ന്യൂസ് അപ്ഡേറ്റ്സ്

സംഭരണത്തിനായി പാടത്ത് സൂക്ഷിച്ചിരുന്ന 4.50 ടണ്‍ നെല്ലും 150 കെട്ട് കച്ചിയും കത്തി നശിച്ചു

പാടത്ത് തീ ആളിപ്പടര്‍ന്നതോടെ കര്‍ഷകരും നാട്ടുകാരും സംഘടിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് മുട്ടുചിറയില്‍ നിന്നും അഗ്‌നിശമനസേനയെ വിളിച്ചു വരുത്തുകയായിരുന്നു.

കോട്ടയത്ത് സംഭരണത്തിനായി പാടത്ത് ചാക്കില്‍ സൂക്ഷിച്ചിരുന്ന 4.50 ടണ്‍ നെല്ലും 150 കെട്ട് കച്ചിയും കത്തി നശിച്ചു. മാഞ്ഞൂര്‍ കൃഷി ഭവന് കീഴില്‍ വരുന്ന മാഞ്ഞൂര്‍ വളച്ചകരി കണ്ടംകുഴി പാടശേഖരത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാരുടെയും അഗ്‌നിശമന സേനയുടെയും സമയോചിതമായ ഇടപെടല്‍ മൂലം പാടത്ത് സൂക്ഷിച്ചിരുന്ന ടണ്‍ കണക്കിന് നെല്ല് കത്തി നശിക്കുന്നത് ഒഴിവായി.

കൊയ്ത്ത് കഴിഞ്ഞ് പാടശേഖരത്തിലെ നെല്ല് ചാക്കില്‍ നിറച്ച് സംഭരണത്തിനായി പല ഭാഗത്തും കൂട്ടിയിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം സംഭരണത്തിനായി മില്ലുകാര്‍ എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നെല്ല് പാടത്ത് തന്നെ സൂക്ഷിക്കുകയായിരുന്നു. ഇതില്‍ മഠത്തിപ്പറമ്പില്‍ കുട്ടപ്പന്‍ കൃഷി ചെയ്ത് കൂട്ടിയിട്ടിരുന്ന നെല്ലാണ് കത്തി നശിച്ചത്. 1.25 ലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായി കുട്ടപ്പനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൃഷിപ്പണി കൊണ്ട് മാത്രം ഉപജീവനം കഴിയുന്ന കുട്ടപ്പന്‍ നിരവധി തവണ കൃഷി ഭവന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും നേടിയിട്ടുള്ള വ്യക്തിയാണ്. റോഡരികിലെ പാടത്തിലേക്ക് ആരെങ്കിലും സിഗരറ്റ് കുറ്റി എറിഞ്ഞതാകാം തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നത്.

പാടത്ത് തീ ആളിപ്പടര്‍ന്നതോടെ കര്‍ഷകരും നാട്ടുകാരും സംഘടിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് മുട്ടുചിറയില്‍ നിന്നും അഗ്‌നിശമനസേനയെ വിളിച്ചു വരുത്തുകയായിരുന്നു. അഗ്‌നിശമന സേന അര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍