TopTop

ഹിന്ദുത്വ രാഷ്ട്രീയ ഭീകരത തന്നെയാണ് പ്രതിക്കൂട്ടില്‍; പക്ഷേ സിപിഎമ്മിന്റെ രാഷ്ട്രീയ സമരങ്ങള്‍ എവിടെ?

ഹിന്ദുത്വ രാഷ്ട്രീയ ഭീകരത തന്നെയാണ് പ്രതിക്കൂട്ടില്‍; പക്ഷേ സിപിഎമ്മിന്റെ രാഷ്ട്രീയ സമരങ്ങള്‍ എവിടെ?

പ്രമോദ് പുഴങ്കരകണ്ണൂരിലുള്ളതും മനുഷ്യരാണ്. അതുകൊണ്ടാണ് അവരുടെ ജീവന് വിലയുള്ളത് എന്നാണോ? അല്ല, അതുകൊണ്ടാണ് അവര്‍ പരസ്പരം കൊല്ലുന്നത് എന്നതൊരു വ്യാഖ്യാനമാകാം. ലോകത്തെല്ലായിടത്തും മനുഷ്യര്‍ പരസ്പരം കൊല്ലുന്നുണ്ട്. പ്രാദേശിക സംഘര്‍ഷങ്ങള്‍ മുതല്‍ ആഭ്യന്തര യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും രാജ്യാതിര്‍ത്തികളെ മറികടക്കുന്ന ഭീകരപ്രവര്‍ത്തനവുമൊക്കെയായി മനുഷ്യന്റെ സാമൂഹ്യ ഇടപെടലുകളുടെ പ്രധാന മുദ്രകളിലൊന്നാണ് കൊലപാതകങ്ങള്‍. എണ്ണത്തിലെ വലിപ്പം കൂടുന്തോറും കൊലപാതകങ്ങളുടെ ന്യായം ഏറുകയും അതിലെ ഇരകള്‍ക്ക് മുഖമില്ലാതെ പോവുകയും ചെയ്യും.മുഖമില്ലാത്ത ഇരകളെ സൃഷ്ടിക്കുക എന്നത് കൂട്ടക്കൊലപാതകങ്ങളില്‍ മാത്രമല്ല, കണ്ണൂരിലേതുപോലുള്ള രാഷ്ട്രീയ കണക്കുകള്‍ കൊലപാതകത്തിലൂടെ തീര്‍ക്കാന്‍ തുടങ്ങിയ രീതിക്കും വന്നുഭവിക്കുന്ന ഒരവസ്ഥയാണ്. എവിടെയോ നടന്ന ഒരു കൊലയ്ക്ക് മറ്റെവിടെയോ മറ്റൊരാള്‍ എന്ന ന്യായം അത്തരത്തില്‍ മുഖമില്ലാത്ത ഇരകളെയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് ഒരുതരം മരവിപ്പ് നിറഞ്ഞ ആകാംക്ഷയോടെ ഒരു കൊലപാതകത്തിനുശേഷം ‘തിരിച്ചടി’യുടെ വാര്‍ത്തക്ക് നാം കാത്തിരിക്കുന്നത്. തൊട്ടുപിറ്റേന്നു ഒരാള്‍ വീഴുന്നു. അതാരെന്ന സംശയം മാത്രമേ ആ സമൂഹത്തിന്നുള്ളൂ എങ്കില്‍ പിടിച്ചുനിര്‍ത്താന്‍ ഏറെ പണിപ്പെടേണ്ടിവരുന്ന ഒരു അവസ്ഥയിലേക്ക് അതെത്തിക്കഴിഞ്ഞു എന്നതാണ് വാസ്തവം.സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയില്‍ നിന്നും വേര്‍പ്പെടുത്തിക്കൊണ്ട് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ കാണാന്‍ കഴിയില്ല. ഇന്ത്യയിലാകെ തീവ്ര ഹിന്ദുത്വ ദേശീയതയുടെ സങ്കുചിത രാഷ്ട്രീയാധിപത്യത്തിനുള്ള സംഘ അജണ്ട ഹിംസയാണ്. അത് പല രൂപഭാവങ്ങളും ആര്‍ജിക്കാം. ഇന്ത്യയിലുണ്ടായിട്ടുള്ള ചെറുതും വലുതുമായ നിരവധി വര്‍ഗീയ സംഘട്ടനങ്ങള്‍, ബാബറി മസ്ജിദ് തകര്‍ത്തത് പോലുള്ള, പൊതുസമൂഹത്തില്‍ പരസ്യമായി വര്‍ഷങ്ങളോളം നീണ്ട, പരസ്യമായി നടത്തിയ ആസൂത്രിതമായ അക്രമങ്ങള്‍, തുടര്‍ന്നുള്ള ഭീകരമായ വര്‍ഗീയ കലാപങ്ങള്‍, ഗുജറാത്തിലെ പോലെ ഭരണകൂടത്തെ സവിസ്തരം ഉപയോഗിച്ചുകൊണ്ടു നടത്തിയ വംശഹത്യകള്‍, മുസഫര്‍നഗറിലെ പോലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉണ്ടാക്കിയെടുത്ത നീറിക്കിടക്കുന്ന ചെറു വര്‍ഗീയകലാപങ്ങള്‍, ദാദ്രിയിലും ഝാര്‍ഖണ്ടിലും നടത്തിയ പോലെ സംഘപരിവാറിന്റെ സാമൂഹ്യക്രമം അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ഗോരക്ഷാ-മാതൃകാ കൊലപാതകങ്ങള്‍, ഉനയിലേതുപോലെ ജാതിവ്യവസ്ഥയുടെ കാവല്‍ക്കാരായി നടത്തുന്ന ദളിത് വിരുദ്ധ അക്രമങ്ങള്‍ അങ്ങനെ ഹിന്ദുത്വ ഭീകരതയുടെ പരസ്യമായ കൊലപാതകശാസനം സ്വതന്ത്ര ഇന്ത്യയില്‍ അവരുടെ പ്രത്യയശാസ്ത്രപദ്ധതിയുടെ അവിഭാജ്യ ഘടകമാണ്.കേരളത്തിലാകട്ടെ മറ്റുള്ള ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുത്വ ദേശീയതയുടെ രാഷ്ട്രീയ അജണ്ടയെക്കാള്‍ പുരോഗമനപരമായ സാമൂഹ്യ അജണ്ടകള്‍ മുന്‍തൂക്കം നേടിയ സാമൂഹ്യാന്തരീക്ഷമായിരുന്നു. ഹിന്ദു സമൂഹത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ പീന്നീടു സംഘടനാപരമായി ഗുണം ചെയ്തത് ഇടതുപക്ഷത്തെയുമാണ്. അതുകൊണ്ട് ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ വര്‍ഗീയ വ്യാപനശ്രമങ്ങള്‍ ഇടതുപക്ഷത്തുനിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിട്ടു. തീര്‍ച്ചയായും ആര്‍എസ്എസിന്റെ വ്യാപനത്തെ തടഞ്ഞുനിര്‍ത്തിയതില്‍ വലിയൊരു പങ്ക് ഈ ഇടതുപക്ഷ പ്രതിരോധത്തിനുണ്ട്. ഒരുപക്ഷേ ഇടതുപക്ഷമാണ് രാഷ്ട്രീയമായി കേരളത്തില്‍ ഈ പങ്ക് നിറവേറ്റിയ ഏകവിഭാഗം.ഹിന്ദു നവോത്ഥാന മുന്നേറ്റത്തിലെ പ്രതീകങ്ങള്‍ക്കുള്ള ഒരു ദൌര്‍ബല്യം അവയുടെ ചരിത്രം സംഘപരിവാറിന് ദുരുപയോഗം ചെയ്യാന്‍ പാകത്തില്‍ ഹിന്ദു സമുദായത്തിനുള്ളില്‍ കിടക്കുന്നവയാണ് എന്നതാണ്. ഇത് അത്തരം മുന്നേറ്റങ്ങളുടെയോ നവോത്ഥാന നായകരുടെയോ കുഴപ്പമല്ല. അതാ ചരിത്രാവസ്ഥയെ പിന്നീട് കേരള സമൂഹത്തില്‍ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യാത്തതുകൊണ്ടു സംഭവിച്ച പ്രത്യാഘാതമാണ്. അതുകൊണ്ടാണ് നാരായണഗുരുവിനെ ഒരു ഹിന്ദു സന്യാസിയാക്കാനുള്ള ഇടം ഹിന്ദു വര്‍ഗീയതയ്ക്ക് കിട്ടുന്നത്. കാരണം നാരായണഗുരുവിനെ ഒരു അരാഷ്ട്രീയ ജാതിഗുരുവാക്കി മാറ്റിയ തട്ടിപ്പിനും ചരിത്രനിഷേധത്തിനും കേരളത്തിലെ ഇടതുപക്ഷം കൂട്ടുനിന്നതിന്റെ അല്ലെങ്കില്‍ അതിനെ അവഗണിച്ചതിന്റെ ഫലമാണിത് (വലതുപക്ഷമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല, വലതുപക്ഷം മറ്റെന്താണ് ചെയ്യേണ്ടത്!).ഈയൊരു സാഹചര്യത്തില്‍ ഇടതുപക്ഷത്തിനുനേരെ തങ്ങളുടെ ഹിംസാത്മകമായ രാഷ്ട്രീയ അജണ്ടയുടെ കത്തിമുനകള്‍ സംഘപരിവാര്‍ തിരിച്ചുവെച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനെ ചെറുക്കാന്‍ പലപ്പോഴും അതേ രീതിയില്‍ നിര്‍ബന്ധിതമാകുന്ന ഒരവസ്ഥ ഇടതുപക്ഷത്തിനുണ്ടായി എന്നതും വാസ്തവമാണ്. കാരണം സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര ഹിംസയുടെ ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനും തുലനം ചെയ്യാനുമുള്ള ഒരു ശ്രമവും ഒരു തുലാസിലും ഒരു താരതമ്യത്തിലും രാഷ്ട്രീയ ന്യായീകരണം ഇല്ലാതാത്തതാണ്.

പക്ഷേ ഇക്കാലമെല്ലാം ഇടതുപക്ഷം സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ ഹിംസയെ ചെറുക്കുന്ന, വര്‍ഗരാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊള്ളുകയായിരുന്നില്ല എന്നതാണ് ചര്‍ച്ച ഇടതുപക്ഷത്തേക്ക് തിരിയുമ്പോള്‍ കാണേണ്ട കാര്യം. മുഖ്യധാര കമ്മ്യൂണിസ്റ്റ് കക്ഷികളുടെ വര്‍ഗരാഷ്ട്രീയത്തിലും അതിന്റെ സാമ്പത്തിക നിലപാടുകളിലും സ്വകാര്യ മൂലധനത്തോടുള്ള സമീപനത്തിലും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ സമരഭാഷയിലുമെല്ലാം വമ്പന്‍ മാറ്റങ്ങളാണ് വന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താത്ക്കാലിക നേട്ടങ്ങള്‍ക്കായി വര്‍ഗരാഷ്ട്രീയത്തിന്റെ ചെറുതും വലുതുമായ എല്ലാ സമരങ്ങളെയും അത് കയ്യൊഴിഞ്ഞു. കുറച്ചുകൂടി മിതമായ ഭാഷയില്‍ സിപിഎം കഴിഞ്ഞ പല പാര്‍ട്ടി കോണ്‍ഗ്രസുകളിലും പ്ലീനത്തിലുമായി ഈ കുറ്റസമ്മതം നടത്തുന്നുണ്ട്. എന്നാല്‍ അത് തിരുത്താന്‍ അവര്‍ക്ക് കഴിയാത്തതിന്റെ പ്രശ്നം അതിന്റെ സംഘടനാ ശരീരം കമ്യൂണിസ്റ്റ് രാഷ്ട്രീയം കൊണ്ടല്ല ഇപ്പോള്‍ മുന്നോട്ട് പോകുന്നത് എന്നതിനാലാണ്.അതുകൊണ്ടുതന്നെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നത് വര്‍ഗസമരരാഷ്ട്രീയം കയ്യൊഴിഞ്ഞ ഒരു രാഷ്ട്രീയകക്ഷിക്ക് അതിന്റെ പാര്‍ട്ടി ശരീരത്തെ/വിശാലാടിസ്ഥാനത്തിലുള്ള പാര്‍ട്ടി അനുഭാവികളിലും അംഗങ്ങളിലും വ്യാജമായ ഒരു സമരബോധം അല്ലെങ്കില്‍ വിപ്ലവരാഷ്ട്രീയം നഷ്ടമായിട്ടില്ല എന്നു തോന്നിപ്പിക്കുന്ന ഒരു പ്രകടനാത്മകത സൃഷ്ടിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. കൊലപാതകങ്ങളുടെ ആവര്‍ത്തനം അതിനെ അവസാനിപ്പിക്കാന്‍ കഴിയാത്ത ഒരു പരിപാടിയാക്കി മാറ്റുന്നു. എപ്പോള്‍ നിര്‍ത്തിയാലും ഈറ തീരാത്ത ഒരു ഇര ബാക്കിയാകുന്ന അവസ്ഥ. ഒരാത്മാവ് എപ്പോഴും രക്തദാഹിയായി അലയും. അവിടെ രാഷ്ട്രീയമൊന്നുമില്ല. മറ്റൊരു ശരീരത്തില്‍ കത്തി പായുമ്പോളും രക്തം ചീറ്റുമ്പോഴും മാംസം അറ്റുതൂങ്ങുമ്പോഴും മാത്രം ഒതുങ്ങുന്ന ഒരു പക മാത്രമാണ് പിന്നെ അവിടെ ബാക്കിയാകുന്നത്. കൊന്നവര്‍ക്ക് മുന്നില്‍ രണ്ടു മാര്‍ഗങ്ങളെയുള്ളൂ. ഒന്നുകില്‍ ഓരോ തവണ ഉണ്ണുമ്പോഴും ചോറില്‍ ചോരപടരുന്നോ എന്ന നീറുന്ന കുറ്റബോധം, അല്ലെങ്കില്‍ ചോരപ്പക തീര്‍ത്തതിന്റെ അഭിമാനം. രണ്ടാമത്തേതിലേക്ക് കയറിയിരിക്കുക മാത്രമാണ് സ്ഥിരബോധത്തോടെ ജീവിക്കാനുള്ള പോംവഴി. പക്ഷേ അതോടെ അയാള്‍ ബോധത്തെ പകയുടെ നിത്യബോധത്തിന് അടിമപ്പെടുത്തുന്നു. അതിന്റെ തനിയാവര്‍ത്തനങ്ങളില്‍ മാത്രമേ അവര്‍ക്ക് കഴിയാനാകൂ. അത്തരം സംഘങ്ങള്‍ ഓരോ കൊലയ്ക്കുശേഷവും പെരുകുമ്പോള്‍ അതില്‍ രാഷ്ട്രീയമില്ല. സ്വന്തം കഴുത്തിനു ചുറ്റും ഒരു വടിവാളിന്റെ മിന്നലിനുള്ള കാത്തിരിപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള ജന്തുസഹജമായ ത്വര മാത്രമാണ്.ഈ പരിപാടിയിലൂടെ എന്തു വര്‍ഗരാഷ്ട്രീയമാണ്, എന്തു ഫാഷിസ്റ്റ് പ്രതിരോധമാണ് മുന്നോട്ടുകൊണ്ടുപോകാനാകുക എന്നത് വലിയ പ്രതിസന്ധിയാണ്. കാരണം സംഘപരിവാര്‍ മറ്റുള്ളവരുടെ സമാധാനത്വരയുടെ അളവെടുത്തല്ല കൊല നടത്തുന്നത്. ഇത്തവണ നടന്ന കൊലകള്‍ കൃത്യമായും കേന്ദ്രഭരണത്തിന്റെ ബലം ഉപയോഗിച്ച് കേരളത്തില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചു രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാക്കുകയും അതുവഴി രാഷ്ട്രീയ നേട്ടവും കേരളത്തിലെ മുഖ്യ പ്രതിപക്ഷം എന്ന പേരും നേടിയെടുക്കുക അവരുടെ ലക്ഷ്യമാണ്.എന്നാല്‍ ഇതിനെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയമായി നേരിടുക എന്നത് കൊന്നു കണക്ക് തീര്‍ക്കുകയല്ല. അത്തരം കണക്കുതീര്‍ക്കലിലേക്ക് സിപിഎം ചുരുങ്ങി എന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു ടിപി ചന്ദ്രശേഖരന്‍ വധം. ചന്ദ്രശേഖരന്റെ പാര്‍ട്ടി ഒരു സിപിഎംകാരനെയും കൊന്നില്ല. അയാളുടെ മേല്‍ ആരോപിക്കപ്പെട്ട ഏകകുറ്റം 'കുലംകുത്തി'യായി എന്നതായിരുന്നു. അതിനു വധശിക്ഷ നടപ്പാക്കാന്‍, പാര്‍ട്ടിക്ക് വേണ്ടി കുറ്റബോധമില്ലാതെ തടവില്‍ പോകാന്‍ വരെ തയ്യാറുള്ള കുറ്റവാളി സംഘമുണ്ടായി എന്നത് സകല ഇടതുപക്ഷക്കാരെയും ഞെട്ടിച്ചു. കൊലപാതകങ്ങള്‍ ഒരു രാഷ്ട്രീയപ്രയോഗമായി മാറുന്നതിന്റെ ഭീതിദമായ അവസ്ഥയാണത്.സിപിഎം നടത്തുന്ന ഈ രാഷ്ട്രീയപ്രയോഗത്തില്‍ വലിയൊരു വഞ്ചന കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. അത് യൂസഫലി മുതലാളി വികസനനായകനാണെന്നും മുതലാളിയുടെ മാളുകള്‍ - അതായത് മനുഷ്യരുടെ പൊങ്ങച്ച ഉപഭോഗത്വരയെചൂഷണം ചെയ്യുന്ന വ്യാപാരകേന്ദ്രങ്ങള്‍ - വികസനത്തിന്റെ പറുദീസയാണെന്നും പിണറായി വിജയനും ഓരാജഗോപാലും രമേശ് ചെന്നിത്തലയും അയാളുടെ ആതിഥ്യം സ്വീകരിച്ച് ഒരുപോലെയാണ് പറഞ്ഞത്. അഴിമതിക്കാരാറെന്ന് വിജയന്‍ തന്നെ ആക്ഷേപിച്ച അദാനിയുമായുള്ള വിഴിഞ്ഞം കരാര്‍ പിന്നെ വിജയനും ഉമ്മന്‍ ചാണ്ടിക്കും മോദിക്കും ഒരേപോലെ സ്വീകാര്യമാകുന്നത് നാം കണ്ടതാണ്. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായ വിജയന്‍ പറയുന്നത് മോദിയുടെ കേന്ദ്ര സര്‍ക്കാരിന്റെ വികസനമാതൃക സ്വീകാര്യമാണെന്നാണ് (സിപിഎം കേന്ദ്രസമിതി ഇടക്കിടെ ചോദിക്കുന്നത് ഈ വികസനം ആര്‍ക്കാണ് എന്നാണ്!). എന്നിട്ടും കണ്ണൂരിലെ ഏതെങ്കിലും ഒരു ചെറിയ ഗ്രാമപാതയിലെ മൂലകളില്‍ ഏത് ഫാഷിസത്തെയാണ് നിങ്ങള്‍ വെട്ടിയിടുന്നത്? അങ്ങനെ വെട്ടിക്കൊന്ന് മാത്രം കണക്കു തീര്‍ക്കാന്‍ കഴിയുന്ന എന്തു രാഷ്ട്രീയസമരമാണ് നിങ്ങള്‍ നടത്തുന്നത്? അങ്ങനെ കണക്കുതീര്‍ത്തു കണ്ണുംതുറിച്ച് രക്തപതാകയണിഞ്ഞു കിടന്നവരുടെ മുന്നില്‍ ഇങ്ക്വിലാബ് വിളിച്ച് രക്താഭിവാദ്യം നേര്‍ന്ന് മടങ്ങിപ്പോയവരാണ് ആരെയാണിഷ്ടം എന്നു ചോദിച്ചപ്പോള്‍ അതെന്റെ മരുമകളെ എന്ന്, അതെന്റെ ഭാര്യാ സഹോദരനെയെന്ന്, അതെന്റെ സഹോദരപുത്രിയെ എന്ന് ഉളുപ്പില്ലാതെ പറഞ്ഞത്. വമ്പന്‍ വ്യവസായി രവി പിള്ളയോട് ശുപാര്‍ശ പറയാന്‍ നേരം ഒരു രക്തസാക്ഷി കുടുംബത്തെയും മുന്നണിപ്പടയാളികള്‍ ഓര്‍ത്തില്ല.ഇത്തരം വിമര്‍ശനങ്ങളൊക്കെ ഒരുതരം നുണത്തം പറച്ചിലായി, ഭീരുത്വമായി, പാര്‍ട്ടിക്കൂറില്ലായ്മയായി അവതരിപ്പിക്കപ്പെടുകയാണ്. അങ്ങനെ വിശ്വസിക്കുന്ന നിരവധി സഖാക്കള്‍ ഉണ്ടുതാനും. പക്ഷേ, വാസ്തവം അതുതന്നെയാണ്. രാഷ്ട്രീയം ചോര്‍ന്നുപോയ ഒരുതരം പകവീട്ടലുകള്‍ക്കപ്പുറം ഇത്തരം കൊലപാതകങ്ങള്‍ ഒരു രാഷ്ട്രീയ ധര്‍മവും നിര്‍വഹിക്കുന്നില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ ആര്‍എസ്എസ് സംഘടനാസംവിധാനത്തില്‍ ഒന്ന് കണ്ണൂരിലാണ് എന്ന് തിരിച്ചറിയുമ്പോള്‍ ഈ അടവിന്റെ പൊളിവും പിടികിട്ടും.

ഹിന്ദുത്വ വര്‍ഗീയ അജണ്ടയെ നേരിടാന്‍ സിപിഎം ഇറക്കുന്നതാകട്ടെ എതിരാളിയുടെ തന്നെ കളിനിയമങ്ങള്‍ക്കനുസരിച്ചുള്ള പ്രതികരണങ്ങളാണ്. അതുകൊണ്ടാണ് ശ്രീകൃഷ്ണ ജയന്തിയും യോഗ ദിനാചരണവുമൊക്കെ സിപിഎം ഏറ്റെടുക്കുന്നത്. അതായത് വിശ്വാസികള്‍ക്കൊരു സിപിഎം, അവിശ്വാസികള്‍ക്കൊരു സിപിഎം എന്ന തരത്തില്‍! യുക്തിവാദി സംഘമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന്‍ അംഗീകരിക്കുമ്പോഴും സംഘപരിവാറിനെ എതിര്‍ക്കാന്‍ കാവിക്കൊടിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെയ്ക്കുന്ന ബുദ്ധിക്ക് നല്ല നമസ്കാരം!ജനങ്ങളുടെ രാഷ്ട്രീയബോധത്തിന്റെ പിന്‍ബലത്തിലല്ലാതെ ഒരു ചെറുത്തുനില്‍പ്പിനും പിടിച്ചുനില്‍ക്കാനാകില്ല. അങ്ങനെയല്ലാതെ പിടിച്ചുനില്‍ക്കുന്ന ബലപ്രയോഗങ്ങള്‍ക്ക് രാഷ്ട്രീയ ആയുസുമില്ല. ബംഗാളില്‍ അവസാന ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് നൂറുകണക്കിനു സാധാരണക്കാരാണ്, ആദിവാസികളാണ് സിപിഎമ്മും മാവോവാദിയുമായി കൊല്ലപ്പെട്ടത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയത് മമതാ ബാനര്‍ജിയായിരുന്നു. പിന്നീട് കഴിഞ്ഞ മമത ഭരണത്തിലും സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. അവരൊക്കെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ഇതൊന്നും പാര്‍ട്ടി സംഘടനയുടെ ശക്തിയിലോ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലോ പ്രതിഫലിച്ചില്ല. തുടര്‍ച്ചയായ രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം തകര്‍ന്നു തരിപ്പണമായി. കാരണം? അതിന്റെ രാഷ്ട്രീയ പ്രയോഗങ്ങള്‍ രക്തസാക്ഷിത്വത്തെ അപ്രസക്തവും അനാഥവുമാക്കി എന്നതാണ്. പിന്തിരിപ്പനും ജനവിരുദ്ധവുമായ നവ-ഉദാരവാദ നിലപാടുകള്‍ സ്വീകരിക്കുകയും അവയില്‍ യാതൊരുവിധ പരസ്യമായ പ്രയോഗമാറ്റങ്ങളും പിന്നീട് നടത്താതിരിക്കുകയും ചെയ്യുന്ന ഒരു കമ്മ്യൂണിസ്റ്റ് കക്ഷി ദിനംപ്രതി വിശ്വാസ്യത നഷ്ടപ്പെട്ട ഒരു സംഘമായി മാറിയ കാഴ്ച്ചയാണ് ബംഗാളില്‍ കണ്ടത്.കണ്ണൂരിലെ രക്തസാക്ഷികളോടും പാര്‍ട്ടി അതിന്റെ രാഷ്ട്രീയ പ്രയോഗങ്ങളില്‍ നീതിപുലര്‍ത്തുന്നില്ല. വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാക്കാത്ത, ഒരു ഉന്നത വ്യവസായിയെയും പരിചയമില്ലാത്ത, ലക്ഷങ്ങള്‍ മുടക്കി സ്വാശ്രയ കോളേജില്‍ പഠിച്ച് ഡോക്ടറായവരെ മരുമക്കളായി തപ്പിയെടുക്കാന്‍ ശേഷിയില്ലാത്ത, കോടീശ്വരമാരായ വ്യവസായികള്‍ക്കൊപ്പം പിണറായി വിജയനും ബ്രിട്ടാസും കൈരളീ ചാനലിന്റെ അറേബ്യന്‍ ചാനല്‍ തുറക്കുമ്പോള്‍ നമ്മുടെ പാര്‍ട്ടി എന്ന് അഭിമാനിക്കുന്ന, വരാന്‍ വൈകിയേക്കും പാര്‍ട്ടി യോഗമുണ്ട് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, അയല്‍ക്കാരനോട് കുശലം പറഞ്ഞിറങ്ങിയ ഒരു സാധാരണ ചെത്തുതൊഴിലാളിയെ, വിദ്യാര്‍ത്ഥിയെ, കൂലിപ്പണിക്കാരനെ, അറ്റുതൂങ്ങിയ കൈകാലുകളും, ഒരു വിപ്ലവവും കാണാതെ തുറിച്ചുനോക്കുന്ന കണ്ണുകളുമായി തിരിച്ചെത്തിക്കുന്ന രാഷ്ട്രീയത്തിന് ഗുരുതരമായ കുഴപ്പമുണ്ട് എന്നു തന്നെയാണ് നാം മനസിലാക്കേണ്ടത്. കാരണം നാട്ടില്‍ എല്ലാം സാധാരണ പോലെ നടക്കുകയും ഇടക്കിങ്ങനെ കണക്കുതീര്‍ക്കല്‍ കൊലപാതകങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ അതൊരാഭാസമാണ്. ചെങ്കൊടി പുതപ്പിക്കാന്‍ വരുന്നത് ജയരാജനും ശ്രീമതിയുമൊക്കെയാകുമ്പോള്‍ പ്രത്യേകിച്ചും.സംഘപരിവാറിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടത് അതിന്റെ രാഷ്ട്രീയ ഹിംസയെ തുറന്നുകാട്ടിക്കൊണ്ടാണ്. അതിനു ബദലായ വിപ്ലവമൂല്യങ്ങളുടെ, രാഷ്ട്രീയ സമരങ്ങളുടെ പട നയിച്ചാണ്. മോദി പറഞ്ഞയച്ച അദാനിക്ക് വിഴിഞ്ഞത്ത് പായ വിരിക്കുന്ന വിജയന്റെ പാര്‍ട്ടിക്ക് അതിനുള്ള രാഷ്ട്രീയശേഷിയില്ലാത്തതിനെ മറച്ചുവെക്കാന്‍ ഒരു രക്തസാക്ഷി മണ്ഡപത്തിന്റെ ചെലവില്‍ അനുവദിച്ചുകൂട.കൊലപാതക രാഷ്ട്രീയത്തെയും സംഘപരിവാറിനെയും തൂത്തെറിയുന്ന ജനകീയസമരങ്ങള്‍ ദുര്‍ബലമാണെങ്കിലും സിപിഎമ്മടക്കമുള്ള ഇടതുപക്ഷത്ത് അത് ഇനിയും ശക്തി പ്രാപിക്കേണ്ടതുണ്ട്.(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories