TopTop
Begin typing your search above and press return to search.

നീതി വേണമെന്ന് ആ അമ്മ ഇപ്പോഴും നിലവിളിക്കുകയാണ്; എന്നിട്ടും സര്‍ക്കാര്‍ ന്യായീകരിക്കുന്നു: കെകെ രമ/അഭിമുഖം

നീതി വേണമെന്ന് ആ അമ്മ ഇപ്പോഴും നിലവിളിക്കുകയാണ്; എന്നിട്ടും സര്‍ക്കാര്‍ ന്യായീകരിക്കുന്നു: കെകെ രമ/അഭിമുഖം

ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളായവരെ പിടികൂടാനും നീതി ലഭിക്കാനുമായി അമ്മ മഹിജയും കുടുംബാഗങ്ങളും നടത്തിയ സമരത്തെ പോലീസ് നേരിട്ട നടപടി അതിരൂക്ഷമായ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സംഭവം പിണറായി വിജയന്‍ സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട മുന്‍ സിപിഎം പ്രവര്‍ത്തകനും ആര്‍എംപി സ്ഥാപക നേതാവുമായ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമയും രംഗത്തു വന്നിരുന്നു. രമയുമായി അഴിമുഖം പ്രതിനിധി നടത്തിയ സംഭാഷണത്തില്‍ നിന്ന്-

ചോദ്യം: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളെ പിടികൂടാനും നീതി ലഭിക്കാനുമായി അമ്മ മഹിജയും കുടുംബാഗങ്ങളും നടത്തിയ സമരത്തില്‍ പോലീസ് നടത്തിയ നടപടിയെക്കുറിച്ച്...

ഉത്തരം: നീതി തേടാന്‍ വന്ന കുടുംബത്തെ തല്ലി ചതയ്ക്കാന്‍ പോലീസും ഭരണാധികാരികളും തയ്യാറാവുന്നത് പോലുള്ള സംഭവം കേരളത്തിന്റ ചരിത്രത്തില്‍ ഇല്ല. എന്നിട്ടും മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ അതിനെ ന്യായീകരിക്കുന്നത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്ക് ഈ രൂപത്തില്‍ ന്യായീകരിക്കാന്‍ കഴിയുക. സമരത്തിനിടയ്ക്ക് നുഴഞ്ഞുകയറ്റക്കാരുണ്ടെന്നാണ് പറയുന്നത്. ഉണ്ടെങ്കില്‍ അതിന് സമരത്തിന് വന്ന ജിഷ്ണുവിന്റെ കുടുംബം ഉത്തരാവാദികളല്ല. ഒരു സമരം നടക്കുമ്പോള്‍ പുറമേ നിന്ന് ആളുകള്‍ കയറുന്നുണ്ടെങ്കില്‍ അവരെ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്യേണ്ടത് പോലീസുകാരാണ്. അതിനൊക്കെ വേണ്ടിയാണ് ഡിജിപിയുടെ തൊപ്പിവെച്ച് ഒരാളെ അവിടെ ഇരുത്തിയിരിക്കുന്നത്. അവര്‍ക്കാണ് നിയന്ത്രിക്കാന്‍ കഴിയാഞ്ഞത്. എന്തിനാണ് ആ കുടുംബത്തെ കുറ്റം പറയുന്നത്.

പിന്നെ ന്യായമായ സമരങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ ഭാഗമാകാറുണ്ട്. അങ്ങനെയുള്ളവരെ ഒരു ന്യായവുമില്ലാതെ ജയിലിലടയ്ക്കുക എന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യ സമരങ്ങളെ ഈ രൂപത്തില്‍ നേരിടുന്ന ഒരു സര്‍ക്കാരിനെ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുന്നില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ജനതയും ഇത് പ്രതീക്ഷിക്കുന്നില്ല. ഇത്തരം സമരങ്ങളിലൂടെയും മറ്റും വളര്‍ന്നുവന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാക്കളാണ് ഇവിടെയിരിക്കുന്നത്.

മൂന്ന് മാസമായി, ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഏറ്റവും അവസാനമാണ് സമരത്തിനായി അവര്‍ ഇവിടെ എത്തിയത്. 27-ാം തീയതിയായിരുന്നു ഇവര്‍ സമരം തീരുമാനിച്ചിരുന്നത്. പ്രതികളെ പിടികൂടുമെന്ന് ഉറപ്പുകൊടുത്തതുകൊണ്ടാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തീരുമാനിച്ചത്. ആ ഉറപ്പ് പാലിക്കാത്തതുകൊണ്ടും ഗതികേട്ടുമാണ് അവര്‍ സമരത്തിനിറങ്ങിയത്. ഇതെല്ലാം ഭരണകൂടത്തിനും പോലീസിനും നന്നായി അറിയാം. ഇവര്‍ സമരത്തിന് വന്നതല്ലെന്നും ഡിജിപിയെ കാണാന്‍ വന്നതാണെന്നുമുള്ള ന്യായീകരണങ്ങള്‍ കേള്‍ക്കുന്ന ഗതികേടിലാണ് നമ്മള്‍. ഇതൊന്നും കേരളത്തിലെ മന:സാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. നീതി വേണമെന്ന് മഹിജ ഇപ്പോഴും നിലവിളിച്ചുകൊണ്ടിരിക്കുകയാണ്. ആ അമ്മയുടെ മനസ്സ് നിലവിളിക്കുകയാണ്.

ഒരു പക്ഷെ കുറ്റം ചെയ്ത ക്രിമനലുകളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ച് ജയിലിലിട്ടു എന്നു തന്നെ കരുതുക. പ്രതികള്‍ക്ക് കിട്ടുന്ന പരിഗണനകള്‍ മറ്റു കേസുകളിലൂടെ നമ്മള്‍ കാണുന്നതാണല്ലോ. ഇരകള്‍ക്ക് നീതി കിട്ടാത്ത അവസ്ഥയാണിവിടെ. അവരുടെ കണ്ണീര്‍ തോരുന്നില്ല. ഞാനൊക്കെ ഇത്തരത്തിലുള്ള ഒരു ഇരയാണ്. നീതിക്ക് വേണ്ടി അന്നും ഇന്നും നടക്കുകയാണ്. നീതി കിട്ടിയവര്‍ക്കാവട്ടെ ജയിലില്‍ കിടക്കുന്ന കുറ്റവാളികളെ പുറത്തിറക്കാനും അവരെ സംരക്ഷിക്കാനും ഭരണകൂടം ഓടി നടക്കുന്നതാണ് കാണേണ്ടി വരുന്നത്.

അധികാരവും പണവുമുള്ള ആളുകള്‍ക്ക് എന്തും നടക്കുമെന്നുള്ള അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. അതിന് ഏത് സര്‍ക്കാര്‍ വന്നിട്ടും ഒരു മാറ്റവുമില്ല. എല്ലാ ആളുകളും ഇവരുടെ ഒത്താശക്കാരാണ്. കൃഷ്ണദാസിന്റെ എജന്റുമാരായി കേരളത്തിലെ ഭരണാധികാരികള്‍ മാറുകയാണ്. ഇവരെല്ലാം കൃഷ്ണദാസിന്റെ സൗജന്യം പറ്റുന്നവരാണ്. ഇതാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. ഇതാണ് സത്യം. ഇരക്കൊപ്പം എന്നു പറയുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന സര്‍ക്കാരിനെയും അധികാരികളെയുമാണ് നമ്മള്‍ കാണുന്നത്. ഇവിടെ പാവങ്ങള്‍ക്ക് നീതി കിട്ടില്ല.

ചോദ്യം: ഹിന്ദുത്വ സംഘടനകളും മറ്റും ജിഷ്ണുവിന്റെ അമ്മയെ ഉപയോഗിക്കുകയാണെന്ന തരത്തില്‍ സിപിഎം നേതാക്കളും മന്ത്രിമാരും പ്രത്യക്ഷമായും പരോക്ഷമായും പറയുന്നുണ്ട്. ഇതിനെക്കുറിച്ച് എന്താണ് പ്രതികരിക്കുന്നത്?

ഉത്തരം: ഇത് സ്ഥിരം പ്രയോഗങ്ങളാണ്. ഇത്തരത്തിലുള്ള ജനകീയ സമരങ്ങളെ അതിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പ്രചരണങ്ങളാണ് ഇതെല്ലാം. ടിപി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ട സമയത്ത് വലതു തീവ്രവാദ സംഘടനകളാണ് ഇത് ചെയ്തതെന്ന് ആദ്യം പ്രചരിപ്പിച്ചുകൊണ്ട് രംഗത്തുവന്നത് ഇന്നത്തെ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരായിരുന്നു. സമരം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ ഞങ്ങളും കണ്ടതാണ്. അതിലൊന്നും ഹൈന്ദവ സംഘടനയുടെ നുഴഞ്ഞുകയറ്റുകാരന്‍ എന്ന് പറയുന്ന തോക്ക് സ്വാമിയെ (ഹിമവല്‍ ഭദ്രാനന്ദ) കണ്ടില്ല. പിറ്റേന്ന് പത്രത്തിലാണ് അത്തരമൊരു വിവരം കാണുന്നത്. ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പിടികൂടേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. അയാള്‍ (ഹിമവല്‍ ഭദ്രാനന്ദ) വന്നിട്ടുണ്ടെങ്കില്‍ തന്നെ അതിന് ഈ സമരക്കരോ കുടുംബക്കാരോ അല്ല കാരണം. ഇതെല്ലാം യഥാര്‍ഥ പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ്.

ചോദ്യം: സംഭവവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ പ്രതികരണങ്ങളും വിവാദമായിരുന്നു. പ്രത്യേകിച്ച് എ.എന്‍ ഷംസീര്‍ എംഎല്‍എ...

ഉത്തരം: ഇവരെയൊക്കെ എങ്ങനെയാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളാണെന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയിലും യുവാക്കളുടെ ഇടയിലും ചെല്ലുവാന്‍ കഴിയുന്നത്. നാണക്കെട്ടവന്മാര്‍. ശരിക്കും ഷംസീര്‍ എന്ന പേര് ഉച്ചരിക്കാന്‍ പോലും കേരളത്തിലെ പൊതുബോധമുള്ള ഒരാള്‍ക്ക് കഴിയാത്ത തരത്തിലുള്ള പ്രതികരണമാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇവരൊക്കെ ആദ്യം തന്നെ അങ്ങ് പ്രതികരിക്കും തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് ഇതിന് പിന്നിലെന്ന്. ഇതാണ് ഇവരുടെ (സിപിഎം) നേതാക്കാന്മാര്‍. ഇതാണ് ഇവരുടെ ചരിത്രം.

ചോദ്യം: അമ്മമാര്‍ മക്കള്‍ക്ക് വേണ്ടി തെരുവിലിറങ്ങുന്ന കാലമാണിന്ന്. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും അമ്മമാരെ മക്കള്‍ക്കുവേണ്ടി, നീതിക്കു വേണ്ടി, തെരുവിലിറങ്ങി സമരം ചെയ്യുന്നതിലേക്ക് കൊണ്ട് എത്തിച്ചിരിക്കുകയാണ്. രമയും ഒരു അമ്മയാണ്..

ഉത്തരം: ഒരു മകനെ നഷ്ടപ്പെട്ട ഒരമ്മയാണവര്‍. ആ അമ്മ മൂന്ന് മാസമായി മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ട്; ആരോഗ്യമില്ലാത്ത അവര്‍ക്ക് ഒന്ന് നടക്കണമെങ്കില്‍ ഒരാളുടെ സഹായം വേണമിപ്പോള്‍. ഈ അവസ്ഥയിലും ഈ അമ്മ സമരത്തിനിറങ്ങിയെങ്കില്‍ എന്തുമാത്രം വേദനയായിരിക്കും അവര്‍ അനുഭവിച്ചിരിക്കുക. കേരളത്തിലെ എല്ലാ മക്കളുടെയും അമ്മയായി മാറി അവര്‍. ഇവിടുത്തെ ഒരോ മക്കളുടെയും അമ്മയായി മാറി അവര്‍. അമ്മമാരെ സമരത്തിലേക്ക് എത്തിക്കുന്നതില്‍ സങ്കടം തോന്നുകയാണ്. മഹിജയും (ജിഷ്ണുവിന്റെ അമ്മ) കുടംബാംഗങ്ങളും അതിശക്തമായി നീതിക്ക് വേണ്ടി വന്നില്ലായിരുന്നുവെങ്കില്‍ ഈ കൊലപാതകം വെറും ആത്മഹത്യയാക്കി മാറ്റി തീര്‍ക്കുമായിരുന്നു.

ചോദ്യം: ഇപ്പോള്‍ എല്ലാ കുറ്റങ്ങളും ഡിജിപി ബെഹ്‌റയിലേക്ക് മാത്രം ഒതുങ്ങുകയാണോ? ആഭ്യന്തരം വകുപ്പുകൂടി കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലേ?

ഉത്തരം: ഡിജിപിയും ഭരണത്തിന്റെ പ്രതിരൂപമാണ്. ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്ലാതെ ഡിജിപിക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രധാന തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനും അതിന്റെ മന്ത്രിക്കുമുണ്ടെന്ന കാര്യത്തില്‍ യതൊരു സംശയവുമില്ല. പിണറായി വിജയന്റെ വ്യക്തമായ നിര്‍ദേശത്തോടെയാണ് ബെഹ്‌റ പ്രവര്‍ത്തിക്കുന്നത്. പിണറായി, അങ്ങോട്ട് പോ... ഇങ്ങോട്ട് പോ... എന്നുപറയുമ്പോള്‍ ആടുന്ന ഒരു ആളുമാത്രമാണ് ബെഹ്‌റ. ഇതിന് വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ കൊണ്ടുവന്നത്.


Next Story

Related Stories