TopTop
Begin typing your search above and press return to search.

ക്വാറി നിര്‍ത്താം, പഠനം നടത്താം, എന്നാല്‍ ക്രഷര്‍ പ്രവര്‍ത്തിച്ചോട്ടെയെന്ന് അധികൃതര്‍; ക്വാറിയില്ലെങ്കില്‍ ക്രഷര്‍ എന്തിനെന്ന് മുണ്ടത്തടം കോളനിക്കാര്‍; സമരം ശക്തമാക്കാനും തീരുമാനം

ക്വാറി നിര്‍ത്താം, പഠനം നടത്താം, എന്നാല്‍ ക്രഷര്‍ പ്രവര്‍ത്തിച്ചോട്ടെയെന്ന് അധികൃതര്‍; ക്വാറിയില്ലെങ്കില്‍ ക്രഷര്‍ എന്തിനെന്ന് മുണ്ടത്തടം കോളനിക്കാര്‍; സമരം ശക്തമാക്കാനും തീരുമാനം
കരിങ്കല്‍ ക്വാറിക്കെതിരായി കാസര്‍കോട് മുണ്ടത്തടം, മാലൂര്‍ക്കയം ആദിവാസി കോളനിക്കാര്‍ നടത്തുന്ന രാപ്പകല്‍ സമരം പതിനഞ്ചാം ദിവസം പിന്നിട്ടിരിക്കുകയാണ്. സമരത്തിന്റെ ആദ്യ ദിവസം മുതല്‍ പന്തലിലുള്ള സ്ത്രീകളില്‍ ചിലരെങ്കിലും ഇന്ന് ഇവിടെയില്ല. സമരം മുന്നില്‍ നിന്നു നയിച്ചതിന്റെ പേരില്‍ പല കേസുകളിലും പെട്ടിരിക്കുന്ന ആദിവാസി സ്ത്രീകളടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ ജാമ്യത്തിനപേക്ഷിച്ച് താത്ക്കാലികമായി മാറി നില്‍ക്കുകയാണ്. എങ്കിലും, സാധുജന പരിഷത്ത് പ്രവര്‍ത്തകരും കോളനിയിലെ മറ്റു താമസക്കാരും സമരത്തില്‍ നിന്നും പിന്മാറ്റമില്ല എന്നറിയിച്ചുകൊണ്ട് ഇപ്പോഴും ജോലി പോലും മാറ്റിവച്ച് സമരത്തിനിരിക്കുകയാണുതാനും. ജീവനും സ്വത്തും സംരക്ഷിക്കാനായി ഗോത്രവിഭാഗക്കാര്‍ മുന്നിട്ടിറങ്ങി നടത്തുന്ന സമരം എന്ന നിലയില്‍ ശ്രദ്ധ നേടിയ മുണ്ടത്തടം ക്വാറി സമരം, പതിനാറാം ദിവസത്തിലേക്ക് എത്തിയതോടെ, പുതിയ പല പുരോഗതികളിലേക്കു കൂടിയാണ് കടന്നിരിക്കുന്നത്.

ക്വാറിയെക്കുറിച്ചുള്ള വിഷയം ചര്‍ച്ച ചെയ്യാനായി കാസര്‍കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സര്‍വക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. നേരത്തേ ക്വാറി സന്ദര്‍ശിച്ചിരുന്ന റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ്, പഞ്ചായത്ത് പ്രതിനിധികള്‍, സമരസമിതി, ജില്ലാ കലക്ടര്‍, വകുപ്പു മേധാവികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സര്‍വകക്ഷിയോഗം ചേര്‍ന്നത്. യോഗത്തില്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളോടുള്ള എതിര്‍പ്പാണ് സമരസമിതിക്ക് അറിയിക്കാനുള്ളത്. മഴക്കാലത്ത് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. മഴക്കാലത്ത് മണ്ണിടിച്ചിലും മറ്റുമുണ്ടായേക്കാമെന്ന കോളനിക്കാരുടെ ആശങ്ക കണക്കിലെടുത്താണിത്. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ച് മുണ്ടത്തടത്ത് പഠനം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിക്കുമെന്നായിരുന്നു മറ്റൊരു പ്രധാന തീരുമാനം. ഈ തീരുമാനത്തോട് പൂര്‍ണമായി യോജിപ്പറിയിച്ച സമരസമിതിക്ക് പക്ഷേ, മറ്റു ചില കാര്യങ്ങളാണ് ചൂണ്ടിക്കാട്ടാനുള്ളത്.

"മഴക്കാലത്ത് ക്വാറി പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് യോഗത്തില്‍ തീരുമാനമെടുത്തത്. പക്ഷേ മഴക്കാലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം അല്ലെങ്കിലും നിലവിലുള്ളതാണല്ലോ. അതിന് പ്രത്യേകമായി ഉത്തരവിടേണ്ട കാര്യമില്ലല്ലോ. മുണ്ടത്തടം ക്വാറിയും പരിസരവും വിദഗ്ധ സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തീരുമാനം. എന്നിട്ടേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്നു പറയുന്നുണ്ട്. എങ്കിലും, ക്രഷറിന്റെ പണികള്‍ കൃത്യമായി മുന്നോട്ടു പോകുന്നുമുണ്ട്. പഠനം നടത്തും എന്നു പറയുന്നുണ്ടെങ്കില്‍, അതുവരെ ക്രഷറിന്റെ ജോലികളും നിര്‍ത്തിവയ്ക്കണ്ടേ? ക്വാറി നിര്‍ത്താന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് ക്രഷറിന്റെ പണി നടത്താന്‍ അനുമതി കൊടുക്കുന്നത്? മഴക്കാലമായിട്ടും ക്വാറിയുടെ ജോലി മാത്രമാണ് നിര്‍ത്തിവച്ചിരിക്കുന്നത് എന്നോര്‍ക്കണം. ക്രഷറിന്റെ പണി നടക്കുന്നുണ്ട്. അതില്‍ നിന്നു തന്നെ ചതിവ് മനസ്സിലാകുന്നില്ലേ. റിപ്പോര്‍ട്ട് തനിക്ക് അനുകൂലമായിരിക്കും എന്ന് നേരത്തേ അറിയാവുന്നതു കൊണ്ടല്ലേ പഠനം നടക്കും എന്നറിഞ്ഞിട്ടും ക്രഷറിന്റെ പണിയുമായി ക്വാറി ഉടമ മുന്നോട്ടു പോകുന്നത്? ക്വാറിയില്ലാതെ എങ്ങനെയാണ് ക്രഷര്‍ പ്രവര്‍ത്തിക്കുക. പുറത്തെ ക്വാറിയില്‍ നിന്നും കല്ലു കൊണ്ടുവന്നല്ലല്ലോ ക്രഷറില്‍ ഉപയോഗിക്കുന്നത്. അവിടെ നിന്നു തന്നെയല്ലേ എടുക്കുന്നത്. എന്തെല്ലാമോ പൊരുത്തക്കേടുകള്‍ ഇതിലുണ്ട് എന്നത് വാസ്തവമാണ്. സമരക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ ചര്‍ച്ചയാണോ എന്നും സംശയമുണ്ട്",
സമരത്തിന്റെ നേതൃസ്ഥാനത്തുള്ള ബ്ലോക്ക് പഞ്ചായത്തംഗം രാധാ വിജയന്‍ പറയുന്നു.

Also Read: ക്വാറി സന്ദര്‍ശിച്ച് സമരപ്പന്തലില്‍ കയറാതെ മന്ത്രി, ആദിവാസി സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്, രണ്ടു പേര്‍ ജയിലില്‍, മുണ്ടത്തടം ക്വാറി സമരം രൂക്ഷമാകുന്നു

ക്വാറിക്ക് പുറമേ ക്രഷര്‍ കൂടി സ്ഥാപിക്കാനൊരുങ്ങിയപ്പോഴാണ് മുണ്ടത്തടം കോളനിക്കാര്‍ സമരത്തിലേക്ക് കടന്നതു തന്നെ. എന്നാല്‍, ക്വാറി നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന നിലപാടാണ് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് വിധുബാലയും ഇപ്പോള്‍ കാസര്‍കോട് ജില്ലാ കലക്ടറും സ്വീകരിച്ചിരിക്കുന്നത്. ക്വാറി അടച്ചുപൂട്ടാന്‍ നിര്‍വാഹമില്ലെന്നു പറയുമ്പോള്‍ത്തന്നെ, ക്രഷറിനു വേണ്ടിയുള്ള മെഷീനുകള്‍ സ്ഥാപിക്കാനുള്ള അനുമതിയും ക്വാറിയുടമയ്ക്ക് നല്‍കിയിട്ടുണ്ട്. ക്രഷര്‍ പ്രവര്‍ത്തിക്കാന്‍ ഒരു വിധത്തിലും തങ്ങള്‍ അനുവദിക്കില്ലെന്നാണ് ഈ വിഷയത്തില്‍ സമരസമിതിയുടെ പക്ഷം. ക്രഷറിന്റെ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെങ്കിലും, സര്‍വകക്ഷിയോഗത്തിലെടുത്ത ആ തീരുമാനത്തോട് പൂര്‍ണമായ എതിര്‍പ്പാണ് ഇവര്‍ക്ക്. "
പഠന റിപ്പോര്‍ട്ട് വരുന്നതു വരെ ക്വാറി അടച്ചുപൂട്ടും. ക്രഷറിലെ മെഷീനുകള്‍ സ്ഥാപിക്കാന്‍ അനുമതിയുള്ളതിനാല്‍ അതിന്റെ ജോലികള്‍ നടക്കും. സ്‌കൂളിലേക്ക് കുട്ടികള്‍ പോകുമ്പോള്‍ വലിയ വാഹനങ്ങള്‍ റോഡുവഴി പോകുന്നത് ഒഴിവാക്കും. കുട്ടികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടിവരും - ഇത്രയുമാണ് അവരുടെ നിര്‍ദ്ദേശങ്ങള്‍. പക്ഷേ, പഠന റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പു തന്നെ ക്രഷര്‍ സ്ഥാപിക്കുന്നതെന്തിനാണ്? റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമായേ വരൂ എന്ന് ക്വാറിയുടമയ്ക്കറിയാം. ഇല്ലെങ്കില്‍ കോടിക്കണക്കിനു രൂപ മുടക്കി ഈ മെഷീനുകള്‍ കൊണ്ടുവയ്ക്കില്ലല്ലോ. പഠന സമിതിയ്‌ക്കൊപ്പം സമാന്തരമായ മറ്റൊരു പഠനം വിദഗ്ധരെ ഉള്‍പ്പെടുത്തി ഞങ്ങളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇരുന്നൂറ് ലോഡ് കരിങ്കല്ല് ഇപ്പോള്‍ ക്വാറിയിലുണ്ട്. അത് കയറ്റിക്കൊണ്ടു പോകാന്‍ അനുവദിക്കണം എന്നാണ് അവരുടെ വാദം. ക്രഷറിന് അനുമതിയില്ലെങ്കിലും മെഷീന്‍ സ്ഥാപിക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. സമരത്തെ തളര്‍ത്തുക, സമരക്കാരെ കബളിപ്പിക്കുക എന്നതൊക്കെത്തന്നെയാണ് ഉദ്ദേശം",
സാധുജന പരിഷത്ത് നേതാവ് അനീഷ് പയ്യന്നൂര്‍ പറയുന്നതിങ്ങനെ.

ജില്ലാ കലക്ടറും ശിശുക്ഷേമ സമിതിയും ചൂണ്ടിക്കാട്ടിയിരിക്കുന്ന മറ്റൊരു ഗുരുതരമായ വിഷയം സമരപ്പന്തലിലെ കുട്ടികളുടെ സാന്നിധ്യമാണ്. കോളനിയിലെ ഇരുപതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ അധ്യയനം ആരംഭിച്ചിട്ടും സ്‌കൂളില്‍പ്പോകാതെ സമരപ്പന്തലില്‍ സജീവമാണ്. കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിക്കുകയും സ്‌കൂളില്‍ പറഞ്ഞയയ്ക്കാതിരിക്കുകയും ചെയ്താല്‍ രക്ഷിതാക്കള്‍ക്കെതിരെയും സമരസമിതി നേതാക്കള്‍ക്കെതിരെയും കേസെടുക്കും എന്നാണ് അധികൃതരുടെ പക്ഷം. അതേസമയം, താമസിക്കുന്നയിടവും കുടുംബവും ജീവന്‍ തന്നെയും അനിശ്ചിതത്വത്തിലായിരിക്കുമ്പോള്‍, എങ്ങനെയാണ് തങ്ങള്‍ സ്‌കൂളില്‍ പോയി പഠിക്കുക എന്നാണ് പന്ത്രണ്ടാം ക്ലാസ്സുകാരി അനുശ്രീ അടക്കമുള്ള മുണ്ടത്തടത്തെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇവരില്‍ പലരുടേയും മാതാപിതാക്കള്‍ മുഴുവന്‍ സമയവും സമരപ്പന്തലിലാണ്. സ്‌കൂളില്‍ പോകാനുള്ള സാഹചര്യമോ മാനസികാവസ്ഥയോ തങ്ങള്‍ക്കില്ലെന്ന് കുട്ടികള്‍ പറയുന്നു. ക്വാറിയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ പോലീസ് ബലമായി പിടിച്ചുമാറ്റിയതിനിടെ പരിക്കേറ്റ പലരും ഇപ്പോള്‍ കൃത്യനിര്‍വഹണത്തിനു തടസ്സം നിന്നതും പോലീസുകാരെ ആക്രമിച്ചതുമായ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ ഈ വിദ്യാര്‍ത്ഥികളുടെ അമ്മമാരുമുണ്ട്. മിക്കപേരും അറസ്റ്റൊഴിവാക്കാന്‍ ജാമ്യമെടുക്കുന്നതുവരെ താത്ക്കാലികമായി മാറി നില്‍ക്കുകയാണ്. മാതാപിതാക്കള്‍ എവിടെയെന്നുപോലുമറിയാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് സമാധാനത്തോടെ സ്‌കൂളില്‍ പോയി പഠിക്കാനാവുക എന്ന ഇവരുടെ ചോദ്യത്തിന് ഉത്തരമില്ല.

മുണ്ടത്തടം ക്വാറി സമരം അഴിമുഖം പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: ക്വാറി മാഫിയ ഇടിച്ചു തകര്‍ക്കുന്ന മുണ്ടത്തടത്തെ ആദിവാസി ജീവിതം; കൂട്ടിന് പോലീസും

"ഈ കുട്ടികളെ ഞങ്ങളാരും സമരപ്പന്തലിലിരിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. നടപടിയെടുക്കുമെന്ന് ചൈല്‍ഡ് ലൈനിന്റെ ആള്‍ക്കാര്‍ വന്നു പറഞ്ഞിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് അവരോട് കുട്ടികളും വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്‌കൂളിലാണെങ്കിലും വിദ്യാര്‍ത്ഥി സംഘടനകളില്‍ ചേര്‍ന്ന് ഇവര്‍ സമരങ്ങള്‍ നടത്താറില്ലേ? കുട്ടികള്‍ക്കും സമരം ചെയ്യാന്‍ അവകാശമില്ലേ?"
രാധാ വിജയന്‍ ചോദിക്കുന്നു. ആരുമാവശ്യപ്പെട്ടിട്ടല്ല, മറിച്ച് വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു. വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലേക്ക് സമരം മാറാതെയിരിക്കണമെന്നാണ് അധികൃതരുടെ നിലപാട്.

മഴക്കാലവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഗണിച്ചാണ് ക്വാറി മഴക്കാലത്ത് പ്രവര്‍ത്തിക്കരുതെന്ന് യോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മഴക്കാലം എത്തുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ജീവഭയത്തിലാണ് മുണ്ടത്തടം കോളനിക്കാര്‍. മലയുടെ പാതി ഭാഗം ക്വാറിക്കായി ചെത്തിമാറ്റപ്പെട്ട അവസ്ഥയിലായതോടെ, ക്വാറിയ്ക്കു മുകളിലായുള്ള മുണ്ടത്തടം കോളനിയിലെ പത്തു വീട്ടുകാരും പേടിച്ചാണ് ഉറങ്ങുന്നതു പോലും. ഏതു നിമിഷവും മലയിടിഞ്ഞു വീണേക്കാമെന്നും, കാട്ടില്‍ നിന്നും കല്ലുകള്‍ വീടിനു മുകളിലേക്ക് ഉരുണ്ടു വീണേക്കാമെന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്. നാളിതുവരെ അത്തരം അനുഭവങ്ങളില്ലാതെ ജീവിച്ചിരുന്ന ഇവര്‍ക്ക്, ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ശക്തിപ്പെട്ടതോടെ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനാകുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് കാട്ടില്‍ നിന്നും ഉരുളന്‍ കല്ലുകള്‍ ഇടിഞ്ഞു വീണതും ഇവര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പാറപൊട്ടിക്കലിന്റെ കാഠിന്യം കാരണം സംഭവിക്കുന്നതാണിത് എന്നതില്‍ ഇവര്‍ക്കാര്‍ക്കും സംശയമില്ല.
"ഇക്കഴിഞ്ഞ മഴയ്ക്ക് പഞ്ചായത്ത് റോഡിനു മേലെ കല്ലു വീണു എന്നു കേട്ടു. ക്വാറിയുടെ തൊട്ടുതാഴെയാണത്. കഴിഞ്ഞ വര്‍ഷവും വലിയ കല്ലുകള്‍ കാട്ടില്‍ നിന്നും ഇടിഞ്ഞു വീണിട്ടുണ്ട്. ഒരിക്കല്‍ ഈ ക്വാറിയുടെ മേല്‍നോട്ടക്കാരന്‍ തന്നെ അതു കണ്ട് പേടിച്ചോടിയിട്ടുള്ളതാണ്. എല്ലാവരും കൂടിച്ചേര്‍ന്ന് പിറ്റേന്നാണ് കല്ലൊക്കെ നീക്കിയത്. ഇത്തവണ ഇനിയെന്താണ് വരാനിരിക്കുന്നതെന്ന് കണ്ടറിയണം."


Also Read: വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും


ക്വാറി സമരത്തില്‍ അധികൃതര്‍ ശ്രദ്ധ കാണിച്ചതിലും ഇടപെട്ടതിലും സമരക്കാര്‍ക്ക് സംതൃപ്തിയുണ്ട്. ആദിവാസി കോളനികളില്‍ നിന്നുള്ളവര്‍ നേരിട്ടു നടത്തിയ അതിജീവന സമരം ചര്‍ച്ചയായതിലും ഇവര്‍ സന്തുഷ്ടരാണ്. എങ്കിലും, സമരക്കാരുടെ കണ്ണില്‍ പൊടിയിട്ട് താത്ക്കാലികമായി അടക്കിനിര്‍ത്താനുള്ള മാര്‍ഗ്ഗമായിരുന്നോ ഈ ചര്‍ച്ച എന്നും ഇവര്‍ സംശയിക്കുന്നു. കൂടുതല്‍ പഠനങ്ങളും അന്വേഷണങ്ങളും ഉണ്ടാകുന്നതു വരെയെങ്കിലും ക്വാറിക്കും ക്രഷറിനും പ്രവര്‍ത്തനാനുമതി നല്‍കരുത് എന്ന ആവശ്യത്തില്‍ നിന്നും അല്പം പോലും പിന്നോട്ടു മാറാന്‍ ഇവരാരും തയ്യാറല്ല. അങ്ങനെ ഒത്തതീര്‍പ്പാക്കപ്പെടേണ്ട സമരമല്ല മുണ്ടത്തടത്തു നടക്കുന്നതെന്നാണ് കോളനിക്കാരുടെ പക്ഷം. നിര്‍ദ്ദേശങ്ങളുടെ അറുപതു ശതമാനത്തോളം അംഗീകരിക്കാന്‍ തയ്യാറാണെങ്കിലും, സമരവുമായി മുന്നോട്ടു പോകും എന്ന് ഇവര്‍ തീരുമാനമെടുത്തിരിക്കുന്നതും അതുകൊണ്ടുതന്നെ. നിരാഹാരമടക്കമുള്ള സമരമാര്‍ഗ്ഗങ്ങള്‍ ഇനി സ്വീകരിച്ചേക്കുമെന്നും ഇവര്‍ പറയുന്നുണ്ട്. എന്തു വിലകൊടുത്തും ക്രഷറിന്റെ പ്രവര്‍ത്തനം തടയും എന്ന ദൃഢനിശ്ചയത്തിലാണ് മുണ്ടത്തടം കോളനിക്കാര്‍.

Azhimukham Special: മജീദിന്റെയും സക്കരിയായുടെയും ഉമ്മ; കേരളം ഏറ്റെടുത്ത സാവിത്രി ശ്രീധരന്റെ ജീവിതം

Next Story

Related Stories