TopTop
Begin typing your search above and press return to search.

ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി 'സംരക്ഷിക്കപ്പെടേണ്ടവര്‍'-ഭാഗം 3

ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞു. ആ കൊലപാതകം ഉയര്‍ത്തിവിട്ട നിരവധി ചോദ്യങ്ങളുണ്ട്. അതിലൊന്ന് കിര്‍താഡ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളതാണ്. പട്ടിണി, ആട്ടിപ്പായിക്കല്‍, കുടിയൊഴിപ്പിക്കല്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്ന ആദിവാസി ജനത മരിക്കാതിരിക്കാനായി പോരാട്ടം തുടരുമ്പോള്‍ കിര്‍താഡ്‌സ് പോലൊരു സ്ഥാപനം എന്ത് ചെയ്യുന്നു? സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കാനുള്ള സംവിധാനം മാത്രമായി കിര്‍താഡ്‌സ് മാറിയോ? അഴിമുഖം അന്വേഷണം തുടരുന്നു. ഈ പരമ്പരയിലെ ആദ്യ രണ്ടു റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം. – 
ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന 
, കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2 


പട്ടികജാതികളുടേയും പട്ടിക വര്‍ഗങ്ങളുടേയും സമഗ്ര മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കേണ്ട കിര്‍താഡ്‌സിന്റെ ഇടപെടലുകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യാപകമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. ആദിവാസി സമൂഹത്തില്‍ കിര്‍താഡ്‌സ് എങ്ങനെ ഇടപെടുന്നു, ആദിവാസികളെ എങ്ങനെയാണ് സര്‍ക്കാര്‍ സ്ഥാപനമായ കിര്‍താഡ്‌സ് കാണുന്നത് എന്നതിനെക്കുറിച്ച് മാവില സമുദായാംഗമായ
കുഞ്ഞികൃഷ്ണന്
ചിലത് പറയാനുണ്ട്. ആദിവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം ചെയ്യുന്ന കുഞ്ഞികൃഷ്ണന്‍ പറയുന്നത് ആദിവാസി സമൂഹത്തിന്റെ വികസനത്തിനായി പഠനം നടത്താനും അവര്‍ക്കായി നടത്തുന്ന പദ്ധതികള്‍ വിലയിരുത്താനുമായി സ്ഥാപിച്ച/നിലകൊള്ളുന്ന കിര്‍താഡ്‌സിനെ എങ്ങനെയാണ് ആദിവാസി ജനത കാണുന്നതെന്നു കൂടിയാണ്.


"കിര്‍താഡ്‌സിന്റെ അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ട് എടുത്ത് നോക്കിയാല്‍ തന്നെ അറിയാം. കിര്‍താഡ്‌സ് എന്തിനാണ് നിലകൊള്ളുന്നത് എന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്. ഗവേഷണം നടത്തുകയും, അതുപോലെ സര്‍ക്കാര്‍ ചെലവഴിക്കുന്ന ഫണ്ടുകളുടെ വിനിയോഗം എത്രമാത്രം ഈ സമൂഹത്തില്‍ എത്തുന്നുണ്ടെന്നത് മോണിറ്റര്‍ ചെയ്ത്, അത് വിലയിരുത്തി, അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളില്‍ എന്തെല്ലാം മാറ്റം വരുത്തണമെന്നത് നിര്‍ദ്ദേശിക്കാന്‍ കൂടി വേണ്ടിയിട്ടാണ് കിര്‍താഡ്‌സ് നിലകൊള്ളുന്നത്. അത് രൂപീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന അടിസ്ഥാനപരമായ ലക്ഷ്യം.

പക്ഷേ, നിലവില്‍ കിര്‍താഡ്‌സിന്റെ പഠനങ്ങളും കുറേ വര്‍ഷങ്ങളായുള്ള റിസര്‍ച്ചുകളും പരിശീലന പരിപാടികളുമൊക്കെ എടുത്ത് നോക്കിയാല്‍ ആദിവാസികളുടെ ഇടയിലുള്ള വികസനത്തിനായി സര്‍ക്കാരിന് പുതിയ പദ്ധതികള്‍ രൂപീകരിക്കാന്‍ മാത്രം സ്വാധീനമുണ്ടാക്കിയവയായി തോന്നുന്നില്ല.

ഫെബ്രുവരി 26, 27 തീയതികളില്‍ കിര്‍താഡ്‌സ് സംഘടിപ്പിച്ച ഒരു  സെമിനാറില്‍ ഞാന്‍ പങ്കെടുത്തിരുന്നു. റീഹാബിലിറ്റേഷന്‍: അതിന്റെ പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും എന്നതായിരുന്നു വിഷയം. പക്ഷെ ആ വിഷയത്തില്‍ അവതരിപ്പിച്ച പല പഠനങ്ങളും കൃത്യമായ ഗവേഷണത്തിന്റെ മെത്തഡോളജി പിന്തുടര്‍ന്നുള്ള പഠനങ്ങളോ ഒന്നുമായിരുന്നില്ല. പഠനങ്ങളെല്ലാം റിപ്പോര്‍ട്ടിങ് രീതിയിലുള്ളതായിരുന്നു. നേരിട്ട് അവിടെ പോയി കണ്ട കാര്യങ്ങള്‍ പഠനമായി അവതരിപ്പിക്കുക എന്നത് മാത്രമാണ് ചെയ്തിട്ടുള്ളത്. കുറേയധികം ഫണ്ട് ചെലവഴിച്ചും ആളുകളെ പങ്കെടുപ്പിച്ചും നടത്തുന്ന അന്തര്‍ദേശീയ സെമിനാര്‍ ആയിരുന്നു. എന്നാല്‍ ആ ഒരു ഗൗരവത്തോടെയല്ല സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. അതില്‍ നിന്ന് തന്നെ കിര്‍താഡ്‌സിന് ആദിവാസി വിഷയവുമായി ബന്ധപ്പെട്ട റിസര്‍ച്ചില്‍ എത്രമാത്രം താത്പര്യമുണ്ടെന്ന് മനസ്സിലാക്കാനാവും.

സര്‍ക്കാര്‍ ചെലവഴിക്കുന്ന ഫണ്ടുകളുടെ വിനിയോഗത്തെ വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നാണ് കിര്‍താഡ്‌സിനെ ഏല്‍പ്പിച്ച മറ്റൊരു ജോലി. എന്നാല്‍ അത്തരത്തിലേതെങ്കിലുമൊരു പഠനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതായോ അല്ലെങ്കില്‍ കിര്‍താഡ്‌സിന്റെ പഠനം മൂലം പുതിയ ഏതെങ്കിലും പദ്ധതികള്‍ രൂപപ്പെടുത്തിയതായോ അറിവില്ല. ഗവേഷണ പഠനങ്ങള്‍ നടത്താനായിട്ട് ക്വാളിറ്റിയുള്ള ഗവേഷകരാണോ കിര്‍താഡ്‌സില്‍ ഉള്ളത് എന്നതാണ് ഒരു പ്രശ്‌നം. റിസര്‍ച്ചും ജേര്‍ണലിസ്റ്റ് റൈറ്റിങ്ങും രണ്ടും രണ്ടാണ്. ആ ഒരു രീതിയില്‍ ഗൗരവമായ ഒരു പഠനം ഈ മേഖലയില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.

കിര്‍താഡ്‌സ് നടത്തിയിട്ടുള്ള പഠനങ്ങളൊന്നും എസ്.ടി, എസ്.സി മേഖലകളില്‍ കേന്ദ്രീകരിച്ചുള്ള പഠനങ്ങളില്‍ റഫറന്‍സ് ആയി ഉപയോഗിക്കുന്നതായി കാണുന്നില്ല. അത് വ്യക്തമാക്കുന്നത് കിര്‍താഡ്‌സ് നടത്തുന്ന പഠനങ്ങളുടെ നിലവാരമാണ്. കേരളത്തില്‍ ആകെയുള്ള ഒരു റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. പക്ഷെ അത് അതിന്റെ ഉദ്ദേശലക്ഷ്യം നിറവേറ്റാത്തത് ഒരു പ്രശ്‌നമായി നിലനില്‍ക്കുന്നു.

2015-2016, 2016-2017 വര്‍ഷങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ട് എടുത്ത് നോക്കിയാല്‍ ഗവേഷണ പഠനത്തിന് അര കോടിയിലധികം രൂപയാണ് കിര്‍താഡ്‌സ് ചെലവഴിച്ചിരിക്കുന്നത് എന്നു കാണാം. അതുപോലെ തന്നെയാണ് ട്രെയിനിങ്ങിനും. കിര്‍താഡ്‌സ് നടത്തുന്ന ട്രെയിനിങ് കൊണ്ട് ആദിവാസി വിഭാഗത്തിന് ഏത് രീതിയിലാണ് ഗുണം കിട്ടുന്നതെന്ന് ആലോചിക്കണം. ഉദ്യോഗസ്ഥര്‍ക്കും ട്രൈബല്‍ മേഖലയിലെ പ്രമോട്ടര്‍മാര്‍ക്കുമൊക്കെയാണ് സാധാരണ ഗതിയില്‍ ട്രെയിനിങ് നല്‍കുന്നത്. ഇതിനെല്ലാം അവര്‍ക്ക് പരിചയമുള്ള, സ്ഥിരം ആളുകളെക്കൊണ്ട് ക്ലാസ് എടുപ്പിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഒരു ദിവസം അവിടെ താമസിച്ച് പിറ്റേന്ന് സംസാരിച്ച് പോവുന്നവരാണ് അവരില്‍ പലരും. സെമിനാറുകളാണെങ്കിലും ട്രെയിനിങ് പരിപാടികളാണെങ്കിലും അങ്ങനെ തന്നെയാണ് തോന്നിയിട്ടുള്ളത്. എന്താണോ ഉദ്ദേശ ലക്ഷ്യം, അത് നിറവേറ്റാനുള്ള റിസോഴ്‌സ് പേഴ്‌സണെയാണോ ഉപയോഗിക്കാറുള്ളത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഞാന്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത സെമിനാറില്‍ പോലും ഉയര്‍ന്നുവന്ന രണ്ട് വാദങ്ങള്‍ ആദിവാസികളെല്ലാം കാട്ടില്‍ ജീവിക്കുന്നവരാണെന്നും, പുകയില ഉപയോഗവും മദ്യവുമാണ് ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നുമാണ്. അതൊക്കെ തെറ്റായ പ്രസ്താവനകളാണ്. 2008-ലെ കിലയുടെ പഠനം അനുസരിച്ച് പതിനൊന്ന് ശതമാനം പേരാണ് വനങ്ങള്‍ക്കകത്ത് താമസിക്കുന്നത്. ഏതാണ്ട് 20 ശതമാനം പേര്‍ വനമേഖലകളിലും താമസിക്കുന്നു. ആകെ ജനസംഖ്യയുടെ മുപ്പത് ശതമാനം മാത്രമാണ് വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. എന്നാല്‍ കിര്‍താഡ്‌സ് നടത്തിയ സെമിനാര്‍ പ്രസന്റേഷനില്‍ ആദിവാസികള്‍ കാട്ടില്‍ ജീവിക്കുന്നവരാണെന്നാണ് അഭിപ്രായപ്പെട്ടത്. അങ്ങനെയൊരു പൊതുകണ്ണോടെയാണ് അവിടെയുള്ള ഗവേഷകരും ആദിവാസികളെ കാണുന്നത്. ആദിവാസികള്‍ കാട്ടിലാണ് ജീവിക്കുന്നവരാണെന്ന പൊതുബോധമാണ് സമൂഹത്തില്‍ പലര്‍ക്കുമുള്ളത്. എന്നോട് ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചത് അതിന് ഉദാഹരണമായി പറയാം. ഞാന്‍ ആദിവാസിയാണെന്നറിഞ്ഞപ്പോള്‍. 'നിങ്ങള്‍ക്ക് തേന്‍ എടുക്കാന്‍ അറിയുമോ?' എന്നതായിരുന്നു ഒരു ചോദ്യം. 'കാട് കാണണമെന്ന് വലിയ ആഗ്രഹമാണ്, എന്നെ കാട് കാണിക്കാന്‍ കൊണ്ടുപോകുമോ' എന്നായിരുന്നു അടുത്ത ചോദ്യം. ആ ബോധത്തില്‍ നിന്നുകൊണ്ട്, അത്തരത്തിലുള്ള സമീപനമാണ് ആദിവാസികളോടും അവരെ സംബന്ധിച്ച പഠനങ്ങളോടും കിര്‍താഡ്‌സിനുള്ളത്.

ആദിവാസികള്‍ എന്നാല്‍ ഞങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നവരാണെന്ന ബോധത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടായിവരുന്നത്. ഞങ്ങളാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ്, ഞങ്ങളാണ് തീരുമാനിക്കുന്നത് എന്ന ബോധമാണ് ഇവരെ ഭരിക്കുന്നത്. അത് മാറാതെ പഠനങ്ങള്‍ മാറുകയോ, കൃത്യമായ ഇടപെടല്‍ സാധ്യമാവുകയോ ചെയ്യില്ല.

കിര്‍താഡ്‌സിന്റെ മറ്റൊരു പ്രധാന ആക്ടിവിറ്റി 'ഗദ്ദിക' എന്ന പരിപാടിയാണ്. ഗദ്ദികയ്ക്ക് വേണ്ടി പലയിടത്തു നിന്നും ആദിവാസികളെ വിളിച്ച് ചേര്‍ത്ത് പരിശീലനം നല്‍കുന്നുണ്ട്. ഒരര്‍ഥത്തില്‍ അത്തരത്തില്‍ അവസരങ്ങള്‍ കൊടുക്കുക എന്നത് ശരിയായ കാര്യമാണ്. പക്ഷെ സ്ഥിരമായ സംവിധാനങ്ങളാണ് അക്കാര്യത്തിലും വേണ്ടത്. പാരമ്പര്യമായ ആര്‍ട്ടും പ്രോഡക്ട്‌സും വില്‍ക്കാനായിട്ട്, മാര്‍ക്കറ്റ് ചെയ്യാന്‍ ഉതകുന്ന സ്ഥിരം സംവിധാനങ്ങളാണ് വേണ്ടത്. അല്ലാതെ വെറും കാഴ്ചവസ്തുക്കളായി ആദിവാസികളെ നിരത്തുകയും, ഗദ്ദികയ്ക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കുന്ന വലിയ ഫണ്ട് ചെലവഴിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അതില്‍ മാറ്റം വരണം.

കിര്‍താഡ്‌സില്‍ അറുപത് ഉദ്യോഗസ്ഥരുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഈ ഒരു സ്‌ട്രെങ്ത് വച്ചുള്ള പ്രവര്‍ത്തനങ്ങളല്ല അവിടെ നടക്കുന്നത്. ഞാന്‍ താമസിക്കുന്ന സെറ്റില്‍മെന്റില്‍ തന്നെ രണ്ട് പേര്‍ ആന്ത്രപ്പോളജിയില്‍ എം.എ, എം.ഫില്‍ കഴിഞ്ഞവരുണ്ട്. പാലയാട് കാമ്പസില്‍ നിന്ന് പഠിച്ചിറങ്ങിയവരില്‍ തന്നെ ആദിവാസി വിഭാഗത്തില്‍ നിന്നും ആന്ത്രപ്പോളജിയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ കുറേയധികം പേരുണ്ട്. അവരെല്ലാം തൊഴിലില്ലാതെ നില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള സംവിധാനത്തില്‍ അവരെ ഉള്‍ക്കൊള്ളാനായിട്ട് കിര്‍താഡ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ തയ്യാറാവുന്നില്ല. ജാതി തെളിയിക്കുന്ന സംവിധാനങ്ങള്‍ പോലും ഫലപ്രദമായി നടത്താന്‍ കിര്‍താഡ്‌സിനാവുന്നില്ല. കിര്‍താഡ്‌സിന്റെ 2016-17-ലെ റിപ്പോര്‍ട്ടില്‍ പാരാമെഡിക്കല്‍, എല്‍എല്‍എം അത്തരം കോഴ്‌സുകള്‍ പഠിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി ഇവരുടെ കീഴില്‍ വന്ന കേസുകളില്‍ 1024 എണ്ണം അവര്‍ സ്‌ക്രീനിങ് കമ്മിറ്റിക്ക് കൊടുത്തു. അവര്‍ യോഗ്യരല്ല അല്ലെങ്കില്‍ ആദിവാസിയോ എസ് സി വിഭാഗക്കാരോ അല്ല എന്ന് പറഞ്ഞ് ഇവര്‍ എഴുതി നല്‍കി. അത് സത്യസന്ധമാണോ എന്നറിയില്ല. അത്രമാത്രം കള്ള ജാതിസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാവുന്നുണ്ടോ എന്ന് സംശയമാണ്.

പിന്നെ മുറുക്കാന്‍ ഉപയോഗിക്കുന്നതും മദ്യപാനവും തന്നെയാണ് ആദിവാസികളുടെ പ്രധാന പ്രശ്നം എന്ന് വരുന്നതും പൊതുബോധത്തില്‍ നിന്നാണ്. മധു എന്നയാള്‍ക്ക് എങ്ങനെ അത്തരത്തിലൊരു അനുഭവമുണ്ടായി. അത് ആളുകളുടെ ബോധത്തില്‍ വരുന്ന ഒന്നാണ്. അത്തരത്തില്‍ വേഷം ധരിച്ചുവരുന്നവരൊക്കെ കള്ളന്‍മാരാണെന്നോ അല്ലെങ്കില്‍ അവര്‍ മര്‍ദ്ദിക്കപ്പെടേണ്ടവരാണോ എന്ന പൊതുബോധത്തിന്റെ മറ്റൊരു തലമാണ് കിര്‍താഡ്‌സ് ചെയ്യുന്നതും. രക്ഷാകര്‍തൃത്വത്തിന്റെ ഭാഗമായിട്ടാണ് അതും തോന്നുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട ഭൂരിഭാഗം പഠനങ്ങളിലും ഈ പുകയില ഉപയോഗവും മദ്യപാനവുമാണ് പ്രശ്നം എന്ന് വരുന്നുണ്ട് എന്നുള്ളതാണ് രസകരമായ കാര്യം. ഭൂമി പ്രശ്‌നമോ, സാമ്പത്തിക വശങ്ങളോ ആണ് പഠിക്കുന്നതെങ്കിലും അതിലെല്ലാം വരുന്ന അവസാന കണ്ടെത്തല്‍ എന്നു പറയുന്നത് മദ്യപാനവും പുകയിലയുടെ അമിതമായ ഉപയോഗവുമാണ് ഇവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം എന്നാണ്. ആദിവാസികളെ സംബന്ധിച്ച് ഇതിനെയെല്ലാം മറികടന്നുകൊണ്ട് കാസ്‌കയുടെ പഠനങ്ങളിലൊക്കെ വരുന്ന വിഭവാധികാരത്തെക്കുറിച്ചുള്ള തിയററ്റിക്കലായ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്ന, ആദിവാസി ദേശീയത തുടങ്ങിയ പഠനങ്ങളൊക്കെ ഉള്ള സമയത്താണ് ഇവര്‍ പഴയ അതേ തീരുമാനങ്ങളും നിഗമനങ്ങളുമായി വരുന്നത്. എഡ്ഗര്‍ തേസ്റ്റണ്‍, എ.എ.ഡി ലൂയിസ് എന്നിവരൊക്കെ നടത്തിയ ആന്ത്രപ്പോളജിക്കലോ, സോഷ്യോളജിക്കലോ ആയ പഠനങ്ങളില്‍ നിന്ന് പുറത്ത് വരാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പുതിയ രീതിയില്‍ ആദിവാസികളുടെ വികസന കാഴ്ചപ്പാടുകള്‍ എന്താണ് എന്ന് അവര്‍ മനസ്സിലാക്കുന്നതേയില്ല. ചരിത്രപരമായിട്ടും ഭരണഘടനാപരമായിട്ടും ആദിവാസികളില്‍ നിക്ഷിപ്തമായിട്ടുള്ള ചില അധികാരങ്ങള്‍ ആണ് അവര്‍ നിരന്തരം ആവശ്യപ്പെടുന്നത്. ഭൂമിയും വനാവകാശവും ഒക്കെ അതില്‍ പെടുന്നതാണ്. ഇവിടെ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. ഇവരുടെ പഠനങ്ങളാണ് അത് അങ്ങനെ ആവാന്‍ കാരണം. ഇത്തരത്തിലുള്ള ചിന്തകള്‍ വരുന്ന പഠനങ്ങളോ റിപ്പോര്‍ട്ടുകളോ കിര്‍താഡ്‌സില്‍ നിന്ന് പുറത്തുവരാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ആ രീതിയില്‍ ഒന്നും ചെയ്യാത്തത്. പഠനങ്ങളുടെയൊക്കെ അടിസ്ഥാനത്തിലാണല്ലോ സര്‍ക്കാരും ഇതൊക്കെ ചെയ്യുന്നത്. അത്തരത്തിലുള്ള പഠനങ്ങള്‍ വരാത്തത് കിര്‍താഡ്‌സിന്റെ വലിയ പോരായ്മയാണ്.

കവികള്‍ പലരും ആദിവാസികളുടെ ജീവിതത്തെ റൊമാന്റിസൈസ് ചെയ്തിട്ടുണ്ട്. അതേ സമീപനമാണ് കിര്‍താഡ്‌സും പിന്തുടരുന്നത്. കാടും കല്ലുമാലയും വസ്ത്രധാരണവും കാണിച്ചുകഴിഞ്ഞാല്‍ ആദിവാസികളായി. ഞാന്‍ താമസിക്കുന്ന സെറ്റില്‍മെന്റില്‍ 13 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്. 15 പോസ്റ്റ് ഗ്രാജ്വേറ്റായ ആളുകളുണ്ട്. അത്തരം കാര്യങ്ങളൊന്നും അവര്‍ അറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. കിര്‍താഡ്‌സിന് കൃത്യമായ അജണ്ടയുണ്ട്. അതുകൊണ്ടാണ് മ്യൂസിയം എന്നൊക്കെയുള്ള കോണ്‍സപ്റ്റിലേക്ക് അവര്‍ എത്തുന്നത്. ആദിവാസികളെ മ്യൂസിയം പീസുകളാക്കുക എന്നത് തന്നെയാണ് ഇവരുടെ കാഴ്ചപ്പാട്. സോഷ്യോളജിയുടെയാണെങ്കിലും ആന്ത്രപ്പോളജിയുടെയാണെങ്കിലും അതിന്റെ രീതികളും മെത്തഡോളജിയുമൊക്കെ എത്രത്തോളം മാറി; പഠനത്തിന് പുതിയ സങ്കേതങ്ങളുണ്ടെങ്കില്‍ അത് കൊണ്ടുവരേണ്ടതും വികസിപ്പിക്കേണ്ടതും എല്ലാം ഇത്തരത്തിലുള്ള സ്ഥാപനമാണ്. സിംപതറ്റിക്കലായി ആദിവാസികളെ സമീപിക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു. സത്യത്തില്‍ എസ്.ടി വകുപ്പ് തന്നെ പൂട്ടിപ്പോകണം എന്നാണ് ഞാന്‍ പറയുക. ഒരു പണിയും ചെയ്യാത്ത ആളുകളാണ്. പറയാതിരിക്കാന്‍ നിവൃത്തിയില്ല. പുതിയ പദ്ധതികള്‍ എന്തെങ്കിലും വരുമ്പോള്‍ എന്തിനാണതൊക്കെ എന്നാണ് ചോദ്യവും സമീപനവും. വെറുതെ വര്‍ഷത്തില്‍ കിട്ടുന്ന ഫണ്ട് ചെലവഴിക്കുക എന്ന് മാത്രമേയുള്ളൂ പലര്‍ക്കും. അതുപോലെ തന്നെയാണ് കിര്‍താഡ്‌സും. അമ്പത് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നടത്തുന്ന പരിശീലന പരിപാടികള്‍- ഇതൊക്കെ എന്തിനാണെന്ന് ആരെങ്കിലും വ്യക്തമാക്കിയാല്‍ കൊള്ളാം. അതുപോലെ നാടന്‍ കലകള്‍ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ നടത്തുന്ന ചിലത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നില്‍ ആദിവാസി കല എന്ന് പറഞ്ഞിട്ട് ഊരാളി ബാന്‍ഡിനെ കൊണ്ടുവന്നാണ് ഇവര്‍ പരിപാടി അവതരിപ്പിച്ചത്.

പൊതുധാരണകളെയെല്ലാം മറികടക്കുന്ന തരത്തിലേക്ക് ആദിവാസി സമൂഹം വളര്‍ന്നു കഴിഞ്ഞു. ഇനി എന്നാണ് അത് കിര്‍താഡ്‌സ് മനസ്സിലാക്കുക? ഒന്നുകില്‍ മനപ്പൂര്‍വം അവര്‍ ശ്രമിക്കാത്തതാണ്. അല്ലെങ്കില്‍ ഇതേ അവര്‍ക്ക് അറിയുമായിരിക്കുകയുള്ളൂ. ഇതാണ് നരവംശപഠനം എന്നായിരിക്കാം അവരുടെ കാഴ്ചപ്പാട്".

http://www.azhimukham.com/offbeat-why-kirtads-intervene-in-tribal-culture-and-rituals-report-part-2-by-kr-dhanya/

http://www.azhimukham.com/kerala-what-is-kirtads-doing-for-tribes-and-dalit-community-report-by-kr-dhanya/

http://www.azhimukham.com/kerala-entrance-commission-detain-dalit-llb-student-for-cast-clarification/

http://www.azhimukham.com/kerala-how-kirtads-ousted-eravallan-community-from-st-list-report-by-regina/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories