TopTop
Begin typing your search above and press return to search.

സ്ത്രീ-ദളിത്‌ വിരുദ്ധത: എസ്എഫ്ഐക്കെതിരെ കാലടി സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

സ്ത്രീ-ദളിത്‌ വിരുദ്ധത: എസ്എഫ്ഐക്കെതിരെ കാലടി സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതം സര്‍വ്വകലാശാലയിലെ ഒരു വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. കാലടി സര്‍വകലാശാലയിലെ ഗവേഷക വിഭാഗം വിദ്യാര്‍ഥികളായ പ്രജിഷ, ദീപാഞ്ജലി, അനുരാഗി എന്നിവരാണ് തിങ്കളാഴ്ച്ച മുതല്‍ സമരമാരംഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ മാസം എകെആര്‍എസ്എ (എസ്എഫ്‌ഐയുടെ ഗവേഷക വിദ്യാര്‍ത്ഥി സംഘടന) പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍, അഖില്‍ പുറക്കാട്, രാകേഷ് ബ്ലാത്തൂര്‍, മുരളീധരന്‍ തുടങ്ങിയവരില്‍ നിന്നും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്ന സ്ത്രീ- ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, യൂണിവേഴ്‌സിറ്റിയുടെ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണ കമ്മീഷന്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യൂണിവേഴ്‌സിറ്റി പ്രധാന കവാടത്തിനു മുന്‍പില്‍ വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ സമരം നടത്തുന്നത്. എന്നാല്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ അവാസ്തവമാണെന്നും രാഷ്ട്രീയ മുതലെടുപ്പാണ് ഇപ്പോഴത്തെ സമരത്തിന്‌ പിന്നിലെന്ന് എകെആര്‍എസ്എ പ്രവര്‍ത്തകരും പറയുന്നു.

സമരക്കാരിലൊരാളായ അനുരാഗി സംസാരിക്കുന്നു; "കേവലമൊരു ക്യാംപസിനകത്തെ വഴക്കിനെച്ചൊല്ലിയല്ല ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ നിരാഹാരമിരിക്കുന്നത്. അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവുമായ പരാമര്‍ശങ്ങളായിരുന്നു രണ്ടുമാസം മുന്‍പ് ഈ പറഞ്ഞ നാല് എകെആര്‍എസ്എ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിരുന്നത്. ലേഡീസ് ഹോസ്റ്റലിലെ പാര്‍ട്ടി പോസ്റ്റര്‍ കീറിയെന്നാരോപിച്ച് നടന്ന പ്രശ്‌നങ്ങളെച്ചൊല്ലിയായിരുന്നു സംഭവങ്ങളുടെ തുടക്കം. ആരോപണങ്ങളെല്ലാം അവര്‍ ഞങ്ങള്‍ കുറച്ച് ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരെയായിരുന്നു ഉന്നയിച്ചിരുന്നത്. ഇതിനെത്തുടര്‍ന്ന് മുരളീധരന്‍, രാകേഷ്, അബ്ദുറഹ്മാന്‍, അഖില്‍ തുടങ്ങിയവരില്‍ നിന്നും വളരെ ഹീനമായ പെരുമാറ്റമാണുണ്ടായത്. മലയാളം വിഭാഗം ഗവേഷകയോട്, 'നീയൊക്കെ ടോയ്ലറ്റില്‍ ഇറ്റു വീഴുന്ന ആര്‍ത്തവ രക്തത്തിന്റെ കാര്യം നോക്കിയാല്‍ മതി, ഇപ്പോള്‍ നാപ്കിന്‍ അല്ലല്ലോ മെന്‍സ്ട്രുവല്‍ കപ്പുകളല്ലേ കുറേക്കൂടി എളുപ്പം' തുടങ്ങി കേവലം സ്ത്രീകളുടെ ബയോളജിയുടെ ഭാഗമായ ആര്‍ത്തവത്തെ പോലും പരിഹസിച്ചായിരുന്നു പെരുമാറിയിരുന്നത്.

മറ്റൊരു ഗവേഷകയോട്, 'ഞങ്ങള്‍ നേടിത്തന്ന ദളിത് ഫെല്ലോഷിപ്പ് വാങ്ങി ഞങ്ങള്‍ക്ക് നേരെ തന്നെ പ്രതിഷേധിക്കുകയാണോ' തുടങ്ങി ദളിത് വിരുദ്ധ പരാമര്‍ശങ്ങളും നടത്തിയിരുന്നു. പരാതി നല്‍കിയതിന് മുന്‍പും പിന്‍പുമായി പലരീതിയില്‍ ഭയമുളവാക്കുന്ന നോട്ടങ്ങളും, നേരിട്ടും അല്ലാതെയുമുള്ള ഭീഷണിപ്പെടുത്തലുകളുമെല്ലാം അവരില്‍ നിന്നുമുണ്ടായതുമാണ്. എന്നാല്‍ ഇവര്‍ക്കെതിരെ, സര്‍വകലാശാലയിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ ഞങ്ങള്‍ നല്‍കിയ പരാതിക്ക് യൂണിവേഴ്‌സിറ്റിയും അന്വേഷണ കമ്മീഷനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാത്തതിന്റെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തിനു ശേഷം ഒരു നിരാഹാര സമരം നടത്തുന്നത്. 21 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്ത ഇവര്‍ നാലുപേരും സസ്പെന്‍ഷന്‍ കാലയളവില്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഉണ്ടായിരിക്കുകയും അതോടൊപ്പം ഹോസ്റ്റല്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അത് നിയമലംഘനമായതിനാലും, സസ്പെന്‍ഷന്‍ കാലയളവില്‍ കുറ്റാരോപിതര്‍ ക്യാംപസിനകത്ത് കയറുന്നത് വഴി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത കൂടുതലാണെന്നും കാണിച്ചുകൊണ്ട് അന്ന് വീണ്ടും യൂണിവേഴ്‌സിറ്റിക്ക് പരാതി നല്കിയതുമാണ്. എന്നാല്‍, സംഭവങ്ങളുടെയെല്ലാം ആദ്യഘട്ടം മുതല്‍ യൂണിവേഴ്‌സിറ്റിയും അന്വേഷണ കമ്മീഷനും പരാതിക്കാരെ അവഗണിക്കുകയും കുറ്റം ചെയ്തവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടുകളാണ് കൈക്കൊണ്ട് വരുന്നത്.

http://www.azhimukham.com/kerala-threatening-dalit-research-scholar-allegation-against-sfi-kalady-sanskrit-university-dheeshna/

ആര്‍ത്തവ അധിക്ഷേപത്തിനിരയായ മലയാളം വിഭാഗം ഗവേഷകയ്‌ക്കെതിരെ മുരളീധരന്‍ യൂണിവേഴ്‌സിറ്റിക്ക് കൗണ്ടര്‍ കംപ്ലെയ്ന്റ് നല്‍കിയിരുന്നു. തന്നെ ജാതി പറഞ്ഞാക്ഷേപിച്ചു എന്നു പറഞ്ഞായിരുന്നു മുരളീധരന്‍ മറുപരാതി നല്‍കിയിരുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അത്തരമൊരു വ്യാജ പരാതി നല്‍കേണ്ടി വന്നതെന്ന് പിന്നീട് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍ വച്ച് അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്തതാണ്. കൗതുകമെന്തെന്നാല്‍, മുരളീധരന്‍ സമര്‍പ്പിച്ച പരാതി മാത്രം യൂണിവേഴ്‌സിറ്റി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറി എന്നുള്ളതാണ്. ഞങ്ങള്‍ക്ക് നേരെയുണ്ടായ ആക്ഷേപങ്ങളെ ശരിവെയ്ക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ എല്ലാം യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. വ്യക്തമായ തെളിവുകള്‍ നല്‍കിയ ഞങ്ങളുടെ പരാതിയെ ഗൗനിച്ചില്ല എന്നുമാത്രമല്ല, വ്യാജമെന്ന് യൂണിവേഴ്‌സിറ്റിക്ക് തന്നെ ബോധ്യപ്പെട്ട യഥാര്‍ത്ഥ കുറ്റവാളികളുടെ പരാതി പോലീസ് സ്റ്റേഷനിലേക്ക് പാസ്സ് ചെയ്യുകയും ചെയ്തു. വ്യക്തമായ തെളിവുകള്‍ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നതിനാലായിരിക്കണം, പോലീസിന്റെ ഭാഗത്തുനിന്നും ഞങ്ങള്‍ക്കുനേരെ നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എങ്കില്‍ പോലും ആ പരാതി ഇപ്പോഴും സ്റ്റേഷനില്‍ നിലനില്‍ക്കുന്നു.

നിലവിലെ മൂന്നംഗ കമ്മീഷന്റെ നടപടികള്‍ എല്ലാം തന്നെ തുടക്കം മുതലേ ആക്ഷേപം നടത്തിയ ആണ്‍കട്ടികള്‍ക്ക് അനുകൂലമായിട്ടായിരുന്നു. അന്വേഷണ കമ്മീഷനിലെ അംഗങ്ങളുടെ ഇടത് രാഷ്ട്രീയ ചായ്വ് കൊണ്ടു തന്നെയായിരിക്കണം അവരോട് മൃദു സമീപനം പാലിക്കുകയും സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. പരാതിക്കാരായ ഞങ്ങള്‍, ന്യായമായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടുമാസം മുന്നേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ തരാന്‍ തയ്യാറായിരുന്നില്ല. കുറ്റം ചെയ്തവരെ ഒരു താക്കീത് നല്‍കി തിരിച്ചയച്ചതല്ലാതെ, ശക്തമായ നടപടികള്‍ ഒന്നും കൈക്കൊണ്ടില്ല എന്നുമാത്രമല്ല, ശിക്ഷാ കാലയളവില്‍ അവര്‍ ക്യാംപസ്സും ഹോസ്റ്റലും പതിവുപോലെ ഉപയോഗപ്പെടുത്തുകയും ചെയ്തു. സമരം തുടങ്ങിയതിന് ശേഷം DSS (Director of student's service) ഉം സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ കമ്മറ്റി മെമ്പറും ഞങ്ങള്‍ സമരക്കാരെ വന്നുകണ്ടു സംസാരിച്ചു. ഞങ്ങളുടെ ആവശ്യപ്രകാരമുള്ള കൃത്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും വിശ്വാസയോഗ്യമല്ല.

സമരത്തെ മാനിച്ച്, ഇന്നലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പി എന്നു പറയുന്ന ഒരു പകര്‍പ്പ് ഞങ്ങള്‍ക്ക് ലഭ്യമാക്കി. രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലുള്ള ആ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ഞെട്ടലാണ് ഉണ്ടാക്കിയത്. പരാതിക്കാരായ ഞങ്ങള്‍ ഉന്നയിച്ച വാദങ്ങള്‍, മൊഴികള്‍, കാണിച്ചുകൊടുത്ത സാക്ഷികള്‍, സമര്‍പ്പിച്ച ഓഡിയോ റെക്കോര്‍ഡ് അടക്കമുള്ള തെളിവുകള്‍ തുടങ്ങി കുറ്റം ചെയ്തവര്‍ക്ക് നേരെയുള്ള ഒരു തെളിവുകളും രേഖകളും ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പരാതിക്കാരായ ഞങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലാത്ത റിപ്പോര്‍ട്ട്, കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന തരത്തിലുള്ളതുമാണ്. മേല്‍പ്പറഞ്ഞ അന്വേഷണ കമ്മീഷന്‍ അംഗങ്ങളുടെ രാഷ്ട്രീയ ചായ്‌വ്‌ കുറ്റം ചെയ്തവരോട്‌ ആയിരിക്കാം എന്നതായിരിക്കും സംഭവത്തെ ഗൗരവമായി കണക്കാക്കത്തിനു പിന്നിലെ കാരണം. മൊഴിയെടുത്തത് പോലും വളരെ അലസമായ രീതിയില്‍ ആയിരുന്നു. പരാതിക്കാരുടെ മൊഴികളും വാദങ്ങളും റെക്കോര്‍ഡുകളും ശേഖരിക്കുക എന്നതിന് പകരം, ഔപചാരികയുടെ പേരില്‍ മാത്രം അഭിപ്രായങ്ങള്‍ കേട്ടു. എന്നിട്ടും, ഇപ്പോള്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളും പരാതികളും ഒന്നും തന്നെയില്ല എന്നുമാത്രമല്ല, സാക്ഷികളുടെ അഭാവം എന്നൊരു പരിമിതി അന്വേഷണ കമ്മീഷന്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്തിന്റെ പേരിലാണ് പരാതിക്കാരെ അവഗണിച്ചുകൊണ്ട് കുറ്റവാളികളെ സംരക്ഷിച്ചൊരു നിലപാട് കൈക്കൊള്ളുന്നത്?

http://www.azhimukham.com/sfi-attack-dalit-student-vivek-mg-university/

സ്ത്രീകള്‍ക്കുള്ള പരിഗണന ഇല്ലെങ്കിലും പരാതിക്കാരോടുള്ള മാനുഷിക പരിഗണന എങ്കിലും ഞങ്ങളോട് കാണിക്കേണ്ടതല്ലേ? വൈസ് ചാന്‍സിലറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിളിക്കുമ്പോള്‍ എല്ലാം തന്നെ ഞങ്ങള്‍ പെണ്‍കുട്ടികളോട് ബാഗ്, മൊബൈല്‍ തുടങ്ങിയ അനുബന്ധ സാധനങ്ങളെല്ലാം പുറത്തുവച്ചിട്ടുവരാന്‍ പറയുകയും, അതേ സ്ഥാനത്ത് കുറ്റം ചെയ്ത നാലുപേരെയും യാതൊരു തടസ്സവുമില്ലാതെ കടത്തി വിടുകയും ചെയ്യുന്നു. എന്തിനാണ് പരാതിക്കാരെ യൂണിവേഴ്‌സിറ്റി ഇത്ര മാത്രം ഭയക്കുന്നത്? പല വസ്തുതകളും മറച്ചുവെയ്ക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും അന്വേഷണ കമ്മീഷന്‍ താല്‍പര്യം കാണിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി അതിന് കുടപിടിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്.

ഇതേപോലെ ഒന്‍പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇപ്പോള്‍ ഞങ്ങള്‍ ഈ നിരാഹാര സമരം നടത്തുന്നത്. കുറ്റാരോപിതരോട് സ്വജനപക്ഷപാത നിലപാടെടുക്കുന്ന അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍വ്വകലാശാല അംഗീകരിക്കാതിരിക്കുക, SC/ST സെല്ലിലെ പ്രതിനിധിയെയും ഇന്റര്‍ണല്‍ കംപ്ലയെന്റ് കമ്മിറ്റി പ്രതിനിധിയെയും ഉള്‍പ്പെടുത്തി നിഷ്പക്ഷമായ പുതിയ അന്വേഷണ കമ്മീഷനെ നിയമിക്കുക, പുതുതായി രൂപീകരിക്കുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുക മുതലായ ആവശ്യങ്ങളാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഞങ്ങള്‍ മൂന്നുപേരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റിയിലെ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും പ്രയോജനകരമാവുന്ന രീതിയില്‍ napkin incinerator machine, napkin vending machine തുടങ്ങിയ സാനിറ്ററി സൗകര്യങ്ങള്‍ സ്ഥാപിക്കുക എന്ന ആവശ്യം കൂടി ഈ സമരത്തിലൂടെ ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

യൂണിവേഴ്‌സിറ്റിയുടെ ഈ മന്ദഗതിയും മറച്ചുവെക്കലും എന്തിന്റെ അടിസ്ഥാനത്തിലും ആരുടെ താല്‍പര്യത്തിനും വേണ്ടിയാണെന്നും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ഒക്ടോബറില്‍ പരാതി നല്‍കിയതിന് ശേഷം സോഷ്യല്‍ മീഡിയയിലും മറ്റും കുറ്റാരോപിതരുടെ ഭാഗത്തുനിന്നും പരോക്ഷമായ ഭീഷണികള്‍ ഞങ്ങള്‍ക്കെതിരെ ഉണ്ടായിരുന്നു. സര്‍വകലാശാലയിലെ മറ്റു വിദ്യാര്‍ത്ഥികളോട്, ഞങ്ങളെ ഗവേഷണം മുഴുവനാക്കാന്‍ സമ്മതിക്കില്ലെന്നും, ഒന്നെങ്കില്‍ കള്ളക്കേസ് നല്‍കും അല്ലെങ്കില്‍ ക്യാംപസ്സിനകത്ത് നാണം കെടുത്തും എന്നെല്ലാമാണ് അവര്‍ പറഞ്ഞിരുന്നത്. പ്രത്യക്ഷത്തില്‍ പാര്‍ട്ടിയുടെ ബാനറില്‍ സ്ത്രീ സംരക്ഷണ പരിപാടികള്‍ എല്ലാം നടത്തുന്നവരാണ് കുറ്റാരോപിതരായ നാലുപേര്‍. അവരില്‍ നിന്നു തന്നെ ഇത്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രത്യേകിച്ച് ആര്‍ത്തവത്തെയെല്ലാം പരസ്യമായി പരിഹസിച്ചത് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇത്തരക്കാരോട് ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഒന്നേ പറയാനുള്ളൂ. "ആര്‍ത്തവത്തിന് മതമില്ല, ജാതിയില്ല, കക്ഷിരാഷ്ട്രീയമില്ല... എന്നാല്‍ രാഷ്ട്രീയമുണ്ട്, പെണ്ണിന്റെ രാഷ്ട്രീയം, പ്രതിരോധത്തിന്റെ രാഷ്ട്രീയം, അതിജീവനത്തിന്റെ രാഷ്ട്രീയം".

http://www.azhimukham.com/mg-university-campus-sfi-ambedkar-students-association-unit-dhanya/

ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വാസമുള്ള വിദ്യാര്‍ത്ഥികളാണ് ഞങ്ങളും. പൊതുപ്രവര്‍ത്തനത്തില്‍ സജീവമല്ലെങ്കിലും പാര്‍ട്ടി അനുഭാവികളാണ്. പക്ഷെ ഇത്തരം തേര്‍വാഴ്ച്ചകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍വകലാശാലയിലെ മറ്റു വിദ്യാര്‍ഥികളുടെയും ആധ്യാപകരുടെയും പിന്തുണ ഞങ്ങളുടെ സമരത്തിനുണ്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞങ്ങള്‍ക്കൊപ്പമുണ്ട്. പെണ്‍കുട്ടികളായതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പലതും സഹിച്ചാണ് നിരാഹാര സമരം നടത്തുന്നത്. എന്തെല്ലാം പ്രതികൂല സാഹചര്യം വന്നാലും ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കും വരെ സമരം നടത്താനാണ് തീരുമാനം", അനുരാഗി പറയുന്നു:

എന്നാല്‍, ഗവേഷക വിദ്യാര്‍ത്ഥിനികളുടെ സമരത്തിലെ രാഷ്ട്രീയ മുതലെടുപ്പുകളെക്കുറിച്ചും തങ്ങള്‍ക്കു നേരെ നടത്തിയ പൊള്ളയായ പരാമര്‍ശങ്ങളെക്കുറിച്ചുമാണ് കുറ്റാരോപിതര്‍ സംസാരിക്കുന്നത്. രാകേഷ് ബ്ലാത്തൂര്‍ സംസാരിക്കുന്നു: "സസ്പെന്‍ഷന്‍ കാലയളവില്‍ ഞങ്ങള്‍ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നു എന്ന് പറയുന്നത് അവാസ്തവമാണ്. 21 ദിവസത്തെ സസ്പെന്‍ഷനില്‍ അന്വേഷണ കമ്മീഷന് മൊഴി കൊടുക്കാന്‍ വേണ്ടി ഇടയ്ക്ക് രണ്ടു ദിവസം ക്യാംപസ്സില്‍ കയറിയിരുന്നു. പിന്നീട് സസ്പെന്‍ഷന്‍ പിന്‍വലിച്ചെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് വീണ്ടും തിരിച്ചു വന്നത്. മൊഴി നല്‍കാന്‍ വന്നതല്ലാതെ അതിനിടയിലുള്ള ദിവസങ്ങളില്‍ യൂണിവേഴ്‌സിറ്റിക്കകത്ത് ഞങ്ങള്‍ പ്രവേശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മറ്റൊരു കാര്യം മനസ്സിലാക്കാന്‍ സാധിച്ചത് വിദ്യാര്‍ത്ഥിനികളുടെ സമരത്തിന് പിന്നിലെ രാഷ്ട്രീയ മുതലെടുപ്പുകളെക്കുറിച്ചാണ്. സസ്പെന്‍ഷന്‍ പിന്‍വലിച്ചെന്ന അറിയിപ്പ് കിട്ടിയത് ഡിസംബര്‍ അഞ്ചാം തീയതിയായിരുന്നു. അതിനു ശേഷം ഇപ്പോള്‍ പതിനെട്ടാം തീയതിയാണ് അവര്‍ വീണ്ടും സമരമാരംഭിച്ചിരിക്കുന്നത്. ഇത്രയും ദിവസത്തെ നീണ്ട ഇടവേളയില്‍ അവര്‍ എന്തുകൊണ്ട് നിശ്ശബ്ദരായിരുന്നു? ഇപ്പോള്‍ സമരത്തിന്റെ മൂന്നാം നാള്‍, അതായത് ഇരുപത്തി ഒന്നാം തീയതി യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അതിന് മുന്നോടിയായി ഈ സമരത്തെ ഉയര്‍ത്തിക്കാണിക്കാനാണ് എ.ബി.വി.പി, കെ.എസ്.യു പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് സമരത്തിന് വേണ്ട പിന്തുണകള്‍ നല്‍കി എല്ലാ വിധ സഹായങ്ങളും അവര്‍ ചെയ്തു കൊടുക്കുന്നത്. എതിര്‍ പാര്‍ട്ടികള്‍ ഇലക്ഷന്‍ അടുക്കുമ്പോള്‍ എസ്എഫ്ഐയെ ഇകഴ്ത്തി കാണിക്കാന്‍ വേണ്ടി ഈ സമരത്തെ മുതലെടുക്കുന്നു എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ക്യാംപസ്സിനകത്തുണ്ടായ വിഷയത്തെ ഒരു വാര്‍ത്തയാക്കി വിദ്യാര്‍ത്ഥിനികള്‍ പുറത്തെത്തിച്ചതില്‍ ഞങ്ങള്‍ കുറ്റാരോപിതര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വ്യക്തിഹത്യകളും മന:പ്രയാസങ്ങളുമെല്ലാം ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

വീണ്ടുമൊരു സമരം നടത്തുന്നത് സര്‍വ്വകലാശാലയോടുള്ള അതൃപ്തിയില്‍ ആണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍വ്വകലാശാലയോടുള്ള പ്രതിഷേധത്തിന് പുറത്താണ് അവര്‍ നിരാഹാര സമരം നടത്തുന്നത്. അത് അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളായി കണക്കാക്കുന്നു. അതില്‍ ഞങ്ങള്‍ക്ക് കാര്യമായ റോള്‍ ഇല്ല".

http://www.azhimukham.com/sree-sankaracharya-university-kalady-rss-idol-hindutwa-kerala-sreenath/


Next Story

Related Stories