‍പ്പം പഴകിയ സംഭവമായി കണ്ടാലും, രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ ഇക്കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് മുന്‍ എംഎല്‍എ അമിത്ഷായുടെ അമേത്തി സന്ദര്‍ശനം പ്രമാണിച്ച് കാവിക്കൊടിക്കീഴിലേക്കു നീങ്ങിയതും, എന്തിനേറെ ജനരക്ഷാ യാത്രക്കെത്തിയ കുമ്മനത്തിന് ആതിഥ്യമരുളിയതിന്റെ പേരില്‍ മലപ്പുറത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.വി പ്രകാശ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതൊന്നും നമ്മുടെ ചെന്നിത്തല ഗാന്ധി അറിയാതെ പോയതാവില്ലല്ലോ. അതുകൊണ്ടു തന്നെയാണ് തുടക്കത്തിലേ പറഞ്ഞത്, ചിലര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലായെന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories