TopTop
Begin typing your search above and press return to search.

കെവിനെയും നീനുവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാതിരുന്ന ജാതി കേരളവും അതിനു കൂട്ടുനിന്ന പൊലീസും

കെവിനെയും നീനുവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാതിരുന്ന ജാതി കേരളവും അതിനു കൂട്ടുനിന്ന പൊലീസും
പ്രണയിച്ച പെണ്‍കുട്ടിയോടൊപ്പം ജീവിക്കാനിറങ്ങിയ ഒരു യുവാവ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയുടെ മരവിപ്പിക്കുന്ന തണുപ്പില്‍ ഉറങ്ങുകയാണ്. ഞായറാഴ്ച രാത്രി വരെ അയാള്‍ തിരിച്ചുവരുമെന്ന് കരുതി ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന ഭാര്യയും അമ്മയും അച്ഛനുമെല്ലാം അതേ മരവിപ്പില്‍ തന്നെയാണ്. ജീവനോടെ, മോര്‍ച്ചറിക്ക് പുറത്താണെന്ന് മാത്രം. രണ്ടു ദിവസം കൊണ്ടാണ് ഇവരുടെയെല്ലാം ജീവിതം ഇങ്ങനെയായിത്തീര്‍ന്നത്. അല്ലെങ്കില്‍ നീനുവും കെവിനും തമ്മിലുള്ള പ്രണയമറിഞ്ഞ നാള്‍ മുതല്‍ തുടങ്ങിയ പകയുടേയും വിദ്വേഷത്തിന്റേയും കണക്കുകള്‍ ഒടുക്കിയത് രണ്ടു ദിവസം മുമ്പാണ്.

തെന്മല സ്വദേശിയായ നീനു കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ കെവിനെ പരിചയപ്പെടുന്നത് ഒരു കൂട്ടുകാരി വഴിയാണ്; മൂന്ന് വര്‍ഷം മുമ്പ്. പിന്നീട് പരിചയം പ്രണയമായി. ഇരുവരുടെയും ബന്ധം വീട്ടുകാരറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നീനുവിനെ കെവിനുമായുള്ള ബന്ധത്തില്‍ നിന്ന് വേര്‍പെടുത്താന്‍ വീട്ടുകാര്‍ കിണഞ്ഞ് പരിശ്രമിച്ചു. കെവിന്റേത് ക്രിസ്തുമതം സ്വീകരിച്ച ഹിന്ദു ചേരമര്‍ കുടുംബമാണ്. മിശ്രവിവാഹിതരുടെ കുടുംബമായിട്ടുകൂടി ഈ ബന്ധം അംഗീകരിക്കാതിരിക്കാന്‍ നീനുവിന്റെ കുടുംബക്കാരെ പ്രേരിപ്പിച്ചത് അക്കാരണം തന്നെയായിരുന്നു. ഇലക്ട്രീഷ്യനായ കെവിന്‍ ഇതിനിടെ വിദേശത്ത് ജോലിനോക്കാനായി പോയി. നീനു കോട്ടയത്തെ അമലഗിരി കോളേജില്‍ ബികോം പഠനവും തുടര്‍ന്നു. കെവിനുമായുള്ള ബന്ധത്തില്‍ നിന്ന് നീനു പിന്‍മാറില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ കുടുംബക്കാര്‍ കണ്ടെത്തിയ വഴിയായിരുന്നു മറ്റൊരു വിവാഹം. മറ്റൊരാളുമായി നീനുവിന്റെ വിവാഹം ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ് കെവിന്‍ നാട്ടില്‍ മടങ്ങിയെത്തി. വിവാഹം ആലോചിച്ചെങ്കിലും നീനുവിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഒടുവില്‍ മറ്റൊരു വിവാഹം ഉറപ്പിക്കുമെന്നായപ്പോള്‍ 20 വയസ്സുകാരിയായ നീനു കെവിനൊപ്പം വീടുവിട്ടിറങ്ങി.

മെയ് 24 വ്യാഴാഴ്ചയാണ് നീനു വീട്ടില്‍ നിന്നിറങ്ങുന്നത്. പരീക്ഷയുടെ വിവരങ്ങള്‍ തിരക്കാനായി കോട്ടയത്ത് പോകണമെന്ന് പറഞ്ഞാണ് നീനു പോവുന്നത്. എന്നാല്‍ അന്ന് കെവിനും നീനുവും ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ നിയമപ്രകാരം വിവാഹിതരായി. രാത്രി 7.30-തോടെ വീട്ടിലേക്ക് വിളിച്ച് താനും കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്നും ഇനി വീട്ടിലേക്ക് തിരിച്ചുവരില്ലെന്നും നീനു വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ നീനുവിനെ തിരികെ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ ഓഫ് ചെയ്തിരുന്നതിനാല്‍ അത് കഴിഞ്ഞതുമില്ല. പിന്നീട് വെള്ളിയാഴ്ച നീനുവിന്റെ അച്ഛന്‍ ചാക്കോ തന്റെ മകളെ വിട്ടുകിട്ടണമെന്ന പരാതിയുമായി കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനെ സമീപിച്ചു. പോലീസ് കെവിനേയും നീനുവിനേയും കെവിന്റെ വീട്ടുകാരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. എന്നാല്‍ താനും കെവിനും വിവാഹിതരായതാണെന്നതിന്റെ രേഖകളുമായി എത്തിയ നീനു തനിക്ക് കെവിന്റെ ഒപ്പം ജീവിച്ചാല്‍ മതിയെന്ന നിലപാടില്‍ ഉറച്ചുനിന്നു. വേണമെങ്കില്‍ മകളെ പിടിച്ചുകൊണ്ട് പൊയ്‌ക്കൊള്ളാനാണ് അന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നീനുവിന്റെ വീട്ടുകാരോട് പറഞ്ഞതെന്ന് കെവിന്റെ ബന്ധുക്കള്‍ പറയുന്നു. പോലീസുകാരുടെ മുന്നില്‍ വച്ച് നീനുവിനെ മര്‍ദ്ദിച്ച് വണ്ടിയില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നതായും സാക്ഷികള്‍ പറയുന്നു. എന്നാല്‍ കെവിന്റെ ബന്ധുക്കളും നാട്ടുകാരും ഇടപെട്ടതോടെ അത് നടന്നില്ല.

പിന്നീട് ശനിയാഴ്ച രാവിലെ നൈനുവിന്റെ ഉമ്മയും മറ്റൊരു ബന്ധുവും നീനുവും കെവിനും താമസിക്കുന്ന വീട്ടിലെത്തി മകളെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ നീനു ഇവരെ കാണാന്‍ കൂട്ടാക്കിയില്ല. നിരന്തരം ഭീഷണി നേരിടുന്നതിനാല്‍ നീനുവിന്റെ രക്ഷയെക്കരുതി കെവിന്‍ അവരെ അമ്മഞ്ചേരിയിലെ ഒരു ഹോസ്റ്റലില്‍ ആക്കി. കെവിന്‍ മാന്നാനത്തുള്ള ബന്ധുവിന്റെ വീട്ടിലേക്കും താമസം മാറി. ശനിയാഴ്ച രാത്രി ഒരുമണി കഴിഞ്ഞപ്പോഴാണ് മൂന്ന് വാഹനങ്ങളിലായി നീനുവിന്റെ സഹോദരന്‍ ഷാനുവും സംഘവും മാന്നാനത്ത് കെവിന്‍ താമസിക്കുന്ന അനീഷിന്റെ വീട്ടിലെത്തിയത്. വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കടന്ന സംഘം നീനുവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീട്ടിലെ സാധനങ്ങളെല്ലാം തല്ലിത്തകര്‍ത്ത് കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തി കെവിനേയും അനീഷിനേയും ഈ സംഘം തട്ടിക്കൊണ്ടു പോയി. ബഹളം കേട്ട് സമീപവാസികളെല്ലാം ഉണര്‍ന്ന് പുറത്തിറങ്ങിയെങ്കിലും വടിവാളും കത്തിയും കാണിച്ച് അവരെയെല്ലാം ഭയപ്പെടുത്തിയതിനാല്‍ ആരും എതിര്‍ത്തില്ല. കെവിനേയും അനീഷിനേയും വെവ്വേറെ വാഹനങ്ങളിലാണ് സംഘം തട്ടിക്കൊണ്ട് പോയത്. സമീപവാസികള്‍ പറഞ്ഞാണ് കെവിന്റെ അച്ഛന്‍ വിവരമറിയുന്നത്. ഇതിനിടെ ശനിയാഴ്ച രാത്രി വരെ ഫോണില്‍ സംസാരിച്ച കെവിനെ പിറ്റേന്ന് രാവിലെ മുതല്‍ ഫോണില്‍ കിട്ടാതായപ്പോള്‍ നീനുവിനും അപകടം മണത്തു. കെവിന്റെ അച്ഛന്‍ ജോസഫാണ് ഞായറാഴ്ച രാവിലെ 6.30-തോടെ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി മകനെ തട്ടിക്കൊണ്ട് പോയതായി പരാതി നല്‍കുന്നത്. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചില്ല. പതിനൊന്ന് മണിയോടെ നീനുവും പോലീസ് സ്‌റ്റേഷനിലെത്തി. തന്റെ വീട്ടുകാരാണ് കെവിനെ തട്ടിക്കൊണ്ട് പോയതെന്നും ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് നീനു പരാതി നല്‍കി. എന്നാല്‍ ആ പരാതിയും പോലീസ് സ്വീകരിച്ചില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുള്ളതിനാല്‍ തിരക്കിലാണെന്നും അതിന് ശേഷം നോക്കാമെന്നുമായിരുന്നു എസ്‌ഐയുടെ മറുപടി.

സഹോദരന്റെ ഫോണ്‍ നമ്പറടക്കം പോലീസിന് കൈമാറി, തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് നീനു കരഞ്ഞ് അപേക്ഷിച്ചിട്ടും പോലീസ് അനങ്ങിയില്ല. എന്നാല്‍ അതില്‍ പ്രതിഷേധിച്ച് നീനു പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിന്നു. ഇതറിഞ്ഞ് മാധ്യമങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ പ്രതിഷേധം ബലപ്പെട്ടു. ഇതോടെ പോലീസിന് വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ കഴിയാത്ത് അവസ്ഥ വന്നു. ഇതിനിടെ കെവിനൊപ്പം തട്ടിക്കൊണ്ട പോയ അനീഷും പോലീസ് സ്‌റ്റേഷനിലെത്തി. താന്‍ നേരിട്ട് കണ്ടതും അനുഭവിച്ചതും അറിവുള്ളതുമായ കാര്യങ്ങള്‍ അനീഷ് പോലീസില്‍ അറിയിച്ചു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് കെവിനെ തട്ടിക്കൊണ്ട് പോയതെന്ന വിവരം കൂടി അനീഷ് പോലീസിന് കൈമാറി. ഛര്‍ദ്ദിക്കാനായി വണ്ടി നിര്‍ത്തണമെന്ന് പറഞ്ഞ തന്നെ തിരികെ അയയ്ക്കുകയായിരുന്നു എന്ന് അനീഷ് പോലീസിനോടും മാധ്യമങ്ങളോടും വ്യക്തമാക്കി. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. നീനു നല്‍കിയ സഹോദരന്റെ നമ്പറില്‍ പോലീസ് വിളിച്ചപ്പോള്‍ കെവിന്‍ ഓടിരക്ഷപെട്ടു എന്നാണ് മറുപടി ലഭിച്ചത്.

പിന്നീട് കെവിന്‍ മരണപ്പെട്ട വാര്‍ത്തയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അറിയുന്നത്. തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം കണ്ടെത്തിയത് മുതല്‍ വൈകിട്ട് അഞ്ചരയോടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത് വരെയുള്ള സമയവും സംഭവവികാസങ്ങളുടേതായിരുന്നു.

പോലീസിന്റെ വീഴ്ച എമ്പാടും വിമര്‍ശനവിധേയമായി. പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ രക്ഷപെടുത്താമായിരുന്ന ഒരു ജീവന്‍ ഇല്ലാതായത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വന്‍ തിരിച്ചടിയായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ വിമര്‍ശിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐ എം.എസ് ഷിബുവിനെ സസ്പന്‍ഡ് ചെയ്യുകയും എസ്പി വി.എം മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തു. കൊലപാതകം അന്വേഷിക്കാന്‍ ഐജി വിജയ് സാക്കറയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. നാല് സ്‌ക്വാഡുകള്‍ക്കാണ് അന്വേഷണച്ചുമതല. ഇതുകൂടാതെ കൊല്ലം, കോട്ടയം ജില്ലകളില്‍ അന്വേഷണത്തിന് വെവ്വേറെ സംഘങ്ങളേയും നിയമിച്ചിട്ടുണ്ട്. സി.ബി.സി.ഐ.ഡിയുടെ രണ്ട് ടീമിനും അന്വേഷണച്ചുമതല കൈമാറിയിട്ടുണ്ട്.

മൃതദേഹവുമായി വാഹനം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെടുന്നത് മുതല്‍ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. ദളിത് സംഘടനകളുടേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ പലപ്പോഴും മൃതദേഹവുമായി വരുന്ന വാഹനം തടഞ്ഞു വരെ പ്രതിഷേധമിരമ്പി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയപ്പോഴും ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മൃതദേഹം കാണണമെന്ന് പലരും നിര്‍ബന്ധം പിടിച്ചപ്പോള്‍ ആദ്യം ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ചിലര്‍ക്ക് മാത്രം മൃതദേഹം കാണാനുള്ള അനുമതി നല്‍കി. യുഡിഎഫും ബിജെപിയും സിഎസ്ഡിഎസും ഇന്ന് കോട്ടയത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പതിമൂന്ന് പേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. ഇതില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായി. ഒരാള്‍ തിങ്കളാഴ്ച ഉച്ചയോടെ തന്നെ പിടിയിലായിരുന്നു. മറ്റ് രണ്ട് പേര്‍ തെങ്കാശിയില്‍ ബസില്‍ സഞ്ചരിക്കുമ്പോഴാണ് പോലീസ് പിടിയിലാവുന്നത്. നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനുചാക്കോയടക്കം മറ്റ് പ്രതികള്‍ പിടിയിലാവാനുണ്ട്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് വിവരം. മൂന്ന് മണിയോടെ കെവിന്റെ മൃതദേഹം സംസ്‌കരിക്കും.

സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. ഡിജിപി, കോട്ടയം ജില്ലാ കളക്ടര്‍, കൊല്ലം,കോട്ടയം ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരോടാണ് വിശദീകരണം തേടിയിട്ടുള്ളത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കണക്കാക്കിയാണ് നടപടി.

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories