TopTop
Begin typing your search above and press return to search.

പറഞ്ഞ ശമ്പളമില്ല, ഭക്ഷണത്തിന് സൗകര്യമില്ല, കൊച്ചി മെട്രോയിലെ ജോലി നിലനിര്‍ത്താന്‍ അവധിയെടുത്ത് മറ്റ്‌ ജോലികള്‍ ചെയ്യേണ്ട ഗതികേട്: തുറന്നു പറഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ ഫൈസല്‍

പറഞ്ഞ ശമ്പളമില്ല, ഭക്ഷണത്തിന് സൗകര്യമില്ല, കൊച്ചി മെട്രോയിലെ ജോലി നിലനിര്‍ത്താന്‍ അവധിയെടുത്ത് മറ്റ്‌ ജോലികള്‍ ചെയ്യേണ്ട ഗതികേട്: തുറന്നു പറഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ ഫൈസല്‍

ചരിത്രപരമായ തീരുമാനമായിരുന്നു കൊച്ചി മെട്രോയില്‍ ട്രാന്‍ല്‌ജെന്‍ഡര്‍ വിഭാഗത്തിനു ജോലി വാഗ്ദാനവും, തുടര്‍ന്നു വിവിധ വകുപ്പുകളിലേക്കായി 23 ട്രാന്‍സ്‌ജെന്‍ഡറുകളുടെ നിയമനവും. ഈ തൊഴിലവസരങ്ങളിലൂടെ ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമവും, ജോലി ചെയ്യുവാനുള്ള അവസ്ഥയില്‍ ഇവരെ സജ്ജരാക്കാനുള്ള ശ്രമവും തുടക്കം കുറിച്ചത് പുതിയ പ്രതീക്ഷകളിലേക്കായിരുന്നു. എന്നാല്‍ കൊച്ചി മെട്രോയിലെ ജോലിയില്‍ അതൃപ്തി പ്രകാടിപ്പിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ ഫൈസല്‍. ഇന്ത്യയൊന്നാകെ കൊട്ടിഘോഷിക്കപ്പെട്ട മെട്രോയിലെ ജോലിയുടെ നിലവിലെ അവസ്ഥയേയും തങ്ങള്‍ നേരിടേണ്ടി വരുന്ന നീതികേടിനെയും കുറിച്ച് ഫൈസല്‍ പറയുന്നു.

കൊച്ചി മെട്രോയില്‍ 23 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി തന്നു എന്നത് വളരെയധികം അംഗീകാരമര്‍ഹിക്കുന്ന കാര്യം തന്നെയാണ്. കൊച്ചി മെട്രോ പോലെ വലിയൊരു സംരംഭത്തില്‍ ഭാഗമാക്കി ഞങ്ങളെ സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ ഉള്ള നീക്കം ഏറെ അഭിനന്ദനീയവുമാണ്. മഹാരാജാസ് കോളേജ് വരെ മെട്രോ നീളുമ്പോള്‍ അറുപതോളം ട്രാന്‍സിന് ജോലി കൊടുക്കാന്‍ സാധ്യത ഉണ്ട്. ഈ വാര്‍ത്തകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനു കൂടുതല്‍ സന്തോഷം തരുന്നതാണെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ മെട്രോയില്‍ നിന്നും അനുഭവിക്കുന്ന ചിലത് പറയാതെ വയ്യാ. ഒരു രീതിയിലും സന്തോഷകരമല്ലാത്ത ഒരു ജീവിതാവസ്ഥയാണ് ഞങ്ങളുടേത്. ഈ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് മാറ്റിയെടുക്കുവാനായി മെട്രോയിലെ ജോലിയും ഞങ്ങളെ സഹായിക്കുന്നില്ല എന്നതാണ് വാസ്തവം.

തുടക്കത്തില്‍ 23 പേരാണ് ജോലിയില്‍ പ്രവേശിച്ചതെങ്കില്‍ അതിപ്പോള്‍ 11 പേരായി. ഭക്ഷണം പോലും അതിനു കാരണമാണ്. കുടുംബശ്രീയിലെ ആളുകള്‍ വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്ത് കൊണ്ടുവന്നാണ് കഴിക്കുന്നത്. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ഞങ്ങള്‍ക്ക് ഭക്ഷണത്തിനു ഹോട്ടലുകളെ ആശ്രയിക്കണം. ഹോട്ടലുകളില്‍ നിന്നു പലപ്പോഴും ഞങ്ങള്‍ക്കു നേരിടേണ്ടി വരിക ദുരനുഭവങ്ങളാണ്. കൊച്ചി മെട്രോ എം.ഡി എലിയാസ് സര്‍ ഒരു ചര്‍ച്ചയില്‍ ഞങ്ങളോടു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ക്ക് ഒരു സ്ത്രീക്ക് കിട്ടുന്ന പരിഗണനയേ ഇവിടെ കിട്ടൂ എന്നാണ്. പക്ഷേ സര്‍ക്കാര്‍ എപ്പോഴും പറയുന്നത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നാണ്. എന്താണ് ഈ പ്രത്യേക പരിഗണന? ഒരു സ്ത്രീക്ക് കിട്ടുന്ന പരിഗണന എന്ന് പറയുമ്പോള്‍ അവിടെ ചില താത്പര്യങ്ങള്‍ കൂടിയുണ്ട്. ഒരു ട്രാന്‍സിന് ജോലി കൊടുക്കുമ്പോള്‍ ഒരു സ്ത്രീയുടെ ശമ്പളത്തിലോ ആനുകൂല്യത്തിലോ ഒതുക്കാം. ഇവിടെ ഇവര്‍ സ്ത്രീകളെ ഏത് രീതിയിലാണ് കാണുന്നത് എന്നതാണ് വേറൊരു കാര്യം.

13,500 രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. അതില്‍ പിഎഫ്, ഇ എസ് ഐ പോയി കഴിഞ്ഞാല്‍ 9,500 കൈയില്‍ കിട്ടുമെന്നാണ് പറഞ്ഞത്. എന്നാല്‍ ആ തുകയിലും കുറവ് വരുത്തുകയാണ്. ആഴ്ചയില്‍ ഒരു ഓഫ് ഡേ എന്നത് എവിടെയും ഉള്ളതുപോലെ ഇവിടെയുമുണ്ട്. അങ്ങനെ മാസത്തില്‍ നാല് ഓഫുകള്‍. ഓഫ് ദിവസത്തെ ശമ്പളം ഒരിടത്തും കട്ട് ചെയ്യാറില്ലാത്തതാണ്. പക്ഷെ അതിവിടെ നടക്കുന്നു. രാത്രികാല ഷിഫ്റ്റ് നോക്കുന്നവരുടെ കൂടി ശമ്പളത്തില്‍ നിന്നും ഓഫ് ദിവസത്തെ കൂലി കട്ട് ചെയ്യുന്നു. നാല് ഓഫില്‍ നിന്നും 1000 രൂപയാണ് പിടിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്നത് 8500 രൂപ മാത്രമാണ്.

ഒരുപാട് അപേക്ഷിച്ചിട്ടാണ് കത്തോലിക്കാസഭയുടെ കീഴിലുള്ള ഒരു സ്‌നേഹഭവനില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കിയത്. ഈ കിട്ടുന്നതില്‍ നിന്നും 500 രൂപ അവിടെ കൊടുക്കണം. ബാക്കി 8000. അതില്‍ നിന്നും ഭക്ഷണത്തിനുള്ള ചെലവ് വേറെ. കുടുംബശ്രീയിലെ സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ട് വരുന്ന പോലെ ട്രാന്‍സിന് കൊണ്ട് വരാന്‍ പറ്റില്ല. വീടില്ലാത്ത ഞങ്ങള്‍ എന്ത് ചെയ്യും? ദിവസത്തില്‍ രണ്ട് നേരമെങ്കിലും ഭക്ഷണം കഴിക്കണ്ടേ. എറണാകുളത്ത് ഒരു നേരത്തെ ഊണിന് 70 രൂപ കൊടുക്കണം. രണ്ട് നേരത്തേക്ക് 140. രാവിലത്തെ ഭക്ഷണം കൂടിയുണ്ടെങ്കില്‍ ചെലവ് ഇരട്ടിക്കും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ബസ് ടിക്കറ്റിന്റെ ചാര്‍ജ് വേറെ. ഈ ചെറിയ തുക കൊണ്ട് ഈ ചെലവെല്ലാം കഴിഞ്ഞു മിച്ചം എന്തു കിട്ടാനാണ് കൈയില്‍? ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രത്യേക പരിഗണനയെന്നു സര്‍ക്കാര്‍ പരസ്യം ചെയ്യുമ്പോഴും ഭക്ഷണത്തിനുള്ള പരിഗണന പോലും ഞങ്ങള്‍ക്ക് മെട്രോയില്‍ കിട്ടുന്നില്ല എന്നതാണ് സത്യം. പലരും ഇവിടെ തുടരാന്‍ താത്പര്യപ്പെടുന്നില്ല. ഇതിനകത്തേക്ക് കയറിയപ്പോഴെ എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്നു മനസിലായതാണ്. ഇപ്പോഴതിന്റെ ആഴം കൂടി. എങ്കിലും പിടിച്ചു നില്‍ക്കുന്നത് ഒരു പ്രതീക്ഷയിലാണ്. ഈ പ്രശ്‌നങ്ങളൊക്കെ നാളെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍.

കേരളത്തില്‍ 25,000 ഓളം പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷത്തിനും പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ല. അത്തരക്കാരെ സമൂഹത്തിനു മുന്നിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ പ്രാപ്തിക്കും കഴിവിനും അനുസരിച്ചുള്ള ജോലി കൊടുക്കണം. മെട്രോയില്‍ ട്രാന്‍സിന് കൊടുത്ത ജോലിയുടെ പേരില്‍ സര്‍ക്കാര്‍, ലോകം മുഴുവന്‍ പേരെടുത്തു. ക്രെഡിബിലിറ്റി എടുത്തു. ട്രാന്‍സിന് സര്‍ക്കാര്‍ ജോലി കൊടുത്തു എന്ന പേരിലാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. പക്ഷേ ഇതൊരു സര്‍ക്കാര്‍ ജോലിയല്ല. കുടുംബശ്രീ വഴി കോണ്‍ട്രാക്റ്റ് വ്യവസ്ഥയിലാണ് ഞങ്ങളെ ജോലിക്കെടുത്തിരിക്കുന്നത്. അപ്പോയിന്‍മെന്റ് ലെറ്റര്‍ പോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഓഫര്‍ ലെറ്റര്‍ ആണ് ഉള്ളത്. ഈ ഓഫര്‍ ലെറ്റര്‍ എന്നത്, ഞങ്ങളുടെ ജോലിയില്‍ അതൃപ്തി തോന്നിയാല്‍ എപ്പോ വേണമെങ്കിലും ഞങ്ങളെ പറഞ്ഞു വിടാം എന്ന ഭീഷണി കത്ത് പോലത്തെ സാധനമാണ്. അല്ലാതെ അപ്പോയിന്റ്‌മെന്റ് ലെറ്ററിലെ പോലെ ശമ്പളക്കാര്യമോ മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചോ ഒന്നും എടുത്തു പറഞ്ഞിട്ടില്ല ഇതില്‍. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് കമ്മ്യൂണിറ്റി മെംബേഴ്‌സിന് ഇത്തരത്തില്‍ ജോലി കൊടുക്കുന്നത്. ലോകത്തിന് മാതൃകയാവാനാണ് ജോലി തന്നതെന്നാണ് പറയുന്നത്. പക്ഷേ എനിക്ക് ഇതൊരു പ്രഹസനമായിട്ടാണ് ഇപ്പോള്‍ തോന്നുന്നത്. കാരണം ഈ 23 പേര്‍ക്ക് ജോലി കൊടുക്കുമ്പോള്‍ അവരവിടെ നിലനിന്നു പോകാനായ സൗകര്യം കൂടി ഉറപ്പാക്കണം. അല്ലാതെ ഒന്നും കാണിക്കാന്‍ വേണ്ടി മാത്രം ആകരുത്. ഇപ്പോള്‍ ഉള്ള ജോലി നിലനിര്‍ത്താനായി ലീവ് എടുത്ത് മറ്റു ജോലികള്‍ക്ക് കൂടി പോകേണ്ടി വരുന്ന അവസ്ഥയാണ് എനിക്കിപ്പോള്‍.

പല വേദികളിലും പല ഉദ്യോഗസ്ഥന്മാരോടുമായി ഈ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞതാണ്. ഒരു പക്ഷെ അവര്‍ക്ക് നമ്മളെ ഇത്രയേ പരിഗണിക്കാന്‍ കഴിയുമായിരുന്നിരിക്കാം. എന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിയാത്തത് സര്‍ക്കാരിനു ചെയ്യാമല്ലോ. നിലനില്‍പ്പിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെയാണ് ഇതെല്ലാം വെറും പ്രഹസനമാണെന്നു പറഞ്ഞത്. കോടികള്‍ ഞങ്ങളുടെ ക്ഷേമത്തിനായി മാറ്റി വയ്ക്കുന്നുണ്ടെന്നു ബജറ്റില്‍ പറഞ്ഞതായി കേട്ടു. പിന്നീട് അതേക്കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല. ഒരു നേട്ടവും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. വാഗ്ദാനം പാലിക്കുമോ, പണം ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. പണം ഉണ്ടോ എന്നന്വേഷിച്ചപ്പോള്‍ പല മേഖലകളിലും നിന്നായി ഉള്ള ആളുകളില്‍ നിന്നും അറിയാന്‍ സാധിച്ചത്, ആകെ പത്തു കോടിയെന്നു പറഞ്ഞത് അത്രയുമില്ല ഏഴരക്കോടിയേ ഉള്ളൂ എന്നാണ്. അതില്‍ നിന്നു തന്നെ വലിയൊരു ശതമാനം ഭിന്നശേഷിക്കാര്‍ക്കായി ഉപയോഗിച്ചു, ബാക്കി രണ്ടരക്കോടിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനുള്ളതെന്നാണ്. നീതികരണമില്ലാത്ത ഒന്നാണത്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പേജില്‍ ഈ 10 കോടിയെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുമ്പോഴും ഞാന്‍ ചോദിക്കുന്നത്, എങ്കില്‍ ആ തുക എവിടെ?

സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും പെരുമാറ്റം ഇതൊക്കെയാണെങ്കില്‍ ജനങ്ങളുടേത് കുറച്ചുകൂടി ഭയപ്പെടുത്തുന്നതാണ്. ചിലയാളുകള്‍ ചിരിക്കും, സുഖാന്വേഷണങ്ങള്‍ നടത്തും. എന്നാല്‍ വലിയൊരു കൂട്ടരുണ്ട്, അവരിപ്പോഴും സദാചാരത്തിന്റെയും മതാചാരത്തിന്റെയും കണ്ണില്‍കൂടിയാണ് നമ്മളെ കാണുന്നത്.

Next Story

Related Stories