TopTop
Begin typing your search above and press return to search.

ഉരുള്‍പൊട്ടിയ കട്ടിപ്പാറ കരിഞ്ചോലമല ദുരന്തഭൂമിയിലെ അനുഭവങ്ങള്‍; ഒരു നാട് മുഴുവന്‍ ഒരുമിച്ചു നിന്നപ്പോള്‍

ഉരുള്‍പൊട്ടിയ കട്ടിപ്പാറ കരിഞ്ചോലമല ദുരന്തഭൂമിയിലെ അനുഭവങ്ങള്‍; ഒരു നാട് മുഴുവന്‍ ഒരുമിച്ചു നിന്നപ്പോള്‍

കോഴിക്കോട് കട്ടിപ്പാറയിലെ കരിഞ്ചോലമലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ജീവന്‍ നഷ്ടമായത് 13 പേര്‍ക്കായിരുന്നു. ജൂണ്‍ 14, വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ഉരുള്‍പ്പൊട്ടല്‍. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തുന്നത് തുടര്‍ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലുകളിലൂടെയായിരുന്നു. നിപ വൈറസ് വിതച്ച ഭയത്തില്‍ വിറങ്ങലിച്ചു നില്‍ക്കാതെ, അതിനെതിരേ ഒറ്റമനസോടെ പോരാടിയ കോഴിക്കോട്ടുകാര്‍, തൊട്ടുപിന്നാലെ ഉരുള്‍പ്പൊട്ടലിന്റെ രൂപത്തില്‍ ആവര്‍ത്തിച്ച മറ്റൊരു ദുരന്തത്തേയും നേരിട്ടത് അതേ മനസോടെയായിരുന്നു. കട്ടിപ്പാറയിലെ ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളില്‍ അതീവ ദുഷ്‌കരമായ തിരച്ചിലില്‍ ഭരണകൂട-ഉദ്യോഗസ്ഥ സംഘത്തോടൊപ്പം നാട്ടുകാരുടെയും ശക്തമായ പിന്തുണയുണ്ടായിരുന്നു. തെരച്ചില്‍ ദൗത്യത്തില്‍ പ്രധാന പങ്കുവഹിക്കുകയും കാണാതായവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിലിനായി ഒരു രൂപരേഖ തയ്യാറാക്കുകയും അതുവഴി കിട്ടാനുണ്ടായിരുന്ന മൃതശരീരങ്ങള്‍ എല്ലാം തന്നെ കണ്ടെത്താനും കഴിഞ്ഞതില്‍ ഹരിത കേരള മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്ററായ പി. പ്രകാശിന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണ്. കട്ടിപ്പാറ ദുരന്തമുഖത്ത് താന്‍ കൂടി അംഗമായി നടത്തിയ തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് പി. പ്രകാശ് പറയുന്നു.

വിവരം അറിഞ്ഞപ്പോള്‍ കട്ടിപ്പാറയിലെ ദുരന്തമുഖത്തേക്ക് ഓടിയെത്താതിരിക്കാന്‍ മനസ് അനുവദിച്ചില്ല, പ്രത്യേകിച്ച് 2012-ല്‍ തിരുവമ്പാടി പുല്ലൂരാംപാറ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അനുഭവമുള്ളപ്പോള്‍. ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ പിറ്റേദിവസമാണ് ഞാനവിടെ എത്തുന്നത്. താമരശ്ശേരി തഹസില്‍ദാര്‍ റഫീഖ് സാറിന്റെ നേതൃത്വത്തില്‍ കാണാതായ 14 പേരില്‍ ഇനിയും കണ്ടു കിട്ടാത്ത ആറു പേര്‍ക്കായി തിരച്ചില്‍ തുടരുകയായിരുന്നു അപ്പോള്‍. നിരവധി നാട്ടുകാര്‍, സംഘടന പ്രവര്‍ത്തകര്‍, ദുരന്ത നിവാരണ സേന, ഫയര്‍ഫോഴ്‌സ്, പോലീസ്; എല്ലാവരും ഒത്തൊരുമിച്ച് തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നു. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. പക്ഷേ, തിരച്ചില്‍ തുടരുമ്പോഴും അത് നിഷ്ഫലമായി പോവുകയാണ്. കൃത്യമായി എവിടെ തിരച്ചില്‍ നടത്തണമെന്നറിയാത്ത വിഷമഘട്ടം. ഈയൊരു സാഹചര്യത്തിലാണ് തിരച്ചിലിനായി ഒരു രൂപരേഖ തയ്യാറാക്കാമെന്ന് തീരുമാനിക്കുന്നത്. നാട്ടുകാരില്‍ നിന്നും ആ പ്രദേശത്തിന്റെ ഘടന ചോദിച്ചു മനസിലാക്കി. കിട്ടിയ ചിത്രങ്ങള്‍ പരിശോധിച്ചു, റവന്യു ഉദ്യോഗസ്ഥരോട് സംസാരിച്ചു. ഇതെല്ലാം ചേര്‍ത്തുവച്ചാണ് രൂപരേഖ തയ്യാറാക്കുന്നത്.

ഒരു പേപ്പറില്‍ സ്‌കെച്ച് വരച്ച്, സ്ഥലത്തിനെ 10 ഭാഗങ്ങളായി തിരിച്ച്, ഓരോ ഭാഗവും ഒന്നോ രണ്ടോ സംഘടനകള്‍ക്ക് നല്‍കി തിരച്ചിലിനെ ഒന്നുകൂടി ക്രമീകരിക്കാന്‍ ഒരു പ്ലാന്‍ നല്‍കി. ഓരോ ടീമിനെ ഉണ്ടാക്കി, സ്ഥലത്തെ കുറിച്ച് അറിയുന്ന നാട്ടുകാരെയും അവരോടൊപ്പം ചേര്‍ത്തു. ജില്ല കളക്ടറും സ്ഥലം എംഎല്‍എ കാരാട്ട് റസാഖും ഈ പ്ലാനിന് അംഗീകാരം നല്‍കി. കട്ടിപ്പാറ പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് എന്നിവര്‍ പൂര്‍ണ പിന്തുണ നല്‍കി. വളണ്ടിയര്‍മാരായ ജാഫര്‍, മജീദ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടനകളെ ഏകോപിപ്പിച്ചു. പിന്നീട് ഇവരെയൊക്കെ കൂട്ടി ദുരന്ത ഭൂമിയിലേക്ക്, കൂട്ടിന് ആ പ്രദേശത്തിന്റെ മുക്കും മൂലയും അറിയുന്ന ഹംസ, കഴിഞ്ഞ ദിവസം സഹോദരിയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയ ഖാലിദ് എന്നിവരും.

ആ പ്രദേശത്തിന്റെ മറുവശത്ത് ചെന്നപ്പോഴാണ് അവിടെ ഉണ്ടായ വന്‍ ഉരുള്‍പൊട്ടല്‍ കണ്ടത്. മുകളില്‍ നിന്ന് രണ്ട് കൈവഴിയില്‍ തിരിഞ്ഞ പോലെ. താഴെ നിന്ന് സ്ഥലത്തിന്റെ ചെരിവ്, പുതുതായി രൂപപ്പെട്ട ചാല്‍, നേരത്തെ വലിയ ആഴത്തില്‍ ഉണ്ടായ തോട് മൂടിപ്പോയത്, ഒക്കെ കണ്ട് മനസ്സിലാക്കി. ആ പ്രദേശം നന്നായി അറിയുന്ന റഫീഖ് ഞങ്ങളുടെ കൂടെ കൂടി. ഈ ഭാഗത്തു നിന്നും ഒരു വീടിന്റെ സ്ലാബ്, കെട്ടിട അവശിഷ്ടങ്ങള്‍ എന്നിവ കിട്ടി. മറ്റൊരിടത്തു നിന്നും ബെഡ് ഷീറ്റ്, കെട്ടിട അവശിഷ്ടങ്ങള്‍ എന്നിവ കിട്ടിയത് പ്രതീക്ഷ നല്‍കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവസ്ഥലത്ത് ധാരാളം ആളുകള്‍ കൂടിയിരുന്നു. ഇത് തിരച്ചിലിന് തടസം സൃഷ്ടിച്ചേക്കുമെന്ന് അറിയാവുന്നതുകൊണ്ട്, തടിച്ചു കൂടിയ ആളുകളെ എന്റെ സൈനിക സ്‌കൂള്‍ ദിനങ്ങള്‍ പോലെ കമാന്‍ഡ് ചെയ്ത് പിന്നോട്ടാക്കേണ്ടി വന്നു. പോലീസും ഒപ്പം പ്രവര്‍ത്തിച്ചു. ഇവിടെ നിന്നും ഒന്നും കിട്ടാത്തതുകൊണ്ട് താഴെ ഭാഗത്ത് ഉണ്ടാകാനാണ് സാധ്യതയെന്നു ഞങ്ങള്‍ നിഗമനം നടത്തി. അടുത്ത ദിവസം രാവിലെ താഴെ നിന്ന് ഈ ദിശയില്‍ നാലോ അഞ്ചോ മണ്ണുമാന്തികള്‍ ഒരുമിച്ച് നിരന്ന് ഒരു combing operation എന്ന നിലയില്‍ തിരയാമെന്ന് ധാരണയിലെത്തി.

മനസില്‍ വലിയ വിങ്ങലോടെയാണ് വെള്ളിയാഴ്ച കട്ടിപ്പാറയിലെ ദുരന്തഭൂമിയില്‍ നിന്ന് മടങ്ങിയത്, ആറു പേര്‍ അപ്പോഴും മണ്ണിന്റെ അടിയില്‍ തന്നെയാണ്. ശനിയാഴ്ച രാവിലെയോടെ അവരെ കിട്ടും എന്ന് തന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചു. ഉരുള്‍പ്പൊട്ടല്‍ സംഭവിച്ച സ്ഥലത്തിന്റെതായി എടുത്ത ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ ഇട്ട് പരിശോധിച്ചു, അവിടെ നിന്നുള്ള കാഴ്ച്ച, സ്ഥലത്തിന്റെ കിടപ്പ്, ആളുകള്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇതെല്ലാം വെച്ച് ആദ്യം തയ്യാറാക്കിയ കരട് സ്‌കെച്ച് ഒന്നു കൂടി മാറ്റി വരച്ചു, ബോഡി കിട്ടാന്‍ സാധ്യതയുള്ള കൃത്യമായി 'Important' എന്ന് ചുവന്ന അടയാളം രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലം ചുവന്ന ആരോമാര്‍ക്ക് ഇട്ട് രേഖപ്പെടുത്തി. രാവിലെ ഫയര്‍ഫോഴ്‌സ്, റവന്യൂ, പഞ്ചായത്ത് പോലീസ് ആളുകളുമായി ചര്‍ച്ച ചെയ്ത് താഴെ നിന്ന് അഞ്ചു ഹിറ്റാച്ചികള്‍ നിരന്ന് തിരച്ചില്‍ ആരംഭിച്ചു. തയ്യാറാക്കിയ സ്‌കെച്ച് പോലെ ചുവന്ന മാര്‍ക്കിട്ട സ്ഥലത്ത് നിന്ന് നാലു മണിയോടെ ആദ്യത്തെ മൃതശരീരം കിട്ടി. പുതപ്പോടു കൂടി നിത്യ ഉറക്കത്തിലേക്ക് പോയ കുഞ്ഞുമോള്‍. വളണ്ടിയറായ ജാഫറിനോട് ബാക്കി നാലും അവിടെ നിന്ന് തന്നെ ലഭിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞ് അവിടെ നിന്ന് മടങ്ങി.

ഒരു പരിപാടിക്ക് കണ്ണൂരില്‍ എത്തേണ്ടതുണ്ടായിരുന്നു. പക്ഷേ, പാതിവഴിയില്‍ വെച്ച് തന്നെ വിളിയെത്തി, മൂന്നു പേരെ കൂടി കിട്ടിയെന്നായിരുന്നു വാര്‍ത്ത. അടയാളപ്പെടുത്തി നല്‍കിയിടത്തു നിന്നു തന്നെയായിരുന്നു മൃതശരീരങ്ങള്‍ കിട്ടിയത്. ഒമ്പതുപേര്‍ മരിച്ച ഹസ്സന്റെ കുടുംബത്തിലെ, കിട്ടാനുണ്ടായിരുന്ന അഞ്ചു പേരിലെ നാല് പേരുടേതായിരുന്നു ആ മൃതശരീരങ്ങള്‍. ഈ കുടുംബത്തിലെയായി ബാക്കിയുള്ള ഒരാളും ഇവിടെ തന്നെ ഉണ്ടാകാനാണ് സാധ്യതയെന്ന് അനുമാനിച്ചു. അതുകൂടി ഉള്‍പ്പെടെ ഇനി കിട്ടാനുള്ള രണ്ട് പേരെയും ഇതുപോലെയുള്ള അപഗ്രഥനത്തോടെയുള്ള തിരച്ചിലില്‍ ലഭിക്കും എന്നായിരുന്നു ഉള്ളിലെ പ്രതീക്ഷ.

കണ്ണൂരില്‍ പരിപാടിക്കിടയില്‍ ജാഫര്‍ വിളിച്ചു, ഉടനെ എത്തണം. അവിടെ നിന്ന് ഒരു ടാക്‌സി ഏര്‍പ്പാടാക്കി 3.45 ന് തിരിച്ചിവിടെ എത്തിയപ്പോള്‍ മാര്‍ക്ക് ചെയ്ത ഒരു സ്ഥലം പരിശോധിച്ചില്ല എന്ന് മനസ്സിലായി. രണ്ട് ഹിറ്റാച്ചി ഉചയോഗിച്ച് കുറച്ച് പണി ചെയ്തു. സ്‌കാനിങ്ങ് ടീമിനെ സാധ്യതയുള്ള സ്ഥലത്ത് എത്തിച്ചു. നേരത്തെ സ്‌കെച്ചില്‍ രേഖപ്പെടുത്തിയ സ്ഥലത്ത് തന്നെയാണ് സ്‌കാനിംഗ് ടീം സാധ്യത പറയുന്നത്. അടുത്ത ദിവസവും തിരച്ചില്‍ തുടരേണ്ടി വരുമെന്ന് മനസിലായി.

അവിടെ നിന്ന് മൃതശരീരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ബാക്കിയുള്ള രണ്ട് പേരെ കിട്ടാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ ഞായറാഴ്ച മാര്‍ക്ക് ചെയ്തു നല്‍കിയത്, പച്ച മഷിയില്‍. അബ്ദുറഹ്മാന്റെ വീട്ടില്‍ നിന്നും കണ്ട് കിട്ടാനുള്ള ആള്‍ മാര്‍ക്ക് ചെയ്ത സ്ഥലത്ത് പാറക്കെട്ടില്‍ കുടുങ്ങാനുള്ള സാധ്യതയുണ്ട്, പോലീസ് നായ ഇവിടെ കൂടുതലായി സമയം എടുത്ത് മണം പിടിക്കുന്നുണ്ടായിരുന്നു. താഴെ ഒഴുകി എത്താനുള്ള സാധ്യതയും നോക്കണം, പുഴയില്‍ താഴെ നിന്ന് കൂടി നോക്കി വരണം. ഹസ്സന്റെ വീട്ടില്‍ നിന്ന് കിട്ടാനുള്ള ബാക്കി ഒരാള്‍ ഇന്നലെ നാല് ബോഡികള്‍ കിട്ടിയതിന്റെ അടുത്ത് തന്നെ ഉണ്ടാകാനാണ് സാധ്യത. ആ സാധ്യതകള്‍ തെറ്റിയില്ല. കിട്ടാനുണ്ടായിരുന്ന രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കൂടി മാര്‍ക്ക് ചെയ്തു കൊടുത്തിടങ്ങളില്‍ നിന്നും തന്നെ കിട്ടി.

അവസാനത്തെ ആളുടെ മൃതദേഹവും ലഭിച്ചു എന്ന ആശ്വാസത്തോടെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമിയില്‍ നിന്ന് മടങ്ങിയത്. ജൂണ്‍ 14 രാവിലെ 6 മണിയോടെ സംഭവിച്ച ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം, തിരച്ചില്‍ ജൂണ്‍ 18 വൈകുന്നേരമാണ് അവസാനിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച മന്ത്രിമാര്‍, സ്ഥലം എംഎല്‍എ, ജില്ലാ കളക്ടര്‍, താമരശ്ശേരി തഹസില്‍ദാര്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന നിപാ വൈറസ് പ്രശ്‌നത്തിന് ശേഷം മറ്റൊരു മിഷന്‍.

ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, കട്ടിപ്പാറ പഞ്ചായത്ത്, കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ച ഒരുപാട് സംഘടന വളണ്ടിയര്‍മാര്‍, നാട്ടുകാര്‍, ദൂരെ പ്രദേശത്ത് നിന്ന് പോലും എത്തിയ രക്ഷാപ്രവര്‍ത്തകര്‍, വെള്ളവും ഭക്ഷണവും, ആവശ്യമായ ഇന്ധനം, പണിയായുധങ്ങള്‍ ആവശ്യമായ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കിയ ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍, ഫോണിലും മൈക്കിലുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, സാധ്യതയുള്ള സ്ഥലങ്ങള്‍ സ്‌കെച്ച് ചെയ്യാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയവര്‍, അങ്ങനെ ഒരുപാട് പേര്‍. ഈ തിരച്ചിലിന് ഒരു കൃത്യമായ രൂപരേഖ തയ്യാറാക്കി നല്‍കി കൊണ്ട്, പിറ്റേ ദിവസം മുതല്‍ ഇതില്‍ പൂര്‍ണമായും പങ്കെടുത്തു കൊണ്ട് എനിക്കും ഒരു പങ്ക് വഹിക്കാനായി എന്നുമാത്രം. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചിലിന് ഗൂഗിള്‍ എര്‍ത്ത് മാപ്പിനെയാണ് കൂടുതല്‍ ആശ്രയിച്ചത് എന്ന് അഭിപ്രായം ചിലയിടത്തു നിന്നുണ്ടായിട്ടുണ്ട്. ഗൂഗിള്‍ മാപ്പിനെ കാര്യമായി ആശ്രയിച്ചില്ല എന്നതാണ് സത്യം, മുന്‍പ് ആ സ്ഥലം എങ്ങനെയായിരുന്നു, വീടുകളുടെ സ്ഥാനം ഏന്നിവ സംബന്ധിച്ച് ഫീള്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുമായി ഒത്ത് നോക്കാന്‍ അത് സഹായിച്ചു എന്നുമാത്രം. പ്രധാനമായും ഫീല്‍ഡില്‍ ഇറങ്ങി കിട്ടിയ കാഴ്ചകള്‍, സ്ഥലം സംബന്ധിച്ച് അറിയാവുന്ന നാട്ടുകാരായ റഫീഖ്, അനില്‍, ഹംസാക്ക നല്‍കിയ വിവരം, ബന്ധുക്കളില്‍ നിന്ന് ലഭിച്ച കാര്യങ്ങള്‍, സ്ഥലത്തിന്റെ ചെരിവ്, വെള്ളം ആര്‍ത്തലച്ച് ഒഴുകി വരാവുന്ന ദിശ, മറ്റ് മൃതശരീരങ്ങള്‍ കിട്ടിയ സ്ഥലം, ആളുകള്‍ വീട്ടിനുള്ളിലായിരുന്നോ, പുറത്തിറങ്ങി ഏത് ദിശയില്‍ ഓടി, പാറക്കെട്ട്, അതിന്റെ ഉള്ളില്‍ കുടുങ്ങാനുള്ള സാധ്യത, വീട്ടിലെ സാമഗ്രികള്‍, കെട്ടിയ അവശിഷ്ടങ്ങള്‍ കിട്ടുന്ന സ്ഥലം, വെള്ളം ഒഴുകിയ ഉയരം, പുല്ലൂരാംപാറ അനുഭവത്തില്‍ നിന്ന് ലഭിച്ച പാഠങ്ങള്‍ അങ്ങനെ പലതുമാണ് ഇവിടെയെന്നെ സഹായിച്ചത്. ഇതൊരിക്കലും ഒരൊറ്റയാള്‍ പ്രവര്‍ത്തനത്തിന്റെ ഫലമല്ല. ഇത് ഒരു കൂട്ടായ മിഷന്‍ പ്രവര്‍ത്തനമാണ്. ആ ദൗത്യത്തില്‍ ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്റെ പങ്ക് വഹിച്ചു എന്ന് മാത്രം. എല്ലാവരോടും കൂടിയാണ് നാം നന്ദി പറയേണ്ടത്.

ഓരോ ദുരന്തവും നമുക്ക് ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ ശാസ്ത്രസമൂഹം ധാരാളം പഠനങ്ങള്‍ നടത്തുകയും ഒരുപാട് അറിവുകള്‍ നേടിയിട്ടുമുണ്ട്. പലയിടത്തും കിടക്കുന്ന ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍, ഡേറ്റ, മഴ, മഴയുടെ തീവ്രത, സീസണ്‍ കാറ്റ്, ഉരുള്‍പൊട്ടല്‍, മണ്ണിന്റെ ആഴം, ചെരിവ്, ഘടന എന്നിവയെല്ലാം കോര്‍ത്തിണക്കി ഒരു പഠനം ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തണം എന്നാഗ്രഹിക്കുന്നു. വരും നാളുകളില്‍ വിവിധ കാര്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍; അതിനുവേണ്ടി ഇനി പരിശ്രമിക്കട്ടെ...

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories