കാസറഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ എബിവിപിയുടെ ഗണേശചതുർത്ഥി ആഘോഷം, സൈന്യത്തെ വിന്യസിക്കാൻ സംഘപരിവാർ ലോബി ശ്രമിക്കുന്നതായി വിവരം

കഴിഞ്ഞവർഷം സർവ്വകലാശാല വൈസ് ചാൻസിലറും രജിസ്ട്രാറും അടക്കമുള്ളവർ പങ്കെടുക്കുന്ന രക്ഷാബന്ധൻ മഹോത്സവവും എബിവിപി പദ്ധതിയിട്ടിരുന്നു.

കാസറഗോഡ് കേന്ദ്ര സർവ്വകലാശാലയില്‍ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടന്നു. സർവ്വകലാശാലയിൽ സംഘപരിവാർവൽക്കരണം നടക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്നതിനിടയിലാണ് ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങൾ നടത്താനായി സർവ്വകലാശാലയുടെ സൗകര്യങ്ങൾ ചില വിദ്യാർത്ഥികൾക്ക് വിട്ടു നൽകിയിരിക്കുന്നത്. പൊതു ഉടമയിലുള്ള സ്ഥാപനങ്ങളിൽ ഏതെങ്കിലും മതത്തിന്റെ ആചാരങ്ങൾക്ക് ഇടം കൊടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നിരിക്കെയാണ് സർവ്വകലാശാല അധികാരികൾ ഗണേശ ചതുർത്ഥി ആഘോഷം നടത്താൻ കാമ്പസ്സിലെ ഓഡിറ്റോറിയം വിട്ടു നൽകിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ച് എബിവിപിയാണ് പരിപാടി സംഘടിപ്പിച്ചതിനു പിന്നിലെന്നാണ് അറിവ്.

ഓഗസ്റ്റ് മാസത്തിൽ മഹാരാഷ്ട്രയിലെ പ്രശസ്തമായ ഫെർഗൂസൻ കോളജിൽ മതപരമായ ചടങ്ങുകൾ സംഘടിപ്പിച്ചതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഭരണഘടനയുടെ ആർട്ടിക്കിൾ 28(1), 28(3) എന്നിവ മതപരമായ ചടങ്ങുകൾ സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നടത്തുന്നത് വിലക്കുന്നുണ്ട്.

കഴിഞ്ഞവർഷം സർവ്വകലാശാല വൈസ് ചാൻസിലറും രജിസ്ട്രാറും അടക്കമുള്ളവർ പങ്കെടുക്കുന്ന രക്ഷാബന്ധൻ മഹോത്സവവും എബിവിപി പദ്ധതിയിട്ടിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധമുയർന്നതോടെ ചാൻസിലർ ജി ഗോപകുമാർ പിൻവലിഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രസിഡണ്ട് കൂടിയായ പ്രോ വൈസ് ചാൻസിലർ ജയപ്രസാദ് പക്ഷെ പരിപാടിയിൽ പങ്കെടുത്തു.

സംഘപരിവാര്‍ തീട്ടൂരങ്ങൾ കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാല നടപ്പാക്കുന്ന വിധം; വിദ്യാർത്ഥികളും അദ്ധ്യാപകരും വേട്ടയാടപ്പെടുന്നു

വിദ്യാർത്ഥികളെ കള്ളക്കേസുകളിൽ കുടുക്കാൻ വീണ്ടും ശ്രമം

കഴിഞ്ഞദിവസങ്ങളിൽ വിവിധ ഇടത് യുവസംഘടനകൾ നടത്തിയ മാർച്ചിൽ അക്രമമുണ്ടായെന്നാരോപിച്ച് ചില വിദ്യാർത്ഥികൾക്കെതിരെ കള്ളക്കേസെടുക്കാൻ സർവ്വകലാശാലയിലെ സംഘപരിവാർ ലോബി പദ്ധതിയിടുന്നതായി ആരോപണമുണ്ട്. പുറത്തു നിന്നെത്തിയ മാർച്ചിൽ പങ്കെടുത്തിട്ടില്ലാത്ത, സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്സെടുക്കാനാണ് പദ്ധതിയെന്ന് പൊലീസിൽ നിന്നാണ് വിവരം കിട്ടിയത്. പ്രോ വൈസ് ചാൻസിലർ ജയപ്രസാദ് നേരത്തെ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന ഇന്റർനാഷണൽ റിലേഷൻസ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് കുടുക്കാൻ ഉദ്ദേശിക്കുന്നത്. ഇവർ‌ക്കെതിരെ നേരത്തെയും സമാനമായ നടപടികളുണ്ടായിട്ടുണ്ട്. ജയപ്രസാദ് അധ്യാപകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ക്ലാസ്സുകളിലെ സംഘപരിവാർ ആശയഗതികളെ ചോദ്യം ചെയ്തുവെന്ന കുറ്റം മാത്രമാണ് തങ്ങൾ ചെയ്തതെന്ന് തുടർച്ചയായി കേസുകളിൽ പെട്ടുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ പറയുന്നു.

അധ്യാപകനെതിരെ നടപടിക്ക് ഗൂഢാലോചന

ഇതിനിടെ കേന്ദ്ര സർവ്വകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് സ്കൂളിൽ അസിസ്റ്റന്റ് പ്രൊഫസറായ ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ നടപടിയെടുക്കാൻ സർവ്വകലാശാലയിലെ സംഘപരിവാർ ലോബി ഗൂഢാലോചന നടത്തുന്നതായി വിവരം ലഭിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ കാടുകളിൽ സൈന്യം നടത്തിയ നീക്കത്തിൽ 40 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ജനകീയ മനുഷ്യാവകാശ സംഘടന രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തുവെന്നതാണ് ആരോപിക്കാനുദ്ദേശിക്കുന്ന ‘കുറ്റം’. കൊല്ലപ്പെട്ടത് ആദിവാസികളാണെന്ന് ജനകീയ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഗിൽബർട്ടിനെതിരെ അന്വേഷണം നടത്താൻ ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് സർവ്വകലാശാല അറിയിക്കുന്നു. സമരത്തിൽ പങ്കെടുക്കുന്നത് സർവ്വീസ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിക്കൊരുങ്ങുന്നത്.

നേരത്തെ, നാഗരാജു എന്ന വിദ്യാർത്ഥിയെ നിസ്സാര കുറ്റത്തിന് അറസ്റ്റ് ചെയ്യിപ്പിച്ച സർവ്വകലാശാലയുടെ നടപടിയിൽ ദുഖം പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് കമ്പാരറ്റീവ് ലിറ്ററേച്ചർ വിഭാഗം തലവനായ ഡോ. പ്രസാദ് പന്ന്യനെ തൽസ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കനക്കുകയാണ്. പ്രത്യേക സംഘടനയുടെ കീഴിലല്ലാതെ വിദ്യാർത്ഥികൾ ഒരുമിച്ചാണ് പ്രതിഷേധം നടത്തുന്നത്. ഇന്ന് ഡിവൈഎഫ്ഐയുടെ സമരം നടന്നു. നാളെ (സെപ്തം. 14) പട്ടികജാതി ക്ഷേമസമിതിയുടെ സർവ്വകലാശാല മാർച്ച് നടക്കും.

കേന്ദ്രസേനയെ ഇറക്കാൻ സർവ്വകലാശാല ശ്രമം നടത്തുന്നു

പുറത്തു നിന്നുള്ളവരുടെ ഇടപെടലുണ്ടെന്ന് ചൂണ്ടിക്കാട്ടി സർവ്വകലാശാലയിൽ കേന്ദ്ര സൈന്യത്തെ വിന്യസിക്കാനുള്ള ശ്രമം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനായി മാനവവിഭവശേഷി മന്ത്രാലയത്തെ സമീപിക്കാനാണ് തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍