Top

ധൈര്യമുണ്ടോ കൊടിയേരിക്കും മാര്‍ ആലഞ്ചേരിക്കുമെതിരെ ചെറുവിരലനക്കാന്‍; രേവതിക്കെതിരെ കേസ് ഭീഷണിയുമായി ഇറങ്ങിയ 'സ്ത്രീപക്ഷ'ക്കാരോടാണ്

ധൈര്യമുണ്ടോ കൊടിയേരിക്കും മാര്‍ ആലഞ്ചേരിക്കുമെതിരെ ചെറുവിരലനക്കാന്‍; രേവതിക്കെതിരെ കേസ് ഭീഷണിയുമായി ഇറങ്ങിയ
ഡബ്ല്യൂസിസി ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലേക്ക് ചൂടുള്ള വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിച്ച് പോയവര്‍ക്ക് തങ്ങളുടെ നിരാശ മറയ്ക്കാന്‍ കിട്ടിയ ഒരു ആയുധമായിരുന്നു നടി രേവതിയുടെ ഒരു വെളിപ്പെടുത്തല്‍. ശബരിമല സ്ത്രീപ്രവേശനം വേണോ ഡബ്ല്യൂസിസി വാര്‍ത്താസമ്മേളനം വേണോയെന്ന സംശയത്തില്‍ ഇവിടെയെത്തിയവര്‍ക്ക് പ്രത്യേകിച്ചും. ഡബ്ല്യൂസിസി അംഗങ്ങള്‍ തങ്ങള്‍ക്ക് പറയാനുള്ളത് വളരെ വ്യക്തമായും കൃത്യതയോടെയും പറഞ്ഞപ്പോഴും വേറെ എന്തെങ്കിലും പറയാനുണ്ടോയെന്ന് ഇടയ്ക്കിടെ ചോദിച്ച് ആ ഗോസിപ്പിനുള്ള പരമാവധി സാധ്യതകള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ തേടുകയും ചെയ്തിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമായും സംസാരിച്ച നാല് സ്ത്രീകളില്‍ ഒരാളെയും മുഴുവന്‍ പറയാന്‍ അനുവദിക്കാതെ ഇടയില്‍ കയറി ചോദിച്ചതിന് പിന്നില്‍ തങ്ങള്‍ ഉദ്ദേശിച്ചത് കിട്ടിയില്ലെന്ന അസ്വസ്ഥതയാണ്.

ഒരിക്കല്‍ ഒരു ഷൂട്ടിംഗിനിടെ പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി തന്റെ മുറിയുടെ വാതിലില്‍ തട്ടി 'രക്ഷിക്കണം ചേച്ചി' എന്ന് കരഞ്ഞ് പറഞ്ഞുവെന്നായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. സിനിമ മേഖലയിലെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും അത് ഇനിയും ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിച്ച് മാത്രമാണ് താന്‍ ഈ ഉദാഹരണം പറഞ്ഞതെന്നും രേവതി പറഞ്ഞിട്ടും അവരെ വിട്ടില്ല. അവര്‍ പറഞ്ഞതില്‍ തന്നെ കടിച്ചു തൂങ്ങി നില്‍ക്കുകയായിരുന്നു ചില മാധ്യമപ്രവര്‍ത്തകര്‍. ആ പെണ്‍കുട്ടിയുടെ അനുമതിയില്ലാതെ ഇതേക്കുറിച്ച് സംസാരിക്കാനാകില്ലെന്നെ നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നിന്നതോടെ ആരാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്നായി ചോദ്യം. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനായ ജിയാസ് ജമാല്‍ പരാതി നല്‍കിയിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നും പീഡന വിവരം മറച്ചുവച്ച കുറ്റത്തിന് രേവതിക്കെതിരെ കേസെടുക്കണമെന്നുമാണ് ഇയാളുടെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിഭാഷകന്റെയും അദ്ദേഹത്തിന് പിന്നില്‍ നില്‍ക്കുന്നവരുടെയും ഉദ്ദേശശുദ്ധി പ്രശംസനീയമാണ്. കാരണം, ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടു അല്ലെങ്കില്‍ അതിന് ശ്രമിക്കപ്പെട്ടുവെന്ന് വന്നപ്പോള്‍ അയാള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നാണല്ലോ അവര്‍ ആഗ്രഹിക്കുന്നത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിനാല്‍ ഈ ആവശ്യം ന്യായവുമാണ്. ബാലപീഡനക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഈ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. 26 വര്‍ഷത്തോളം ഇത്രയും ഗുരുതരമായ ഒരു കുറ്റകൃത്യം മറച്ചുവച്ച രേവതിയും നടപടി അര്‍ഹിക്കുന്നു. എന്നാല്‍ തനിക്കെതിരെ പരാതി കൊടുത്ത പശ്ചാത്തലത്തില്‍ രേവതി തന്നെ ഈ സംഭവത്തിന് കൂടുതല്‍ വ്യക്തതയും വിശദീകരണവും നല്‍കിയിരിക്കുകയാണ്. പെണ്‍കുട്ടിക്കെതിരെ പീഡനം നടന്നിട്ടില്ലെന്നും രാത്രിയില്‍ അവരുടെ മുറിയില്‍ ആരോ തട്ടിയപ്പോള്‍ സഹായമഭ്യര്‍ത്ഥിച്ച് തന്റെ മുറിയിലേക്ക് വരികയായിരുന്നുവെന്നുമാണ് രേവതി ഇന്ന് പറഞ്ഞിരിക്കുന്നത്.

രേവതിക്കെതിരെ പരാതി കൊടുത്ത സാഹചര്യത്തില്‍ അവരുടെ വിശദീകരണം പരിശോധിച്ച ശേഷം പോലീസിന് കേസെടുക്കാം എടുക്കാതിരിക്കാം. എന്നാല്‍ രേവതി ഈ കുറ്റം മറച്ചുവച്ചത് കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയല്ലെന്നും പകരം 26 വര്‍ഷം മുമ്പ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുമ്പോള്‍ ആ പെണ്‍കുട്ടിയും കുടുംബവും അഭിമുഖീകരിക്കേണ്ടി വരുന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൊണ്ടാണെന്നും വ്യക്തമാണ്. അടുത്തകാലത്ത് മാത്രമാണ് ഈ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ തുറന്നുപറയാനുള്ള ഇടമുണ്ടായത്. മീ ടൂ ഹാഷ്ടാഗിന്റെ സംരക്ഷണത്തില്‍ നിരവധി സ്ത്രീകള്‍ ഇപ്പോള്‍ തങ്ങള്‍ നേരിടേണ്ടി വന്ന അപമാനങ്ങള്‍ തുറന്നു പറയുന്നുമുണ്ട്. ഈ തുറന്നു പറച്ചിലുകളോട് അസഹിഷ്ണുതയോ അല്ലെങ്കില്‍ ആശങ്കയോ ഉള്ളവരാണ് സമൂഹത്തിലെ ഏറെപ്പേരും. അതിനാല്‍ ഇവരുടെ വെളിപ്പെടുത്തലുകളെ തരംതാഴ്ത്തിക്കെട്ടാന്‍ നടക്കുന്ന ശ്രമങ്ങളും നടക്കുന്നുണ്ട്. അതായത് തുറന്നുപറയാന്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരുന്ന ഇക്കാലത്ത് പോലും പലരെയും ഇതില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ അവസരത്തില്‍ രേവതി പറഞ്ഞ സ്ത്രീ പരാതിയുമായി വരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.

അതേസമയം മുമ്പ് ഇവിടെ ഉയര്‍ന്നു വന്ന ചില ലൈംഗിക പീഡന പരാതികള്‍ പരിശോധിക്കാം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയെന്നാണ് പറയുന്നത്. കുറവിലങ്ങാട് വികാരിയെ കാണാന്‍ പോയപ്പോള്‍ 2016ലാണ് കര്‍ദ്ദിനാളിന് പരാതി നല്‍കിയതെന്നും കന്യാസ്ത്രീ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന നിലപാടാണ് ആലഞ്ചേരി സ്വീകരിച്ചത്. വത്തിക്കാന് പരാതി നല്‍കാന്‍ ആലഞ്ചേരി പറഞ്ഞത് അനുസരിച്ച് ഇമെയില്‍ വഴി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയെന്നും അവരുടെ മൊഴിയില്‍ പറയുന്നു. സഭാനേതൃത്വത്തില്‍ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് കന്യാസ്ത്രീ പീഡന വിവരം പുറത്തുവിട്ടതും പോലീസ് കേസായതും. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഫ്രാങ്കോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രേവതി ചെയ്തുവെന്ന് ആരോപിക്കുന്ന അതേ കുറ്റകൃത്യമാണ് ഇവിടെ ആലഞ്ചേരിയും ചെയ്തിരിക്കുന്നത്. കന്യാസ്ത്രീ നേരിട്ട പീഡനം രണ്ട് വര്‍ഷത്തിലേറെക്കാലം മറച്ചുവച്ചു.

പതിനേഴുകാരി പെണ്‍കുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് രേവതി തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയതെങ്കില്‍ രണ്ട് വര്‍ഷത്തിന് ശേഷം കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍ വേണ്ടി വന്നു ആലഞ്ചേരി മറച്ചുവച്ച ആ കുറ്റകൃത്യം പുറംലോകമറിയാന്‍. അതേസമയം തനിക്ക് ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് ആലഞ്ചേരി ഇപ്പോഴും പറയുന്നത്. അദ്ദേഹം ഉദ്ദേശിക്കുന്നത് രേഖാമൂലമുള്ള പരാതിയാണെന്ന് വ്യക്തം. കര്‍ദ്ദിനാള്‍ കന്യാസ്ത്രീയുടെ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായില്ലെന്നാണ് മൊഴി. അങ്ങനെ നോക്കിയാല്‍ രേവതി ചെയ്തതിനേക്കാള്‍ ഗൗരവകരമായ കുറ്റകൃത്യമാണ് കര്‍ദ്ദിനാള്‍ ചെയ്തിരിക്കുന്നത്. അപ്പോള്‍ രേവതിക്ക് മുമ്പേ കേസെടുക്കേണ്ടത് ആര്‍ക്കെതിരെയാണ്?

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി പീഡിപ്പിച്ചെന്ന പരാതി നല്‍കിയത് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ഒരു സിപിഎം പ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ സംഘടനയിലാണ് പരാതി നല്‍കിയത്. മണ്ണാര്‍കാട്ടെ പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി തനിക്കെതിരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്നും ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. ആദ്യം ജില്ലാ കമ്മിറ്റിക്കും പിന്നീട് സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കരാട്ടിന് പരാതി നല്‍കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ അന്വേഷണം ഇപ്പോഴും പാര്‍ട്ടി തലത്തില്‍ തന്നെയാണ്.

ഈ വിഷയത്തില്‍ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ഓഗസ്റ്റ് 14ന് പെണ്‍കുട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയതായി തെളിഞ്ഞു. കോടിയേരിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കോടിയേരി പെണ്‍കുട്ടിയെയും പി കെ ശശിയെയും വിളിച്ച് വരുത്തി കാര്യങ്ങള്‍ ചോദിച്ചിരുന്നു. ഓഗസ്റ്റ് 31ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ ബാലനെയും പി കെ ശ്രീമതിയെയും വിഷയം അന്വേഷിക്കാന്‍ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. വിവരം പുറത്ത് വിടരുതെന്നായിരുന്നു പാര്‍ട്ടി നേതൃത്വം പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പരാതി സീതാറാം യെച്ചൂരിയുടെ കൈവശമെത്തിയതോടെ മാധ്യമങ്ങളാണ് ശശിക്കെതിരായ പീഡന വാര്‍ത്ത പുറത്തുവിട്ടത്.

ഇതിനിടെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ശശിയും പരാതി നല്‍കി. അതോടെ ഈ ഗൂഢാലോചനയും അന്വേഷിക്കാന്‍ ഈ കമ്മിഷനെ പാര്‍ട്ടി ചുമതലപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ശശിക്കെതിരായ ഗൂഢാലോചന അന്വേഷിക്കാനാണ് തിടുക്കമെന്നും പെണ്‍കുട്ടിയുടെ പരാതി അന്വേഷിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയും കുടുംബവും നിയമപരമായി മുന്നോട്ട് പോകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അതേസമയം കുറ്റകൃത്യം മറച്ചുവയ്ക്കാനാണ് സംഭവം പുറത്തു വിടരുതെന്ന് നിര്‍ദ്ദേശിച്ച പാര്‍ട്ടി നേതൃത്വം ശ്രമിച്ചത്. എന്നിട്ടും സംഭവം പുറത്തുവരികയും ചെയ്തു. ഇവിടെയും രേവതിക്കുമേല്‍ ആരോപിക്കപ്പെടുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യമാണ് പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും ചെയ്തിരിക്കുന്നത്. അതും ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി.

പോലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്ന ന്യായീകരണത്തിനൊന്നും ഇവിടെയും സ്ഥാനമില്ല. വനിതകമ്മിഷന് സ്വമേധയാ കേസെടുക്കാവുന്ന കുറ്റകൃത്യമാണ് ഡിവൈഎഫ്‌ഐ നേതാവിന് നേരെയുണ്ടായിരിക്കുന്നത്. കുറ്റകൃത്യം മറച്ചുവച്ച രേവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടാന്‍ ആളുകള്‍ മുന്നിട്ട് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇതേ കുറ്റത്തിന് ആലഞ്ചേരിക്കെതിരെയും കോടിയേരിക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്വം ഈ സമൂഹത്തിനുണ്ട്.

https://www.azhimukham.com/newsupdate-revathi-explaination-on-herdisclosure/

https://www.azhimukham.com/edit-keralas-own-mullah-omars/

https://www.azhimukham.com/offbeat-fans-attacked-wcc-page-with-abusive-comments-writes-safiya/

https://www.azhimukham.com/facebook-post-two-press-meet-amma-wcc-difference-politics-language-media-sreechithran-writes/

Next Story

Related Stories