TopTop
Begin typing your search above and press return to search.

മാണി സാറിന് കോട്ടയത്ത് യാത്രാമൊഴി; പത്തനംതിട്ടയില്‍ പി സി ജോര്‍ജ്ജിന് ഗൃഹപ്രവേശം

മാണി സാറിന് കോട്ടയത്ത് യാത്രാമൊഴി; പത്തനംതിട്ടയില്‍ പി സി ജോര്‍ജ്ജിന് ഗൃഹപ്രവേശം

കേരള കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇന്നലെയും ഇന്നും നാളെയും മറ്റ് തെരക്കുകളെല്ലാം മാറ്റിവച്ച് എറണാകുളത്തും കോട്ടയത്തും പാലായിലുമായി നില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ എം മാണിയോട് തെറ്റി പാര്‍ട്ടി വിട്ടവര്‍ മുതല്‍ അഭിപ്രായ ഭിന്നതയോടെ പാര്‍ട്ടിയില്‍ തുടരുന്നവരും കെ എം മാണിയെ നേരിട്ട് കണ്ടിട്ടില്ലാവരുമെല്ലാം അദ്ദേഹത്തിന് യാത്രാമൊഴി നല്‍കാനായി റോഡരികുകളിലും വാഹനത്തിനൊപ്പവും യാത്ര ചെയ്യുന്നുമുണ്ട്.

എന്നാല്‍ ഒരു കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പി സി ജോര്‍ജ്ജിനും ഇന്ന് നിര്‍ണായകമാണ്. അതും മാണി സാറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന തിരുനക്കര മൈതാനത്തില്‍ നിന്നും കുറച്ച് ദൂരം മാത്രം പോയാല്‍ എത്തിച്ചേരാവുന്ന പത്തനംതിട്ട ജില്ലയില്‍. ജോര്‍ജ്ജ് ഇവിടെ വച്ചാണ് ഇന്ന് വൈകുന്നേരം എന്‍ഡിഎയില്‍ ചേര്‍ന്ന് ബിജെപിയുമായി കൈകോര്‍ക്കുന്നത്. കെ എം മാണിയുടെ മരണത്തിന് ശേഷം ഹൃദയസ്പര്‍ശിയായ ദുഃഖപ്രകടനങ്ങളിലൊന്ന് വായിച്ചത്‌ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്‌ ജോര്‍ജ്ജ് പറഞ്ഞതായിരുന്നു. ആ വേദന ഒരിക്കലും എന്റെ മനസില്‍ നിന്ന് മായില്ലെന്നാണ് മാണി സാറിനെക്കുറിച്ച് പി സി ജോര്‍ജ്ജ് പറയുന്നത്. മാണി സാറില്‍ നിന്നും തുടങ്ങിയ പി സി ജോര്‍ജ്ജിന്റെ രാഷ്ട്രീയജീവിതം ഇന്നത്തെ ദിവസം തന്നെ വഴിമാറിയൊഴുകുന്നത് ഒരു യാദൃശ്ചികതയാകാം.

പന്നീട് വഴിമാറി സഞ്ചരിച്ച ഇരുവരുടെയും രാഷ്ട്രീയ നിലപാടുകള്‍ വീണ്ടും ഒന്നായിരുന്നു. അപ്പോഴും രണ്ട് പക്ഷത്തായിരുന്നു. പിന്നീടൊരിക്കല്‍ കേരള രാഷ്ട്രീയത്തിലെ മാണിയുടെ കടുത്ത വിമര്‍ശകനായും ജോര്‍ജ്ജ് മാറി. എന്നാല്‍ ഒരിക്കല്‍ പോലും പിസി ജോര്‍ജ്ജിനെതിരെ ഒരു കടുത്തവാക്ക് പോലും മാണിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നത് എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കെഎം മാണി എന്തെങ്കിലും പറയുമെന്ന് കേള്‍വിക്കാര്‍ പ്രതീക്ഷിക്കുമെങ്കിലും മാണി സാര്‍ ഒന്നും മിണ്ടാതെ പോകുന്നതാണ് കാണാനാകുക.

കെഎം മാണിയുമായുള്ള പി സി ജോര്‍ജ്ജിന്റെ വ്യക്തിബന്ധം ആരംഭിച്ചത് 1965ലാണ്. കേരള കോണ്‍ഗ്രസ് രൂപീകരിച്ച ശേഷം നേതാക്കള്‍ക്ക് ഈരാറ്റുപേട്ടയില്‍ ഒരു സ്വീകരണം ഒരുക്കിയിരുന്നു. അതില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ജോര്‍ജ്ജിന്റെ അപ്പനെ കാണാന്‍ അന്നവര്‍ വീട്ടിലും ചെന്നു. അതിന് ശേഷവും ഇടയ്ക്കിടെ കേരള കോണ്‍ഗ്രസിന്റെ പ്രചരണത്തിനായി മാണി സാര്‍ ഈരാറ്റുപുഴയില്‍ എത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന തനിക്ക് അന്ന് തന്നെ മാണി സാറിനോട് ഒരു ഇഷ്ടമുണ്ടായിരുന്നതായും ജോര്‍ജ്ജ് പറയുന്നു.

ജോര്‍ജ്ജ് സജീവ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിന് ശേഷമാണ് 1967ല്‍ കേരള കോണ്‍ഗ്രസ് നിയമസഭയില്‍ അഞ്ച് സീറ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അവര്‍ ഈരാറ്റുപേട്ടയില്‍ നിന്ന് വണ്ടി വിളിച്ച് മാണി സാറിന്റെ വീട്ടില്‍ പോയി. അന്നു തുടങ്ങിയ ആത്മബന്ധമാണ് കെഎം മാണിയും പി സി ജോര്‍ജ്ജും തമ്മില്‍. ജോര്‍ജ്ജ് എറണാകുളം തേവര കോളേജില്‍ ചേര്‍ന്നപ്പോള്‍ എറണാകുളത്ത് കേസിന്റെ ആവശ്യത്തിനായി മാണി വരുമ്പോള്‍ വണ്ടി വിട്ട് വിളിപ്പിക്കുമായിരുന്നു. മകനോടെന്ന പോലെയാണ് പെരുമാറിയിരുന്നത്.

എന്നാല്‍ 1976ല്‍ പാര്‍ട്ടി പിളരുകയും ജോര്‍ജ്ജ് പി ജെ ജോസഫിനൊപ്പം പോകുകയും ചെയ്തതോടെ അദ്ദേഹം മാണി വിരുദ്ധന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. 1979ല്‍ ജോസഫ് പക്ഷത്ത് നിന്ന് എംഎല്‍എയായതോടെ മാണി വിരുദ്ധ എംഎല്‍എയുമായി. മാത്രമല്ല, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജോസഫ് പക്ഷം പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പാക്കുന്നത് എതിര്‍ത്തപ്പോള്‍ മാണിയുടെ നിലപാടാണ് തന്നെ തുണച്ചതെന്നും ജോര്‍ജ്ജ് സമ്മതിക്കുന്നു.

ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് ജോര്‍ജ്ജിനെ യുഡിഎഫ് ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്നത് മറ്റൊരു കഥ. ആ മാണി സാര്‍ ഇന്ന് കോട്ടയത്ത് ആയിരങ്ങളുടെ യാത്രമൊഴി ഏറ്റുവാങ്ങി വിടപറയുമ്പോള്‍ ജോര്‍ജ്ജ് മറ്റൊരു രാഷ്ട്രീയത്തിന്റെ ഭാഗമാകുകയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മാണി സാര്‍ യാത്ര പറയുമ്പോള്‍ ജോര്‍ജ്ജ് മറ്റൊരു ഗൃഹപ്രവേശനത്തിനൊരുങ്ങുകയാണ്.


Next Story

Related Stories