TopTop
Begin typing your search above and press return to search.

27 പന്നി ഫാമുകളിലേക്ക് തള്ളിയത് ടണ്‍ കണക്കിന് മാലിന്യം; ശുദ്ധജലത്തിനായി കൂരാച്ചുണ്ടിന്റെ പോരാട്ടം

27 പന്നി ഫാമുകളിലേക്ക് തള്ളിയത് ടണ്‍ കണക്കിന് മാലിന്യം; ശുദ്ധജലത്തിനായി കൂരാച്ചുണ്ടിന്റെ പോരാട്ടം

കോഴിക്കോട് ജില്ലയിലുള്ള കൂരാച്ചുണ്ട് എന്ന മലയോര പ്രദേശം ഒരു സമരവേദിയായി മാറുന്നത് ഏകദേശം ഒരു വര്‍ഷം മുമ്പാണ്. കഴിഞ്ഞ വര്‍ഷം ജൂണിലെ മഴയ്ക്ക് മുമ്പായി, തോട് വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു കൂരാച്ചുണ്ടുകാര്‍. തോട്ടില്‍ ഇറങ്ങിയവര്‍ക്കെല്ലാം കാലില്‍ കടുത്ത ചൊറി വന്നപ്പോഴാണ്, വെള്ളത്തില്‍ എന്തോ പന്തികേട് മണത്തത്. ഇതിന്റെ കാരണം അന്വേഷിച്ച്, മല കയറിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. തോടിന്റെ ഉത്ഭവ സ്ഥലങ്ങള്‍ മുഴുവന്‍ മാലിന്യ കൂമ്പാരം. കറുത്ത നിറത്തില്‍, കുഴമ്പ് രൂപത്തിലുള്ള ദ്രാവകം മാത്രമാണവിടെ തോട്.

ശുദ്ധജലത്തിനായി കൂരാച്ചുണ്ടുകാര്‍ നടത്തിയ സമരത്തെ കുറിച്ച് സംയുക്ത സമര സമിതിയുടെ സജീവ പ്രവര്‍ത്തകനായ അഡ്വ. സുമിന്‍ നെടുങ്ങാടന്‍ അഴിമുഖത്തോട് പറയുന്നു;

'കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഞങ്ങളിതിന്റെ പിറകെയുണ്ട്, കനോലി കനാലിനേക്കാളും അപകടകരമായി അവസ്ഥയിലായിരുന്നു ഇവിടത്തെ തോടുകള്‍. കൂരാച്ചുണ്ട് പഞ്ചായത്തില്‍ 27 പന്നി ഫാമുകളുണ്ട്. ഇതില്‍ പലതും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവിടേയ്ക്ക് ഹോട്ടല്‍ മാലിന്യങ്ങള്‍ എത്തിക്കുന്നതിന്റെ മറവിലാണ് മറ്റ് അപകടകരമായ മാലിന്യ വസ്തുകള്‍ കൂരാച്ചുണ്ടിലേക്ക് കടത്തിക്കൊണ്ടിരുന്നത്. ആദ്യമൊക്കെ ചെറിയ കുഴിയെടുത്ത് ഇവര്‍ മാലിന്യം കൊണ്ട് വരാന്‍ തുടങ്ങി. നല്ല ലാഭം കിട്ടി തുടങ്ങിയപ്പോള്‍ ഇത് സ്ഥിരമാക്കി. ഈ മാലിന്യങ്ങള്‍ പെരുകിയപ്പോള്‍ അത് വെള്ളത്തില്‍ കലരുകയായിരുന്നു.

ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന്, മലമുകളിലെ മറ്റ് പ്രദേശങ്ങളിലും പ്രദേശ വാസികള്‍ അന്വേഷണം നടത്തി. അവിടെയെല്ലാം ഇതു പോലെ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടികിടക്കുകയായിരുന്നു. തങ്ങളുടെ ജലസ്രോതസ്സുകള്‍ മുഴുവന്‍ ഒരു മാലിന്യകൂമ്പാരത്തില്‍ നിന്ന് വരുന്നതാണെന്ന് കൂരാച്ചുണ്ടിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് ഞെട്ടലോടെയായിരുന്നു. ഇതിനെ തുടര്‍ന്ന് അനധികൃതമായ പന്നി ഫാമുകള്‍ അടച്ച് പൂട്ടുക, മാലിന്യം നീക്കം ചെയ്യുക എന്ന ആവശ്യങ്ങളുമായി കൂരാച്ചുണ്ട് നിവാസികള്‍ സമരം ആരംഭിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടറെ വിഷയവുമായി ബന്ധപ്പെട്ട് സമരസമിതി സമീപിച്ചിരുന്നു. കളക്ടര്‍ വിഷയത്തില്‍ ഇടപെടാം എന്നും മാര്‍ച്ച് 8-ാം തീയ്യതി സ്ഥലം സന്ദര്‍ശിക്കാം എന്ന് ഉറപ്പും കൊടുത്തിരുന്നു. എന്നാല്‍ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ കളക്ടറെ കാണുകയും, കളക്ടറുടെ വരവ് ഒഴിവാക്കുകയും ചെയ്തതായി സമരസമിതി അംഗങ്ങള്‍ ആരോപിക്കുന്നു. കോഴിക്കോട് ജില്ലയിലെ വലിയ ശതമാനം ഹോട്ടല്‍ മാലിന്യങ്ങളും ഇങ്ങനെ സംസ്‌ക്കരിക്കുന്നതാണ് എന്നതിനാല്‍ തന്നെ, അധികൃതര്‍ പലരും നടപടി എടുക്കാന്‍ മടിച്ചതായും കൂരാച്ചുണ്ട് നിവാസികള്‍ക്ക് പരാതിയുണ്ട്. പിന്നീട് ആര്‍.ഡി.ഓയും, തഹസീല്‍ദാറും വരാം എന്ന് അറിയിച്ചെങ്കിലും അതുമുണ്ടായില്ല. ഒടുവില്‍ സഹിക്കെട്ട് സമരസമിതി ഏപ്രില്‍ 23-ന് റോഡ് ഉപരോധം നടത്തിയപ്പോള്‍, അഡീഷണല്‍ തഹസീല്‍ദാരെ പറഞ്ഞ് വിടുകയാണ് അധികൃതര്‍ ചെയ്തത്. അഡീഷണല്‍ തഹസീല്‍ദാര്‍ ഫാമുകള്‍ അടച്ച് പൂട്ടാം എന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം പിന്‍വലിച്ചെങ്കിലും, തുടര്‍ നടപടികള്‍ ഒന്നും പിന്നീട് ഉണ്ടായില്ല.

അഡ്വ. സുമിന്‍ നെടുങ്ങാടന്‍

പിന്നീട് രണ്ട് വട്ടം പഞ്ചായത്ത് ഓഫീസിലേക്ക് സമര സമിതി മാര്‍ച്ച് സംഘടിപ്പിച്ചു. എന്നാല്‍ എല്ലാ തവണയും ഉറപ്പ് നല്‍കും എന്നല്ലാതെ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് പ്രദേശനിവാസികള്‍ പറയുന്നു. ഈ സമരങ്ങളെ തുടര്‍ന്ന്, ഒരിക്കല്‍ ജില്ലാ പഞ്ചായത്ത് മാല്യനങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സംസ്‌ക്കരണം പൂര്‍ണ്ണമായില്ല. അനധികൃത പന്നി ഫാമുകള്‍ പൂട്ടാനും നടപടികള്‍ ഒന്നും ഉണ്ടായുമില്ല. ഇതിനെ തുടര്‍ന്ന് ഫെബ്രുവരി പതിമൂന്നാം തീയ്യതി ജനങ്ങള്‍ തന്നെ നേരിട്ട് രംഗത്ത് ഇറങ്ങുകയായിരുന്നു. ഫാമിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞ് കൊണ്ട് പ്രക്ഷോഭം ആരംഭിച്ചതോടെ പ്രശ്‌നം കോടതിയിലേക്ക് നീങ്ങി. കേരളാ പഞ്ചായത്ത് രാജ് നിയമ പ്രകാരം സ്റ്റോപ്പ് മെമോ നല്‍കിയിട്ടും, പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ നിയമം വഴി അടച്ച് പൂട്ടിക്കാന്‍, പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്. എന്നാല്‍ അത് ചെയ്യാതെ പ്രശ്‌നം കോടതിയിലേക്ക് നീട്ടി, ലൈസന്‍സ് നേടാന്‍ ഉള്ള സാവകാശം ഫാം ഉടമകള്‍ക്ക് കൊടുക്കുന്ന നടപടികളാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഒടുവില്‍ ഹൈക്കോടതി വിധി വന്നത്, പ്രദേശ നിവാസികള്‍ക്ക് അനുകൂലമായിട്ട് ആയിരുന്നു. ഹോട്ടല്‍ വേസ്റ്റ് മാലിന്യമായിട്ട് കണക്കാക്കണം എന്നും, അത് പ്രദേശത്തേക്ക് വരുന്നത് തടയണമെന്നും ആയിരുന്നു കോടതി വിധി. ഇതിന് ശേഷം അനധികൃതമായി പ്രവര്‍ത്തിച്ച 15 പന്നി ഫാമുകള്‍ പൂട്ടി. ആറെണ്ണത്തിന് പഞ്ചായത്ത് ലൈസന്‍സ് കൊടുത്തു. അങ്ങനെ 109 ദിവസങ്ങള്‍ നീണ്ട കൂരാച്ചുണ്ട് നിവാസികളുടെ സമരം ഒടുവില്‍ വിജയിക്കുകയായിരുന്നു. ഫാമുടമകളായ പ്രമാണിമാര്‍ക്ക് ഓശാന പാടിയ അധികൃതരുടെ മുഖത്തേറ്റ അടി കൂടെയായി സമര സമിതിക്ക് അനുകൂലമായി കോടതിയില്‍ നിന്ന് ലഭിച്ച വിധി.

ഈ സമരത്തിന്റെ മധുരം എന്ന് പറയുന്നത് യാതൊരു രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലും ഉണ്ടായില്ല എന്നതാണ്. ഞങ്ങള്‍ക്ക് ആരോടും ചര്‍ച്ച നടത്തേണ്ടതായോ, സന്ധിയില്‍ ഏര്‍പ്പെടേണ്ടതായോ വന്നില്ല. ജനങ്ങളുടെ ഒത്തൊരുമ വിജയിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെ പന്നി ഫാമുകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഫാമുകളുടെ ഉടമകളായ പ്രമാണിമാരെ പിണക്കാനോ, അതുവഴി ക്രൈസ്തവ സഭയെ പിണക്കാനോ ആര്‍ക്കും താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മത മേലധ്യക്ഷന്മാരുടേയും, രാഷ്ട്രീയ പാര്‍ട്ടികളുടേയും എതിര്‍പ്പുകള്‍ അവഗണിച്ച് ജനങ്ങള്‍ ഈ മാലിന്യ പ്രശ്‌നത്തില്‍ ഒന്നിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോള്‍, ഡി.വൈ.എഫ്.ഐ ഒരു പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തിയത് മാത്രമാണ് ആകെ ഉണ്ടായ രാഷ്ട്രീയ ഇടപെടല്‍.'

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories