TopTop

വീട് വയ്ക്കണമെങ്കില്‍ മരവും നട്ടിരിക്കണം; കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാന്‍ കൊടുങ്ങല്ലൂര്‍ നഗരസഭയുടെ വേറിട്ട വഴി

വീട് വയ്ക്കണമെങ്കില്‍ മരവും നട്ടിരിക്കണം; കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാന്‍ കൊടുങ്ങല്ലൂര്‍ നഗരസഭയുടെ വേറിട്ട വഴി
വെട്ടിമാറ്റപ്പെടുന്ന മരങ്ങളുടെ എണ്ണവും വിഷപ്പുക തള്ളുന്ന വാഹനങ്ങളുടെ എണ്ണവും കൂടുന്ന, ആഗോളതാപനത്തിന്‍റെ കാലത്ത് പ്രകൃതിക്ക് വേണ്ടി ഒരു നഗരസഭയ്ക്ക് എന്താണ് ചെയ്യാനാകുക? പരിസ്ഥിതി സൗഹാര്‍ദ്ദമായ നിര്‍മ്മാണമോ ജീവിതശൈലികളോ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ഒരു സംഗതിയായിരിക്കേ ഏറ്റവും എളുപ്പത്തില്‍ നടപ്പാക്കാനാകുന്ന ചില നിര്‍ദ്ദേശങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ വെക്കലാണ് പ്രായോഗികമായി നടപ്പാക്കാനാകുക. അത്തരം സാധ്യതകളെ കുറിച്ചുള്ള ആലോചനയില്‍ പുതിയൊരു പദ്ധതി മുന്നോട്ട് വയ്ക്കുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭ. ഈ നഗരസഭയ്ക്കകത്ത് ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആ ഭൂമിയില്‍ രണ്ട് മരത്തൈകള്‍ കൂടി നടണം. വലിയ ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല, എന്നാല്‍ ഒരുപാട് പേര്‍ കൃത്യമായി ചെയ്താല്‍ മണ്ണിനും വായുവിനും വലിയ രീതിയിലുള്ള ആശ്വാസമാകുന്ന ഒന്ന്.

പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നഗരസഭ ഈ വേറിട്ട തീരുമാനം പ്രഖ്യാപിച്ചത്. മുനിസിപ്പല്‍ പരിധിയിലെ എല്ലാത്തരം കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും ഇത് ബാധകമാണ്. 8 സെന്‍റും അതിനു മുകളിലേക്കും ഉള്ള വസ്തുവില്‍ 1400 സ്ക്വയര്‍ ഫീറ്റിനു മുകളില്‍ വലിപ്പമുള്ള കെട്ടിടം പണിയുമ്പോള്‍ കുറഞ്ഞത് രണ്ട് മരങ്ങള്‍ നടണം. വലിപ്പം കൂടുന്നതിന് ആനുപാതികമായി മരങ്ങളുടെ എണ്ണവും കൂട്ടാം. കുറഞ്ഞ സ്ഥലമുള്ളവരും ചെറിയ ഫലവൃക്ഷങ്ങള്‍ നടണം. നഗരസഭയുടെ അനുമതിക്കായി കെട്ടിടത്തിന്‍റെ പ്ളാന്‍ സമര്‍പ്പിക്കുമ്പോളാണ് എവിടെയാണ് മരങ്ങള്‍ നടാന്‍ ഉദ്ദേശിക്കുന്നതെന്നും രേഖപ്പെടുത്തണേണ്ടത്. പണി പൂര്‍ത്തിയായി കംപ്ളീഷന്‍ പ്ളാന്‍ സമര്‍പ്പിച്ചു കഴിഞ്ഞ് നഗരസഭാ ഉദ്യോഗസ്ഥര്‍ ഈ ചെടികള്‍ കൂടി പരിശോധിക്കും. ഈ നിബന്ധന പാലിച്ചെങ്കില്‍ മാത്രം കെട്ടിട നമ്പര്‍ കൊടുക്കാം എന്നാണ് തീരുമാനം.

കോംപന്‍സേറ്ററി ഫോറസ്റ്റിങ്ങ് എന്ന സങ്കല്‍പ്പമാണ് ഈ തീരുമാനത്തിന്‍റെ അടിസ്ഥാനമെന്ന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കമ്മീഷണറായ ടി.കെ സുജിത് പറയുന്നു. "ഒരു വീട് പണിയുമ്പോള്‍ നിരവധി മരങ്ങളാണ് മുറിക്കുന്നത്. സ്വാഭാവികമായും ആ മരത്തിന് പകരമായി രണ്ട് മരങ്ങളെങ്കിലും നടുകയാണ് ഈ പദ്ധതി പ്രകാരം. വീട് നിര്‍മ്മാണ സാമഗ്രികളില്‍ നമുക്ക് പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഏക വസ്തു തടിയാണ്. ഒരു മരം വെട്ടുന്നതിന് പകരം മറ്റൊന്ന് വച്ച് പിടിപ്പിക്കാനുള്ള സാധ്യതയുണ്ട്. വായു മലിനീകരണത്തേയും കാലാവസ്ഥാ വ്യതിയാനത്തേയുമൊക്കെ പ്രതിരോധിക്കാനുള്ള സാധ്യമായ ഒരു നടപടി മരം നടലാണ്."


നഗരസഭ കൗണ്‍സില്‍ എടുത്ത ഈ തീരുമാനത്തിന് നിയമപരമായ അംഗീകാരം ലഭിക്കണമെങ്കില്‍ കേരള മുനിസിപ്പല്‍ ബില്‍ഡിങ്ങ് റൂള്‍സില്‍ ഇത് ഉള്‍പ്പെടുത്തണമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ പറഞ്ഞു. "ഇതൊരു നല്ല കാര്യമായത് കൊണ്ട് ആരും എതിര്‍പ്പ് പറഞ്ഞിട്ടില്ല. എല്ലാവരും ഈ തീരുമാനത്തില്‍ അഭിനന്ദനം അറിയിക്കുന്നുമുണ്ട്. ഇപ്പോള്‍ ഈ തീരുമാനം നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നിലവില്‍ ഇത് നഗരസഭയുടെ തീരുമാനമാണ്. കെ.എം.ബി.ആറില്‍ ഇല്ലാത്തത് കൊണ്ട് തന്നെ നിയമപരമായ നിലനില്‍പ്പില്ല. നാളെ ഒരാള്‍ക്ക് കോടതിയില്‍ ഇത് എതിര്‍ക്കാവുന്നതാണ്. കെട്ടിട നിര്‍മ്മാണത്തിനൊപ്പം മരം നടണമെന്നുള്ള ഭേതഗതി നിയമത്തില്‍ ചേര്‍ക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്."


നഗരസഭയ്ക്കകത്ത് പച്ചപ്പ് വളര്‍ത്തുന്നതിനായി പച്ചത്തുരുത്ത് എന്നൊരു ശ്രമവും കൊടുങ്ങല്ലൂര്‍ നഗരസഭ തുടങ്ങി വച്ചിട്ടുണ്ട്. നഗരത്തില്‍ ചെറിയ വനങ്ങള്‍ വച്ചു പിടിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ആനാപ്പുഴ ഗവണ്‍മെന്‍റ് ഗേള്‍സ് സ്കൂളില്‍ പച്ചത്തുരുത്ത് പദ്ധതി തുടങ്ങി. വിവിധ ക്ലാസുകളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ഓരോ മരങ്ങളേയും പരിപാലിക്കാന്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്.

Azhimukham Special: വിമര്‍ശനങ്ങളോട് ആഷിക് അബു പ്രതികരിക്കുന്നു; ‘വൈറസ് സിനിമയുടെ നെടുംതൂണ്‍ ശൈലജ ടീച്ചറാണ്, പക്ഷേ ആരെയും ഗ്ലോറിഫൈ ചെയ്യുകയായിരുന്നില്ല ഉദ്ദേശം’

Next Story

Related Stories